ബ്രസീലിനെതിരേ ഒരു ഇന്ത്യന്‍ താരം ഗോള്‍ നേടുക. അങ്ങനെയൊരു സ്വപ്നം കാണാത്ത ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരുണ്ടാകില്ല. ഇപ്പോള്‍ ആ സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനക്കാരായ ബ്രസീല്‍ വനിതള്കള്ക്കെതിരേ ഇന്ത്യയുടെ പെണ്‍കൊടി മനീഷ കല്ല്യാണ്‍ ഗോള്‍ നേടിയിരിക്കുന്നു. എട്ടാം മിനിറ്റില്‍ മനീഷ തൊടുത്ത നിലംപറ്റിയുള്ള ആ ഷോട്ട് ചരിത്രത്തിന്റെ വലയിലാണ് ചെന്നുവീണത്.
പത്തൊമ്പതുകാരിയുടെ ആ ഗോളില്‍ കേരളത്തിനും അഭിമാനിക്കാം. ഗോകുലം കേരള എഫ്സിയുടെ താരമാണ് ഈ പഞ്ചാബുകാരി. എഎഫ്സി വനിതാ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് മനീഷ ബ്രസീലിനെതിരേ കളത്തിലിറങ്ങിയത്. അവിടേയും ചരിത്രം തിരുത്തപ്പെട്ടു. ഉസ്ബെകിസ്താന്‍ ക്ലബ്ബ് എഫ്സി ബുന്യോദ്കറിനെതിരേ ആയിരുന്നു ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മനീഷയുടെ ഗോള്‍. ശനിയാഴ്ച്ച 20-ാം പിറന്നാള്‍ ആഘോഷിക്കുന്ന മനീഷയ്ക്ക് ഇനി കേക്കിനൊപ്പം ഈ ഗോളിന്റെ മധുരവും നുണയാം.
ഗോകുലത്തിന്റെ സ്വന്തം മനീഷ
2018-ലാണ് മനീഷ ഗോകുലത്തിനൊപ്പം ചേരുന്നത്. ഇന്ത്യന്‍ വിമന്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരള ക്ലബ്ബ് കിരീടം നേടിയപ്പോള്‍ മനീഷയുടെ പ്രകടനം നിര്‍ണായകമായി. ടൂര്‍ണമെന്റില്‍ മൂന്നു ഗോളുകള്‍ നേടിയ താരം എമേര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടു.
ശേഷം എഎഫ്സി വിമന്‍ ക്ലബ്ബിലെ മിന്നുന്ന പ്രകടനം. ആദ്യമായിട്ടായിരുന്നു കേരളത്തില്‍ നിന്ന് ഒരു ക്ലബ്ബ് ഏഷ്യന്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്നത്. ഗോകുലത്തിന്റെ ആ ചരിത്രനേട്ടത്തിനൊപ്പം മനീഷ ഗോള്‍ കൂടി നേടിയതോടെ മധുരം ഇരട്ടിയായി. ഇടങ്കാല് കളി ഏറെ ഇഷട്പ്പെടുന്ന മനീഷയുടെ പ്രിയപ്പെട്ട താരം ലയണല്‍ മെസ്സിയാണ്. ഗോകുലത്തിന്റെ ഇടതു വിങ്ങില്‍ തന്ത്രങ്ങള്‍ മെനയാന്‍ മെസ്സിയെ മനസ്സില്‍ ധ്യാനിച്ചാണ് മനീഷ കളിക്കാന്‍ ഇറങ്ങുക.
അത്ലറ്റിക്സില് നിന്ന് ഫുട്ബോളിലേക്ക്
പഞ്ചാബിലെ ഹോഷിയര്പുരില് ജനിച്ച മനീഷ ആദ്യം ട്രാക്കിലായിരുന്നു ഭാഗ്യം പരീക്ഷിച്ചത്. സ്കൂളിലെ പരിശീലകന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഫുട്ബോളിലേക്ക് ചുവട് മാറ്റി. അന്ന് 13 വയസ്സായിരുന്നു പ്രായം. 2018-ല്‍ ഇന്ത്യയുടെ അണ്ടര്‍-17 ടീമില്‍ ഇടം നേടി. ആ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്സ് ഫുട്ബോള്‍ കപ്പില്‍ ചൈനയുടെ അണ്ടര്‍-17 ടീമിനെതിരേ ഗോള്‍ കണ്ടെത്തി.
പിന്നാലെ അണ്ടര്‍-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എഎഫ്സി വനിതാ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരത്തില്‍ തായ്ലന്‍ഡിനെതിരേ മിന്നിയ താരം അതേ ടൂര്‍ണമെന്റില്‍ പാകിസ്താനെതിരേ ഹാട്രിക് നേടി. പിന്നാലെ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കുള്ള വിളിയെത്തി. 2019-ല്‍ ഹോങ്കോങ്ങിനെതിരേ ആയിരുന്നു ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറ്റം. അന്നു പ്രായം പതിനേഴ്. ഈ വര്‍ഷം ഒക്ടോബറില്‍ യു.എ.ഇയ്ക്കെതിരേ തന്റെ ആദ്യ ആന്താരാഷ്ട്ര ഗോളും കണ്ടെത്തി.

Content Highlights: manisha kalyan scores historic goal indian womens vs brazil women
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..