ര്‍ഷം 2004, അന്ന് യൂഡ്രിക് പെരേരയ്ക്ക് പ്രായം 16. സ്റ്റെഫിയാകട്ടേ പന്ത്രണ്ടിലേക്ക് കടന്നിട്ടേയുള്ളൂ. ഇരുവരുടെയും സ്ഥലം തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടി. അവിടത്തെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ പോയിന്റുകള്‍ വാരാന്‍ ഇരുവരും മത്സരിച്ചിട്ടുണ്ടെങ്കിലും പരസ്പരം കണ്ടുമുട്ടിയിരുന്നില്ല. അങ്ങനെയിരിക്കേ ഇരുവര്‍ക്കും ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീം ക്യാമ്പിലേക്കുള്ള വിളിയെത്തി. സ്റ്റെഫിക്ക് സബ്ജൂനിയര്‍ ഇന്ത്യന്‍ ടീമിലേക്കും യൂഡ്രിക്കിന് യൂത്ത് ഇന്ത്യന്‍ ടീമിലേക്കും. 

ഇത് നാട്ടില്‍ വാര്‍ത്തയായി. നാട്ടുകാര്‍ അഭിവാദ്യം അര്‍പ്പിച്ചു. തൊട്ടടുത്ത ദിവസം പത്രത്തില്‍ യൂഡ്രിക്കും സ്റ്റെഫിയും ഇന്ത്യന്‍ ക്യാമ്പിലേക്ക് എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത വന്നു. ബാസ്‌കറ്റ്ബോള്‍ ഇന്ത്യന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യൂഡ്രിക്കും സ്റ്റെഫിയും എന്ന അടിക്കുറിപ്പോടെയുള്ള ചിത്രവും ആ വാര്‍ത്തയിലുണ്ടായിരുന്നു. അങ്ങനെ പൊടിമീശക്കാരന്‍ യൂഡ്രിക് ആദ്യമായി ഉണ്ടക്കണ്ണി സ്റ്റെഫിയെ കണ്ടു. 

ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഒന്നുമല്ലായിരുന്നുവെങ്കിലും ഉള്ളിന്റെ ഉള്ളില്‍ എവിടെയോ യൂഡ്രിക് സ്റ്റെഫിയെ ചേര്‍ത്തു. വീട്ടില്‍ ആരൊക്കെയോ തമാശയില്‍ യൂഡ്രിക്കിനെ കളിയാക്കി. 'ഇത് കണ്ടാല്‍ വിവാഹ ഫോട്ടോ പോലെ തോന്നുമല്ലോ'. നാണത്തോടെ യൂഡ്രിക് അത് തള്ളിക്കളഞ്ഞെങ്കിലും ഹൃദയത്തില്‍ എവിടെയോ സ്റ്റെഫിയെ ചേര്‍ത്തു. 

തൊട്ടടുത്ത ദിവസം മധ്യപ്രദേശിലെ ഇന്ദോറിലെ ബാസ്‌കറ്റ് ക്യാമ്പില്‍ യൂഡ്രിക് ചേര്‍ന്നു. ക്യാമ്പിലെ തിരക്കും കളിയുമായതോടുകൂടി യൂഡ്രിക് പതുക്കെ സ്റ്റെഫിയെ മറന്നുതുടങ്ങി. 

പ്ലസ് ടുക്കാരി പെണ്ണ്

കുറച്ച് വര്‍ഷങ്ങള്‍ കടന്നുപോയി. കൊല്ലം എസ്.എന്‍. ട്രസ്റ്റ് സ്‌കൂളില്‍ പ്ലസ് ടു കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കുകയായിരുന്നു സ്റ്റെഫി. യൂഡ്രിക്കിനാകാട്ടെ കെ.എസ്.ഇ.ബി.യില്‍ ജോലിയായി. അങ്ങനെയിരിക്കേ മസ്താന്‍ വൈ.എം.സി.എ. ലീഗ് കളിക്കാന്‍ ഇരുവരും മുംബൈയിലെത്തി. ഇതിന് മുന്‍പ് പല കോര്‍ട്ടുകളില്‍ കണ്ടുമുട്ടിയിരുന്നുവെങ്കിലും മുംബൈയിലെ ലീഗിനൊരു ഇവരുടെ ജീവിതത്തിലൊരു പ്രത്യേകതയുണ്ടായിരുന്നു.

പേടിയും നാണവുമൊക്കെ കുടുങ്ങി, എവിടെന്നോ കിട്ടിയ ധൈര്യവുമായി യൂഡ്രിക് ആദ്യമായി സ്റ്റെഫിയോട് സംസാരിച്ചു. അതുവരെ യൂഡ്രിക് വെറും ജാടയാണെന്ന് വിചാരിച്ച സ്റ്റെഫിയുടെ മനസ്സിലും മഞ്ഞുരുകി. പിന്നെ അവസരം കിട്ടുമ്പോഴൊക്കെ സ്റ്റെഫിയും യൂഡ്രിക്കും സംസാരിച്ചു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് ഇരുവരുടെയും സൗഹൃദം ആഴത്തിലാക്കി. 

പുതുവത്സരം

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുശേഷം യൂഡ്രിക് ദേശീയ മത്സരം കളിക്കാന്‍ പോയി. പരിക്കുകാരണം സ്റ്റെഫിക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പ് നഷ്ടമാകുകയും ചെയ്തു. 2009 ഡിസംബര്‍ 25 മുതല്‍ 2010 ജനുവരി മൂന്നുവരെയായിരുന്നു ദേശീയ ചാമ്പ്യന്‍ഷിപ്പ്. യൂഡ്രിക് സ്ഥിരമായി സ്റ്റെഫിയെ വിളിക്കും. ക്രിസ്മസ് അവധിക്കായി വീട്ടിലായിരുന്ന സ്റ്റെഫിയും ഓരോ വിളിക്കായി കാത്തിരുന്നു. വീട്ടില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കുറവായതിനാല്‍ ആരും കാണാതെ ടെറസിന് മുകളിലിരുന്ന് ആ വിളിക്കായി അവള്‍ കാത്തിരിക്കും. ഓരോ മത്സരവും പെട്ടെന്ന് കഴിയാനായി അവനും പ്രാര്‍ഥിച്ചു. ഡിസംബറിലെ മഞ്ഞുകാലം അവസാനിച്ച് പുതുവത്സരത്തിലേക്ക് കടക്കുന്ന ആ രാത്രി. യൂഡ്രിക് സ്റ്റെഫിയെ വിളിച്ചു. ഹാപ്പി ന്യൂയര്‍ പറയാന്‍ വേണ്ടിയാവും വിളി എന്ന് വിചാരിച്ച അവളെ അവന്‍ ഞെട്ടിച്ചു. രാത്രി 11.59-ന് അവന്‍ തന്റെ മനസ്സ് തുറന്നു. പുതുവത്സരം പിറന്ന അതേസമയം സ്റ്റെഫിയുടെ മറുപടിയുമെത്തി. അതേ ഇഷ്ടമാണ്. തന്റെ ഉള്ളിലെ ഇഷ്ടം സ്റ്റെഫിയും വെളിപ്പെടുത്തി. 

കോയിന്‍ ബോക്‌സ് പ്രണയം

സ്റ്റെഫി അസംപ്ഷന്‍ കോളേജില്‍ പഠനം തുടങ്ങി. യൂഡ്രിക്കുമായുള്ള ഇഷ്ടം അതുപോലെ തുടരുന്നു. എന്നാല്‍, പരസ്പരം സംസാരിക്കുന്നതിന് സ്റ്റെഫിക്ക് പ്രധാനമായും രണ്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. വീട്ടിലാണെങ്കില്‍ മൊബൈല്‍ ഫോണിന് നെറ്റ്വര്‍ക്കില്ല. ഹോസ്റ്റലിലാണെങ്കില്‍ ഫോണും ഉപയോഗിക്കാന്‍ പാടില്ല. ഹോസ്റ്റലിലുണ്ടായിരുന്ന കോയിന്‍ ബോക്‌സായിരുന്നു സ്റ്റെഫിയുടെ ഏക ആശ്രയം. വൈകുന്നേരം ക്ലാസില്‍ നിന്ന് പരമാവധി ഒരു രൂപയുടെ നാണയങ്ങള്‍ സ്റ്റെഫി ശേഖരിക്കും. എന്നിട്ട് മറ്റാര്‍ക്കും അവസരം കൊടുക്കാതെ ഹോസ്റ്റലിലെ ഇടവേളകളില്‍ സ്റ്റെഫി കോയിന്‍ ബോക്‌സ് നിറയ്ക്കും. 'ചില ദിനങ്ങളില്‍ അമ്പത് വരെ എത്തുമായിരുന്നു കോയിനുകളുടെ എണ്ണം' ചിരിച്ചുകൊണ്ട് സ്റ്റെഫി ഓര്‍ത്തു. 

ഒരു വാല്‍പ്പാറ യാത്ര

സ്റ്റെഫിയും യൂഡ്രിക്കും തമ്മിലുള്ള ഇഷ്ടം എല്ലാവരും അറിഞ്ഞുതുടങ്ങി. നാട്ടുകാരും കൂടെ കളിക്കുന്നവരും അങ്ങനെ എല്ലാവരും. എന്നാല്‍ വേറേയൊരു കൂട്ടരുണ്ടായിരുന്നു ഈ പ്രേമത്തെപ്പറ്റിപോലും അറിയാത്തവര്‍. അത് സ്റ്റെഫിയുടെ വീട്ടുകാരായിരുന്നു. ഈ കാലയളവില്‍ ഇടവേളകളിലെല്ലാം ഇരുവരും കണ്ടുമുട്ടും. പറ്റുമെങ്കില്‍ ചെറുതായി കറങ്ങുകയും ചെയ്യും. തട്ടേക്കാട്, കുഴിപ്പള്ളി, ബീച്ച് എന്നിവിടങ്ങളിലൊക്കെ കറങ്ങി. 
അങ്ങനെയിരിക്കെ ഇരുവരും സുഹൃത്തുക്കളുടെകൂടെ വാല്‍പ്പാറ കറങ്ങാന്‍ തീരുമാനിച്ചു. സുഹൃത്തിന്റെ കല്യാണമെന്ന് പറഞ്ഞായിരുന്നു സ്റ്റെഫിയുടെ വീട്ടില്‍നിന്നുള്ള ഇറക്കം. പകല്‍ മുഴുവന്‍ കറങ്ങിയതിനുശേഷം രാത്രി എട്ടുമണിയോടെ സ്റ്റെഫി വീട്ടില്‍ തിരികെയെത്തി. പ്രശ്‌നങ്ങളൊന്നുമില്ല. കിടക്കുന്നതിന് മുന്‍പ് വീട്ടുകാര്‍ അറിഞ്ഞിട്ടില്ലെന്ന് വീണ്ടു വീണ്ടും അവള്‍ ഉറപ്പുവരുത്തി. എന്നാല്‍ തൊട്ടപ്പുറത്തദിനം എല്ലാം പൊളിഞ്ഞു. സ്റ്റെഫിയുടെ കൂട്ടുകാരിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ വാല്‍പ്പാറ ചിത്രങ്ങള്‍ അപ്​ലോഡായി. ഇത് സ്റ്റെഫിയുടെ സഹോദരി ഡെല്‍ഫി കാണുകയും ചെയ്തു. ഡെല്‍ഫി കാര്യം വള്ളിപുള്ളി തെറ്റാതെ അച്ഛനെയും അമ്മയെയും അറിയിച്ചു. അങ്ങനെ വീട്ടുകാരുടെ ചോദ്യംചെയ്യലില്‍ സ്റ്റെഫി എല്ലാം പറഞ്ഞു. അതോടെ യാത്രകളും കൂടിക്കാഴ്ചകളും അവസാനിച്ചു. 

