തൊടുപുഴ: നാലു പതിറ്റാണ്ടു മുമ്പാണ് കുര്യാക്കോസിന് ഇന്ത്യന്‍ ടീമിന്റെ കോട്ട് കിട്ടിയത്. നായകനായും ടീമംഗമായും വോളിബോള്‍ കോര്‍ട്ടില്‍ തിളങ്ങി നേടിയ അംഗീകാരം. കേളീമികവുകൊണ്ട് അദ്ദേഹം നെയ്‌തെടുത്ത ഈ കോട്ടില്‍ കണ്ണുവെച്ച് ഒരു പതിനഞ്ചുകാരന്‍ ഇപ്പോള്‍ നീന്തല്‍ക്കുളത്തില്‍ നേട്ടങ്ങള്‍ കൊയ്യുകയാണ്. മറ്റാരുമല്ല, അദ്ദേഹത്തിന്റെ കൊച്ചുമകന്‍ കുര്യന്‍ തന്നെ. ദേശീയ, സംസ്ഥാന വോളിബോള്‍ ക്യാപ്റ്റനായിരുന്ന മുതലക്കോടം മഞ്ചേരില്‍ എം.എ. കുര്യാക്കോസും കൊച്ചുമകന്‍ കുര്യന്‍ ഡോണിയുമാണ് കഥയിലെ നായകന്‍മാര്‍.

അബുദാബിയില്‍, അച്ഛന്‍ ഡോണി സിറിളിനും അമ്മ രഞ്ജു കുര്യാക്കോസിനും ഒപ്പം താമസിക്കുന്ന കൊച്ചുകുര്യന്‍ അവധിക്കാലത്താണ് നാട്ടിലേക്ക് വരുന്നത്. അങ്ങനെയൊരു അവധിക്കാലത്താണ് കുര്യന്‍ മുത്തച്ഛന്റെ കോട്ട് കാണുന്നത്. 1963 മുതല്‍ 1974 വരെ വോളിബോള്‍ കോര്‍ട്ടിലെ മിന്നും താരമായിരുന്ന മുത്തച്ഛനെക്കുറിച്ച് കുര്യന്‍ കൂടുതലറിഞ്ഞു.

1963-ല്‍ കേരള സര്‍വകലാശാലാ ടീമിലെ താരമായിരുന്നു കുര്യന്റെ മുത്തച്ഛന്‍. ഈ ടീം ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്‍മാരായി. ആ വര്‍ഷംതന്നെ സംസ്ഥാന ടീമിലെത്തി. 1967, 1973, 1974 വര്‍ഷങ്ങളില്‍ സംസ്ഥാന ടീമിന്റെ ക്യാപ്റ്റന്‍. 1969-ല്‍ ദേശീയ ടീമിലെത്തിയ അദ്ദേഹം 1973-ല്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് മാച്ചില്‍ ക്യാപ്റ്റനുമായി. 1971-ല്‍ മികച്ച കളിക്കാരനുള്ള സംസ്ഥാന പുരസ്‌കാരവും കിട്ടി. ആ സ്വര്‍ണമെഡലും ഇന്ത്യന്‍ ടീമിന്റെ കോട്ടും മുത്തച്ഛന്റെ അലമാരയില്‍ കണ്ടതോടെ കൊച്ചുകുര്യന്‍ ഒന്നുറപ്പിച്ചു. 'തന്റെ വഴിയും സ്‌പോര്‍ട്സ് തന്നെ. മുത്തച്ഛനെപ്പോലെ വലിയ കായികതാരമാകും'

നീന്തല്‍മത്സരങ്ങളിലൊക്കെ പങ്കെടുത്തു തുടങ്ങിയിരുന്ന കുര്യന്‍ ഡോണി വലിയ സ്വപ്നങ്ങള്‍ നെയ്തുതുടങ്ങി. കൃത്യമായ പരിശീലനത്തിലൂടെ 2018, 2019 വര്‍ഷങ്ങളിലെ സംസ്ഥാന ഇന്റര്‍ ഡിസ്ട്രിക്ട് ചാമ്പ്യന്‍ഷിപ്പുകളില്‍നിന്നായി അഞ്ചു സ്വര്‍ണവും നാലു വെള്ളിയും രണ്ടു വെങ്കലവും കുര്യന്‍ നേടി. സൗത്ത് സോണില്‍ തന്നേക്കാള്‍ പ്രായമുള്ളവരുമായി മത്സരിച്ച് രണ്ടുവീതം വെള്ളിയും വെങ്കലവും കരസ്ഥമാക്കി.

ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് അബുദാബിയിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയായ കുര്യന്‍ ഡോണി അവിടെയാണ് പരിശീലനം നേടുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തും. ഫാക്ടിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരായി വിരമിച്ച കുര്യാക്കോസ് എഴുപത്തേഴാം വയസ്സിലും കൃഷിയില്‍ വ്യാപൃതനാണ്.

Contet Highlights: MA Kuriakose and his grand son Kurian Dony