Photo: AP
എട്ടു വര്‍ഷം മുമ്പ് ചെന്നൈയില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ച് തുടങ്ങിയ പടയോട്ടം മാഗ്‌നസ് കാള്‍സന്‍ അനായാസം തുടരുന്നു. ആദ്യ കിരീടനേട്ടം മുതലിങ്ങോട്ട് കാര്യമായ വെല്ലുവിളി നേരിടാതെയോ വെല്ലുവിളികളെ അതിജീവിച്ചോ ആണ് കാള്‍സന്‍ അഞ്ചാംവട്ടവും ലോക ചെസ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കുന്നത്.
തുളയ്ക്കാനാവാത്ത പ്രതിരോധം, എതിരാളിയുടെ പിഴവുകള്‍ക്കായി കാത്തിരിക്കാനുള്ള ക്ഷമ, അതിനിശിത ആക്രമണം എന്നിവയെല്ലാം ഒത്തുചേര്‍ന്നതാണ് കാള്‍സന്റെ കേളീശൈലി. ആദ്യവട്ടം ചാമ്പ്യനായതു മുതല്‍തന്നെ ഒരു കാര്യം വ്യക്തമായിരുന്നു - കാള്‍സനെ വീഴ്ത്താന്‍ സമീപകാലത്തൊന്നും ആര്‍ക്കുമാവില്ല. ദുബായില്‍ റഷ്യയുടെ യാന്‍ നെപോമ്ന്യാച്ചിയെ വീഴ്ത്തി ഒരിക്കല്‍ക്കൂടി കാള്‍സന്‍ അതിന് അടിവരയിടുന്നു.
ലോക ചാമ്പ്യന്‍ഷിപ്പ് പോലെ ഒരേ എതിരാളിയെ ഗെയിമുകളില്‍ നേരിടുമ്പോള്‍ കാള്‍സണ്‍ പിന്തുടരുന്ന ശൈലി ഇത്തവണയും തുടര്‍ന്നു. ആദ്യ ഗെയിമുകളില്‍ എതിരാളിയെയും എതിരാളിയുടെ മുന്നൊരുക്കങ്ങളെയും നിരീക്ഷിക്കുക. ഈ അളന്നുതൂക്കലിനുശേഷം തന്റെ വിശ്വരൂപം പുറത്തെടുക്കുക. 2013 ചാമ്പ്യന്‍ഷിപ്പ് മുതല്‍ ഇതാണ് കാള്‍സന്റെ രീതി. 2014-ല്‍ മാത്രമാണ് ഇതിന് അപവാദമായി രണ്ടാം ഗെയിമില്‍ത്തന്നെ ആനന്ദിനെ തോല്‍പ്പിച്ചത്. മറ്റെല്ലാ തവണയും ആദ്യ ഗെയിമുകള്‍ സമനിലയാക്കാനായിരുന്നു കാള്‍സന്റെ ശ്രമം.
നിരാശപ്പെടുത്തി നെപ്പോ
കാള്‍സന്‍ അട്ടിമറിക്കപ്പെടുമെന്ന് ഇത്തവണ ആരും കരുതിയിരുന്നില്ലെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ നെപ്പോയ്ക്ക് കഴിഞ്ഞില്ല. ഒരു ജയം പോലും നേടാതെയുള്ള അദ്ദേഹത്തിന്റെ കീഴടങ്ങലില്‍ ചെസ് ലോകമാകെ നിരാശരാണ്.
ചാമ്പ്യന്‍ഷിപ്പിനിടെ 21 മണിക്കൂറും 38 മിനിറ്റുമാണ് അളന്നുമുറിച്ച നീക്കങ്ങള്‍ക്കായി കാള്‍സന്‍ ഉപയോഗിച്ചത്. ഒരു നീക്കത്തിന് ശരാശരി രണ്ടു മിനിറ്റ് 17 സെക്കന്‍ഡ്. നെപ്പോയാകട്ടെ ആകെ നീക്കങ്ങള്‍ക്കായി 19 മണിക്കൂറും 47 മിനിറ്റും ചെലവഴിച്ചു. ഒരു നീക്കത്തിന് ശരാശരി രണ്ടു മിനിറ്റും അഞ്ചു സെക്കന്‍ഡും. ആലോചനകള്‍ക്കായി കാള്‍സനേക്കാള്‍ കുറഞ്ഞ സമയമാണ് നെപ്പോ ഉപയോഗിച്ചതെന്നു വ്യക്തം. സാധ്യമായ നീക്കങ്ങള്‍ മുഴുവനായി മനസ്സിലാക്കുംമുമ്പ് എന്തിനാണ് അയാള്‍ ഇത്രയുംവേഗം നീക്കങ്ങള്‍ നടത്തുന്നതെന്ന് ഫാബിയാനോ കരുവാന ആശ്ചര്യപ്പെട്ടത് അതുകൊണ്ടുതന്നെയാണ്.
Content Highlights: magnus carlsen wins fifth fide world chess championship the non-stop battle continues synonym
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..