വിവാഹം

2015-ല്‍ യൂഡ്രിക് വീട്ടില്‍നിന്ന് സ്റ്റെഫിയുടെ വീട്ടിലേക്ക് ആളയച്ചു. ഇതോടെ ഇരു കുടുംബങ്ങള്‍ക്കും സമ്മതമായി. ഒരു വര്‍ഷത്തിനുശേഷം കല്യാണം നടത്താനും തീരുമാനിച്ചു. ഇതോടെ രക്ഷപ്പെടുമെന്ന് തോന്നിപ്പിച്ചെങ്കിലും ശരിക്കും ബുദ്ധിമുട്ടായി. പാത്തും പതുങ്ങിയും കണ്ടിരുന്ന ഇവര്‍ക്ക് കാണാന്‍പോലും സമയം കിട്ടാതെയായി. 

എറിക്കിന്റെ വരവ്

ഇപ്പോള്‍ സ്റ്റെഫിയും യൂഡ്രിക്കും എറികിന്റെ അച്ഛനും അമ്മയുമാണ്. ഒരു വയസ്സായി അവന്. എറിക് പിറന്ന് പത്ത് മാസം പിന്നിട്ടപ്പോഴെക്കും സ്റ്റെഫി ബാസ്‌കറ്റ് കോര്‍ട്ടില്‍ തിരികെയെത്തി. ഇന്ത്യയ്ക്കായി കളിച്ചു.
 
കുഞ്ഞ് പിറന്ന് പത്തുമാസത്തിനിടയില്‍ സ്റ്റെഫിക്ക് കളത്തില്‍ തിരിച്ചെത്താനായി എന്നത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമെന്ന് യൂഡ്രിക് സാക്ഷ്യപ്പെടുത്തുന്നു.

''അധികം പ്രായസങ്ങളുണ്ടായിട്ടില്ല. എങ്കിലും ചിലപ്പോഴൊക്കെ പല തടസ്സങ്ങള്‍ വന്നിട്ടുണ്ട്. അതിനെയൊക്കെ കളത്തില്‍ നേരിടുന്ന അതേ മനസ്സോടെ നേരിട്ടു. ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി. ഞങ്ങളുടെ കൊച്ചു സന്തോഷങ്ങള്‍ക്കിടയിലേക്ക് എറിക്കുമെത്തി. ഇതുപോലെ ജീവിതം മുന്നോട്ട് കുതിക്കണം''- 
പുഞ്ചിരിയോടെ യൂഡ്രിക് കഥപറയല്‍ അവസാനിപ്പിച്ചു. 

യൂഡ്രിക് പെരേര

ഉയരം: 6.5 അടി
ഇന്ത്യയ്ക്കായി ഏഷ്യാകപ്പ്, ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ കളിച്ചു. തൃശ്ശൂര്‍ കൊരട്ടി ഖന്ന നഗറില്‍ കവലപ്പറമ്പില്‍ യൂജിന്‍ പെരേരയുടെയും ഡോറിയുടെയും മകന്‍. നിലവില്‍ സെന്‍ട്രല്‍ എക്‌സൈസ് താരം.

സ്റ്റെഫി നിക്‌സണ്‍

ഉയരം 6.1 അടി
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ്, തായ്വാനില്‍ നടന്ന വില്യം ജോണ്‍സ് കപ്പ് എന്നിവയില്‍ ഇന്ത്യയ്ക്കായി കളിച്ചു. തായ്​ലാൻഡിൽ നടന്ന ജൂനിയര്‍ ഏഷ്യന്‍ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ നയിച്ചു. കൊരട്ടി വാലുങ്ങമുറി ചുരക്കല്‍ തെക്കന്‍ നിക്‌സണിന്റെയും ലിസിയുടെയും മകള്‍.

സ്‌പോര്‍ട്‌സ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം

Content Highlights: Love story of Stephy nixon and Eudric