റ്റവുമധികം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ ടീം, ലോകത്തിലേറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്ന്, 12 എഫ്.എ കപ്പ് കിരീടങ്ങള്‍, 3 ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, ഫിഫ ക്ലബ് വേള്‍ഡ് കപ്പ് കിരീടം... മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് ഇനിയും വിശേഷണങ്ങള്‍ ബാക്കി. ഇതെല്ലാം കൈമുതലായുണ്ടെങ്കിലും ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ ചുംബിച്ചിട്ട് കാലമേറെയായി. 

13 തവണ പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടി മറ്റ് ടീമുകളെക്കാള്‍ ഏറെ മുന്നിലാണെങ്കിലും യുണൈറ്റഡിന്റെ പ്രതാപം എവിടെയോ നഷ്ടപ്പെട്ടു. ടീം അവസാനമായി പ്രീമിയര്‍ ലീഗില്‍ മുത്തമിട്ടത് 2012-13 സീസണിലാണ്. 26 ഗോളുകള്‍ നേടി ടോപ് സ്‌കോററായ ഹോളണ്ട് താരം റോബിന്‍ വാന്‍ പേഴ്‌സിയുടെ ചിറകിലാണ് യുണൈറ്റഡ് അന്ന് സ്വപ്‌നക്കുതിപ്പ് നടത്തി രാജാക്കന്മാരായത്. അതും ചാണക്യനായ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ പരിശീലനത്തിന്റെ മികവില്‍. 

അലക്‌സ് ഫെര്‍ഗൂസന്‍ വിരമിച്ചതോടെ അദ്ദേഹത്തോടൊപ്പം ടീമിന്റെ നല്ലകാലവും ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിന്നും വിട്ടുപോയി എന്ന് വേണം കണക്കുകൂട്ടാന്‍. പിന്നീട് വന്ന മികവുറ്റ പരിശീലകരായ ലൂയി വാന്‍ ഗാലിനും ഹോസെ മൗറീന്യോയ്ക്കുമൊന്നും ചുവന്ന ചെകുത്താന്മാരെ നിലയ്ക്ക് നിര്‍ത്താനായില്ല. ടീം നിരന്തരം പരാജയപ്പെട്ടു. ഇടയ്ക്ക് നേടിയ എഫ്.എ കപ്പും കമ്യൂണിറ്റി ഷീല്‍ഡും യൂറോപ്പ ലീഗുമെല്ലാം ആരാധകര്‍ക്ക് ആഹ്ലാദം സമ്മാനിച്ചെങ്കിലും യുണൈറ്റഡ് ടീം എന്ന നിലയില്‍ അധഃപ്പതിക്കുന്നതാണ് കണ്ടത്. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വെയ്ന്‍ റൂണിയും വാന്‍ പേഴ്‌സിയും നിസ്റ്റില്‍റോയിയും ഗിഗ്‌സും ബെക്കാമുമെല്ലാം ടീമിന് വേണ്ടി കിരിടങ്ങള്‍ വാരിക്കൂട്ടിയപ്പോള്‍ പുതിയ കളിക്കാര്‍ക്ക് അത് സാധിക്കുന്നില്ല. അവരെപ്പോലെ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പോന്ന ഒരു കളിക്കാരനില്ല എന്നതുതന്നെയാണ് യുണൈറ്റഡ് ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. ഫുട്‌ബോള്‍ ടീം ഗെയിമാണെങ്കിലും പ്രതിഭാധനരായ കളിക്കാരുണ്ടെങ്കില്‍ മാത്രമേ കിരിടത്തിലേക്ക് മുന്നേറാനാകൂ. അല്ലെങ്കില്‍ ഒത്തിണക്കത്തോടെ കളിക്കുന്ന താരങ്ങള്‍ വേണം. ഇതുരണ്ടും ഇല്ലാതെപോയതുകൊണ്ടാണ് 2013 ന് ശേഷം യുണൈറ്റഡിന് കാര്യമായ കിരീടങ്ങള്‍ നേടാന്‍ കഴിയാതെയിരുന്നത്. 

