റചട്ടി പോലെയായിരുന്നു മോസ്‌കോ ലുഷ്നിക്കി സ്റ്റേഡിയം. എക്‌സ്ട്രാ ടൈമില്‍ അത് എരിതീയിലേക്ക് വീണു. 120 മിനിറ്റ് നീണ്ട ത്രില്ലറിനൊടുവില്‍ റഫറി കുനിയത്ത് സാക്കിര്‍ ഫൈനല്‍ വിസിലടിച്ചു. 40 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ എന്ന അദ്ഭുതരാജ്യം ഫിഫ ലോകകപ്പ് ഫൈനലിലേക്ക് കടന്നതിന്റെ വിജയകാഹളമായിരുന്നു അത്. സെമിഫൈനലില്‍ എക്‌സ്ട്രാടൈമിലെ ഗോളിനാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ക്രൊയേഷ്യന്‍ കൊടുങ്കാറ്റില്‍ ലോകഫുട്ബോള്‍ ആടിയുലഞ്ഞ നിമിഷങ്ങള്‍. ക്രോ ആ സി യാ... വിളികളില്‍ ലോകം വിസ്മയംകൊണ്ടു.

2018 റഷ്യ ലോകകപ്പില്‍ കൂടുതല്‍ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ക്രൊയേഷ്യയുടേതാണ്. അത് യാദൃച്ഛികമായിരുന്നു. പ്രാഥമിക റൗണ്ടില്‍ ആഗ്രഹിച്ച മത്സരങ്ങളെല്ലാം കണ്ടു. പ്രീക്വാര്‍ട്ടര്‍ മുതല്‍ കാര്യങ്ങള്‍ പ്രവചിക്കാനാവില്ലല്ലോ. ഏതൊക്കെ ടീമുകള്‍ എവിടെയൊക്കെ എത്തുമെന്ന് ഊഹം വെച്ച് യാത്ര നിശ്ചയിക്കാനേ പറ്റൂ.

പക്ഷേ, പ്രീക്വാര്‍ട്ടറിന്റെ തുടക്കത്തില്‍തന്നെ അര്‍ജന്റീന പണിപറ്റിച്ചു. ഡി ഗ്രൂപ്പില്‍ അര്‍ജന്റീന ഒന്നാമതെത്തുമെന്നായിരുന്നു പ്രതീക്ഷ. ഡി. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ കളിക്കേണ്ടത് നിഷ്നി നവ്ഗറോദിലാണ്. അവിടേക്ക് നേരത്തെതന്നെ വിമാനടിക്കറ്റും ഹോട്ടലും ബുക്ക് ചെയ്തിരുന്നു. പക്ഷേ, അര്‍ജന്റീന രണ്ടാം സ്ഥാനക്കാരായിപ്പോയി. നിശ്ചയിച്ച യാത്ര മാറ്റാനും നിര്‍വാഹമില്ല. അങ്ങനെ നിഷ്നിയിലേക്ക്.

അവിടെ കാത്തിരുന്നത് ക്രൊയേഷ്യയാണ്. ഡെന്‍മാര്‍ക്കിനെതിരെയായിരുന്നു പ്രീക്വാര്‍ട്ടര്‍. ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ച് എന്ന ഇതിഹാസതാരത്തെ നേരില്‍ക്കാണുന്നു. നിഷ്‌കളങ്കനായ ഒരു പാവം മനുഷ്യന്‍. എന്തു ഗംഭീരമായാണ് അദ്ദേഹം കളി നിയന്ത്രിക്കുന്നത്. യാതൊരു വികാരവിക്ഷോഭങ്ങള്‍ക്കും അടിപ്പെടാതെ മുന്നേറ്റം.

