ക്രിക്കറ്റ് ആവേശം ജ്വലിച്ചുനില്‍ക്കുകയാണ്. കാരണം എന്തുതന്നെയായാലും ക്രിക്കറ്റ് നിറഞ്ഞുനില്‍ക്കുകയാണ് വാര്‍ത്തകളില്‍. ട്വന്റി 20 ലോകകപ്പിന് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ തിരശ്ശീല വീണിട്ട് ദിവസങ്ങളായില്ല, അപ്പോഴേക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആരവം ക്രിക്കറ്റ് വേദികളെ കീഴടക്കിക്കഴിഞ്ഞു. ഒരിക്കലും പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത ആവേശമായി ട്വന്റി 20 മത്സരങ്ങള്‍ മാറിക്കഴിഞ്ഞു എന്നത് ജനങ്ങളുടെ ആവേശത്തിമര്‍പ്പില്‍ നിന്നു മനസ്സിലാക്കാം. കുട്ടിക്രിക്കറ്റിന്റെ മാന്ത്രിക വലയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍ക്കുമാവില്ല. ഗാലറിയ്ക്ക് മുകളിലൂടെ പറക്കുന്ന കൊതിപ്പിക്കുന്ന സിക്സറുകള്‍, ശ്വാസഗതിയെ പോലും നിയന്ത്രിക്കുന്ന തീപാറുന്ന പന്തുകള്‍, വായുവില്‍ നൃത്തമാടി കൈപ്പിടിയിലൊതുക്കുന്ന മനോഹരമായ ക്യാച്ചുകള്‍, ഇങ്ങനെ വീണ്ടും ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്ന എത്രയോ നിമിഷങ്ങള്‍...ട്വന്റി 20 ക്രിക്കറ്റിന്റെ മന്ത്രച്ചരടില്പ്പെട്ട് ഇന്ത്യയിലെ മറ്റു കായിക മത്സരങ്ങള്‍ ആളുകളുടെ വിസ്മൃതിലേക്ക് മറഞ്ഞു കൊണ്ടിരിക്കുകയാണെന്ന സത്യം നമുക്ക് നിരാകരിക്കാനാവില്ല.
ട്വന്റി 20 ലോകകപ്പും ഐപിഎല്ലും കാരണം ഇന്ത്യയില്‍ ഇപ്പോള്‍ ശ്രദ്ധ ക്രിക്കറ്റില്‍ മാത്രമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയാല്‍ തെറ്റു പറയാനാവില്ല. ക്രിക്കറ്റ് മൈതാനങ്ങളില്‍ അത്യന്തം നാടകീയ മുഹൂര്‍ത്തങ്ങള്‍ നടക്കുമ്പോള്‍ തന്നെ ചണ്ഡീഗഢില്‍ നടന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സഹോദരന്മാര് ഏറ്റുമുട്ടിയ ചരിത്രസംഭവം ആരൊക്കെ ശ്രദ്ധിച്ചു? മുന്ചാമ്പ്യനായ സൗരഭ് വര്‍മ്മയെ ഇളയ സഹോദരന് സമീര്‍ പരാജയപ്പെടുത്തിയതിനൊപ്പം കേരളത്തിനും ഒരു നേട്ടം സമ്മാനിച്ചു ഈ ചാമ്പ്യന്‍ഷിപ്പ്. മലയാളിയായ പി.സി തുളസി തന്റെ കരിയറില്‍ ആദ്യമായി ദേശീയ കിരീടം നേടിയതാണ് കേരളത്തിന് അഭിമാനമായത്. 1991ല്‍ ജോര്‍ജ് തോമസ് ചാമ്പ്യനായ ശേഷം ആദ്യമായാണ് ഒരു മലയാളി ദേശീയ കിരീടം ചൂടുന്നത്. അത് മാത്രമല്ല, 80 വര്‍ഷം പഴക്കമുള്ള ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് സഹോദരങ്ങള്‍ക്കും കിരീടം ലഭിക്കുന്നത്. ക്രിക്കറ്റ് ലോകത്തിന് പുറത്തും നമ്മളെ ആവേശഭരിതരാക്കുന്ന സംഭവങ്ങള്‍ നടക്കാറുണ്ടെന്ന് ചുരുക്കം.
