കര്‍ഷകമായ കളി, കിരീട വിജയങ്ങള്‍, ആരാധകകൂട്ടം, വാണിജ്യനേട്ടം. ഫുട്‌ബോള്‍ അടക്കമുള്ള കായിക വിനോദങ്ങളുടെ രസക്കൂട്ടാണിത്. എല്ലാ കളിസംഘങ്ങള്‍ക്കും ഒരേ അളവില്‍ നേടാന്‍ കഴിയാതെ പോകുന്ന, പലപ്പോഴും ആരാധകരെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ പോകുന്ന രുചികൂട്ട്. ഇന്ത്യന്‍ ഫുട്‌ബോളില്‍ അത്തരമൊരു രുചികൂട്ട് ഒരുക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. അതിലേക്കുള്ള ചേരുവകള്‍ സമം ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

സമീപകാലത്ത് ഇന്ത്യന്‍ ഫുട്‌ബോളില്‍ ഓളമുണ്ടാക്കിയ സെര്‍ജി ലൊബേറയെന്ന സ്പാനിഷ് പരിശീലകന്‍ മുംബൈ സിറ്റി എഫ്.സിയിലേക്ക് വരുന്നതിനെ ഈ രീതിയിലാണ് കാണേണ്ടത്. ഏഴ് രാജ്യങ്ങളില്‍ വിജയകരമായി പരീക്ഷിക്കുന്ന ഫുട്‌ബോള്‍ വിപ്ലവത്തിന് ഇന്ത്യയിലും ഒരുങ്ങുകയാണ്  ലണ്ടന്‍ ആസ്ഥാനമായ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ്. ഫുട്‌ബോളിനെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു സംഘത്തിന്റെ വരവ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും മൊത്തത്തില്‍ രാജ്യത്തെ ഫുട്‌ബോള്‍ മേഖലയിലും കാര്യമായ സ്വാധീനമുണ്ടാക്കും.

Manchester City owners buy majority stake in Mumbai City
സെര്‍ജി ലൊബേറ

2018-ല്‍ 5538 കോടി രൂപയാണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ വരുമാനം. മൊത്തം ആസ്തി 7600 കോടിയോളം രൂപ. രണ്ടിലും ഉയര്‍ച്ചയാണ് കാണിക്കുന്നത്. അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സയീദ് അല്‍ നഹ്യന്‍ ഉടമസ്ഥനായ അബുദാബി യുണൈറ്റഡ് ഗ്രൂപ്പിന് കീഴിലുള്ളതാണ് സിറ്റി ഗ്രൂപ്പ്. ഇന്ത്യയടക്കം എട്ട് രാജ്യങ്ങളില്‍ ഗ്രൂപ്പിന് ഫുട്‌ബോള്‍ ക്ലബ്ബുകളുണ്ട്. ഇംഗ്ലണ്ടില്‍ മാഞ്ചെസ്റ്റര്‍ സിറ്റി, ഓസ്‌ട്രേലിയയില്‍ മെല്‍ബണ്‍ സിറ്റി, യുറുഗ്വായില്‍ മോണ്ടിവീഡിയോ സി്റ്റി, അമേരിക്കയില്‍ ന്യൂയോര്‍ക്ക് സിറ്റി, സ്‌പെയിനില്‍ ജിറോണ സിറ്റി, ചൈനയില്‍ ചുവാന്‍ ജിയിനുയു, ജപ്പാനില്‍ യോക്കോഹാമ. ആദ്യ നാല് ക്ലബ്ബുകളിലും മുബൈ സിറ്റിയിലും ഭൂരിഭാഗം ഓഹരി ഗ്രൂപ്പിനുണ്ട്.

