വെടിക്കെട്ടും ഗെയ്‌ലും കാണാനിരിക്കുന്ന കളിയും


എസ്.ആര്‍. സൂര്യനാരായണ്‍

നിറംമങ്ങിയതും ഗൗരവതരവുമായ, അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന, ടെസ്റ്റില്‍ നിന്നും ഇപ്പോഴത്തെ ഈ ഇരുപത് ഓവര്‍ കളിയിലേയ്ക്കുള്ള ക്രിക്കറ്റിന്റെ പരിണാമത്തിനേക്കാള്‍ വലിയൊരു വിപ്ലവം വേറെയില്ല.

മുംബൈയില്‍ 47 പന്തില്‍ നിന്ന് ട്വന്റി 20യിലെ ഏറ്റും വേഗമേറിയ സെഞ്ച്വറി സ്വന്തമാക്കി ബൗളര്‍മാര്‍ക്കെതിരെ ക്രിസ് ഗെയ്ല്‍ നടത്തിയ താണ്ഡവം കണ്ടവര്‍ക്ക് ഒന്നുറപ്പിക്കാം; ഈ കുട്ടിക്രിക്കറ്റ് പോലെ ജനങ്ങളെ ഇത്രമേല്‍ തസ്രിപ്പിക്കാന്‍ കഴിയുന്ന മറ്റൊന്നില്ലതന്നെ കായിലോകത്ത്. ഓര്‍മയില്‍ കാത്തുവയ്‌ക്കേണ്ടവ തന്നെയാണ് ഈ ഇടങ്കയ്യന്‍ അതികായന്‍ ഓരോ തവണയും പന്ത് ഗ്യാലറിയിലേയ്ക്ക് പറത്തുമ്പോഴുള്ള കാണികളുടെ ആഹ്ലാദ വിസ്‌ഫോടനത്തിന്റെ കാഴ്ച. പതിനൊന്ന് തവണയാണ് ഗെയ്ല്‍ തന്റെ കരുത്തുറ്റ ബാറ്റ് കൊണ്ട് ഇങ്ങിനെ പന്തിനെ നിലംതൊടാതെ അതിര്‍ത്തി കടത്തിയത്. ഏതൊരു കായികയിനത്തിനുമുണ്ട് ഒരു പരിണാമം. എന്നാല്‍, നിറംമങ്ങിയതും ഗൗരവതരവുമായ, അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന, ടെസ്റ്റില്‍ നിന്നും ഇപ്പോഴത്തെ ഈ ഇരുപത് ഓവര്‍ കളിയിലേയ്ക്കുള്ള ക്രിക്കറ്റിന്റെ പരിണാമത്തിനേക്കാള്‍ വലിയൊരു വിപ്ലവം വേറെയില്ല. ഫുട്‌ബോള്‍ ലോകകപ്പ് കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും അധികം ആരാധകരുള്ള കളിയായി മാറിക്കഴിഞ്ഞു ട്വന്റി 20.

ജനപ്രിയമാകുമ്പോള്‍ അതിലേയ്ക്ക് അനാവശ്യമായ ചില കാര്യങ്ങള്‍ കടന്നുവരുന്നു എന്നത് വാസ്തവമാണ്. തേനൊഴുകുന്നിടത്ത് ഉറുമ്പുകളും ഈച്ചകളുമെത്താതിരിക്കില്ലല്ലോ? കുംഭകോണങ്ങളുണ്ടാകും. എന്നാല്‍, അത് ഏതെങ്കിലും തരത്തില്‍ പേരിനെങ്കിലും കളിയുടെ രസം കൊല്ലുന്നുണ്ടോ എന്നതാണ് പ്രസക്തം. വേണ്ടത് നിതാന്ത ജാഗ്രതയാണ്. എന്നാല്‍, ക്രിക്കറ്റിന്റെ ഈ പുതിയ അവതാരത്തിന്റെ കാര്യത്തില്‍ അതുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. അതാണെങ്കില്‍ ജനങ്ങളുടെ ഭാവനയില്‍ ആഴത്തില്‍ വേരൂന്നുകയും ചെയ്തു.

