Lionel Messi | Photo Courtesy: AFP
അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ബാഴ്സലോണ ജഴ്സിയിൽ തുടരമെന്ന് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ലയണൽ മെസ്സി. ഗോൾ ഡോട്ട് കോമിന്റെ പ്രതിനിധി റൂബൻ ഉറിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മെസ്സി 2021 ജൂൺ വരെ ബാഴ്സയ്ക്കൊപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. മെസ്സിയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം.
റൂബൻ: നിശബ്ദത വെടിഞ്ഞ് ഒരു തീരുമാനമെടുക്കാൻ ഇത്രയും സമയമെടുത്തത് എന്തുകൊണ്ടാണ്?
മെസ്സി: ലിസ്ബണിലെ തോൽവിക്കുശേഷം കാര്യങ്ങൾ പഴയപോലെ എളുപ്പമായിരുന്നില്ല. ബയേൺ മ്യൂണിക്ക് കടുപ്പമേറിയ എതിരാളി ആയിരുന്നുവെന്ന് നേരത്തെതന്നെ അറിയാമായിരുന്നു. പക്ഷേ ആ മത്സരം അതുപോലെ അവസാനിപ്പിക്കാൻ അല്ല ഞങ്ങൾ ആഗ്രഹിച്ചിരുന്നത്. ബാഴ്സലോണ എന്ന ക്ലബ്ബിനും ആരാധകർക്കും നാണക്കേടുണ്ടാക്കിയ തോൽവിയായിരുന്നു അത്. മോശം ചിത്രമാണ് ഞങ്ങൾ എല്ലാവർക്കും നൽകിയത്. സമയം കടന്നുപോകട്ടെ എന്നും അതിനുശേഷം എല്ലാത്തിനും വ്യക്തത നൽകാമെന്നും കരുതി.
റൂബൻ: ബാഴ്സ വിടണമെന്ന തീരുമാനത്തിലെത്തിയത് എന്തുകൊണ്ടാണ്?
മെസ്സി: ബാഴ്സയിൽ എന്റെ സമയം അവസാനിച്ചു എന്ന ബോധ്യത്തിലേക്ക് ഞാൻ എത്തിയിട്ട് ഒരു വർഷത്തോളമായി. ഇക്കാര്യം ഒരു വർഷമായി ക്ലബ്ബിനോടും പ്രസിഡന്റിനോടും പറയുന്നുണ്ട്. ക്ലബ്ബിന് കൂടുതൽ യുവതാരങ്ങളെ ആവശ്യമുണ്ടെന്ന് എനിക്കു തോന്നി. എന്റെ കരിയർ ബാഴ്സയിൽ തുടങ്ങി ബാഴ്സയിൽ തന്നെ അവസാനിക്കണം എന്നു ഞാൻ എപ്പോഴും പറയാറുള്ളതാണ്. പക്ഷേ ആ വാക്ക് പാലിക്കാൻ കഴിയാത്തതിൽ എനിക്ക് കുറ്റബോധം തോന്നിയിരുന്നു.
വളരെ പ്രയാസമുള്ള വർഷമായിരുന്നു കടന്നുപോയത്. പരിശീലന സമയത്തും കളിക്കുമ്പോഴും ഡ്രസ്സിങ് റൂമിലുമെല്ലാം ഞാൻ ഒരുപാട് സഹിച്ചു. എല്ലാം എനിക്ക് ബുദ്ധിമുട്ടായി തോന്നി. പുതിയ ലക്ഷ്യത്തിലേക്കുള്ള സമയമായി എന്ന് ഒരു ഘട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞു. ബയേണുമായുള്ള ചാമ്പ്യൻസ് ലീഗ് തോൽവിയുടെ ഫലം മാത്രമല്ല ഈ വിടപറയൽ. കുറേ കാലമായി ഞാൻ ഇക്കാര്യം ആലോചിക്കുന്നുണ്ട്. പ്രസിഡന്റ് ബർത്തോമ്യുവിനോട് പലതവണ ഞാൻ ഇക്കാര്യം സംസാരിച്ചിരുന്നു. അപ്പോഴെല്ലാം സീസൺ അവസാനിക്കുമ്പോൾ തുടരണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. പക്ഷേ അവസാനം അദ്ദേഹം വാക്കുപാലിച്ചില്ല.
റൂബൻ: ഒറ്റപ്പെട്ടു എന്നു എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
മെസ്സി: ഇല്ല. അങ്ങനെ ഒരിക്കലും തോന്നിയിട്ടില്ല. എന്നോടൊപ്പമുള്ളവർ എന്നും കൂടെയുണ്ടായിരുന്നു. എനിക്ക് അതുമാത്രം മതിയായിരുന്നു. അത് എന്നെ പിടിച്ചുനിർത്തി. പക്ഷേ പല തരത്തിലുള്ള ആളുകളിൽ നിന്നുള്ള പ്രതികരണം എന്നെ സങ്കടപ്പെടുത്തി. മാധ്യമപ്രവർത്തകരുൾപ്പെടെയുള്ള ആളുകൾ ബാഴസലോണയുമായുള്ള എന്റെ പ്രതിബദ്ധതെ ചോദ്യം ചെയ്തു. ഞാൻ സ്വപ്നത്തിൽപോലും ചിന്തിക്കാതെ കാര്യങ്ങൾ എന്നെക്കുറിച്ച് പറഞ്ഞു. പക്ഷേ ഒരു തരത്തിൽ ആളുകളുടെ യഥാർത്ഥ മുഖം മനസ്സിലാക്കാൻ ഇത് എന്നെ സഹായിച്ചു. ഫുട്ബോൾ ലോകത്ത് നിലനിൽപ്പ് എന്നത് പ്രയാസമുള്ള കാര്യമാണ്. കാണുമ്പോൾ ചിരിച്ചുകാണിച്ച് പിന്നിൽ നിന്ന് കുത്തുന്ന ഒരുപാട് ആളുകളുണ്ട്. ഇത്തരം ആളുകളെ തിരിച്ചറിയാൻ ഈ സംഭവങ്ങളെല്ലാം എന്നെ സഹായിച്ചു. ബാഴ്സലോണ ക്ലബ്ബിനോടുള്ള എന്റെ സ്നേഹം ചോദ്യം ചെയ്യപ്പെട്ടപ്പോൾ അതെന്ന വേദനിപ്പിച്ചു. ഞാൻ നിന്നാലും പോയാലും ബാഴ്സയോടുള്ള സ്നേഹത്തിൽ മാറ്റമുണ്ടാകില്ല.
റൂബൻ: പണത്തെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചുമെല്ലാം പല തരത്തിലുള്ള വ്യാഖ്യാനങ്ങളും സംസാരങ്ങളുമുണ്ടായിട്ടുണ്ട്. ബാഴ്സ ജഴ്സിയിൽ 20 വർഷത്തെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് എന്താണ്?
മെസ്സി: സുഹൃത്തുക്കളെ കുറിച്ചും പണത്തെ കുറിച്ചുമെല്ലാം പറഞ്ഞത് എന്നെ വേദനിപ്പിച്ചു. ബാഴ്സലോണ എന്ന ക്ലബ്ബിന് ഞാൻ എന്തിനേക്കാളുമേറെ വില കൽപ്പിക്കുന്നുണ്ട്. എനിക്ക് എപ്പോൾ വേണമെങ്കിലും ബാഴ്സ വിടാമായിരുന്നു. പിന്നെ എനിക്ക് ലഭിക്കാൻപോകുന്ന പണത്തെ കുറിച്ച് പറയുന്നത് എന്ത് അർഥത്തിലാണ്. എല്ലാ വർഷവും എനിക്ക് ബാഴ്സ വിടാനുള്ള അവസരമുണ്ടായിരുന്നു. കൂടുതല് പണവും ലഭിക്കുമായിരുന്നു. പക്ഷേ ഞാൻ അതിന് ഒരുക്കമായിരുന്നില്ല. എനിക്ക് എന്റെ സ്വന്തം വീടു പോലെയാണ് ബാഴ്സ. അതുവിട്ടുപോകാൻ ഒരിക്കലും മനസ്സുവന്നില്ല. ഇവിടെയുള്ളതിനേക്കാൾ മികച്ചത് മറ്റൊരിടത്ത് ഉണ്ടെ്ന്ന എന്നെ ബോധ്യപ്പെടുത്താൻ പ്രയാസമായിരുന്നു. ഇപ്പോൾ ഒരു മാറ്റം വേണമെന്ന് എനിക്ക് തോന്നിയിരിക്കുന്നു.
റൂബൻ: 20 വർഷത്തെ ബാഴ്സലോണയിലെ ജീവിതം, ബാഴ്സലോണയിലെ കുടുംബം, ബാഴ്സലോണ എന്ന നഗരം.. ഇതെല്ലാം ഉപേക്ഷിച്ചുപോരുക എന്ന തീരുമാനം എടുക്കാൻ പ്രയാസമായിരുന്നില്ലേ?
മെസ്സി: തീർച്ചയായും. ആ തീരുമാനം പ്രയാസകരമായിരുന്നു. ബയേണിനോടേറ്റ തോൽവിയിൽ നിന്നല്ല തീരുമാനമുണ്ടായത്. അതിൽ പല ഘടകങ്ങളുമുണ്ട്. ഇവിടെ കളി തുടങ്ങി ഇവിടത്തന്നെ കളി അവസാനിപ്പിക്കണമെന്നത് ഞാൻ എപ്പോഴും പറയാറുള്ള ആഗ്രഹമായിരുന്നു. അതിന് ക്ലബ്ബിനൊപ്പം കിരീടങ്ങൾ നേടണം. വിജയം തുടക്കഥയാക്കണം. എന്നാൽ കുറച്ചു കാലമായി കിരീടമോ വിജയച്ചിരിയോ ഇല്ല. അതുകൊണ്ടുതന്നെ ഇവിടെ നിലനിൽപ്പ് അസാധ്യമാഞാൻ എപ്പോഴും ക്ലബ്ബിന്റെ വളർച്ചയാണ് ആഗ്രഹിച്ചത്. ഞാനുണ്ടായിട്ടും അതില്ല എങ്കിൽ ഞാൻ മാറുന്നതാണ് നല്ലത്.
റൂബൻ: ബാഴ്സലോണ വിടുകയാണെന്ന് കുടുംബത്തോട് പറഞ്ഞപ്പോൾ എന്തായിരുന്നു പ്രതികരണം?
മെസ്സി: ഞാൻ എന്റെ ഭാര്യയോടും കുട്ടികളോടും ബാഴ്സ വിടുകയാണെന്ന തീരുമാനം പറഞ്ഞു. അവരാകെ ഞെട്ടിപ്പോയി. അമ്പരന്നു. എല്ലാവരും കരയാൻ തുടങ്ങി. എന്റെ കുഞ്ഞുങ്ങൾക്ക് ബാഴ്സ വിടുന്നതിനോട് താത്‌പര്യമുണ്ടായിരുന്നില്ല. സ്കൂളും കൂട്ടുകാരും മാറുന്നത് ഓർത്തായിരുന്നു അവരുടെ സങ്കടം.
ഞാൻ നേരത്തെ പറഞ്ഞതുപോലെ ഫ്രീ ട്രാൻസ്‌ഫ്റിൽ ക്ലബ്ബ് വിടാമെന്നാണ് ഞാൻ കരുതിയത്. പ്രസിഡന്റ് ബർത്തോമ്യുവിനോട് പലതവണ സംസാരിച്ചപ്പോഴും സീസൺ അവസാനിക്കുമ്പോൾ തുടരണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാമെന്നാണ് അറിയിച്ചത്. ഇത് കണക്കിലെടുത്താണ് ഫ്രീ ട്രാൻസ്‌ഫറിനുള്ള അപേക്ഷ നൽകിയത്. ഇപ്പോൾ അവർ പറയുന്നത് 2020 ജൂൺ പത്തിന് മുമ്പ് തീരുമാനം അറിയിക്കണമായിരുന്നു എന്നാണ്. എന്നാൽ ആ സമയത്ത് ലാ ലിഗ പകുതിയേ പിന്നിട്ടിട്ടുണ്ടായിരുന്നുള്ളു. ഒപ്പം കോവിഡ് ആശങ്കയിലായിരുന്നു എല്ലാവരും. പക്ഷേ ഇതൊന്നും പ്രസിഡന്റെ മുഖവിലയ്ക്കെടുത്തില്ല. റിലീസ് ക്ലോസ് ആയ ആറായിരം കോടിയോളം രൂപ നൽകിയാൽ മാത്രമേ ക്ലബ്ബ് വിടാൻ വിടാൻ അനുവദിക്കൂ എന്നാണ് പറഞ്ഞത്. ഇത്രയും തുക നൽകുകയെന്നത് അസാധ്യമാണ്. മറ്റൊരു മാർഗമുള്ളത് കോടതിയെ സമീപിക്കുക എന്നതാണ്. എന്നാൽ എന്റെ ജീവിതം തന്നെയായ ബാഴ്സയെ കോടതിയിലേക്ക് വലിച്ചിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് മാത്രം ഞാൻ ഒരു വർഷം കൂടി ക്ലബ്ബിൽ തുടരുകയാണ്.
റൂബൻ: ഇതായിരുന്നോ നിങ്ങളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്? ബാഴ്സയെ ജീവനോളം സ്നേഹിച്ചിട്ടും നിങ്ങൾ ബാഴ്സയെ കോടതി കയറ്റുമെന്ന് വിശ്വസിച്ച ആളുകൾ ഉണ്ടായിരുന്നു എന്നതാണോ ഏറ്റവും കൂടുതൽ വേദന നൽകിയത്?
മെസ്സി: എനിക്കെതിരേ പുറത്തുവന്ന പല വാർത്തകളും റിപ്പോർട്ടുകളും എന്നെ വേദനിപ്പിച്ചു. അതിൽ എന്നെക്കുറിച്ചുള്ള തെറ്റായ വാർത്തകളായിരുന്നു ഏറെ വേദനിപ്പിച്ചത്. എന്റെ സാമ്പത്തികനേട്ടത്തിനായി ഞാൻ ബാഴ്സയ്ക്കെതിരേ പോരാടുമെന്ന് ചിലരെങ്കിലും കരുതാൻ കാരണം ഈ റിപ്പോർട്ടുകളാണ്. പക്ഷേ ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. ഞാൻ ഒരുകാര്യം ആവർത്തിക്കുകയാണ്, എനിക്ക് ബാഴ്സ വിടണം. അതു എന്റെ അവകാശമാണ്. കാരണം കരാറിൽ ഇതു വ്യക്തമായി പറയുന്നുണ്ട്. ഫുട്ബോളിലെ എന്റെ അവസാന കാലഘട്ടം സന്തോഷം നിറഞ്ഞതായിരിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാൽ ബാഴ്സയിൽ ഇപ്പോൾ എനിക്ക് സന്തോഷം കണ്ടെത്താനാകുന്നില്ല. അതുകൊണ്ടാണ് ഞാൻ പോകണം എന്നു തീരുമാനിച്ചത്.
റൂബൻ: സന്തോഷമായിരിക്കുക എന്നതു തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എപ്പോഴും കിരീടങ്ങൾക്കായി മത്സരിച്ചിരുന്ന ബാഴ്സയെ ഇപ്പോൾ കാണാനില്ല. ഇനി എങ്ങനെയായിരിക്കും കാര്യങ്ങൾ? ബാഴ്സയുടെ ക്യാപ്റ്റനായി തുടരുമോ?
മെസ്സി: ഞാൻ ബാഴസയിൽ പഴയതുപോലെ തുടരും. എന്റെ കാഴ്ച്ചപ്പാടിൽ ഒരു മാറ്റവുമുണ്ടാകില്ല. എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. എപ്പോഴും വിജയിക്കണം എന്നു ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. തോൽവി ഞാൻ ഇഷ്ടപ്പെടുന്നില്ല. എപ്പോഴും ക്ലബ്ബിന് വേണ്ടി മികച്ചത് നൽകാനാണ് ഞാൻ ശ്രമിച്ചത്. അതു തുടരും. ഇനി പുതിയ കോച്ചും പുതിയ തന്ത്രങ്ങളുമാണ്. എന്താണ് സംഭവിക്കുക എന്ന് എനിക്ക് അറിയില്ല.
റൂബൻ: ബാഴ്സലോണയെ മെസ്സി കൈയൊഴിയുകയാണെന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ എന്താണ് ആദ്യം ആലോചിച്ചത്? അമർഷം തോന്നിയോ?
മെസ്സി: ബാഴ്സലോണയുമായുള്ള എന്റെ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെട്ടപ്പോൾ എന്റെ ഉള്ളു വിങ്ങി. ഞാൻ ബാഴ്സലോണയെ സ്നേഹിക്കുന്നു. ബാഴ്സയേക്കാൾ മികച്ചൊരു ക്ലബ്ബ് എനിക്ക മറ്റെവിടേയും കണ്ടെത്താനാകില്ല. ഇപ്പോഴും എനിക്ക് തീരുമാനിക്കാനുള്ള അവകാശമുണ്ട്. പുതിയ ലക്ഷ്യങ്ങളും പുതിയ വെല്ലുവിളികളുമാണ് ഇപ്പോൾ എന്റെ മുന്നിലുള്ളത്. നാളെ ചിലപ്പോൾ ഞാൻ തിരിച്ചുവന്നേക്കാം. കാരണം ഇവിടെ ബാഴ്സയിലാണ് എന്റെ എല്ലാമുള്ളത്. എന്റെ കുടുംബവും എന്റെ മക്കളും ഇവിടെയാണ് വളർന്നത്. ബാഴ്സ വിട്ടുപോകുക എന്നതിൽ തെറ്റായി ഒന്നുമില്ല. എനിക്ക് അത് അത്യാവശ്യമാണ്. ക്ലബ്ബിനും അത്യാവശ്യമാണ്. ഇത് എല്ലാവരുടേയും നന്മയ്ക്ക് വേണ്ടിയാണ്.
റൂബൻ: താങ്കളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ കുടുംബം. നിങ്ങളുടെ അച്ഛനും ഭാര്യയും കുട്ടികളുമെല്ലാം മോശം അവസ്ഥയിലൂടെയാണ് കടന്നുപോയത്. അവർ എന്തെങ്കിലും ചോദിച്ചിരുന്നോ? ടെലിവിഷനിലെ വാർത്തകൾ കണ്ടിരുന്നില്ലേ?
മെസ്സി: എല്ലാവരേയും സംബന്ധിച്ച് ഏറെ പ്രയാസകരമായ സമയമാണ് കടന്നുപോയത്. എന്റെ തീരുമാനം വളരെ വ്യക്തതയുള്ളതായിരുന്നു. എനിക്ക് എന്താണ് വേണ്ടതെന്ന് ഞാൻ വളരെ വ്യക്തമായി പറഞ്ഞത്. എല്ലാ വേദനയും സഹിച്ച് ഭാര്യ എന്നോടൊപ്പം നിന്നു,
റൂബൻ: പക്ഷേ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗം മത്യാവുവിന്റെ പ്രതികരണം?
മെസ്സി: (ചിരിക്കുന്നു) അതെ, പക്ഷേ മത്യാവുവിന് ഇതൊന്നു മനസിലാകാനുള്ള പ്രായം ആയിട്ടില്ലല്ലോ. ബാഴ്സ വിടുന്നതിനെ കുറിച്ചും മറ്റൊരു നഗരത്തിൽ താമസിക്കുന്നതിനെ കുറിച്ചുമൊന്നും മനസിലാക്കാനുള്ള പ്രായം അവനായിട്ടില്ല. പക്ഷേ തിയാഗോയ്ക്ക് എല്ലാം അറിയാമായിരുന്നു. അവൻ ടിവിയിൽ വാർത്ത കണ്ട് എന്നോട് ചോദിച്ചു. ഞാൻ കാര്യം പറഞ്ഞപ്പോൾ അവൻ കരയാൻ തുടങ്ങി. സ്കൂളും കൂട്ടുകാരും നഷ്ടപ്പെടുന്നത് ഓർത്തായിരുന്നു അവന്റെ സങ്കടം. 'പോകണ്ട' എന്ന് അവൻ എന്നോടു കരഞ്ഞുപറഞ്ഞു.
റൂബൻ: താങ്കളുടെ മക്കളുടെ പ്രായമുള്ളപ്പോഴാണ് താങ്കൾ ബാഴ്സലോണയിലെത്തുന്നത്. ഇപ്പോൾ ആളുകൾ അറിയാൻ ആഗ്രഹിക്കുന്നത് ബാഴ്സയിൽ തുടരുകയാണെങ്കിൽ വീണ്ടും ടീമിനെ നയിക്കുമോ എന്നതാണ്?
മെസ്സി: പതിവുപോലെ ഞാൻ എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും. ക്യാപ്റ്റനായി തുടരുമോ എന്ന് അറിയില്ല. വളരെ പ്രതിസന്ധി നിറഞ്ഞ വർഷമാണ് കടന്നുപോയത്. പക്ഷേ ഇത് കോവിഡുമായി ബന്ധപ്പെട്ട നഷ്ടവുമായി താരതമ്യം ചെയ്യുന്നത് ആത്മവഞ്ചനയാകും. ഇനിയുള്ള എന്റെ എല്ലാ വിജയങ്ങളും എന്നോടൊപ്പം നിന്നവർക്കും കൊറോണ വൈറസിനെ അതിജീവിച്ചവർക്കും മോശം അവസ്ഥയിലൂടെ കടന്നുപോയവർക്കും ഞാൻ സമർപ്പിക്കുകയാണ്.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..