ദുബായ്: 1978-ല്‍ അനത്തോളി കാര്‍പ്പോവും വിക്തര്‍ കോര്‍ച്ച്നോയിയും തമ്മില്‍ ഫിലിപ്പീന്‍സില്‍നടന്ന മത്സരം കഴിഞ്ഞദിവസംവരെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ദൈര്‍ഘ്യമേറിയതായിരുന്നു. 124 നീക്കത്തില്‍ സമാപിച്ച ആ പോരാട്ടം സമനിലയായി. ദുബായ് എക്സ്പോ 2020 എക്സിബിഷന്‍ സെന്ററില്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനും (നോര്‍വേ) യാന്‍ നെപ്പോമ്നിയാച്ചിയും (റഷ്യ) തമ്മില്‍നടന്ന ലോകചാമ്പ്യന്‍ഷിപ്പിലെ ആറാം ഗെയിം ഈ റെക്കോഡ് മറികടന്നു. വെള്ളിയാഴ്ച വൈകീട്ട് 4.30-ന് തുടങ്ങിയ മത്സരം തീര്‍ന്നത് രാത്രി 12.15-ന്. ഏഴു മണിക്കൂര്‍ 45 മിനിറ്റ് നീണ്ടു. ഇതിനിടെ 136 നീക്കങ്ങള്‍, അന്തിമഫലം കാള്‍സന് അനുകൂലം.

പോരാട്ടം, സമയത്തിനെതിരേ

അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കാനുള്ള പോരാട്ടംകൂടിയായി ആറാം ഗെയിം. ആദ്യ 40 നീക്കങ്ങള്‍ക്ക് രണ്ടു മണിക്കൂര്‍ വീതം, പിന്നീട് 20 നീക്കങ്ങള്‍ക്ക് ഓരോ മണിക്കൂര്‍ വീതം, 61-ാം നീക്കംമുതല്‍ എല്ലാ നീക്കങ്ങള്‍ക്കുമായി ആകെ 15 മിനിറ്റുകള്‍വീതം മാത്രം (ഇതിനോടൊപ്പം ഓരോ നീക്കത്തിനും 30 സെക്കന്‍ഡ് ഇന്‍ക്രിമെന്റായി നല്‍കി). ഈ സമയക്രമത്തില്‍നിന്ന് നീക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇരുവരും പാടുപെട്ടു. നെപ്പോ 40-ാം നീക്കം പൂര്‍ത്തിയാക്കിയത് തന്റെ ക്ലോക്കില്‍ 30 സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കവേയാണ്. ആ നീക്കത്തിനുമുമ്പ് നെപ്പോവിന്റെ ക്ലോക്കിലെ കൊടി വീണിരുന്നെങ്കില്‍ അദ്ദേഹം തോറ്റതായി പ്രഖ്യാപിക്കുമായിരുന്നു. കാള്‍സനാകട്ടെ ഒരു ഘട്ടത്തില്‍ ഒമ്പത് പ്രധാന നീക്കങ്ങള്‍ക്കായി കിട്ടിയത് മൂന്നു മിനിറ്റുമാത്രം. കളിയില്‍ നിര്‍ണായക മേല്‍ക്കൈനേടാനുള്ള അവസരങ്ങള്‍ സമയസമ്മര്‍ദംമൂലം കാള്‍സനും നെപ്പോയും ഇടയ്‌ക്കെല്ലാം കളഞ്ഞുകുളിച്ചു.

കളി പരമാവധി ദീര്‍ഘിപ്പിക്കുക, രണ്ടുപേരും പരിക്ഷീണിതരാവുന്ന അവസ്ഥയെ മുതലെടുക്കുക എന്നത് തന്റെ തന്ത്രമായിരുന്നെന്ന് മത്സരശേഷം കാള്‍സണ്‍ വെളിപ്പെടുത്തി. സമനിലയില്‍ അസാനിക്കേണ്ട ഗെയിം അവസാനഘട്ടത്തില്‍ നെപ്പോവിന് സംഭവിച്ച അശ്രദ്ധകള്‍ കാരണമാണ് കാള്‍സന്‍ ജയിച്ചത്.

നെപ്പോ തിരിച്ചുവരുമോ?

ആറാം ഗെയിമിലെ ജയത്തോടെ ചാമ്പ്യന്‍ഷിപ്പ് കാള്‍സന് അനുകൂലമായിമാറി. തിരിച്ചടികളില്‍നിന്ന് തിരിച്ചുവരാനുള്ള മനക്കരുത്ത് നെപ്പോവിന് കുറവാണെന്ന് കാള്‍സണ്‍ മത്സരത്തിനുമുമ്പ് പറഞ്ഞിരുന്നു. 2016-ലെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സെര്‍ജി കര്യാക്കിനെതിരേ എട്ടാം ഗെയിമില്‍ പരാജയമേറ്റുവാങ്ങി 3.5-4.5 എന്ന സ്‌കോറിന് പിന്നിട്ടുനിന്നശേഷം കാള്‍സണ്‍ തിരിച്ചുവരികയായിരുന്നു. ഇത്തരം തിരിച്ചുവരവുകളാണ് ലോകകിരീടപോരാട്ടങ്ങളെ ആവേശകരമാക്കുന്നത്. ഏഴാം ഗെയിമില്‍ നെപ്പോമ്നിയാച്ചിയുടെ തന്ത്രം എന്തായിരിക്കും എന്നത് കിരീടപോരാട്ടത്തിന്റെ വിധിനിര്‍ണയിക്കാനിടയുണ്ട്.

വീണ്ടും സമനില

ദുബായ്: ലോക ചെസ് പോരാട്ടത്തില്‍ വീണ്ടും സമനില. ഏഴാം ഗെയിമില്‍ ശനിയാഴ്ച നിലവിലെ ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനും റഷ്യയുടെ യാന്‍ നെപ്പോമ്നിയാച്ചിയും 41 നീക്കത്തിനുശേഷം സമനിലയില്‍ പിരിഞ്ഞു. ആദ്യ അഞ്ച് മത്സരങ്ങള്‍ സമനിലയിലായിരുന്നു. ആറാം ഗെയിം ജയിച്ചതോടെ കാള്‍സന് ലീഡായി. നോര്‍വേ താരത്തിന് നാലു പോയന്റും നെപ്പോമ്നിയാച്ചിക്ക് മൂന്നു പോയന്റുമാണുള്ളത്.

Content Highlights: magnus carlsen equalizes fide world chess championship game 7 against ian nepomniachtchi