ക്രിക്കറ്റ് കുറച്ചു രാജ്യങ്ങളില്‍ മാത്രം കളിക്കുന്ന ഒരു കളിയാണെന്നും ഫുട്‌ബോളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനപ്രിയത കുറവാണെന്നുമാണ് വിമര്‍ശകമതം. ഇവിടെ വിഷയം അതല്ല, അത് കാണുകയും ആസ്വദിക്കുകയും ചെയ്യുന്നവരിലുണ്ടാക്കുന്ന സ്വാധീനമാണ്. ബാറ്റ് കൊണ്ട് പന്തടിക്കുന്നതും അതില്‍ നിന്നു പിറക്കുന്ന നയനാനന്ദകരവും ആസ്വാദ്യകരവുമായ വെടിക്കെട്ടിനുമപ്പുറത്ത് ഇതിലെ നിയമങ്ങളെക്കുറിച്ചും അതിലെ തന്ത്രങ്ങളെക്കുറിച്ചുമെല്ലാം കളി കാണുന്നവരില്‍ ഭൂരിഭാഗത്തിനും അറിവുണ്ടായിരിക്കണമെന്നില്ല. കണ്ണടച്ച് നാനാദിക്കിലേയ്ക്കും പന്ത് പായിക്കുന്നതില്‍ എന്ത് ചാരുതയെന്ന് പഴമക്കാര്‍ ചോദിച്ചേക്കാം. ഭംഗിയുള്ള ഒരു സ്‌ക്വയര്‍കട്ടിനെക്കുറിച്ചോ ഒരു കവര്‍ ഡ്രൈവിനെക്കുറിച്ചോ, പഴയകാലത്തെ റേഡിയോ കമന്റേറ്ററായ അന്തരിച്ച ആനന്ദ റാവുവിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍, ഭൂമാതാവിനെ പുണര്‍ന്ന് അതിര്‍ത്തിയിലേയ്ക്ക് പാഞ്ഞ് നാലു റണ്‍സ് നേടുന്ന പന്തിനെക്കുറിച്ചോ ചര്‍ച്ച ചെയ്യാനായിരിക്കും അവര്‍ക്ക് താത്പര്യം.

പന്തിനെ പരമാവധി താഴെ നിര്‍ത്തുന്നതും കണിശമായ ടൈമിങ്ങും ചാരുതയാര്‍ന്ന ശൈലിയും കൊണ്ട് അതിനെ അതിര്‍ത്തിയിലേയ്ക്ക് പായിക്കുന്നതുമായിരുന്നു അന്ന് മുഖ്യം. ടെസ്റ്റില്‍ ഒരൊറ്റ ദിവസം കൊണ്ട് സെഞ്ച്വറി നേടുക എന്നത് ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന പ്രകടനമായിരുന്നു അക്കാലത്ത്. എന്നാല്‍, ഇന്ന് ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്നതിനായാണ് കാണികള്‍ കാത്തിരിക്കുന്നത്. ഇതുകൊണ്ടാണ് ഗെയ്‌ലിനെപ്പോലുള്ള കളിക്കാര്‍ ഉണ്ടാകുന്നതും ക്രിക്കറ്റ് അവരോട് കടപ്പെട്ടിരിക്കുന്നതും. ടെസ്റ്റിനെ വിലകുറച്ചു കാണിക്കുകയല്ല, മിന്നല്‍പ്രകടനങ്ങളും ഉദ്വേഗം നിറഞ്ഞ ഫിനിഷുകളും ആവശ്യപ്പെടുന്ന കാലഘട്ടത്തിന്റെ മാറ്റം സൂചിപ്പിക്കുക മാത്രമാണ് ഇവിടെ ഉദ്ദേശം. ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും പുതിയ രീതികള്‍ അവലംബിക്കുന്നതല്ലെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ആദ്യം അറുപത് ഓവറും പിന്നീട് അമ്പതോവറുമായപ്പോള്‍ ക്രിക്കറ്റ് മരിക്കുകയാണെന്നായിരുന്നു പാരമ്പര്യവാദികളുടെ ഭയം. ഒന്നും സംഭവിച്ചില്ല. പാരമ്പര്യം അതുപോലെ തന്നെ നിലനിന്നു. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പര തന്നെ അതിന് തെളിവ്. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടെ ക്രിക്കറ്റിന്റെ മറ്റെല്ലാ വകഭേദങ്ങളുടെയും ചാരുത കവര്‍ന്നെടുത്തുകഴിഞ്ഞു ട്വന്റി 20. ക്രിക്കറ്റ് എത്രമാത്രം ശക്തമായ ഒരു വ്യവസായമായി മാറിക്കഴിഞ്ഞുവെന്ന് ഇപ്പോഴത്തെ ലോകകപ്പും വാണിജ്യപരമായി അതിന് ലഭിക്കുന്ന പിന്തുണയും സാക്ഷ്യപ്പെടുത്തുന്നു. കളിക്ക് തുടക്കമായി. ആവേശം നിറഞ്ഞ ദിവസങ്ങളാണ് മുന്നിലുള്ളത്. പന്തിനെ ഗ്യാലറിയിലേയ്ക്ക് പറത്താനുള്ള തങ്ങളുടെ സവിശേഷ സിദ്ധി ഗെയ്‌ലും അഫ്രീദിയുമെല്ലാം പുറത്തെടുത്തുകഴിഞ്ഞു. പാകിസ്താന്റെയും വിന്‍ഡീസിന്റെയും മെച്ചപ്പെട്ട തുടക്കത്തിന് ഇവരെ സ്തുതിക്കാം നമുക്ക്. കളി എത്ര മാത്രം ആവേശകരമാകുന്നുവോ അത്ര തന്നെ അതൊരു വിപ്ലവവുമാവുന്നു.