ക്ലബ്ബിലേക്ക് പണമൊഴുക്കി, വിജയം നേടി, ആരാധകരെ സ്വന്തമാക്കി വാണിജ്യവിജയത്തിലേക്ക് എത്തുന്നതാണ് ഗ്രൂപ്പിന്റെ രീതി. ലോകത്തെ ഏറ്റവും ആരാധകരുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയിലാണ് ഈ രീതി വിജയകരമായി പരീക്ഷിച്ചത്. കഴിഞ്ഞ വര്‍ഷമാണ് മുംബൈ സിറ്റിയുടെ ഓഹരി കമ്പനി വാങ്ങിയത്. മാഞ്ചെസ്റ്റര്‍ മോഡല്‍ രീതിയാകും ഇന്ത്യയിലും പരീക്ഷിക്കുക എന്നതുറപ്പാണ്. കാരണം ഇവിടുത്തെ വാണിജ്യ സാധ്യത വളരെ വലുതാണ്. ലൊബേറക്കൊപ്പം വന്‍താരങ്ങളും ടീമിലെത്തുമെന്നുറപ്പായിട്ടുണ്ട്. സ്വന്തമായി ഫുട്‌ബോള്‍ ഫിലോസഫി ഇന്ത്യന്‍ ഫുട്‌ബോളില്‍ നടപ്പാക്കി വിജയിച്ചതാണ് സ്പാനിഷ് പരിശീലകനെ തെരഞ്ഞെടുക്കാന്‍ കാരണം. മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ പെപ്പ് ഗാര്‍ഡിയോളയെ കൊണ്ട് വന്നതിന് സമാനമായ നീ്ക്കം. മറ്റൊരു സമാനതകൂടിയുണ്ട്. പെപ്പും ലൊബേറയും ബാഴ്‌സലോണ എഫ്.സിയുടെ ഉല്‍പ്പന്നങ്ങളാണ്. പാസ്സിങ് ഗെയിമിനെ അടിസ്ഥാനമാക്കി,ആക്രമണ ഫുട്‌ബോളില്‍ വിശ്വസിക്കുന്നവര്‍. കളി കൊണ്ട് ആരാധകരെ സമ്പാദിക്കാന്‍ കഴിയുന്നവര്‍.

സിറ്റിയിലെ വിജയം

2008 സെപ്തംബര്‍ ഒന്നിനാണ് അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയെ ഏറ്റെടുക്കുന്നത്. പിന്നീടുള്ള പന്ത്രണ്ട് വര്‍ഷങ്ങള്‍ ക്ലബ്ബ് ചരിത്രത്തിലെ സുവര്‍ണകാലഘട്ടമാണ്. 14 കിരീടങ്ങള്‍ ക്ലബ്ബിലേക്കെത്തി. ലോകത്തെ അഞ്ചാമത്തെ മൂല്യമേറിയ ക്ലബ്ബായി. ലോകത്തെ ഏറ്റവും മികച്ച പരിശീലകരിലൊരാളായ പെപ്പ് ഗാര്‍ഡിയോള ടീമിനൊപ്പം ചേര്‍ന്നു. ലീഗില്‍ ഒരു സീസണില്‍ 100 പോയന്റ് നേടുന്ന ഒരേയൊരു ക്ലബ്ബായി. കഴിഞ്ഞ സീസണില്‍ നാല് കിരീടങ്ങളും.

Manchester City owners buy majority stake in Mumbai City
പെപ്പ് ഗാര്‍ഡിയോള

മാഞ്ചെസ്റ്ററില്‍ സിറ്റി ഗ്രൂപ്പ് ഉദ്ദേശിച്ച ഫുട്‌ബോള്‍ വിപ്ലവം വന്നത് 2016-ല്‍ പെപ്പ് ഗാര്‍ഡിയോളയെന്ന പരിശീലകന്‍ വന്നതോടെയാണ്. കിരീടവിജയത്തിലും ആരാധകരുടെ എണ്ണത്തിലും വരുമാനത്തിലും ടീം കുതിച്ചുയര്‍ന്നു. ക്ലബ്ബ് ഫുട്‌ബോളിലെ എണ്ണപ്പെട്ട ടീമായി മാറി. ഗാര്‍ഡിയോളക്ക് കീഴില്‍ എട്ട് കിരീടം ടീം നേടി. ആകര്‍ഷകമായ പാസ്സിങ് ഗെയിം കൊണ്ട് ആരാധകരെ കീഴടക്കി. പണമെറിഞ്ഞാണ് സിറ്റിയെ ലോകോത്തര ക്ലബ്ബാക്കി മാറ്റിയത്. കിരീടനേട്ടത്തിനൊപ്പം വാര്‍ഷിക വിറ്റുവരവില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് കീഴില്‍ രണ്ടാമതെത്തിക്കാനും ഗ്രൂപ്പിനായി.

