ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ അത്യുഗ്രൻ ക്യാച്ചിലൂടെ റയാനയെ പുറത്താക്കുന്ന അർച്ചന ദേവി | Photo: Reuters
ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലെ രതായ് പുര്‍വ ഗ്രാമത്തില്‍ പിശാചെന്ന് മുദ്രകുത്തപ്പെട്ട ഒരു സ്ത്രീയുണ്ട്. സാവിത്രി ദേവി. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള സുന്ദരമായ സാവിത്രിയുടെ ജീവിതം പെട്ടെന്നാണ് തലകീഴായി മറിഞ്ഞത്. അധ്വാനിയായ ഭര്‍ത്താവിനെ കാന്‍സര്‍ എന്ന മാരകവ്യാധി കവര്‍ന്നെടുത്തു. പിന്നാലെ പാമ്പുകടിയേറ്റ് അവരുടെ മകനും മരണത്തിന്റെ കയത്തിലേക്ക് വീണു. ഇതോടെ ആ ഗ്രാമവാസികളില്‍ ചിലര്‍ സാവിത്രിയ്‌ക്കൊരു പേരിട്ടു- 'പിശാച്'.
ഭര്‍ത്താവും മകനും നഷ്ടപ്പെടാന്‍ കാരണം സാവിത്രിയാണെന്നായിരുന്നു അവര്‍ കരുതിയത്. എന്നാല്‍ അതെല്ലാം വിധിയെന്നോര്‍ത്ത് സമാധാനിക്കാന്‍ സാവിത്രിയെന്ന ധീരവനിതയ്ക്ക് സാധിച്ചില്ല. അവര്‍ ജീവിത വിജയം നേടുന്നതിനായി പോരാടി. മകളുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം കൂടെനിന്നു. ക്രിക്കറ്റ് കളിക്കണമെന്ന മകളുടെ സ്വപ്‌നത്തിന് മുന്നില്‍ ആ അമ്മ പ്രതീക്ഷയുടെ വാതിലുകള്‍ തുറന്നു. മകളെ ക്രിക്കറ്റ് താരമാക്കാനായി സാവിത്രി തന്നാലാകുന്ന കാര്യങ്ങളെല്ലാം ചെയ്തു. ഒടുവിലിതാ പിശാചെന്ന് വിളിച്ച അതേ നാട്ടുകാര്‍ സാവിത്രിയെ പ്രകീര്‍ത്തിക്കുന്നു. ആശംസകള്‍ കൊണ്ട് മൂടുന്നു. അതിന് കാരണമായത് സാവിത്രിയുടെ പൊന്നോമനയായ മകള്‍ അര്‍ച്ചന ദേവിയാണ്.
പ്രഥമ അണ്ടര്‍ 19 വനിതാ ക്രിക്കറ്റില്‍ ചരിത്രം കുറിച്ചുകൊണ്ട് ഇന്ത്യയുടെ പെണ്‍കൊടികള്‍ വിശ്വകിരീടം ചൂടിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് അര്‍ച്ചന ദേവിയുടെ തകര്‍പ്പന്‍ പ്രകടനമാണ്. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകളാണ് അര്‍ച്ചന പിഴുതെടുത്തത്. അതില്‍ അപകടകാരിയായ ഇംഗ്ലീഷ് നായിക ഗ്രേസ് സ്‌ക്രീവെന്‍സിന്റെ വിക്കറ്റും ഉള്‍പ്പെടും.അര്‍ച്ചനയുടെ അത്യുജ്ജലമായ പ്രകടനമികവില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ സത്യത്തില്‍ ലോകം കീഴടക്കിയത് അമ്മ സാവിത്രിയാണ്. ഒരിക്കല്‍ തള്ളിപ്പറഞ്ഞവരെക്കൊണ്ട് അത് മാറ്റിപ്പറയിപ്പിച്ച സാവിത്രിയുടെയും അര്‍ച്ചനയുടെയും ജീവിതകഥ കണ്ണീരണിയിപ്പിക്കുന്നതാണ്.