എന്നാല്‍ മാറ്റത്തിന്റെ ചൂളംവിളിയുമായി ഒലെ സോള്‍ഷ്യര്‍ എന്ന പഴയ യുണൈറ്റഡ് മുന്നേറ്റതാരം പരിശീലകന്റെ കുപ്പായമിട്ടതോടെ ടീം വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കിത്തുടങ്ങി. ലോകോത്തര താരങ്ങളായ പോള്‍ പോഗ്ബയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡുമെല്ലാം അണിനിരന്ന യുണൈറ്റഡിലേക്ക് കുറച്ച് യുവരക്തങ്ങളെക്കൂടെ ഒലെ കൊണ്ടുവന്നു. ഡാനിയേല്‍ ജെയിംസും ആരോണ്‍ വാന്‍ ബിസാക്കയും ലെസ്റ്ററില്‍ നിന്നും വലിയ തുകയ്ക്ക് കൊണ്ടുവന്ന പ്രതിരോധ താരം ഹാരി മഗ്വയറുമെല്ലാം തിളങ്ങിയതോടെ യുണൈറ്റഡ് വീണ്ടും തിരിച്ചുകയറുമെന്ന പ്രതീതി വന്നു. എന്നാല്‍ ഇക്കഴിഞ്ഞ സീസണ്‍ പകുതിയായതോടെ ടീമിന്റെ കെട്ടുറപ്പിന് സാരമായ ക്ഷതം ബാധിച്ചു. പോള്‍ പോഗ്ബ പല കളികളിലും പരിക്ക് കാരണം പുറത്തിരുന്നതോടെ മധ്യനിര ദുര്‍ബലമായി. വന്‍ ടീമുകളോട് ജയിക്കുമെങ്കിലും വളരെ ദുര്‍ബലരായ ടീമുകളോട് വലിയ പരാജയം യുണൈറ്റഡ് ഏറ്റുവാങ്ങി. 

antony martial
ആന്റണി മാർഷ്യൽ. ഫൊട്ടോ: ഡേവ് തോംസൺ

ഇങ്ങനെ തുടര്‍ന്നാല്‍ വലിയ പ്രശ്‌നമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ ഒലെ ടീമില്‍ മോശം ഫോമില്‍ തുടരുന്ന ആഷ്‌ലി യങ്ങിനെയും അലെക്‌സി സാഞ്ചസിനെയും പുറത്താക്കി ശുദ്ധി കലശം നടത്തി. റാഷ്‌ഫോര്‍ഡിലും ആന്റണി മാര്‍ഷ്യലിലും പൂര്‍ണ വിശ്വാസം അര്‍പ്പിച്ചു. പക്ഷേ ഇതൊന്നുമായിരുന്നില്ല ഒലെയുടെ മാസ്റ്റര്‍ പ്ലാന്‍. പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങ്ങില്‍ നിന്നും അവരുടെ സ്റ്റാര്‍ മിഡ്ഫീല്‍ഡറായ ബ്രൂണോ ഫെര്‍ണാണ്ടസിനെ യുണൈറ്റഡിലേക്ക് റാഞ്ചിയെടുത്ത് ഒലെ ടീമിന്റെ മധ്യനിരയുടെ പ്രശ്‌നം പരിഹരിച്ചു. 

