മകനൊപ്പം മുൻ ക്രിക്കറ്റ് താരം എം. സുരേഷ് കുമാർ | Photo: ബി. മുരളീകൃഷ്ണൻ
2011 ഡിസംബറില്‍ ഓസ്ട്രേലിയയിലെ കാന്‍ബറ വാര്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ബ്രാഡ്മാന്‍ അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കുകയാണ് ഇന്ത്യയിലെ ഇതിഹാസ ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡ്. വ്യത്യസ്ത ദേശങ്ങളില്‍നിന്ന് വരുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ എങ്ങനെ ഭാഷയ്ക്കും ദേശത്തിനും അതീതമായി ഗ്രൗണ്ടില്‍ ഒന്നായിത്തീരുന്നു എന്ന് വ്യക്തമാക്കാന്‍ ദ്രാവിഡ് ഒരു കഥ പറഞ്ഞു.
1992-ല്‍ മുംബൈയില്‍ ന്യൂസീലന്‍ഡ് അണ്ടര്‍-19 ടീമിനെതിരായ ഒരു മത്സരത്തില്‍, മലയാളം മാത്രമറിയുന്ന ഒരു ആലപ്പുഴക്കാരനും ഹിന്ദി മാത്രമറിയുന്ന ധര്‍മേന്ദ്രയും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 101 റണ്‍സടിച്ച് ഇന്ത്യയെ ജയിപ്പിച്ച കളി. ആ കളിയിലെ നായകനാണ് വെള്ളിയാഴ്ച അന്തരിച്ച ഉംബ്രി സുരേഷ് എന്ന എം. സുരേഷ് കുമാര്‍. ആ ടീമില്‍ ദ്രാവിഡുമുണ്ടായിരുന്നു.
ദ്രാവിഡും സുരേഷും തമ്മിലുള്ള ബന്ധം പിന്നെയും നിലനിന്നു. ദ്രാവിഡ് പടിപടിയായി ഉയര്‍ന്ന് ലോക ക്രിക്കറ്റിലെ മഹാരഥന്‍മാര്‍ക്കൊപ്പം ഇടംകണ്ടെത്തി. സുരേഷാകട്ടെ, നിര്‍ഭാഗ്യത്തിന്റെയും നിരാശയുടെയും ഇന്നിങ്സിനൊടുവില്‍ ഇപ്പോള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു.
കേരളം കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു സുരേഷ്. ഒരുകാലത്ത് ഇന്ത്യന്‍ ടീം സാധ്യതാ പട്ടികയിലുമുണ്ടായിരുന്നു. 14 സീസണുകളില്‍ രഞ്ജി ട്രോഫി ടൂര്‍ണമെന്റ് കളിച്ചു. പത്തു വര്‍ഷം കേരളത്തിനും നാലുവര്‍ഷം റെയില്‍വേയ്ക്കും.
ആലപ്പുഴ പഴവീട് സ്വദേശിയായ സുരേഷിന് ജനിച്ചപ്പോള്‍ തൂക്കവും ആരോഗ്യവും വളരെ കുറവായിരുന്നു. സാധാരണയിലും ചെറിയ കുട്ടിയെ 'ഉംബ്രി' എന്ന് വിളിച്ചു. അത് നാട്ടിലും ക്രിക്കറ്റിലും അറിയപ്പെടുന്ന പേരായി മാറി.
ഇടംകൈ സ്പിന്നും ഇടംകൈ ബാറ്റിങ്ങും ചേര്‍ന്ന ഓള്‍റൗണ്ട് മികവിനൊപ്പം മികച്ച ഫീല്‍ഡറുമായിരുന്നു സുരേഷ്. അതുകൊണ്ടുതന്നെ ടീമുകളില്‍നിന്ന് പെട്ടെന്ന് സ്ഥാനക്കയറ്റം കിട്ടിക്കൊണ്ടിരുന്നു. 14-ാം വയസ്സില്‍ സുരേഷ് അണ്ടര്‍ 15 കേരള ടീമിലെത്തി. അന്ന് കര്‍ണാടകത്തിനെതിരേ കളിക്കുമ്പോള്‍ രാഹുല്‍ ദ്രാവിഡ്, സുജിത് സോമസുന്ദര്‍ എന്നിവര്‍ എതിര്‍ ടീമിലുണ്ട്. അന്ന് ദ്രാവിഡിന്റെ വിക്കറ്റ് എടുത്തത് ഉംബ്രിയായിരുന്നു. തുടര്‍ന്ന് ദക്ഷിണമേഖലാ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. സൗഹൃദത്തിന്റെ തുടക്കം അവിടെനിന്നായിരുന്നു.
പതിനെട്ടാം വയസ്സില്‍ കേരള രഞ്ജി ടീമിലെത്തി. 1991-92 സീസണില്‍ തുടങ്ങി 96 വരെ കേരളത്തിനുവേണ്ടി കളിച്ച സുരേഷ് പിന്നീട് നാലുവര്‍ഷം റെയില്‍വേ ടീമിലായിരുന്നു. അതിനിടെയാണ് ന്യൂസീലന്‍ഡിനെതിരായ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെത്തിയത്.
2001 ദുലീപ് ട്രോഫി ക്രിക്കറ്റില്‍ 24 വിക്കറ്റ് നേടി. അതുകഴിഞ്ഞ് ശ്രീലങ്ക എ ടീമിനെതിരായ ഒരു പരമ്പരയുണ്ടായിരുന്നു. ദുലീപ് ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിലൂടെ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുമെന്ന് സുരേഷ് വിശ്വസിച്ചു. പക്ഷേ, സ്പിന്നറായി രാഹുല്‍ സാങ്വിയാണ് ടീമിലെത്തിയത്. അതിന്റെ തുടര്‍ച്ചയായി സാങ്വി ഇന്ത്യന്‍ ടീമിലുമെത്തി. അന്ന് ശ്രീലങ്കയ്‌ക്കെതിരേ അവസരം കിട്ടാതിരുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ദൗര്‍ഭാഗ്യമായി സുരേഷ് കരുതി. 'അതൊരു സുവര്‍ണാവസരമായിരുന്നു. പിന്നീടൊരിക്കലും അതുപോലൊരു സാഹചര്യം വന്നില്ല.' ഒരു അഭിമുഖത്തിനിടെ സുരേഷ് പറഞ്ഞു.
1992-ല്‍ റെയില്‍വേയില്‍ ക്ലര്‍ക്കായാണ് ജോലിതുടങ്ങിയത്. 72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 1657 റണ്‍സും 196 വിക്കറ്റും നേടി. 51 ലിസ്റ്റ് എ മത്സരങ്ങളില്‍ 433 റണ്‍സും 52 വിക്കറ്റുമുണ്ട്.
Content Highlights: M Suresh Kumar Rahul Dravid U 19 teammat Kerala all rounder
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..