2008-ലാണ് സാവിത്രിയുടെ ഭര്‍ത്താവ് ശിവ്‌റാം കാന്‍സറിനെത്തുടര്‍ന്ന് മരിച്ചത്. 2017-ല്‍ അര്‍ച്ചനയുടെ ഇളയസഹോദരന്‍ ബുദ്ധിമാന്‍ പാമ്പുകടിയേറ്റ് മരിച്ചു. പ്രതിസന്ധികള്‍ വന്നെങ്കിലും സാവിത്രി മകളെ ഒരു കുറവുകളുമില്ലാതെ വളര്‍ത്തി. സാവിത്രിയുടെ വീടിനെ പിശാചിന്റെ ഭവനമെന്നാണ് നാട്ടുകാര്‍ വിളിച്ചത്. സാവിത്രിയെ കാണുമ്പോള്‍ ആളുകള്‍ വഴിമാറിപ്പോകുന്നതും പതിവായി. ഭര്‍ത്താവും മകനും നഷ്ടപ്പെട്ടതോടെ സാമ്പത്തികമായി ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്ന സാവിത്രി, മകളുടെ ക്രിക്കറ്റ് മോഹങ്ങള്‍ക്ക് കൂട്ടുനിന്നു. മകള്‍ പരിശീലനത്തിലായി ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ അപരിഷ്‌കൃതരായ നാട്ടുകാര്‍ അതിനെ മറ്റൊരു കണ്ണില്‍ കണ്ടു. മകളെ തെറ്റായ വഴിയ്ക്ക് നയിക്കുന്ന അമ്മയായി സാവിത്രിയെ മുദ്രകുത്തി. വീട്ടില്‍ നിന്ന് 20 കിലോമീറ്ററോളം അകലെയുള്ള ഗഞ്ജ് മൊറാദാബാദിലെ കസ്തുര്‍ബ ഗാന്ധി അവാസിയ ബാലിക വിദ്യാലയയിലാണ് അര്‍ച്ചന പഠിച്ചത്. മകള്‍ പഠിക്കാനും ക്രിക്കറ്റ് പരിശീലിക്കാനുമായി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കാന്‍ അയല്‍ക്കാരില്‍ ചിലര്‍ മത്സരിച്ചു.
അര്‍ച്ചനയുടെ സ്‌കൂളിലെ കായിക അധ്യാപികയായ പൂനം ഗുപ്തയാണ് അവളിലെ കഴിവിനെ വളര്‍ത്തിയെടുത്തിയത്. അര്‍ച്ചനയ്ക്ക് നന്നായി ക്രിക്കറ്റ് കളിക്കാനാവുമെന്ന് കണ്ടെത്തിയ പൂനം, വേനലവധിയ്ക്ക് അര്‍ച്ചനയെ കാണ്‍പൂരിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ താമസിപ്പിച്ച് പരിശീലനം നല്‍കി. അര്‍ച്ചന പന്തെറിയുന്ന വീഡിയോ പൂനം ഗുപ്ത പ്രമുഖ പരിശീലകനായ കപില്‍ പാണ്ഡെയ്ക്ക് അയച്ചുകൊടുത്തു. ഇന്ത്യന്‍ താരം കുല്‍ദീപ് യാദവിന്റെ പരിശീലകനാണ് കപില്‍. അര്‍ച്ചനയുടെ പ്രകടനത്തില്‍ അത്ഭുതപ്പെട്ട കപില്‍ സ്വന്തം ചെലവില്‍ അവളെ മികച്ച ക്രിക്കറ്ററായി വളര്‍ത്തിയെടുത്തു. പിന്നീട് അര്‍ച്ചനയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. സംസ്ഥാനടീമില്‍ കളിച്ചുതുടങ്ങിയ അര്‍ച്ചന വൈകാതെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലും സ്ഥാനം നേടി.
