Lionel Messi Photo: Twitter, Getty Images
'എനിക്ക് അവസാനമായി നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. അതൊരു ചോദ്യമല്ല. എനിക്ക് പറയാനുള്ളത് ഇതാണ്. ലോകകപ്പ് ഫൈനലാണ് വരാന്‍ പോകുന്നത്. തീര്‍ച്ചയായും ഞങ്ങള്‍ക്ക്(അര്‍ജന്റീനക്ക്) വിജയിക്കണം. എന്നാല്‍ മത്സരഫലം എന്തുതന്നെയായാലും നിങ്ങളില്‍ നിന്ന് ഒരാള്‍ക്കും എടുക്കാന്‍ സാധിക്കാത്ത ചിലതുണ്ട്. ഞങ്ങള്‍ ഓരോ അര്‍ജന്റീനക്കാരിലും നിങ്ങള്‍ പ്രതിധ്വനിച്ചുകൊണ്ടേയിരുക്കുകയാണെന്ന വസ്തുതയാണത്. ഞാന്‍ ഗൗരവത്തോടെയാണ് പറയുന്നത്. സത്യത്തില്‍ എല്ലാവരുടേയും ജീവിതത്തില്‍ നിങ്ങള്‍ നിങ്ങളെ അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് ലോകകപ്പ് വിജയത്തിനപ്പുറമാണ്. നിങ്ങളില്‍ നിന്ന് അത് മറ്റാര്‍ക്കും എടുക്കാന്‍ സാധിക്കില്ല. മറ്റുള്ളവര്‍ക്ക് ഇത്രത്തോളം ആനന്ദം പകരുന്നതില്‍ നിങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കുന്നു. ഈ വാക്കുകള്‍ നിങ്ങള്‍ ഹൃദയത്തിലേറ്റുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം അത് ലോകകപ്പ് വിജയത്തേക്കാളും എത്രയോ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു'- ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയ്‌ക്കെതിരായ സെമിഫൈനല്‍ മത്സരത്തിനുശേഷം മാധ്യമപ്രവര്‍ത്തക മെസ്സിയോട് പറഞ്ഞ വാക്കുകളാണിത്.
മൈതാനങ്ങള്‍ക്കും മത്സരങ്ങള്‍ക്കുമപ്പുറം മാനസങ്ങളെ കീഴടക്കുന്ന മെസ്സിയെന്ന മനുഷ്യന്‍. അയാള്‍ ലോകത്തിനൊന്നടങ്കം അത്രത്തോളം പ്രിയപ്പെട്ടതാണെന്ന് അയാളോട് തന്നെ പറഞ്ഞുവെക്കുകയാണ് അവര്‍. ബഹുമാനത്തോടേയും ആദരവോടേയും മാധ്യമപ്രവര്‍ത്തകയെ ചിരിയോടെ കേട്ടിരിക്കുന്നുണ്ട് മെസ്സി. തങ്ങളുടെ ജീവിതത്തില്‍ ആനന്ദം ചൊരിയുന്നതിനേക്കാള്‍ തിളക്കമുള്ളതല്ല ലോകകപ്പ് വിജയമെന്ന് ആവര്‍ത്തിച്ചുപറയുന്നത് മറ്റൊന്നും കൊണ്ടല്ല. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ, യാത്രകളെ ഒരു വേളയെങ്കിലും പ്രത്യാശാനിര്‍ഭരമാക്കാന്‍ മെസ്സിക്ക് സാധിച്ചിട്ടുണ്ടെന്ന യാഥാര്‍ഥ്യത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമമാണത്. ഒരര്‍ഥത്തില്‍ മെസ്സി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി എന്നേ മാറിക്കഴിഞ്ഞുവെന്ന പ്രഖ്യാപനം. ഇതാ നിങ്ങളീ വിരിമാറില്‍ തലചായ്ച്ചുകൊള്ളൂവെന്ന് പറഞ്ഞുവെക്കുകയാണവര്‍.