യുണൈറ്റഡിന്റെ അദ്ഭുതതാരമാകാന്‍ ഫെര്‍ണാണ്ടസിന് അധികസമയം വേണ്ടിവന്നില്ല. 14 കളികളില്‍ നിന്നും എട്ട് ഗോളുകളും ഏഴ് അസിസ്റ്റുകളുമായി ഫെര്‍ണാണ്ടസ് കളം നിറഞ്ഞു. ഫെര്‍ണാണ്ടസും പോഗ്ബയും ഒത്തിണക്കത്തോടെ കളിച്ചപ്പോള്‍ പുല്‍മൈതാനത്ത് യുണൈറ്റഡ് രചിച്ചത് കളിയുടെ കാവ്യം. കളിച്ചും കളിപ്പിച്ചും ഹെര്‍ണാണ്ടസ് താരമായപ്പോള്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഏറെ പുറകിലായിരുന്ന യുണൈറ്റഡ് സ്വപ്‌നക്കുതിപ്പ് നടത്തി. തുടര്‍ച്ചയായി 19 കളികള്‍ പരാജയമറിയാതെ ടീം കുതിച്ചു. അതിനിടയില്‍ വമ്പന്മാരായ മാഞ്ചെസറ്റര്‍ സിറ്റിയെയും ചെല്‍സിയെയുമെല്ലാം വീഴ്ത്തി.

bruno
ബ്രൂണോ ഫെർണാണ്ടസ്. ഫൊട്ടോ: പോൾ എല്ലിസ്

എന്നാലും പടിക്കല്‍ കലമുടയ്ക്കുന്ന സ്വഭാവം യുണൈറ്റഡ് മാറ്റിയില്ല. യൂറോപ്പ ലീഗ് കപ്പ് സെമിഫൈനലില്‍ താരതമ്യേന ദുര്‍ബലരായ സെവിയ്യയോട് 2-1 ന് പരാജയപ്പെട്ടു. എഫ്.എ. കപ്പ് സെമിഫൈനലില്‍ ചെല്‍സിയോടും തോറ്റു. ഇതിന് മുന്‍പ് പ്രീമിയര്‍ ലീഗില്‍ രണ്ടു പാദത്തിലും ചെല്‍സിയെ യുണൈറ്റഡ് തോല്‍പ്പിച്ചിരുന്നു എന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. 

കിരീടങ്ങള്‍ ഇല്ലാതെയാണ് കഴിഞ്ഞ സീസണ്‍ അവസാനിച്ചതെങ്കിലും ടീമിന്റെ കെട്ടുറപ്പില്‍ കാര്യമായ മാറ്റങ്ങള്‍ യുണൈറ്റഡില്‍ വരുത്താന്‍ പരിശീലകന്‍ സോള്‍ഷ്യറിന് സാധിച്ചിട്ടുണ്ട്. പിന്നീട് ഏവരും ഉറ്റുനോക്കിയത് യുണൈറ്റഡിന്റെ ട്രാന്‍സ്ഫര്‍ വിപണിയാണ്. വലിയ താരങ്ങളെ ഇത്തവണയെങ്കിലും ടീമിലേക്ക് കൊണ്ടുവരുമെന്ന് ആരാധക വൃന്ദം പ്രതീക്ഷിച്ചു.

ഡോര്‍ട്ട്മുണ്ടില്‍ നിന്നും സാഞ്ചോയും ആസ്റ്റണ്‍ വില്ലയില്‍ നിന്നും ജാക്ക് ഗ്രീലിഷും വോള്‍വ്‌സില്‍ നിന്നും ജിമിനെസും റയലില്‍ നിന്നും ബെയ്‌ലുമെല്ലാം യുണൈറ്റഡിലേക്ക് വരുമെന്ന് അഭ്യൂഹങ്ങള്‍ പരന്നതോടെ ആരാധകര്‍ ആവേശത്തിലായി. എന്നാല്‍ ഇവരെയെല്ലാം മറികടന്ന് യുണൈറ്റഡ് ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് കൊണ്ടുവന്നത് ഡോണി വാന്‍ ഡെ ബീക്കിനെയാണ്. അയാക്‌സ് താരമായ ഡോണിയെ മധ്യനിരയിലാണ് യുണൈറ്റഡ് നിരത്തുന്നത്. ഡോണി-പോഗ്ബ-ഹെര്‍ണാണ്ടസ് കോംബോയാണ് ഇനിമുതല്‍ യുണൈറ്റഡില്‍ കാണാനാകുക. അയാക്‌സിന്റെ അദ്ഭുതതാരമായ ഡോണി ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മിടുക്കനാണ്. മാത്രമല്ല മികച്ച ലോങ് റേഞ്ചറുകള്‍ക്കും കെല്‍പ്പുള്ള കളിക്കാരനാണ്.