മകള്‍ പടവുകള്‍ ഓരോന്നായി കയറുമ്പോഴും സാവിത്രി ഗ്രാമവാസികളുടെ കുത്തിനോവിക്കലുകളില്‍ തലതാഴ്ത്തി നടക്കുകയായിരുന്നു. മകളെ പണത്തിനായി സാവിത്രി വിറ്റു എന്നുവരെ നാട്ടുകാര്‍ ചിലര്‍ പറഞ്ഞുപരത്തി. ഇതെല്ലാം ആ അമ്മയുടെ നെഞ്ച് പിളര്‍ക്കുന്ന കാര്യങ്ങളായിരുന്നു, പക്ഷേ മകളുടെ സ്വപ്‌നം അത്രവലുതാണെന്ന് അവര്‍ക്കറിയാമായിരുന്നു. സാവിത്രിയ്ക്കും അര്‍ച്ചനയ്ക്കും തുണയായി മൂത്തമകന്‍ രോഹിത് നിലകൊണ്ടു. രോഹിത്ത് ജോലി ചെയ്യാനാരംഭിച്ചതോടെ കുടുംബം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ 2022 മാര്‍ച്ചില്‍ കോവിഡ് മഹാമാരിയെത്തുടര്‍ന്ന് രോഹിത്തിന്റെ ജോലി നഷ്ടമായി. ഇതോടെ സാവിത്രി വീണ്ടും മുന്നിട്ടിറങ്ങേണ്ടിവന്നു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.
അപ്പോഴാണ് നിനച്ചിരിക്കാതെ അര്‍ച്ചന അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലിടം നേടിയത്. ഈ വാര്‍ത്ത ഗ്രാമത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു. ഇതോടെ ഗ്രാമവാസികള്‍ സാവിത്രിയുടെ മനോധൈര്യത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. അര്‍ച്ചന ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ഓരോ മത്സരങ്ങളും കാണാന്‍ സാവിത്രിയുടെ വീട്ടില്‍ ഗ്രാമവാസികള്‍ കൂട്ടമായി എത്തി. ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് കിരീടം നേടുമ്പോള്‍ അര്‍ച്ചനയുടെ വീട് ആഘോഷത്തിമിര്‍പ്പിലായിരുന്നു.
ടൂര്‍ണമെന്റിലുടനീളം പന്തുകൊണ്ട് അത്ഭുതം കാട്ടിയ അര്‍ച്ചന അഞ്ച് മത്സരങ്ങളില്‍നിന്ന് എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ 17 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ റയാനയെ പുറത്താക്കാനായി അര്‍ച്ചനയെടുത്ത തകര്‍പ്പന്‍ ഒറ്റക്കൈയ്യന്‍ ഡൈവ് ക്യാച്ച് ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇന്ത്യയ്ക്ക് വേണ്ടി ലോകകിരീടം നേടിയ അര്‍ച്ചന തുടങ്ങിയിട്ടേയുള്ളൂ. വെറും 18 വയസ്സ് മാത്രമാണ് അര്‍ച്ചനയുടെ പ്രായം. സീനിയര്‍ ടീമില്‍ ഇടം നേടാന്‍ ഈ ലോകകപ്പിലെ പ്രകടനം തന്നെ ധാരാളമാണ്. വരാനിരിക്കുന്ന വനിതാ ഐ.പി.എല്ലിലും അര്‍ച്ചന ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇനി ഇന്ത്യന്‍ സീനിയര്‍ ടീമിലിടം നേടാനാണ് അര്‍ച്ചനയുടെ പ്രയത്‌നം. അത് സാക്ഷാത്കരിച്ചാല്‍ വിജയിക്കുന്നത് അര്‍ച്ചന മാത്രമല്ല അമ്മ സാവിത്രി ദേവി കൂടിയാണ്....
Content Highlights: archana devi, under 19 womens cricket world cup, life story of under19 indian cricket player archana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..