സിറ്റി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന് മുമ്പ് കിരീടവിജയങ്ങളില്ലാത്ത, ആരാധകരില്ലാത്ത മാഞ്ചെസ്റ്റര്‍ സിറ്റിയല്ല ഇന്നുള്ളത്. അരാധകരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. ബ്രാന്‍ഡ് മൂല്യം കൂടി. വരുമാനം വര്‍ധിച്ചു. എതിരാളികള്‍ ഭയക്കുന്ന ടീമായി മാറി. സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ വരെ കൊണ്ടുവരുന്നതിനുള്ള സാമ്പത്തിക അടിത്തറ വരെയായി.

മുംബൈയിലെ സിറ്റി

ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിലെ ക്ലബ്ബിനെ ഏറ്റെടുക്കുമ്പോള്‍ സിറ്റി ഗ്രൂപ്പ് കണ്ണുവെക്കുന്നത് വരുമാനത്തില്‍ തന്നെയാണ്. അതിന് അവര്‍ക്ക് ആകര്‍ഷകമായി കളിക്കുന്ന, സംസ്ഥാനത്തിന് പുറത്ത് ആരാധകരുളള, കിരീടവിജയങ്ങളുള്ള ടീമിനെ വേണം. ഇത്തരം കാര്യങ്ങള്‍ക്കുള്ള ഒറ്റമൂലിയായിട്ടാണ് സെര്‍ജി ലൊബേറയെന്ന സ്പാനിഷ് പരിശീലകനെ കൊണ്ടുവരുന്നത്.

ഇത്തവണ മുംബൈയില്‍ ഒമ്പത് കളിക്ക് കൂടി എത്തിയത് 47166 പേരാണ്. ലീഗില്‍ കാണികളുടെ എണ്ണത്തില്‍ അവസാന സ്ഥാനക്കാര്‍. ലൊബേറ വരുകയും പരിശീലകന് വേണ്ട ടീമിനെ ഒരുക്കുകയും ചെയ്താല്‍ ടീമിന്റെ ആരാധകര്‍ കൂടുകയും വിജയം സ്വന്തമാകുമെന്നുമാണ് മാനേജ്മന്റ് കരുതുന്നത്. കഴിഞ്ഞ ആറ് സീസണുകളിലായി കാര്യമായ നേട്ടം മുംബൈ സിറ്റിക്കില്ല. പീറ്റര്‍ റെയ്ഡ്, നിക്കോളസ് അനെല്‍ക്ക, അലക്‌സാണ്ടര്‍ ഗുയ്‌മെറസ്, യോര്‍ഗ കോസ്റ്റ തുടങ്ങിയ മികച്ച പരിശീലകരും ഡീഗോ ഫോര്‍ലാന്‍, നിക്കോളസ് അനെല്‍ക്ക, സുനില്‍ ഛേത്രി തുടങ്ങിയ മികച്ച താരങ്ങള്‍ പല കാലങ്ങളിലായി കളിക്കുകയും ചെയ്തിട്ടും ടീമിന് സെമിഫൈനലിന് അപ്പുറം പോകാന്‍ കഴിഞ്ഞിട്ടില്ല. ലൊബേറ വരുമ്പോള്‍ വലിയ മാറ്റമാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.

