പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ടെന്ന തത്വത്തെ സാധൂകരിക്കുന്ന തരത്തിലായിരുന്നു സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ലയണല്‍ മെസ്സിയെന്ന ഇതിഹാസത്തിന്റെ ഓരോ നീക്കങ്ങളും. എല്‍ ക്ലാസികോയിലെ ക്ലാസിക് കളി. ചാമ്പ്യന്‍സ് ലീഗില്‍ യുവന്റെസിനെതിരായ മത്സരത്തില്‍ മൂക്കുംകുത്തി വീണപ്പോള്‍ പരിഹസിച്ചവര്‍ക്ക് നല്‍കിയ മുഖമടിച്ചുള്ള മറുപടി.
മത്സരത്തിനിടെ ചവിട്ടി വീഴ്ത്തി വായില്‍ മുറിവ് പറ്റിയിട്ടും, തന്റെ രക്തത്തിനായി എഴുപതിനായിരത്തോളം കാണികള്‍ അലറിവിളിച്ചിട്ടും മെസ്സി അവസാന നിമിഷത്തില്‍ മിശിഹയായി അവതരിച്ചു. ദി കിങ് ഈസ് ബാക്ക്...ബാഴ്‌സയെയും മെസ്സിയെയും ആരാധിക്കുന്നവര്‍ ആ 92-ാം മിനിറ്റിലെ ഗോള്‍ കണ്ട് വിളിച്ചു പറഞ്ഞു. യഥാര്‍ത്ഥത്തില്‍ റയലിന് മെസ്സിയുടെ രക്തം വീഴ്ത്തിയിടത്താണ് പിഴവ് പറ്റിയത്. സാന്റിയാഗോ ബെര്‍ണാബ്യൂവിലെ പച്ചപ്പില്‍ മെസ്സിയുടെ രക്തം വീണതു മുതല്‍ അത് മിശിഹയുടെ കളിയായി മാറുകയായിരുന്നു.
അവസാന ഗോളിന് ശേഷം ആരാധകര്‍ക്കു നേരെ ചോരയുടെ ചുവപ്പും പ്രതീക്ഷയുടെ നീലയും കലര്‍ന്ന ജഴ്‌സി ഉയര്‍ത്തിപ്പിടിച്ച് നിന്ന മെസ്സിയുടെ ചിതം ചില്ലിട്ട് സൂക്ഷിച്ച് ചുമരില്‍ തൂക്കേണ്ടതു തന്നെയാണ്. എത്ര കാലപ്പഴക്കം വന്നാലും ചിതല്‍ പിടിക്കാതെ, ദ്രവിച്ച് പോകാതെ സൂക്ഷിക്കേണ്ടത്. എന്നാല്‍ മത്സരശേഷം ആ ചിത്രത്തെ ട്രോളുകളായി പരിഹസിച്ചവര്‍ അറിയാതെ പോകുന്ന പലകാര്യങ്ങളുമുണ്ട്.
പഞ്ചാബി ഹൗസിലെ രമണന്‍ തുണി അലക്കുന്നതു പോലെയെന്ന തരത്തില്‍ മെസ്സിയെ പരിഹസിക്കുമ്പോള്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി അണ്ടര്‍ ഡോഗ് എന്ന വിശേഷണവുമായി കളത്തിലിറങ്ങിയ ബാഴ്‌സയെ മെസ്സി ഒറ്റക്ക് ചുമലിലേറ്റി എന്ന സത്യമാണ് നിങ്ങള്‍ വിസ്മരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗിലേറ്റ പരാജയം ബാഴ്‌സ ടീമിനെ ഒന്നാകെ മാറ്റിപ്പണിയുന്നതിലേക്ക് എത്തി നില്‍ക്കുന്ന എന്ന ചര്‍ച്ച ഒരു വശത്ത്,. അതിനിടയില്‍ നെയ്മറുടെ അഭാവം. എല്ലാംകൊണ്ടും പ്രതിസന്ധി നിറഞ്ഞതായിരുന്നു ബാഴ്‌സയെ സംബന്ധിച്ച് റയലിനെതിരായ മത്സരം.
പ്രായം തളര്‍ത്തിയ മധ്യനിരയും ഒട്ടും പക്വതയില്ലാത്ത പ്രതിരോധവും ഫോമിലെത്താത്ത വിങ്ബാക്കുകളും കളിക്കു മുമ്പ് ബാഴ്‌സയുടെ തലവേദനയായിരുന്നു. അവസാന പ്രതീക്ഷ ബാക്കിനിന്നത് ആ പത്താം നമ്പര്‍ ജഴ്‌സിയില്‍ മാത്രം.
അതുകൊണ്ടുതന്നെയാണ് കളി തുടങ്ങിയതു മുതല്‍ ഗോളിനായുള്ള ദാഹവുമായി മെസ്സി ഗ്രൗണ്ടില്‍ ഓരോ നീക്കവും നടത്തിയത്. ഇടയ്ക്ക് നിർഭാഗ്യം കൊണ്ട് അവസരങ്ങള്‍ നഷ്ടമായപ്പോൾ ഫ്രീകിക്ക് ലക്ഷ്യമില്ലാതെ അടിച്ചുകളഞ്ഞു. പക്ഷേ ആ നിമിഷങ്ങളെല്ലാം മായ്ച്ചു കളയുന്നതായിരുന്നു എണ്ണം പറഞ്ഞ ആ രണ്ടു ഗോളുകള്‍. മെസ്സി അടുത്ത സീസണില്‍ ബാഴ്‌സയിലുണ്ടാകുമോ എന്ന് ചോദിച്ചവര്‍ക്കുള്ള ഉത്തരം.
2004 ഒക്ടോബറില്‍ എസ്പാനിയോളിനെതിരെ ലാ ലിഗ അരങ്ങേറ്റം നടത്തിയ മെസ്സിയുടെ ആദ്യ ഗോള്‍ പിറന്നത് ആ വര്‍ഷം മെയിലായിരുന്നു. അല്‍ബസെറ്റെക്കെതിരായ മത്സരത്തിലൂടെ ഗോളടിക്ക് തുടക്കം കുറിച്ച മെസ്സിക്ക് മുന്നില്‍ ചരിത്രം വഴിമാറികൊണ്ടേയിരുന്നു. 2012ല്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും നേടി. ആ സീസണില്‍ 73 ഗോളാണ് എല്ലാ മത്സരങ്ങളിലും കൂടി അടിച്ചത്. 2014ല്‍ സെവിയ്യക്കെതിരെ ഹാട്രിക് നേടിയ ബാഴ്‌സ താരം ടെല്‍മൊ സാറയുടെ 251 ലാ ലിഗ ഗോളെന്ന റെക്കോഡ് മറികടന്നു. ഇപ്പോള്‍ ബാഴ്‌സക്കായി അഞ്ഞൂറു ഗോളെന്ന ചരിത്രനേട്ടത്തിലെത്തിയിരിക്കുന്നു.
Lionel Messi scoring his 500th goal is something but the voice of @RayHudson following that is priceless! #elclasico #messi pic.twitter.com/DPGiNwXIaC
— Sivan John (@SivanJohn_) April 24, 2017
തന്റെ ഗോളില്‍ മുക്കാല്‍പങ്കും ഇടങ്കാല്‍ കൊണ്ടാണ് മെസ്സി അടിച്ചുകൂട്ടിയത്. 18% ഗോളുകള്‍ വലങ്കാല്‍ കൊണ്ടടിച്ചപ്പോള്‍ വെറും അഞ്ചു ശതമാനം മാത്രമാണ് ഹെഡ്ഡര്‍ ഗോള്‍. ബാക്കി രണ്ടു ശതമാനം മറ്റു തരത്തിലുള്ള ഗോളുകളാണ്. ലാ ലിഗയില്‍ ആകെ 343 ഗോളുകള്‍ നേടി ബാഴ്‌സയുടെ എക്കാലത്തെയും ടോപ്പ്‌സ്‌കോററായ മെസ്സി ഈ സീസണില്‍ മാത്രം 31 ഗോളുകളടിച്ചു മുന്നിലാണ്. ഇനി എല്‍ ക്ലാസികോയുടെ കാര്യമെടുത്താല്‍ 23 ഗോളുകളാണ് മെസ്സി ആകെ അടിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ 94 ഗോളുമായി രണ്ടാമതുള്ള മെസ്സി ഈ സീസണില്‍ 11 ഗോളുമായി ഒന്നാമതാണ്. ഈ സീസണില്‍ ലാ ലിഗയില്‍ 31 ഗോളടിച്ചതിനോടൊപ്പം എട്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. തൊട്ടടുത്തുള്ള സുവാരസിന്റെ കണക്ക് 24, 12 എന്നിങ്ങനെയാണ്. ക്രിസ്റ്റ്യാനൊ 19, 6 ഉം ഗ്രീസ്മാന്‍ 16, 7ഉം ആണ്.