വീരേന്ദര്‍ സെവാഗ് ക്രീസിലെത്തിയാല്‍ ബൗളര്‍മാരുടെ പന്തുകള്‍ തലങ്ങും വിലങ്ങും പായുന്നത് കാത്തിരിക്കുന്നവരാണ് ഇന്ത്യന്‍ ആരാധകര്‍. ടെസ്റ്റ് എന്നോ ഏകദിനമെന്നോ ട്വന്റി 20-യെന്നോ വ്യത്യാസമില്ലാതെ സാങ്കേതികത്തികവാര്‍ന്ന ഫൂട്ട്‌വര്‍ക്കിന്റെ പിന്തുണയില്ലാതെ സച്ചിന്റെ ഈ കാര്‍ബണ്‍ കോപ്പിയുടെ ബാറ്റില്‍ നിന്ന് യഥേഷ്ടം ബൗണ്ടറികള്‍ ഒഴുകുന്നത് പതിവാണ്.

സ്ഥിരമായി അഞ്ചോ ആറോ സ്ഥാനത്ത് കളിച്ചിരുന്ന സെവാഗിനെ ഓപ്പണറാക്കാനുള്ള സൗരവ് ഗാംഗുലിയുടെ പരീക്ഷണം ഓപ്പണിങ്ങിനെ പറ്റി പൊതുവെയുള്ള ധാരണയെ തന്നെ മാറ്റിക്കളഞ്ഞ ഒന്നായി മാറി. നിലയുറപ്പിച്ച് പതിയെ കത്തിക്കയറുന്ന ശൈലി വിട്ട് തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ സ്‌കോറുകള്‍ കത്തിക്കയറിയത് ഈ നവാബിന്റെ ബാറ്റിങ് മികവിലായിരുന്നു.

എത്രയോ മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച സെവാഗിന്റെ ക്രിക്കറ്റ് കരിയറിലെ പ്രധാനപ്പെട്ട ദിവസമാണിന്ന്. ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം സെവാഗ് സ്വന്തമാക്കിയത് 16 വര്‍ഷം മുമ്പ് മാര്‍ച്ച് 29-ന് ആയിരുന്നു. എന്നാല്‍ അവിടം കൊണ്ടും തീര്‍ന്നില്ല. ക്രിക്കറ്റ് ചരിത്രത്തില്‍ ടെസ്റ്റില്‍ രണ്ടു ട്രിപ്പിള്‍ നേടുന്ന താരമെന്ന റെക്കോഡ് വീരു സ്വന്തമാക്കിയതും ഒരു മാര്‍ച്ച് 29-നായിരുന്നു. 2008 മാര്‍ച്ച് 29-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ആ നേട്ടം. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍, ബ്രയാന്‍ ലാറ, ക്രിസ് ഗെയില്‍ എന്നിവര്‍ മാത്രമാണ് സെവാഗിനെ കൂടാതെ ടെസ്റ്റില്‍ രണ്ടു ട്രിപ്പിള്‍ സെഞ്ചുറികള്‍ നേടിയ താരങ്ങള്‍.

march 29 Virender Sehwag becomes India's triple centurion
Image Courtesy: Getty Images

മുള്‍ട്ടാനിലെ സുല്‍ത്താന്‍

2004-ലെ പാകിസ്താന്‍ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് വീരുവിന്റെ ബാറ്റില്‍ നിന്ന് 300 എന്ന മാന്ത്രിക സംഖ്യ പിറന്നത്. ആദ്യ ദിനം തന്നെ തകര്‍ത്തടിച്ച് 228 റണ്‍സോടെ പുറത്താകതെ നിന്ന വീരുവിന്റെ മിവില്‍ ആദ്യ ദിനം രണ്ടിന് 356 റണ്‍സെന്ന നിലയിലാണ് ഇന്ത്യ കളിയവസാനിപ്പിച്ചത്. പാക് മണ്ണില്‍ അവര്‍ക്കെതിരേ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം ആദ്യ ദിനം തന്നെ വീരു സ്വന്തമാക്കി. രണ്ടാം ദിനം 295-ല്‍ നില്‍ക്കെ സഖ്‌ലെയിന്‍ മുഷ്താഖിനെ സിക്‌സറിന് പറത്തിയാണ് സെവാഗ് ഇന്ത്യയ്ക്കായി ആദ്യ ട്രിപ്പിള്‍ നേടുന്ന താരമെന്ന നേട്ടവും ടെസ്റ്റിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോറും കുറിച്ചത്. 375 പന്തില്‍ ആറു സിക്‌സും 39 ഫോറുകളുമടക്കം 309 റണ്‍സെടുത്ത സെവാഗ് മുഹമ്മദ് സമിയുടെ പന്തിലാണ് പുറത്തായത്.

സെവാഗിന്റെ മികവില്‍ അഞ്ചിന് 675 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഇന്നിങ്‌സിനും 52 റണ്‍സിനും ജയിക്കുകയും ചെയ്തു. സച്ചിന്‍ 194* റണ്‍സില്‍ ബാറ്റ് ചെയ്യവെ ദ്രാവിഡിന്റെ വിവാദമായ ഡിക്ലറേഷന്‍ തീരുമാനം വന്ന ടെസ്റ്റ് കൂടിയായിരുന്നു ഇത്.

march 29 Virender Sehwag becomes India's triple centurion
Image Courtesy: Getty Images

ചെന്നൈയിലെ ആറാട്ട്

ആദ്യ ട്രിപ്പിള്‍ നേടി കൃത്യം നാലു വര്‍ഷം തികയുന്ന ദിവസം തന്നെ സെവാഗ് രണ്ടാം ട്രിപ്പിള്‍ സെഞ്ചുറിയുമായി റെക്കോഡ് ബുക്കിലിടം നേടി. 2008 മാര്‍ച്ച് 29-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ചെന്നൈയില്‍ നടന്ന ടെസ്റ്റിലാണ് സെവാഗ് രണ്ടാം ട്രിപ്പിള്‍ സെഞ്ചുറി നേടിയത്.

ദക്ഷിണാഫ്രിക്കയിക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റായിരുന്നു ഇത്. മൂന്നാം ദിനം ട്രിപ്പിള്‍ തികച്ച സെവാഗ് 309 റണ്‍സെന്ന തന്റെ തന്ന സ്‌കോര്‍ മറികടന്ന ടെസ്റ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡ് 319-ല്‍ എത്തിച്ചു. വെറും 304 പന്തുകള്‍ നേരിട്ട വീരു അഞ്ചു സിക്‌സും 42 ഫോറുമടക്കമാണ് 319 റണ്‍സെടുത്തത്.

march 29 Virender Sehwag becomes India's triple centurion
Image Courtesy: Getty Images

ആദ്യം ബാറ്റു ചെയ്ത ഒന്നാം ഇന്നിങ്‌സില്‍ 540 റണ്‍സ് കുറിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെവാഗിന്റെ മികവില്‍ ഇന്ത്യ 627 റണ്‍സെടുത്തു. ഈ ടെസ്റ്റ് സമനിലയായി.

Content Highlights: march 29 Virender Sehwag becomes India's triple centurion