അയാക്‌സിനുവേണ്ടി 118 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഡോണി 35 ഗോളുകള്‍ നേടിയിട്ടുണ്ട്. ഡോണി വരുന്നതോടെ വിള്ളലുകള്‍ വന്ന മധ്യനിര കൂടുതല്‍ ശക്തിനേടുമെന്നാണ് ഒലെ കണക്കുകൂട്ടുന്നത്. എറിക് ബെയ്‌ലിയും ഹാരി മഗ്വയറും ബിസാക്കയും ലൂക്ക് ഷായുമെല്ലാം അണിചേരുന്ന പ്രതിരോധ നിരയും സുശക്തമാണ്. മുന്നേറ്റത്തില്‍ റാഷ്‌ഫോര്‍ഡും യുവതാരം മേസണ്‍ ഗ്രീന്‍വുഡും ആന്റണി മാര്‍ഷ്യലും നന്നായി കളിക്കുന്നുണ്ടെങ്കിലും ഒരു ലോകോത്തര താരത്തിന്റെ കുറവ് പല മത്സരങ്ങളിലും പ്രകടമാണ്. 

ഡോണി വാന്‍ ബീക്കിലാണ് ഇപ്പോള്‍ യുണൈറ്റഡ് ആരാധകര്‍ മുഴുവന്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. വലിയ താരങ്ങളൊന്നും യുണൈറ്റഡിന്റെ കുപ്പായത്തിലെത്താത്ത സ്ഥിതിയ്ക്ക് യുവരക്തങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒലെയുടെ കണക്കൂകൂട്ടലുകളില്‍ വലിയ പ്രതീക്ഷയാണ് ഏവര്‍ക്കുമുള്ളത്. ബ്രൂണോ മാജിക്ക് പോലെ ഡോണി മാജിക്കും യുണൈറ്റഡില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. ചെല്‍സിയും ആഴ്‌സണലുമെല്ലാം താരങ്ങളെ വാരിക്കൂട്ടിയപ്പോള്‍ യുണൈറ്റഡ് ആകെ ഡോണിയെ മാത്രമാണ് ടീമിലെടുത്തത്. ഇത് പലരുടെയും നെറ്റിചുളുങ്ങാന്‍ കാരണമായി. ഇതെല്ലാം ചിരിച്ചുകൊണ്ട് നേരിടുന്ന  സോള്‍ഷ്യെയറിന്റെ കണക്കുകൂട്ടലുകള്‍ എന്താണെന്ന് വരും ദിനങ്ങളില്‍ കാണാം. 

സെപ്റ്റംബര്‍ 19 ന് ക്രിസ്റ്റല്‍ പാലസിനെതിരെയാണ് യുണൈറ്റഡിന്റെ ആദ്യമത്സരം. പ്രീസീസണ്‍ മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയോട് തോറ്റെങ്കിലും പ്രമുഖ താരങ്ങളാരും ടീമിലുണ്ടായിരുന്നില്ല. ഡോണി വാന്‍ ബീക്കിന് അവസരം ലഭിക്കുകയും അദ്ദേഹം നന്നായി കളിക്കുകയും ചെയ്തു. ഈ സീസണ്‍ അവസാനിക്കുമ്പോള്‍ ഡോണി വാന്‍ ഡെ ബീക്ക് യുണൈറ്റഡിന് വേണ്ടി കിരീടമുയര്‍ത്തുമെന്നുതന്നെയാണ് ആരാധകര്‍ സ്വപ്‌നം കാണുന്നത്. 

Content Highlights: Manchester United to start English Premiere League new season with one major signing