പെപ്പാകുമോ ലൊബേറ

ഗാര്‍ഡിയോളയെ പോലെ ബാഴ്‌സലോണയില്‍ നിന്നാണ് ലൊബേറയുടെ വരവ്. ഗാര്‍ഡിയോളയുടെ കാലത്ത് ടീമിന്റെ യൂത്ത് സിസ്റ്റത്തില്‍ പരിശീലകനുണ്ട്. തുടര്‍ന്ന് ടിറ്റോ വിലാനോയുടെ കാലത്ത് സഹപരിശീലകനായി.

എഫ്.സി ഗോവയുടെ ആകര്‍ഷമായ പാസ്സിങ്-അറ്റാക്കിങ് ഗെയിം രൂപപ്പെടുത്തിയത് ലൊബേറയാണ്. ടീമിനെ 60 മത്സരത്തില്‍ ഒരുക്കിയതില്‍ 33 ജയവും 11 സമനിലയും നേടി. 16 തോല്‍വിയാണ് നേരിട്ടത്. ടീം 128 ഗോളും നേടി. ഇത്തവണ  ഗോവയില്‍ നിന്ന് പുറത്താകുമ്പോള്‍ ടീം പ്ലേ ഓഫ് ഉറപ്പാക്കിയിരുന്നു. ബ്രസീല്‍ ഇതിഹാസം സീക്കോയുടെ പിന്‍ഗാമിയായി ഗോവയിലെത്തിയ ലൊബേറ ടീമിന് ഫുട്‌ബോള്‍ തിയറിയും പ്രാക്ടിക്കലുമുണ്ടാക്കി. കളിക്ക് ഭംഗി വരുത്തി. തോല്‍ക്കുമ്പോള്‍ പോലും ആരാധകരെ കൊണ്ട് കൈയടിപ്പിച്ചു.

പാസ്സിങ് ഗെയിമിന്റെ ചാരുത ഇന്ത്യന്‍ ഫുട്‌ബോളിനെ അറിയിക്കാന്‍ സ്പാനിഷ് പരിശീലകനായി. സൂപ്പര്‍ ലീഗില്‍ എഫ്.സി ഗോവ എപ്പോഴും ഫേവറിറ്റുകളായി. ഏത് സമയത്തും എതിരാളിയുടെ വലയില്‍ പന്തെത്തിക്കാന്‍ കഴിയുന്ന സ്ട്രാറ്റജിയില്‍ ടീം കളിച്ചു.

താരങ്ങളെ ടീമിലേക്കെടുക്കുന്നതിനും അവരെ അനുയോജ്യമായ പൊസിഷനില്‍ കളിപ്പിക്കുന്നതിലും ലൊബേറ മികവുകാട്ടി. രണ്ട് തവണ ലീഗില്‍ ഗോള്‍വേട്ടക്കാരനായ സ്പാനിഷ് താരം ഫെറാന്‍ കോറോമിനെസ്, ഫ്രഞ്ച് താരം ഹ്യൂഗോ ബൗമാസ്, സപാനിഷ് താരം എഡു ബേഡിയ, സെനഗല്‍ താരം മൗര്‍റ്റാഡ ഫാള്‍, സൂപ്പര്‍ ലീഗിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറിലൊരാളായ അഹമ്മദ് ജാഹു, സ്പാനിഷ് താരം മാനുവല്‍ ലാന്‍സറോട്ടി, സ്പാനിഷ് താരം കാര്‍ലോസ് പെന എന്നിവരെ കൊണ്ടുവന്നത് ലൊബേറയാണ്.

അടുത്ത സീസണില്‍ മുഖം മാറി മുംബൈ എത്തുമെന്നുറപ്പാണ്. ടീമിനായി പണമൊഴുക്കാനുള്ള മാനേജ്‌മെന്റും കളിക്കാരേയും കളിയേയും അറിയുന്ന പരിശീലകനും ചേരുമ്പോള്‍ സമവാക്യങ്ങളെ മാറ്റി മറിക്കാന്‍ കഴിയും.

Content Highlights: Manchester City owners buy majority stake in Mumbai City