ലുസെയ്‌ലിലെ അവസാന അങ്കവും കഴിഞ്ഞ് മടങ്ങുന്ന മെസ്സിയുടെ കാഴ്ചയോളം സമ്മോഹനമായ മറ്റൊരു മുഹൂര്‍ത്തവും ഒരു പക്ഷേ പലരുടേയും ജീവിതത്തില്‍ ഇത്രയും കാലം ഉണ്ടായിട്ടുണ്ടാവില്ല. അതിലും തീവ്രമായ മറ്റൊരു വികാരവും ഈ തലമുറയ്ക്ക് പങ്കുവെക്കാനുമുണ്ടാവില്ല. സ്വച്ഛമായ ഒരു ഒഴുക്കാണ് മെസ്സി. തലമുറകളോളം നിലയ്ക്കാതെ അതങ്ങനെ കടന്നുപോയ്‌ക്കൊണ്ടേയിരിക്കും. കറുത്ത മേലങ്കിയുമണിഞ്ഞ് മെസ്സി സ്വര്‍ണകപ്പുയര്‍ത്തുന്ന ആ രാത്രിയില്‍ അന്ന് റൊസാരിയോയിലെ തെരുവ് മാത്രമല്ല, ഇങ്ങിവിടെ മലയാളികളുമുറങ്ങിയിട്ടില്ല. കാരണം മെസ്സി പന്തുതട്ടിയത് മലയാളമണ്ണില്‍ കൂടിയാണ്. നിശ്ചലമായൊരു പന്ത് പൊടുന്നനെ മഴവില്ലഴകില്‍ തുളച്ചുകയറുന്നത് മലയാളികളുടെ ഹൃദയത്തിനുള്ളിലേക്ക് കൂടിയായിരുന്നല്ലോ. മെസ്സി എത്ര തവണ മലയാളികളോട് സംവദിച്ചിട്ടുണ്ടെന്ന് നിശ്ചയമുണ്ടോ? കാല്‍പന്തിന്റെ ഭാഷ കൊണ്ടാണത്. അത് ചിലപ്പോഴെങ്കിലും മലയാളികള്‍ക്ക് മാത്രമല്ല ലോകത്തില്‍ മറ്റൊരാള്‍ക്കും മനസിലാക്കിയെടുക്കാനുമാവാറില്ല.

അങ്ങനെ മെസ്സി സംവദിച്ചവരുടെ കൂട്ടത്തില്‍ തിരൂരിലെ രണ്ടാം ക്ലാസുകാരി ലുബ്‌ന വരെയുണ്ട്. ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടവനായി മെസ്സി തിരിഞ്ഞുനടക്കുമ്പോള്‍ സങ്കടം സഹിക്കാതെ പൊട്ടിക്കരഞ്ഞിട്ടുണ്ട് ലുബ്‌ന. 'മെസ്സിക്ക് ഇനിയും കളിയില്ലേ' എന്ന് ഇടറുന്ന ശബ്ദത്തില്‍ പറഞ്ഞ കുഞ്ഞു ആരാധിക. കിലോമീറ്ററുകള്‍ക്കപ്പുറം താനൂരിലൊരു മാറഡോണയുണ്ട്. ഫുട്‌ബോള്‍ ഇതിഹാസം മാറഡോണയുടെ കടുത്ത ആരാധകനായിരുന്ന മുരളീധരന്റെ മകനായ മാറഡോണ. മാറഡോണയുടെ 1986-ലോകകപ്പിലെ പ്രകടനത്തിന് ശേഷമാണ് ജനിക്കുന്ന കുട്ടിക്ക് മാറഡോണയെന്ന പേര് നല്‍കാന്‍ മുരളീധരന്‍ തീരുമാനിക്കുന്നത്. കടുത്ത മെസ്സി ആരാധകനാണ് മാറഡോണ. മൂന്നര പതിറ്റാണ്ടിനപ്പുറപ്പുള്ള കാത്തിരിപ്പവസാനിച്ചതിന്റെ അടങ്ങാത്ത സന്തോഷത്തിലാണ് അയാള്‍. 1986-ന് ശേഷം പുതിയൊരു ദൈവത്തിനേയാണ് അവര്‍ തേടിക്കൊണ്ടിരുന്നത്. ഏരിയേല്‍ ഒര്‍ട്ടേഗയും ബാറ്റിസ്റ്റിയൂട്ടയും റിക്വെല്‍മിയും മോഹിപ്പിച്ചു കടന്നുപോയി. ഒടുക്കം മിശിഹയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ സ്വപ്‌നസാഫല്യം. അങ്ങനെ എത്രയെത്ര ആരാധക ഹൃദയങ്ങള്‍.
ഇങ്ങിവിടെ തേക്കിന്‍കാട് മൈതാനത്ത് മെസ്സിയെത്തിയതും അങ്ങനെയാണല്ലോ. ഒരു ത്രില്ലര്‍ മത്സരത്തിലേതെന്നുപോലെ ആവേശക്കടലായി മാറിയ തൃശ്ശൂര്‍ പൂരത്തിന്റെ കുടമാറ്റം. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് കുടകളുയര്‍ത്തി. പൂരനഗരിയെ ആലവട്ടവും വെണ്‍ചാമരവും വര്‍ണക്കുടകളുമായി ഇരു വിഭാഗങ്ങളും വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു. പൂരനഗരിയില്‍ ഒടുക്കമിതാ ആ പത്താം നമ്പറുകാരനുമെത്തി. മെസ്സിയില്ലാതെ മലയാളികള്‍ക്കെന്ത് പൂരമെന്ന് തോന്നിപ്പിച്ചുകൊണ്ട്. തേക്കിന്‍കാട് മൈതാനത്തെ ആവേശത്തിന്റെ പരകോടിയിലേക്ക് തള്ളിവിട്ട് തിരുവമ്പാടിയാണ് മെസ്സിയുടെ കുട ഉയര്‍ത്തിയത്. ത്രിസന്ധ്യയില്‍ മഴവില്ലഴക് വിരിയിച്ച് മെസ്സി ഉയര്‍ന്നുനിന്നപ്പോള്‍ ആവേശം അണപ്പൊട്ടി. ആരാധകര്‍ ടീ-ഷര്‍ട്ട് മുകളിലോട്ടുയര്‍ത്തി ആവേശത്തിലാറാടി. ഖത്തര്‍ ലോകകപ്പ് ഉയര്‍ത്തി നില്‍ക്കുന്ന മെസ്സിയുടെ ചിത്രമാണ് ആനപ്പുറത്ത് വര്‍ണവിസ്മയമൊരുക്കിയത്. കാല്‍പ്പന്തുകളിയുടെ ഇതിഹാസത്തിന് മലയാളികളുടെയൊന്നടങ്കം ആദരം.
-min%20(1).jpg?$p=1c71285&&q=0.8)
ആനപ്പുറത്ത് മാത്രമല്ല പതിന്മടങ്ങ് ഉയരത്തില്‍ എവറസ്റ്റ് കൊടുമുടിയില്‍ വരെ മെസ്സി സ്‌നേഹം പാറിപ്പറന്നിട്ടുണ്ട്. ചൈനീസ് സാഹസികനായ ഡാന്‍ മെസ്സിയോടുള്ള ആരാധന വ്യത്യസ്തമായാണ് പ്രകടിപ്പിച്ചത്. എവറസ്റ്റ് കൊടുമുടിയ്ക്ക് മുകളില്‍ മെസ്സിയുടെ നീലക്കുപ്പായം ഉയര്‍ത്തിയാണ് ഡാന്‍ ഏവരേയും വിസ്മയിപ്പിച്ചത്. 8848 മീറ്റര്‍ ഉയരത്തിലെത്തി നില്‍ക്കുമ്പോഴും അയാള്‍ മെസ്സിയെ അവിടെ അടയാളപ്പെടുത്താന്‍ മറന്നില്ല. എവറസ്റ്റ് കീഴടക്കുകയെന്ന അവിശ്വസനീയമായ നേട്ടത്തെ പ്രശംസിച്ച മെസ്സി, തന്നോടുള്ള സ്‌നേഹത്തിന് പ്രത്യേകം നന്ദിയും പറഞ്ഞു. റൊസാരിയോയില്‍ ഒരാള്‍ തന്റെ കുഞ്ഞിന് മെസ്സി എന്ന പേര് വരെ നല്‍കി. ഒടുവില്‍ അധികാരികള്‍ക്ക് ഇതിനെതിരേ ഉത്തരവിടേണ്ടിയും വന്നു. ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മെസ്സിയെന്ന പേര് നല്‍കുന്നത് തടഞ്ഞുകൊണ്ടാണ് റൊസാരിയോയില്‍ അധികാരികള്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മെസ്സി എന്നത് കുടുബപേരാണെന്നും അത് മറ്റൊരു വ്യക്തിയുടെ പേരിന്റെ ആദ്യ നാമമായി ഉപയോഗിക്കരുതെന്നുമായിരുന്നു നിര്‍ദേശം.
റൊസാരിയോ പോലെ ബാഴ്‌സലോണയും മെസ്സിയ്ക്ക് അത്രയും പ്രിയപ്പെട്ടതാണ്. കുട്ടിക്കാലം മുതല്‍ മെസ്സി പന്തുതട്ടിക്കളിച്ച നഗരമാണ് ബാഴ്‌സലോണ. അവിടെ കളിച്ച് കളിച്ചാണ് ആ റൊസാരിയോക്കാരന്‍ പയ്യന്‍ സ്‌പെയിനിലും തരംഗമാകുന്നത്. ലാലിഗയില്‍ പുതുചരിത്രമെഴുതിയ മെസ്സി മഡ്രിഡ്കാരുടെ 'ശത്രുവാ'യി മാറി. എങ്കിലും പലതവണ അവരുടെ കയ്യടിയേറ്റുവാങ്ങിയാണ് മെസ്സി മടങ്ങിയത്. സ്‌പെയിന്‍ പൗരത്വം ലഭിച്ച മെസ്സിയ്ക്ക് വേണമെങ്കില്‍ സ്‌പെയിന്‍ ദേശീയ ടീമിനായി ബൂട്ടുകെട്ടാമായിരുന്നു. പക്ഷേ അര്‍ജന്റീനയല്ലാതെ മറ്റൊരു രാജ്യത്തിനുവേണ്ടിയും കളിക്കില്ലെന്ന ഉറച്ച നിലപാടാണ് മെസ്സി കൈക്കൊണ്ടത്. സ്‌പെയിനില്‍ ചരിത്രമെഴുതിയ മെസ്സി മൈതാനങ്ങള്‍ കടന്ന് നിഘണ്ടുവിലുമെത്തി. സ്പാനിഷ് നിഘണ്ടുവിലാണ് മെസ്സിയെ സൂചിപ്പിക്കുന്ന 'inmessionante' എന്ന വാക്ക് കൂട്ടിച്ചേര്‍ത്തത്. രണ്ട് അര്‍ഥങ്ങളാണ് വാക്കിന് നിഘണ്ടുവിലുണ്ടായിരുന്നത്. 'ഫുട്‌ബോള്‍ കളിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം, സ്വയം മെച്ചപ്പെടാനുള്ള പരിധിയില്ലാത്ത കഴിവ്', 'എക്കാലത്തേയും മികച്ച കളിക്കാരനെ സൂചിപ്പിക്കുന്നു' എന്നിവയാണവ.
ജര്‍മനിക്കുവേണ്ടിയോ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന് വേണ്ടിയോ മെസ്സി കളിച്ചിട്ടില്ല. എങ്കിലും ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ മ്യൂസിയത്തില്‍ മെസ്സിയുടെ ജേഴ്‌സിയുണ്ട്. ബയേണ്‍ ഇതിഹാസം ജെര്‍ഡ് മുള്ളറിന് മെസ്സി സമ്മാനിച്ച ജേഴ്‌സിയാണത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മുള്ളറിനെ മറികടന്നുകൊണ്ട് മെസ്സി സ്വന്തമാക്കിയതിന് ശേഷമാണ് മെസ്സി അദ്ദേഹത്തിന് ജേഴ്‌സി സമ്മാനിച്ചത്. ഈ ജേഴ്‌സിയാണ് അലിയന്‍സ് അരീനയിലെ മ്യൂസിയത്തിലുള്ളത്. മ്യൂസിയത്തിലെ ഏക വിദേശതാരത്തിന്റെ ജേഴ്‌സിയും ഇത് തന്നെയാണ്.
