'ചെലോര്ത് റെഡിയാവും..ചെലോര്ത് റെഡിയാവൂല...പക്ഷേങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെഡിയായി..അതോണ്ട് ലെസ്റ്ററിന് കൊയപ്പോം ണ്ടായീ...' ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് നീന്തിക്കടന്ന് ചാമ്പ്യൻസ് ലീഗിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റേത് ഒരു ഒന്നൊന്നര റെഡിയാവലായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 13-ാം സ്ഥാനത്തിന് നിന്ന് ലീഗിന് തിരശ്ശീല വീഴുമ്പോൾ മൂന്നാം സ്ഥാനത്തേക്കുള്ള തിരിച്ചുവരവ്, ചുവന്ന ചെകുത്താൻമാരുടെ 30 വർഷത്തെ ലീഗ് ചരിത്രത്തിനിടയിൽ ഏറ്റവും മോശം തുടക്കത്തിൽ നിന്നുള്ള തിരിച്ചുവരവ്, 2020-ന്റെ തുടക്കത്തിൽ മൂന്നാം സ്ഥാനക്കാരായിരുന്ന ലെസ്റ്റർ സിറ്റിയുമായി 10 പോയിന്റിന്റെ വ്യത്യാസത്തിൽ നിന്നുള്ള തിരിച്ചുവരവ്. കടലാസ് പൂവുണ്ടാക്കി വൈറലായ വീഡിയോയിലൂടെ താരമായ മലപ്പുറത്തെ ഫായിസ് എന്ന നാലാം ക്ലാസുകാരന്റെ 'മോട്ടിവേഷൻ' പോലെത്തന്നെയായിരുന്നു യുണൈറ്റഡിന്റെ ഈ തിരിച്ചുവരവും. ഒരു ഘട്ടത്തിൽ യുണൈറ്റഡ് പുറത്താക്കുമെന്ന് വരെ ഫുട്ബോൾ പണ്ഡിതർ പ്രവചിച്ച ഒലെ ഗുണ്ണാർ സോൾഷേർ എന്ന പരിശീലകന് അവകാശപ്പെട്ടതാണ് ഈ വിജയത്തിന്റെ പകുതി ക്രെഡിറ്റും. മാഞ്ചസ്റ്റർ യുണൈറ്റഡിനും ഒരു പ്രതാപ കാലമുണ്ടായിരുന്നു എന്നു പറയുന്ന തലത്തിലേക്ക് വീണുപോയ ടീമിനെ കൈപ്പിടിച്ചുയർത്തിയതിൽ താത്‌ക്കാലിക പരിശീലകനായെത്തിയ ഒലെയുടെ പങ്ക് ഒരു സ്റ്റേഡിയവും കവിഞ്ഞ് തെരുവിലേക്ക് ഒഴുകുന്ന കാണികളെ പോലെയായിരുന്നു.

ലീഗിന്റെ അവസാന നാളുകളിൽ എങ്ങനെ കിരീടം നേടാം എന്ന് ആശങ്കപ്പെട്ടിരുന്ന ടീം എങ്ങനെ ആദ്യ നാലിലെത്താം എന്ന രീതിയിലേക്ക് മാറിയത് കുറച്ചുകാലം കൊണ്ടാണെന്ന് ഓർക്കണം. അതുകൊണ്ടുതന്നെ ഇത്രയും നിലവാരത്തകർച്ച നേരിട്ട യുണൈറ്റഡിന് ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത എന്നത് കിരീടത്തേക്കാൾ പ്രാധാന്യമുള്ളതായിരുന്നു. അലക്സ് ഫെർഗൂസണ് ശേഷം കരുത്തൻമാരായ പരിശീലകർ പലരും വന്നെങ്കിലും യുണൈറ്റഡിന് പ്രതാപകാലത്തിന്റെ നിഴലിൽ പോലുമെത്താനായിരുന്നില്ല. മൗറിന്യോയും ലൂയിസ് വാൻ ഗാലുമെല്ലാം കോടികൾ മുടക്കി താരങ്ങളെ തട്ടകത്തിലെത്തിച്ചിട്ടും ഗ്രൗണ്ടിൽ യുണൈറ്റഡ് പരാജയപ്പെട്ടുകൊണ്ടേയിരുന്നു. ആ പതർച്ചയിൽ നിന്ന് വളർച്ചയിലേക്കുള്ള യുണൈറ്റഡിന്റെ കുതിപ്പ് തുടങ്ങിയത് ഈ അടുത്താണ്. പരിശീലകന്റെ ആടയാഭരണങ്ങളോ അംഗീകാരങ്ങളോ ഇല്ലാത്ത നോർവേയിൽ നിന്നെത്തിയ ഒലെയുടെ തന്ത്രങ്ങളാണ് യുണൈറ്റഡിന് ഇന്ധനമായത്.