ഫെഡറേഷന്റെ മോശം പ്രവര്‍ത്തനം മൂലം മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ അവസരമില്ലാത്ത, വാര്‍ത്ത മാധ്യമങ്ങളില്‍ ഇടം ലഭിക്കാത്ത കായിക ഇനങ്ങളുമുണ്ട്. ക്രിക്കറ്റിനെ ജനപ്രിയമാക്കുന്നത് അതിന്റെ സ്വഭാവം തന്നെ. ക്രിക്കറ്റില്‍ തന്നെ ടെസ്റ്റിനോ രഞ്ജി ട്രോഫിക്കോ ഇറാനി ട്രോഫിക്കോ പഴയപോലെ ആളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. രഞ്ജി ട്രോഫി ഫൈനല്‍ പോലും ഒഴിഞ്ഞ ഗാലറിയെ സാക്ഷി നിര്‍ത്തിയാണ് കളിച്ചത്. ഒരു ക്രിക്കറ്റ് ആരാധകനെ സംബന്ധിച്ചിടത്തോളം ഓരോ നിമിഷത്തിലും ആവേശം കുത്തിനിറച്ച, ഒരു വിനോദോപാധിയായി മാറിയ കുട്ടിക്രിക്കറ്റിനാണ് കൂടുതല്‍ സ്വീകാര്യത. ഈ ജനപ്രിയതയെ പരമാവധി വിറ്റുകാശാക്കുകയാണ് കൗശലക്കാരായ ഭരണാധികാരികള്‍ ചെയ്തത്. ഇതില്‍പ്പരം മറ്റെന്ത് പറയാന്‍.
സംഗതികള്‍ ഇങ്ങിനെയൊക്കൊണെങ്കിലും ക്രിക്കറ്റ് ഇന്ന് അതിന്റെ വിജയങ്ങളുടെയും വിവാദങ്ങളുടെയും ഇടയില്‍ പെട്ട് കഴിയുകയാണ്. ക്രിക്കറ്റ് വാര്‍ത്തകളില്‍ നിറയുന്നതിന്റെ രണ്ടാമത്തെ കാരണത്തിലേയ്ക്കാണ് ഇത് നമ്മളെ നയിക്കുന്നത്. ബിസിസിഐയുടെ പ്രവര്‍ത്തനങ്ങളില്‍ അടിമുടി മാറ്റം വരുത്തണമെന്ന് നിര്‍ദേശിച്ച ലോധ കമ്മീഷന്റെ റിപ്പോര്ട്ടിന്മേലുള്ള വാദം സുപ്രീം കോടതിയില്‍ നടക്കുകയാണ്. ഇതിന് പുറമെ കടുത്ത വരള്‍ച്ച കണക്കിലെടുത്ത് ഏപ്രില്‍ 30 മുതല്‍ മഹാരാഷ്ട്ര വേദിയായുള്ള എല്ലാ ഐപിഎല്‍ മത്സരങ്ങളും സംസ്ഥാനത്തിന്റെ പുറത്തേയ്ക്ക് മാറ്റണമെന്ന് ബോംബെ ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തു. മുംബൈ, പുണെ, നാഗപൂര്‍ എന്നീ വേദികളിലെ മത്സരങ്ങളാകും മാറ്റേണ്ടി വരിക. ഇത് എളുപ്പമല്ല. എന്നാല്‍, പണത്തിന് എല്ലാ പ്രതിസന്ധികളും തികളും പരിഹരിക്കാന്‍ കഴിയാത്ത ചില സാഹചര്യങ്ങളുണ്ടാകും. ഇതുവരെയുണ്ടാകാത്ത വരള്‍ച്ച ഇത്തരമൊരു സാഹചര്യമാണ്.
നന്നായി ആസൂത്രണം ചെയ്യപ്പെട്ട ഒരു പരിപാടിയാണ് ഇവിടെ താളം തെറ്റിയത്. വാണിജ്യ ഉടമ്പടികളോ ടീം ബ്രാന്‍ഡിങ്ങോ അല്ല പൊതുജന വികാരം എതിരാകാതെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ബി.സി.സി.ഐ.യുടെ ശേഷിയാണ് ഇവിടെ പ്രസക്തമാവുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..