ഖത്തറില്‍ ലോകകപ്പ് സമയത്ത് മെസ്സി താമസിച്ച മുറി തന്നെ മ്യൂസിയമാക്കി മാറ്റാനൊരുങ്ങുകയാണ് അധികൃതര്‍. ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലിലാണ് ലോകകപ്പ് സമയത്ത് മെസ്സിയും അര്‍ജന്റീന താരങ്ങളും താമസിച്ചത്. ഇതില്‍ മെസ്സിയും സുഹൃത്തും മുന്‍ സഹതാരവുമായിരുന്ന സെര്‍ജിയോ അഗ്യൂറോയും താമസിച്ച 201-ാം നമ്പര്‍ മുറിയുമാണ് മ്യൂസിയമാക്കി മാറ്റുന്നത്. മുറിയില്‍ മെസ്സി ഉപയോഗിച്ച വസ്തുക്കളെല്ലാം അതേപടി നിലനിര്‍ത്തിയിട്ടുണ്ട്.
ഖത്തര്‍ ലോകകപ്പ് നേട്ടത്തോടെയാണ് മെസ്സിയുടെ കരിയറിന് പൂര്‍ണത കൈവരുന്നത്. വ്യക്തിഗത നേട്ടങ്ങളും ക്ലബ്ബിലെ കിരീടനേട്ടങ്ങളും കൊണ്ട് സമ്പന്നമായ മെസ്സിയുടെ കരിയറില്‍ കാല്‍പന്തുകളിയിലെ ആ കനകകിരീടത്തിന്റെ വിടവുണ്ടായിരുന്നു. അത് കൂടിയാണ് ഖത്തറില്‍ വെച്ച് നികത്തപ്പെട്ടത്. പിന്നാലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച കളിക്കാരനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും മെസ്സിയെ തേടിയെത്തി. കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളെ പരിഗണിച്ചുകൊണ്ട് കായികരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരവും മെസ്സിയുടെ കൈകളില്‍ വന്നുചേരുകയാണ്. ഇത് രണ്ടാം തവണയാണ് മെസ്സി ലോറസ് പുരസ്‌കാരം നേടുന്നത്. ഇതിന് മുമ്പ് 2020-ലാണ് മെസ്സി ലോറസ് പുരസ്‌കാരം നേടിയത്. ഒരു ടീം ഇനത്തില്‍ നിന്ന് ലോറസ് പുരസ്‌കാരം കരസ്ഥമാക്കുന്ന ആദ്യ താരമാണ് മെസ്സി.

കളിക്കളത്തില്‍ മെസ്സി നേടിയ ഗോളുകളെക്കുറിച്ചും റെക്കോര്‍ഡുകളെക്കുറിച്ചും യഥാര്‍ഥത്തില്‍ പറയാതിരിക്കുന്നതാണ് ഉചിതം. ചില ആരാധകരുടേയും ഫുട്‌ബോള്‍ പണ്ഡിതരുടേയും പക്ഷം അങ്ങനെയാണ്. അന്നൊരിക്കല്‍ സാവി പറഞ്ഞതുപോലെഅയാളെക്കുറിച്ച് എഴുതാനോ വര്‍ണിക്കാനോ ശ്രമിക്കരുത്, അയാളുടെ കളി കാണുക അത്രമാത്രം. അയാള്‍ പന്തുതട്ടുന്നത് കാണുന്നതു തന്നെ വലിയൊരു ആനന്ദമാണ്. 'ലോകത്തിലെ ഏഴ് മഹാദ്ഭുതങ്ങള്‍ ഒരു പക്ഷേ മറ്റെവിടെയെങ്കിലുമായിരിക്കും എന്നാല്‍ എട്ടാമത്തേത് ഇവിടെയുണ്ട്' എന്നൊരിക്കല്‍ മെസ്സിയുടെ കളിക്കിടയില്‍ ഒരു കമന്റേറ്റര്‍ പറഞ്ഞിട്ടുണ്ട്. പ്രതിരോധനിരക്കാര്‍ അയാളെ ഫേസ്ബുക്കിലൂടെ പിന്തുടരാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ ട്വിറ്ററിലൂടെ പുറത്തുവരുന്നു എന്ന് മറ്റൊരാള്‍. കളിക്കപ്പുറം അയാള്‍ നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ അന്റോണിയോ ലോബോ എഴുതിയതുപോലെ
'ജീവിതത്തില്‍ പ്രധാനപ്പെട്ട മൂന്നോ നാലോ കാര്യങ്ങളുണ്ട്. പുസ്തകങ്ങള്‍, സുഹൃത്തുക്കള്‍, സ്ത്രീകള്‍...പിന്നെ മെസ്സി.'
Content Highlights: lionel messi uniting the people of his country and whole world
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..