ഇന്നത്തെ വിജയം നാളത്തെ തുടര്‍മുന്നേറ്റം ഉറപ്പുനല്‍കുന്നില്ല. ഇവിടെ ഫേവറേറ്റ് എന്നത് സ്ഥിരതയില്ലാത്ത ഒരു പദമാണ്. അഫ്ഗാനിസ്ഥാനെപ്പോലൊരു ടീമിനു പോലും കടുപ്പമുള്ള എതിരാളിയായി മാറാം. യോഗ്യതാ റൗണ്ടില്‍ അവരുടെ ആക്രമണോത്സുകത ശരിക്കും അറിഞ്ഞവരാണ് തഴക്കം വന്ന സിംബാബ്‌വെ.

ന്യൂസീലന്‍ഡിനോടുള്ള തോല്‍വിയോടെ തുടങ്ങേണ്ടിവന്ന ആതിഥേയരായ ഇന്ത്യ ക്ഷണത്തില്‍ പരമ്പരാഗത വൈരികളായ പാകിസ്താനെ തോല്‍പിച്ച് പിഴ തീര്‍ത്തു. ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ അപരാജിത റെക്കോഡ് നിലനിര്‍ത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ഫേവറേറ്റുകള്‍ എന്ന വിശേഷണമുണ്ട് ഇപ്പോഴും ഇന്ത്യയ്ക്ക്. വാനോളമാണ് പ്രതീക്ഷകള്‍. കളികള്‍ ഇനിയും ശേഷിക്കുന്നുമുണ്ട്. ആവേശകരമായ നിമിഷങ്ങള്‍ ഇനിയുമേറെയുണ്ട് വരാന്‍. ആസ്വദിക്കാന്‍ അവിസ്മരണീയ നിമിഷങ്ങളും. ആവേശത്തോടെ കാത്തിരിക്കാന്‍ ബാറ്റിങ്ങില്‍ മാത്രമല്ല, ബൗളിങ്ങിലും ഇനിയും ഒരുപാട് വീരനായകരുണ്ട് പിറക്കാന്‍. ഒരു ചാനല്‍ പരിപാടിയില്‍ ട്വന്റി 20യില്‍ ബൗളര്‍മാരുടെ പ്രധാന്യത്തെ അടിവരയിടുന്നുണ്ട് ഓസ്‌ട്രേലിയക്കാരന്‍ ഇയാന്‍ ചാപ്പല്‍. വലിയ ഇടവേളകളില്ലാതെ വിക്കറ്റെടുക്കുകയാണ് ട്വന്റി 20യിലെ വിജയമന്ത്രം. അതിനു മാത്രമേ റണ്ണൊഴുക്ക് തടയാനാവൂ. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ തല്ലിത്തകര്‍ത്ത വെസ്റ്റിന്‍ഡീസ് ഇതിനൊരു അപവാദമായിരിക്കാം. ഇതിന് കാരണം ഒന്നു മാത്രമാണ്-ഗെയ്ല്‍ കരുത്ത്. എന്തായാലും ഒന്നുറപ്പിക്കാം, ഈ ലോകകപ്പിന് ചൂടുപിടിച്ചുവരുന്നേയുള്ളൂ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented