-
ടിക്കി ടാക്കയെന്ന മൈതാന മാന്ത്രികതയിലൂടെ ലോക ഫുട്ബോളിലെ പേരുകേട്ട ആക്രമണ നിരയെ പോലും തങ്ങളുടെ ചൊൽപ്പടിക്ക് നിർത്തിയിരുന്നവരായിരുന്നു ഒരുകാലത്ത് ബാഴ്സലോണ. പെപ് ഗ്വാർഡിയോളയെന്ന സാത്വികനു കീഴിൽ മെസ്സിയും സാവിയും ഇനിയെസ്റ്റയും ബുസ്ക്കെറ്റ്സുമെല്ലാം ചേർന്ന് രചിക്കുന്ന കവിതയായിരുന്നു അക്കാലത്തെ ബാഴ്സയുടെ ഓരോ കളികളും.
ഗ്വാർഡിയോളയും വൈകാതെ സാവിയും ഇനിയെസ്റ്റയുമടക്കം ഓരോരുത്തരായി കളമൊഴിഞ്ഞതോടെ ബാഴ്സ രചിക്കുന്ന കവിതകളിൽ അക്ഷരപ്പിശകുകൾ കടന്നുവരാൻ തുടങ്ങി. പന്ത് കൈവശം വെച്ച് എതിരാളികളെ വെറുപ്പിക്കുന്ന തനത് ബാഴ്സ ശൈലി അവർക്ക് കൈമോശം വന്നു. അത് കാര്യമായി ഉൾക്കൊള്ളാൻ ബാഴ്സയ്ക്ക് ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിലെ ബയേൺ മ്യൂണിക്കിനെതിരായ ക്വാർട്ടർ ഫൈനൽ വേണ്ടിവന്നു.
ബയേണിനോടേറ്റ 2-8 തോൽവിക്കു പിന്നാലെ കോച്ച് ക്വിക് സെറ്റിയൻ തെറിച്ചു. പിന്നാലെ സ്പോർട്ടിങ് ഡയറക്ടർ എറിക് അബിദാലും. മുൻ താരമായിരുന്ന റൊണാൾഡ് കോമാനെ പുതിയ പരിശീലകനായി നിയമിച്ചു. ഇപ്പോഴിതാ ഒരിക്കലും സംഭവിക്കില്ലെന്ന് ഫുട്ബോൾ ലോകം ഉറച്ചുവിശ്വസിച്ചിരുന്ന കാര്യവും സംഭവിക്കാൻ പോകുകയാണ്. ബാഴ്സയുമായി രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പൊക്കിൾക്കൊടി ബന്ധം അറുത്തുമാറ്റാൻ ഒരുങ്ങുകയാണ് ലയണൽ മെസ്സിയെന്ന അവരുടെ ഇതിഹാസ തുല്യനായ താരം.
കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗിൽ ആൻഫീൽഡിൽ ലിവർപൂളിനെതിരായ 4-0 ന്റെ തോൽവിയും റയലിനെതിരായ എൽ ക്ലാസിക്കോ പരാജയും ഇത്തവണ ഒരു കിരീടം പോലുമില്ലാതെ സീസൺ അവസാനിപ്പിക്കേണ്ടി വന്നതുമെല്ലാം ബാഴ്സ കാര്യമായി എടുത്തോ എന്നത് സംശയമാണ്. എന്നാൽ അവരെ ഉണർത്തിയത് ബയേണിന്റെ 'എട്ടടി' പ്രയോഗമായിരുന്നു. അതോടെ പല പ്രധാന തലകളും ഉരുളാൻ തുടങ്ങിയിരിക്കുന്നു.
