പൗരാണിക ഗ്രീസിലെ കൊളോസ്സസിന്റെ ഭീമാകാരപ്രതിമ പോലെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ചെസ്സ് ചക്രവാളം നിറഞ്ഞുനില്‍ക്കുന്നൊരു അസാമാന്യ പ്രതിഭ. കഴിഞ്ഞ എട്ട് സംവത്സരങ്ങളില്‍ സാക്ഷാല്‍ വിശ്വനാഥന്‍ ആനന്ദ് മുതല്‍ വിശ്വ ചെസ്സിലെ എല്ലാ കൊലകൊമ്പന്മാരും കിണഞ്ഞു പരിശ്രമിച്ചിട്ടും 'ലോകത്തെ ഒന്നാമന്‍' എന്ന പരമോന്നതപദവിയില്‍ നിന്നും ഇളക്കിമാറ്റാന്‍ പറ്റാത്ത അജയ്യപ്രതിഷ്ഠ. 

തന്റെ ഇരുപത്തെട്ടാം പിറന്നാള്‍ ആഘോഷിക്കുന്നതിനു രണ്ട് ദിവസം മുന്‍പ് 2018 നവംബര്‍ 28ന് ലണ്ടനില്‍ വെച്ചു ഇറ്റാലിയന്‍ അമേരിക്കന്‍ സൂപ്പര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഫാബിയാനോ കരുവാനയെ ടൈ ബ്രെക്കറില്‍ 3-0 എന്ന സ്‌കോറിന് ബുള്‍ഡോസ് ചെയ്തുകൊണ്ട് മാഗ്‌നസ് കാള്‍സണ്‍ എന്ന നോര്‍വേക്കാരന്‍ തുടര്‍ച്ചയായ നാലാം തവണയും ലോകചെസ്സ്‌കിരീടം തന്റെ ശിരസ്സിലണിഞ്ഞു.
 
സവിശേഷതകള്‍ കൊണ്ട് സമ്പന്നമായിരുന്നു ഈ വിശ്വകിരീടപ്പോരാട്ടം. 1990 നവംബറില്‍ ന്യൂയോര്‍ക്കില്‍ വെച്ച് അന്നത്തെ ലോകചാമ്പ്യന്‍ ഗ്യാരി കാസ്പറോവും അദ്ദേഹത്തിന്റെ ബദ്ധവൈരി മുന്‍ ലോകചാമ്പ്യന്‍ അനത്തോളി കാര്‍പ്പോവും തമ്മില്‍ നടന്ന   ആവേശകരമായ മത്സരത്തിന് ശേഷം ലോകത്തെ ഒന്നും രണ്ടും നമ്പര്‍ ചെസ്സ് താരങ്ങള്‍ മാറ്റുരക്കുന്ന ആദ്യത്തെ ലോകചാമ്പ്യഷിപ്പ് മത്സരം സ്വാഭാവികമായും ലോകമെമ്പാടും ചെസ്സ് പ്രേമികളില്‍ താല്പര്യമുണര്‍ത്തി.

ചരിത്രം ദര്‍ശിച്ച ഏറ്റവും കരുത്തനായ ചാമ്പ്യന്‍ എന്ന് പല ചെസ്സ് പണ്ഡിതന്‍മാരാലും വിലയിരുത്തപ്പെടുന്ന നിലവിലെ ചാമ്പ്യനോട് ഏറ്റുമുട്ടുന്ന കരുവാനായാകട്ടെ ഒരു ചെസ്സ് ടൂര്‍ണ്ണമെന്റില്‍ ലോകചരിത്രത്തിലെ ഏറ്റവും മികവാര്‍ന്ന പ്രകടനത്തിന്റെ ഉടമയുമായിരുന്നു. (2014 സ്പ്രിങ്ഫീല്‍ഡ്‌ കപ്പ് കരുവാന ജയിച്ചത് അവിശ്വസനീയമായ 3103 എന്ന പെര്‍ഫോമന്‍സ് റേറ്റിംഗ് പ്രകടനത്തോടെ ആയിരുന്നു) 

magnus carlsen
Photo Courtesy: Facebook/ Magnus Carlsen

 

കഴിഞ്ഞ ഒന്ന് രണ്ടുവര്‍ഷമായി കാള്‍സണ്‍ അന്തര്‍ദേശീയ ടൂര്‍ണമെന്റുകളില്‍ ഉയര്‍ച്ചതാഴ്ച്ചകളിലൂടെ കടന്നുപോകുകയായിരുന്നു. എന്നാല്‍ കരുവാന തന്റെ പ്രകടങ്ങളില്‍ മികച്ച സ്ഥിരത പ്രകടിപ്പിച്ചിരുന്നു.കാള്‍സണ്‍ തന്റെ പ്രതിഭയുടെ കൊടുമുടി താണ്ടിക്കഴിഞ്ഞു എന്നും ഇത് അദ്ദേഹത്തിന്റെ അസ്തമയകാലമാണെന്നും ചില വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കാള്‍സന്റെ പരിചയസമ്പന്നത അനുകൂലഘടകമെന്ന് മറുപക്ഷവും വിധിയെഴുതി. പ്രവചനങ്ങള്‍ ഇരുവശത്തേക്കും ആടിയുലഞ്ഞു.

നവംബര്‍ ഒമ്പതിന് ആരംഭിച്ച മത്സരത്തില്‍ ആദ്യഗെയിമില്‍ കറുപ്പ് കരുക്കളെടുത്ത് കളിച്ച കാള്‍സണ്‍ മിഡില്‍ ഗെയിമില്‍ വിജയിക്കാനുള്ള സുവര്‍ണ്ണാവസരം പാഴാക്കി. പിന്നീടങ്ങോട്ട് ചെസ്സ് ലോകം സാക്ഷ്യം വഹിച്ചത് തുല്യശക്തികള്‍ തമ്മിലുള്ള ഘോരപോരാട്ടങ്ങളായിരുന്നു. കരുവാനയുടെ ആക്രമണങ്ങളെ കൃത്യമായ പ്രതിരോധങ്ങള്‍ വെച്ച് കാള്‍സണ്‍ തടയിട്ടു. കാള്‍സന്റെ സമര്‍ത്ഥമായ എന്‍ഡ്‌ഗെയിം പദ്ധതികളെ കരുവാന പിഴവുകളില്ലാതെ നേരിട്ടു. 

ലോകചാമ്പ്യഷിപ്പ് ചരിത്രത്തില്‍ ആദ്യമായി ഇരുകളിക്കാര്‍ക്കും ജയം ബാലികേറാമലയായി മാറി. ക്ലാസിക്കല്‍ ശൈലിയില്‍ കളിക്കപ്പെട്ട 12 ഗെയിമുകളും സമനിലകളില്‍ കലാശിച്ചു. 6 -6 എന്ന സ്‌കോറില്‍ കുരുങ്ങിയ മത്സരം ടൈ ബ്രെക്കറിലേക്ക് നീങ്ങി.

ഓരോ കളിക്കാരനും മൊത്തം 25  മിനിറ്റു വീതവും ഓരോ നീക്കത്തിനും 10  സെക്കന്റ് വീതം ഇന്‍ക്രിമെന്റും നല്‍കുന്ന റാപ്പിഡ് ശൈലിയിലുള്ള 4 ഗെയിമുകള്‍- അതായിരുന്നു ടൈ ബ്രെക്ക് വ്യവസ്ഥ. ഇവിടെ കാള്‍സന്റെ പരിചയസമ്പന്നതയും മന:ക്കരുത്തും റാപ്പിഡ് വൈദഗ്ദ്യവും നിര്ണായകഘടകങ്ങളായിമാറി. 3-0 എന്ന ഏകപക്ഷീയസ്‌കോറില്‍ കരുവാന തുടച്ചുനീക്കപ്പെട്ടു. ചെസ്സ് ഇതിഹാസങ്ങളായ പോള്‍ മോര്‍ഫിക്കും ബോബി ഫിഷറിനും ശേഷം തങ്ങള്‍ക്ക് മറ്റൊരു വിശ്വജേതാവിനെ വാഴിക്കാം എന്ന അമേരിക്കന്‍ സ്വപ്നവും ഇതോടെ പൊലിഞ്ഞുപോയി.

2013 ല്‍ ലോകത്തെ ഏറ്റവും സ്വാധിനിച്ച 100 വ്യക്തിത്വങ്ങളെ ഠശാല മാസിക തിരഞ്ഞെടുത്തപ്പോള്‍ അതിരൊരാള്‍ മാഗ്‌നസ് കാള്‍സണായിരുന്നു. വളരെ കൗതകകരവും വര്‍ണ്ണശബളവുമായൊരു സവിശേഷവ്യക്തിത്വത്തിന്റെ ഉടമയാണ് കാള്‍സണ്‍.  

magnus carlsen
Photo Courtesy: AFP

 

ബാലപ്രതിഭ 
 
തന്റെ രണ്ടാമത്തെ വയസ്സില്‍ 50 കഷണങ്ങളുള്ള ജിഗ്‌സോ പസില്‍ കൃത്യമായി സംയോജിപ്പിക്കുകയും നാലാമത്തെ വയസ്സില്‍ 10 മുതല്‍ 14 വയസ്സുകാര്‍ കൈകാര്യം ചെയ്യേണ്ടതായ ബില്‍ഡിങ് ബ്ലോക്കുകള്‍ ശരിയായി ചിട്ടപ്പെടുത്തുകയും ചെയ്തുകൊണ്ട് കുട്ടിയായ കാള്‍സണ്‍ പ്രായത്തിനപ്പുറത്തുള്ള ധിഷണാപാടവം പ്രകടിപ്പിച്ചു.

അഞ്ചാം വയസ്സില്‍ ലോകത്തെമ്പാടുമുള്ള സ്ഥലങ്ങള്‍, ജനസംഖ്യാകണക്കുകള്‍, രാഷ്ട്രങ്ങളുടെ കോടികള്‍, തലസ്ഥാനങ്ങള്‍ എന്നിവ ഓര്‍മ്മയില്‍ നിന്നും ഈ ബാലന് പറയുവാന്‍ സാധിക്കുമായിരുന്നു എന്ന് കാള്‍സന്റെ ആദ്യ ചെസ്സ് പരിശീലകന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ സിമണ്‍ അജെസ്റ്റീന്‍ സാക്ഷ്യപ്പെടുത്തുന്നു. ഫുട്‌ബോള്‍ കളിക്കുവാനും സ്‌കീയിങ് പരിശീലിക്കുവാനും ഡൊണാള്‍ഡ് ഡക്ക് കോമിക്കുകള്‍ വായിക്കുവാനും ഇഷ്ടപ്പെട്ട ഈ ബാലന്‍ അതോടൊപ്പം ചെസ്സില്‍ അതിശയകരമായ വിധത്തില്‍ വളര്‍ന്നു. 

പതിനാലാം വയസ്സില്‍ മിന്നല്‍ ഗെയിമില്‍ കാര്‍പ്പോവിനെ അട്ടിമറിക്കുകയും റാപ്പിഡ് ഗെയിമില്‍ കാസ്പറോവിനെ സമനിലയില്‍ തളക്കുകയും ചെയ്ത കാള്‍സണ്‍ അതേ വര്‍ഷം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്റര്‍ എന്ന പദവിയും കൈപ്പിടിയിലൊതുക്കി. പതിനഞ്ചാം വയസ്സില്‍ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി കാള്‍സണ്‍.

പൊന്‍തൂവലുകള്‍ 
 
കാള്‍സന്റെ നേട്ടങ്ങളുടെ നിര എണ്ണമറ്റതായതിനാല്‍ മഞ്ഞുമലയുടെ അറ്റം മാത്രം ഇവിടെ കുറിക്കുന്നു. നാല് തവണ ലോക ക്ലാസിക്കല്‍ ചെസ്സ് ചാമ്പ്യന്‍, നാല് തവണ ലോക മിന്നല്‍ ചെസ്സ് ചാമ്പ്യന്‍, രണ്ട് തവണ ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യന്‍, സര്‍വ്വകാല ഉയര്‍ന്ന ചെസ്സ് റേറ്റിംഗ് റെക്കോര്‍ഡ് (2881), 70 റേറ്റിംഗ് ലിസ്റ്റുകളില്‍ തുടര്‍ച്ചയായി ലോക നമ്പര്‍ വണ്‍, അഞ്ചു തവണ ചെസ്സ് ഓസ്‌കാര്‍ പുരസ്‌കാരജേതാവ്.

magnus carlsen
Photo Courtesy: Facebook/ Magnus Carlsen

 

ചാമ്പ്യന്റെ മനസ്സ് 
 
കാള്‍സന് ചെസ്സ് സഹജമായൊരു പ്രക്രിയയാണ് എന്നാണ് വിശ്വനാഥന്‍ ആനന്ദിന്റെ നിരീക്ഷണം. മികച്ച ഐഡിയകള്‍ സ്വാഭാവികമായാണ് അയാളുടെ മനസ്സിലേക്ക് ഒഴുകിവരുന്നത് എന്നും. മുന്‍ ലോകചാമ്പ്യന്‍ ക്രാംനിക്കിന്റെ അഭിപ്രായത്തില്‍ കാള്‍സന്റെ മനസ്സിന്റെ അക്ഷോഭ്യതയും ശാന്തതയുമാണ് അദ്ദേഹത്തെ ഒരു ജേതാവാക്കിമാറ്റുന്നത്. 

എളുപ്പം പ്രവചിക്കാന്‍ സാധിക്കാത്ത, സര്‍ഗഗാത്മകമായ നീക്കങ്ങള്‍ നടത്തി എതിരാളിയെ സമ്മര്‍ദ്ദത്തിലാക്കുകയും അതുവഴി എതിരാളികളെ അബദ്ധങ്ങള്‍ നടത്തുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത് കാള്‍സന്റെ വിജയരഹസ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ഓപ്പണിങ്ങുകള്‍ക്ക് അമിതപ്രാധാന്യം നല്‍കാത്ത ഈ ലോകചാമ്പ്യന്‍ തന്ത്രപ്രധാനമായ മിഡില്‍ ഗെയിമുകളുടെ രാജകുമാരനാണ് .ക്യൂബന്‍ ചെസ്സ് മാന്ത്രികന്‍ കാപ്പബ്‌ളാങ്കയുടെ സുവര്‍ണ്ണകാലത്തെ അനുസ്മരിപ്പിക്കുന്നു ഏന്‍ഡ് ഗെയിം വൈഭവം അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പുകളില്‍ വിരാജിക്കുന്നു. നിര്‍ഭയമായി കമ്പ്യൂട്ടര്‍ കണക്കെ കണക്കുകൂട്ടലുകള്‍ നടത്തുന്ന കാള്‍സണ്‍ ''ചെസ്സിലെ മൊസാര്‍ട്ട്'' എതിരാളികള്‍ക്ക് പേടിസ്വപ്നമാവുന്നതില്‍ യാതൊരു അത്ഭുതവുമില്ല.

ചാമ്പ്യന്റെ ശരീരം 
 
മാഗ്‌നസ് കാള്‍സണ്‍ ലോകത്തെ ഏറ്റവും മികച്ച ചെസ്സ് മസ്തിഷ്‌കത്തിന്റെ മാത്രമല്ല ഒരു പക്ഷെ ലോകത്തെ ഏറ്റവും കായികക്ഷമതയുള്ള ചെസ്സ് ശരീരത്തിന്റെ ഉടമ കൂടിയാണ് എന്ന് പറയുന്നതില്‍ യാതൊരു അതിശയോക്തിയുമില്ല.
 
മത്സരപരിശീലനകാലത്തു മാത്രമല്ല ടൂര്‍ണമെന്റുകള്‍ നടക്കുന്ന ദിവസങ്ങളില്‍ പോലും ആസ്വദിച്ച് നിരവധി കായികവിനോദങ്ങളില്‍ ഏര്‍പ്പെടുന്നൊരു ചെസ്സ് ചാമ്പ്യനാണ് അദ്ദേഹം. യോഗ , ഫുടബോള്‍, ടെന്നീസ്, ബാസ്‌കറ്റബോള്‍, നീന്തല്‍ എന്നിങ്ങനെ നിരവധി ഇനങ്ങള്‍ അദ്ദേഹത്തിന് പ്രിയങ്കരങ്ങളാണ്. കരുവാനക്കെതിരെയുള്ള ലോകചാമ്പ്യന്‍ഷിപ്പിനിടയില്‍ ഒഴിവുദിവസം ഫുടബോള്‍ കളിച്ചു നേടിയ വലതു കണ്ണിലെ പരിക്ക് പത്രവാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 

magnus carlsen
Photo Courtesy: Facebook/ Magnus Carlsen


 

ഗ്‌ളാമര്‍ താരം
 
കായികക്ഷമതയോടൊപ്പം ശരീരവടിവ് നിലനിര്‍ത്തുന്ന കാള്‍സണ്‍ പ്രസിദ്ധ ഡച്ച് വസ്ത്ര ഡിസൈനിങ് കമ്പനിയായ ജി സ്ട്രിങ് റോയുടെ മോഡല്‍ ആയും പ്രത്യക്ഷപ്പെടുകയുണ്ടായി. 'സ്റ്റാര്‍ ട്രെക്ക് ഇന്റു ഡാര്‍ക്ക്‌നെസ്സ് ' എന്ന ഹോളിവുഡ് സിനിമയില്‍ 'ഭാവിയില്‍ നിന്നും വന്ന ചെസ്സ് കളിക്കാരന്റെ' റോളില്‍ അഭിനയിക്കാന്‍ ക്ഷണം കിട്ടിയെങ്കിലും അതിനുള്ള വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്തതുകൊണ്ടുമാത്രം അദ്ദേഹത്തിന് ആ സിനിമയില്‍ അഭിനയിക്കുവാന്‍ സാധിക്കാതെ പോയി.

ഏതോ കോളേജ് ക്യാംപസില്‍ നിന്നും പ്രസരിപ്പോടെ ടെന്‍ഷന്‍ ഫ്രീ ആയി ഇറങ്ങി വരുന്ന ഒരു കോളേജ് കുമാരനെ അനുസ്മരിപ്പിക്കുന്ന ഈ ചെറുപ്പക്കാരന്‍ ചെസ്സ് ചരിത്രത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്ന ജീവിക്കുന്ന ഇതിഹാസമാണ്.

Game 13
Carlsen-Caruana

1.c4 e5 2. Nc3 Nf6 3. g3 Bb4 4. e4 0-0 5. Nge2 c6 6. Bg2 a6 7. 0-0 b5 8. d4 d6 9. a3 Bxc3 
10. Nxc3 bxc4 11. dxe5 dxe5 12. Na4 Be6 13. Qxd8 Rxd8 14. Be3 Nbd7 15. f3 Rab8 
16. Rac1 Rb3 17. Rfe1 Ne8 18. Bf1 Nd6 19. Rcd1 Nb5 20. Nc5 Rxb2 21. Nxe6 fxe6 
22. Bxc4 Nd4 23. Bxd4 exd4 24. Bxe6+ Kf8 25. Rxd4 Ke7 26. Rxd7+ Rxd7 27. Bxd7 Kxd7 
28. Rd1+ Ke6 29. f4 c5 30. Rd5 Rc2 31. h4 c4 32. f5+ Kf6 33. Rc5 h5 34. Kf1 Rc3 
35. Kg2 Rxa3 36. Rxc4 Ke5 37. Rc7 Kxe4 38. Re7+ Kxf5 39. Rxg7 Kf6 40. Rg5 a5 
41. Rxh5 a4 42. Ra5 Ra1 43. Kf3 a3 44. Ra6+ Kg7 45. Kg2 Ra2+ 46. Kh3 Ra1 47. h5 Kh7 
48. g4 Kg7 49. Kh4 a2 50. Kg5 Kf7 51. h6 Rb1 52. Ra7+ Kg8 53. Rxa2 Rb5+ 54. Kg6 Rb6+ 55. Kh5 1-0

Game 14
Caruana-Carlsen

1.e4 c5 2. Nf3 Nc6 3. d4 cxd4 4. Nxd4 Nf6 5. Nc3 e5 6. Ndb5 d6 7. Nd5 Nxd5 8. exd5 Ne7 9. c4 Ng6 10. Qa4 Bd7 11. Qb4 Qb8 12. h4 h5 13. Be3 a6 14. Nc3 a5 15. Qb3 a4 16. Qd1 Be7 17. g3 Qc8 18. Be2 Bg4 19. Rc1 Bxe2 20. Qxe2 Qf5 21. c5 0-0 22. c6 bxc6 23. dxc6 Rfc8 24. Qc4 Bd8 25. Nd5 e4 26. c7 Bxc7 27. Nxc7 Ne5 28. Nd5 Kh7 0-1

Game 15
Carlsen-Caruana

1.e4 c5 2. Nf3 e6 3. c4 Nc6 4. d4 cxd4 5. Nxd4 Bc5 6. Nc2 Nf6 7. Nc3 0-0 8. Be3 b6 
9. Be2 Bb7 10. 0-0 Qe7 11. Qd2 Rfd8 12. Rfd1 Ne5 13. Bxc5 bxc5 14. f4 Ng6 15. Qe3 d6 
16. Rd2 a6 17. Rad1 Qc7 18. b3 h6 19. g3 Rd7 20. Bf3 Re8 21. Qf2 Ne7 22. h3 Red8 
23. Bg2 Nc6 24. g4 Qa5 25. Na4 Qc7 26. e5 dxe5 27. Nxc5 Rxd2 28. Rxd2 Rxd2 
29. Qxd2 Ba8 30. fxe5 Qxe5 31. Nd7 Qb2 32. Qd6 Nxd7 33. Qxd7 Qxc2 34. Qe8+ Kh7 
35. Qxa8 Qd1+ 36. Kh2 Qd6+ 37. Kh1 Nd4 38. Qe4+ f5 39. gxf5 exf5 40. Qe3 Ne6 41. b4 Ng5 42. c5 Qf6 43. c6 Ne6 44. a4 Nc7 45. Qf4 Ne6 46. Qd6 Qa1+ 47. Kh2 Nd4 48. c7 Qc3 
49. Qc5 Qe3 50. c8=Q f4 51. Qg4 1-0

Content Highlights: Magnus Carlsen Chess World Champion  Life Story