കളി തുടങ്ങുംമുമ്പ് ടീമുകള്‍ അവസാനവട്ട പരിശീലനത്തിനായി സ്റ്റേഡിയത്തിലേക്ക് വരും. മോഡ്രിച്ചാണ് ആദ്യം വരിക. വന്നപാടേ, ക്രൊയേഷ്യന്‍ ആരാധകര്‍ അണിനിരന്ന ഗാലറിക്ക് അഭിവാദ്യം. എന്നിട്ടേ പന്ത് തട്ടൂ. ആരാധകരില്‍ അത്രയും വിശ്വാസം. ആരാധകരോ, ആ മനുഷ്യനെ അത്രയും ആദരിക്കുന്നു, വിശ്വസിക്കുന്നു. ആ സ്‌നേഹം നേരിട്ടറിഞ്ഞു. കളി ജയിച്ചാല്‍, മോഡ്രിച്ച് ആദ്യം ഓടിയെത്തുക ആരാധകഗാലറിയുടെ മുന്നിലേക്കാണ്. അവരെ വീണുകിടന്ന് നമസ്‌കരിക്കും. ലൂക്കാ... ലൂക്കാ... വിളികള്‍ സ്റ്റേഡിയങ്ങളെ ത്രസിപ്പിച്ചു. അന്ന് പെനാല്‍റ്റിയിലായിരുന്നു ക്രൊയേഷ്യയുടെ വിജയം.

സോച്ചിയില്‍ റഷ്യ - ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍. റസിയ്യ... റസിയ്യ ആരവങ്ങളുമായി ആതിഥേയര്‍. അതിസമ്മര്‍ദം നിറഞ്ഞ എരിപൊരിമത്സരം. എക്‌സ്ട്രാ ടൈമില്‍ ഇരുടീമുകളും ഓരോ ഗോളടിച്ചതോടെ മത്സരം 2-2 സമനിലയില്‍. ഒടുവില്‍ ഷൂട്ടൗട്ട്. ക്രൊയേഷ്യന്‍ താരം ഇവാന്‍ റാക്കിട്ടിച്ച് എടുത്ത അവസാന ഷോട്ട് റഷ്യന്‍ വലയില്‍ പതിക്കുമ്പോള്‍ തകര്‍ന്നത് ലോകത്തെ ഏറ്റവും വലിയ രാജ്യത്തിന്റെ ഹൃദയം കൂടിയായിരുന്നു. ക്യാപ്റ്റന്‍ മോഡ്രിച്ച് ശാന്തമായി ആ കളി നിയന്ത്രിച്ചത് കാണേണ്ട കാഴ്ചതന്നെയായി. ഒരു കൊടുങ്കാറ്റിലും ഇളകാത്ത മനുഷ്യന്‍.

റഷ്യ ലോകകപ്പ് അട്ടിമറികളുടേതായിരുന്നു. ജര്‍മനി, അര്‍ജന്റീന, സ്‌പെയിന്‍, ബ്രസീല്‍, ഇംഗ്ലണ്ട്... ഓരോരോ ഘട്ടത്തിലും പ്രതാപശാലികള്‍ നിലംപതിച്ചു. അട്ടിമറിക്കപ്പെടാന്‍ ഒരേയൊരു ടീം മാത്രം -ഫ്രാന്‍സ്. ഫൈനലില്‍ ക്രൊയേഷ്യ അത് സാധ്യമാക്കുമോ എന്നായിരുന്നു ആകാംക്ഷ. എന്നാല്‍, ക്രൊയേഷ്യന്‍ വലയില്‍ നാല് ഗോളുകള്‍ വര്‍ഷിച്ച് ഫ്രാന്‍സ് ലോകകിരീടം സ്വന്തമാക്കി. അരികെ കിരീടം നഷ്ടമായെങ്കിലും ക്രൊയേഷ്യയും ലൂക്ക മോഡ്രിച്ചും ലോകത്തിന്റെ ഹൃദയം കവര്‍ന്നു.

സമ്മാനദാനച്ചടങ്ങ് വികാരനിര്‍ഭരമായി. ക്രൊയേഷ്യന്‍ താരങ്ങള്‍ മെഡല്‍ സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് ലുഷ്നിക്കിയിലേക്ക് സ്‌നേഹഗീതമായ് ചാറ്റല്‍മഴയെത്തിയത്. ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ച് മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വീകരിച്ചു. ഫൈനല്‍ കാണാനെത്തിയ ക്രൊയേഷ്യന്‍ പ്രസിഡന്റ് കോളിന്ദ ഗ്രാബര്‍, മോഡ്രിച്ചിനെ ഗാഢമായ് ആശ്ലേഷിച്ചു. മോസ്‌കോ ആ കാഴ്ച കണ്ടുനിന്നു.

Content Highlights: luka modric who conquered hearts in russia 2018 world cup