മെസ്സി ക്ലബ്ബ് വിടാനുള്ള താത്‌പര്യം ബാഴ്സലോണ മാനേജ്മെന്റിനെ അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കരാർ അവസാനിപ്പിക്കുകയാണെന്നറിയിച്ച് താരം കത്ത് നൽകിയതായി ക്ലബ്ബ് അധികൃതരെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബാഴ്സയുമായി അടുത്ത ജൂലായ് വരെ മെസ്സിക്ക് കരാറുണ്ട്. എന്നാൽ സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും ക്ലബ്ബ് വിടാമെന്ന വ്യവസ്ഥ കരാറിലുണ്ടെന്നും ഇത് മെസ്സി ഉപയോഗിക്കുകയാണെന്നുമാണ് റിപ്പോർട്ട്. പക്ഷേ വ്യവസ്ഥയുടെ കാലാവധി ഇക്കഴിഞ്ഞ ജൂണിൽ അവസാനിച്ചതായി ക്ലബ്ബ് വൃത്തങ്ങൾ പറയുന്നു. അങ്ങനെയെങ്കിലും അത് വലിയ നിയമപ്രശ്നത്തിലാകും കലാശിക്കുക.
2001 മുതൽ ബാഴ്സയുടെ ലാ മാസിയ അക്കാദമിയിൽ പന്ത് തട്ടിത്തുടങ്ങിയതാണ് മെസ്സി. മെസ്സിയുടെ വളർച്ചയും നേട്ടങ്ങളുമെല്ലാം ഈ ക്ലബ്ബിനൊപ്പമായിരുന്നു. രാജ്യത്തിനായി വലിയ കിരീടങ്ങളൊന്നും നേടിക്കൊടുക്കാൻ സാധിക്കാത്ത മെസ്സി ബാഴ്സയ്ക്കായി പക്ഷേ 34 മേജർ കിരീടങ്ങളാണ് നൂക്യാമ്പിൽ എത്തിച്ചത്. ബാഴ്സയ്ക്കായി 731 മത്സരങ്ങൾ കളിച്ച അദ്ദേഹം 634 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. 276 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. 10 ലാ ലിഗ കിരീടങ്ങൾ, നാല് യുവേഫ ചാമ്പ്യൻസ് ട്രോഫികൾ, ആറ് കോപ്പ ഡെൽ റേ, മൂന്ന് ക്ലബ്ബ് ലോകകപ്പുകൾ, മൂന്ന് യൂറോപ്യൻ സൂപ്പർ കപ്പ്, എട്ട് സ്പാനിഷ് സൂപ്പർ കപ്പ് എന്നീ നേട്ടങ്ങൾ ഇക്കാലയൡ അദ്ദേഹം ബാഴ്സയ്ക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.
മെസ്സി മാത്രമല്ല ലൂയിസ് സുവാരസ്, ആർതുറോ വിദാൽ, ഇവാൻ റാക്കിട്ടിച്ച്, സാമുവൽ ഉംറ്റിറ്റി എന്നിവരും ഒരുപക്ഷേ അടുത്ത സീസണിൽ ക്യാമ്പ് നൗവിൽ ഉണ്ടാകില്ല. ഇവരോട് ക്ലബ്ബ് വിടാൻ പുതിയ പരിശീലകൻ റൊണാൾഡ് കോമാൻ നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
ലിവർപൂളിൽ നിന്ന് 2014-ൽ ബാഴ്സയിലെത്തിയ താരമാണ് സുവാരസ്. ഇന്ററിൽ നിന്ന് സ്ട്രൈക്കർ ലൗറ്റാരോ മാർട്ടിനെസിനെ കൊണ്ടുവരാനുള്ള ബാഴ്സയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. 33-കാരനായ യുറഗ്വായ് സ്ട്രൈക്കർ ബാഴ്സയ്ക്കായി 280-ലേറെ മത്സരങ്ങളിൽ നിന്നുമായി 200 ഗോളുകളും നേടി.
32-കാരനായ മിഡ്ഫീൽഡർ റാക്കിട്ടിച്ചും റൊണാൾഡ് കോമാന്റെ പദ്ധതക്ക് പുറത്താണ് സ്ഥാനം. 2014-ലാണ് ക്രൊയേഷ്യൻ താരം ബാഴ്സയിലെത്തിയത്.
പരിക്ക് കാരണം പലപ്പോഴും ടീമിന് പുറത്തായിരുന്ന 26-കാരൻ ഡിഫൻഡർ സാമുവൽ ഉംറ്റിറ്റിയും അടുത്ത സീസണിൽ ക്ലബ്ബിനൊപ്പം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. സീനിയർ താരങ്ങളായ ജെറാർഡ് പിക്വെ, ജോർഡി ആൽബ, സെർജിയോ ബുസ്കെറ്റ്സ് എന്നിവരുടെ കാര്യത്തിലും സംശയം നിലനിൽക്കുക തന്നെയാണ്.