ആഷ്ലി യങ്, അലക്സി സാഞ്ചസ്, റൊമേലു ലുകാകു, മൗറെയ്ൻ ഫെല്ലയ്നി തുടങ്ങിയ താരങ്ങളെ ക്ലബ്ബിൽ നിന്ന് ഒരു മടിയും കൂടാതെ പുറത്താക്കുകയാണ് ഒലെ ആദ്യം ചെയ്തത്. ഗോളടിക്കാൻ ആളില്ലാതെ ലുകാകുവിനേയും സാഞ്ചസിനേയും പറഞ്ഞയച്ചതിന് ഒലെയുടെ നേരെ പലരും നെറ്റിചുളിച്ചു. എന്നാൽ തന്റെ താരങ്ങളിൽ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ ഒലെ, മാർക്കസ് റാഷ്ഫോഡിനേയും അന്തോണി മാർഷ്യലിനേയും കൊണ്ട് അവരുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുപ്പിച്ചു. ഈ സീസണിൽ ഇരുവരും 17 ഗോളുകൾ വീതമാണ് നേടിയത്. ഒപ്പം മേസൺ ഗ്രീൻവുഡ് എന്ന ഇംഗ്ലീഷ് യുവതാരത്തേയും ഒലെ കണ്ടെത്തി. പ്രീമിയർ ലീഗിലെ 10 ഗോളുകൾ അടക്കം ആകെ 17 ഗോളുകളാണ് ഈ പതിനെട്ടുകാരൻ ഈ സീസണിൽ അടിച്ചുകൂട്ടിയത്. ഇതോടെ ലുകാകു ഇല്ലെങ്കിലെന്താ മേസൺ ഉണ്ടല്ലോ എന്ന് ആരാധകർ ആശ്വസിക്കാൻ തുടങ്ങി.

മധ്യനിരയിൽ സ്കോട്ട് മക്ടോമിനും ഫ്രെഡും പോൾ പോഗ്ബയും നെമഞ്ച മാറ്റിച്ചും ബ്രൂണോ ഫെർണാണ്ടസും മികവ് കാണിച്ചു. സീസണിന്റെ തുടക്കത്തിൽ ടീമിലെത്തിയ വാൻ ബിസാകയും ഹാരി മഗ്വയറും പതറുന്ന പ്രതിരോധത്തിന് കെട്ടുറപ്പ് നൽകി. ഈ സീസണിൽ യുണൈറ്റഡ് വഴങ്ങിയ ഗോളുകളുടെ എണ്ണം 36 ആയി ചുരുങ്ങി. കഴിഞ്ഞ സീസണിൽ ഇത് 54 ഗോളുകളായിരുന്നു എന്നോർക്കണം.

കഴിഞ്ഞ ജനുവരിൽ പോർച്ചുഗീസ് ക്ലബ്ബ് സ്പോർട്ടിങ്ങിൽ നിന്ന് 60 മില്ല്യൺ ഡോളറിന് ബ്രൂണോ ഫെർണാണ്ടസ് എന്ന മിഡ്ഫീൽഡറെ തട്ടകത്തിലെത്തിച്ചതായിരുന്നു ഒലെയുടെ തന്ത്രങ്ങളിൽ ഏറ്റവും മികച്ചത്. ചാമ്പ്യൻസ് ലീഗിലെത്താൻ യുണൈറ്റഡ് അന്വേഷിച്ചുകൊണ്ടിരുന്ന അദ്ഭുതം ബ്രൂണോയുടെ ബൂട്ടുകളിലുണ്ടായിരുന്നു. അഞ്ചടി പത്തിഞ്ചുകാരനായ പോർച്ചുഗീസ് താരം ഓൾഡ് ട്രാഫോഡിലെത്തുമ്പോൾ ലെസ്റ്ററിനേക്കാൾ 14 പോയിന്റ് പിന്നിലായിരുന്നു യുണൈറ്റഡ്. സീസൺ അവസാനിക്കുമ്പോൾ ലെസ്റ്റർ സിറ്റിയേക്കാൾ നാല് പോയിന്റ് കൂടുതലും രണ്ട് സ്ഥാനം മുന്നിലുമെത്തി യുണൈറ്റഡ്. ഒപ്പം ചാമ്പ്യൻസ് ലീഗ് യോഗ്യതയും.

ഫെബ്രുവരിയിൽ ബ്രൂണോ യുണൈറ്റഡ് ജഴ്സിയിൽ അരങ്ങേറി. തുടർന്ന് അഞ്ചു മാസത്തിനിടയിൽ എട്ടു പ്രീമിയർ ലീഗ് ഗോളുകളും ഏഴു അസിസ്റ്റുകളുമായി പോർച്ചുഗീസ് താരം കളംനിറഞ്ഞു. ഡ്രസ്സിങ് റൂമിൽ സഹതാരങ്ങളിൽ നിന്ന് ലഭിച്ച ആവേശം കാലുകളിലേക്ക് പകർന്ന ബ്രൂണോ വന്നതിന് ശേഷം യുണൈറ്റഡ് ലീഗിൽ തോൽവി അറിഞ്ഞിട്ടില്ല. ഗോളടി നിർത്താൻ കഴിയാത്ത ടീമായി യുണൈറ്റഡ് മാറി. വിജയങ്ങളുടെ മാർജിനിൽ വരെ ടീം റെക്കോഡിടുന്നത് ആരാധകർ കണ്ടു. കിങ് പവർ സ്റ്റേഡിയത്തിൽ ലെസ്റ്ററിനെതിരേ ബ്രൂണോ ഫെർണാണ്ടസിന്റേയും ജെസ്സി ലിങ്ഗാർഡിന്റേയും ഗോളുകളിലൂടെ യുണൈറ്റഡ് ആ തിരിച്ചുവരവിന്റെ കഥയ്ക്ക് വിരാമമിട്ടു.

Content Highlights: Manchester United, EPL Comeback,  Ole Gunnar, Solskjaer, Bruno Fernandes