പാരഗ്വായ്ക്കാരന് റഫറി മരിയോ ഡയസ് വിവാര്‍ 37-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് ഉയര്‍ത്തുമ്പോള്‍ ലയണല്‍ മെസ്സി കളത്തില്‍ ചുവക്കാതെ 134 കളിയും 11,113 മിനിറ്റും പിന്നിട്ടിരുന്നു. കഴിഞ്ഞ ജൂലായ് ആറിന് കോപ്പ അമേരിക്ക ഫുട്ബോളില്‍ മൂന്നാം സ്ഥാനത്തിനായി ചിലിക്കെതിരായ പോരാട്ടം മുറുകുമ്പോഴായിരുന്നു അത്. അന്താരാഷ്ട്ര കരിയറിലെ രണ്ടാമത്തെ മാത്രം ചുവപ്പുകാര്‍ഡ്.
ആദ്യത്തെ ചുവപ്പുകാര്‍ഡില്‍നിന്ന് രണ്ടാം ചുവപ്പിലേക്കെത്തുമ്പോള് മെസ്സിയെന്ന അര്ജന്റീനക്കാരന് ഇതിഹാസമായിമാറിയിരുന്നു. കളിയുള്ളിടത്തോളംകാലം കാത്തുവെക്കാന്കഴിയുന്ന ഗോളുകളും മുന്നേറ്റങ്ങളും പന്തടക്കവുമായി ആരാധകരിലേക്ക് പടര്‍ന്നുപോയ താരം.
ഫുട്ബോളിലെ രാജകുമാരനായും രാജാവായും മിശിഹയായും വാഴ്ത്തപ്പെടുമ്പോഴും ശിരസ്സിലണിയാന്‍ കിരീടമില്ലാത്തതിന്റെ വേദന മെസ്സി അനുഭവിക്കുന്നുണ്ട്. ചിലി നായകന് ഗാരി മെഡലുമായി ഏറ്റുമുട്ടുന്നതും പിന്നീട് റഫറിക്കെതിരേ രംഗത്തുവന്നതിലുമൊക്കെ ഒറ്റപ്പെടലിന്റെ ഏകാന്തതയുണ്ട്. കിരീടമില്ലാത്തതിന്റെ വിരഹമുണ്ട്.
2005-ല്‍ ഹംഗറിക്കെതിരേ അരങ്ങേറ്റമത്സരത്തിനിറങ്ങുമ്പോള് മെസ്സിയുടെ ഉള്ളില്‍ വികാരങ്ങളുടെ കടലുണ്ടായിരുന്നു. രണ്ടാം മിനിറ്റില്‍ ചുവപ്പുകാര്ഡിലവസാനിച്ച ആദ്യകളിയില്നിന്ന് കോപ്പ അമേരിക്കയുടെ ലൂസേഴ്സ് ഫൈനലിലേക്ക് കളിയും കരിയറും വളരുമ്പോള്‍ മെസ്സിയുടെ ഉള്ളിലെ ആകുലതകളും വളര്‍ന്നിട്ടുണ്ട്. ഒളിമ്പിക്സിലെ സുവര്‍ണമെഡല്‍ മാറ്റിനിര്‍ത്തിയാല്‍ അന്താരാഷ്ട്ര രംഗത്ത് കിരീടമില്ലാതെ ബൂട്ടഴിക്കേണ്ടിവരുമോയെന്ന ആശങ്ക ഒരോ കളിക്കുശേഷവും അയാളെ കുത്തിനോവിക്കുന്നു.
ടീം മോശമായി കളിക്കുമ്പോള്‍, ഗോളടിക്കാത്തപ്പോള്, പിഴവുകളില്‍ അങ്ങനെ പാപഭാരം മുഴുവന്‍ ഒറ്റയ്ക്ക് ചുമക്കേണ്ടിവരുമ്പോഴെല്ലാം ആശ്വസിക്കാന്‍ മെസ്സി ഒരു കപ്പ് സ്വപ്നംകാണുന്നുണ്ട്. കോപ്പയില്‍ വീണ്ടും പിഴച്ചപ്പോള്‍ മിശിഹയില്നിന്ന് മെസ്സിയൊരു സാധാരണക്കാരനായി. ഗാരി മെഡലുമായി കൊമ്പുകോര്‍ത്തപ്പോള്‍ അസാധാരണയില്ലാത്ത, ജയിക്കണമെന്ന് മാത്രമാഗ്രഹമുള്ള ഒരു കളിക്കാരനായി. മഞ്ഞ മതിയെന്ന് ഫുട്ബോള്‍ ലോകം പറഞ്ഞിട്ടും റഫറി ചുവപ്പുകാര്‍ഡ് ഉയര്‍ത്തിയപ്പോള്‍ അവിടെയും മെസ്സി തോറ്റുപോയി.
സമകാലികരില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് രണ്ടു യൂറോപ്യന്‍ കിരീടങ്ങളുടെ അലങ്കാരമുണ്ട്. നെയ്മറിന് കോണ്‍ഫെഡറേഷന്‍ കപ്പുണ്ട്. ബാഴ്സയില്‍ 34 കിരീടങ്ങളുടെ ഗരിമയും അഞ്ച് ബാലണ്‍ദ്യോറിന്റെ പ്രകാശവലയങ്ങളും ഉണ്ടെങ്കിലും മെസ്സിയെ അര്‍ജന്റീനയില്‍ അതൊന്നും തുണയ്ക്കുന്നില്ല. അവര്‍ക്കുമുന്നില്‍ ലോകകപ്പ് ജയിച്ച മാറഡോണയുണ്ട്. എതിരാളികളെ വെട്ടിയൊഴിഞ്ഞ് നേടിയ ഗോളുണ്ട്.
ലോകകപ്പിലും രണ്ടു കോപ്പ അമേരിക്ക ഫൈനലുകളിലും കിരീടപോരാട്ടത്തില്‍ പിഴച്ചുപോയ മെസ്സി ഒരിക്കല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ചെങ്കിലും തിരിച്ചുവന്നത് കിരീടം മോഹിച്ചുതന്നെയാണ്. അതില്‍ പിഴക്കുമ്പോള്‍ അയാള്‍ നിരാശനാകും, ശബ്ദം ഉറക്കെയുയരും. അച്ചടക്കത്തിന്റെ വാള്‍ത്തല ഉയരുമ്പോഴും ഒരു കിരീടം സ്വപ്നംപോലെ ബാക്കിയുണ്ട്. അടുത്ത കോപ്പ സ്വന്തം മണ്ണിലാണ്.
Content Highlights: Lionel Messi banned, fined for Copa America red cards