അതേസമയം ക്ലബ്ബ് വിടാനുള്ള മെസ്സിയുടെ തീരുമാനത്തിന് ഏറെ നാളത്തെ പഴക്കമുണ്ടെന്നു വേണം കരുതാൻ. ഇക്കഴിഞ്ഞ ജൂലായിൽ തന്നെ ബാഴ്സയുമായി കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മെസ്സി അവസാനിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനായി ചൂണ്ടിക്കാണിക്കപ്പെടുന്ന കാരണങ്ങൾ പലതാണ്. അവ പലതും പരസ്യമാണുതാനും.
ഈ വർഷം ജനുവരിയിൽ ബാഴ്സ മുൻ പരിശീലകൻ ഏണസ്റ്റോ വാർവെർദയെ പുറത്താക്കിയതിനു കാരണം താനാണെന്ന തരത്തിൽ പുറത്തുവന്ന വാർത്തകളുടെ പേരിൽ മെസ്സിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ലബ്ബിലെ മുൻനിര താരങ്ങളുടെ വേതനം 70 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരേയും മെസ്സി രംഗത്തുവന്നിരുന്നു. വേതനം വെട്ടിക്കുറയ്ക്കാൻ മാനേജ്മെന്റ് നടത്തിയ നീക്കത്തിനെതിരേ മെസ്സി പരസ്യമായാണ് പ്രതികരിച്ചിരുന്നത്.
കളിക്കാരുടെ സഹകരണമില്ലാത്തതുകൊണ്ടാണ് കോച്ച് ഏണസ്റ്റോ വാൽവെർദെയെ പുറത്താക്കേണ്ടിവന്നതെന്ന് ഫുട്ബോൾ ഡയറക്ടർ എറിക് അബിദാൽ പറഞ്ഞതും വിവാദമായിരുന്നു. ഇതോടെ മെസ്സിയും അബിദാലും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് ബാഴ്സലോണ മാനേജ്മെന്റിലും ചേരിപ്പോര് രൂക്ഷമായത്. ക്ലബ്ബിന്റെ ഡയറക്ടർ ബോർഡിലെ ആറ് അംഗങ്ങളാണ് അടുത്തിടെ രാജിവെച്ചത്. പ്രസിഡന്റ് ജോസഫ് മരിയ ബർത്തോമ്യുവിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചായിരുന്നു ഇത്. വൈസ് പ്രസിഡന്റുമാരായ എമിലി റൗസൗദ്, എൻ റീക്കെ തോബസ്, ഡയറക്ടർമാരായ സിൽവിയോ എലിയാസ്, ജോസെപ് പോണ്ട്, ജോർഡി കാൽസമിഗ്ലിയ, മരിയ ടെക്സിഡോർ എന്നിവരാണ് രാജിവെച്ചത്.
ലയണൽ മെസ്സിയും ജെറാർഡ് പിക്വെയും അടങ്ങുന്ന മുതിർന്ന താരങ്ങളുടെ പ്രതിച്ഛായ മോശമാക്കാൻ പബ്ലിക് റിലേഷൻ കമ്പനിയെ ബർത്തോമ്യു നിയോഗിച്ചെന്ന ആരോപണത്തെ തുടർന്നു തന്നെ മെസ്സിയും ബർത്തോമ്യുവും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഫല തർക്കത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ.
തന്നെ എല്ലാമെല്ലാമാക്കിയ ക്ലബ്ബുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഇവയെല്ലാം മെസ്സിയെ പ്രേരിപ്പിച്ചിരിക്കാം. ബാഴ്സ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് നേരിടാൻ പോകുന്നത്. എല്ലാം കലങ്ങിത്തെളിഞ്ഞ് കാറ്റലൻ ക്ലബ്ബ് കൂടുതൽ ഊർജത്തോടെ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: Lionel Messi Suarez Rakitic Vidal could be leaving Barcelona
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..