ന്തിനെ ചുംബിച്ചുകൊണ്ട് സ്വര്‍ണ ചുരുളന്‍ തലമുടി പാറിപ്പിച്ച് ബാറ്റ്‌സ്മാനെ വട്ടംകറക്കുന്ന ബൗളിങ് ആക്ഷനുമായി പന്തെറിയാനെത്തുന്ന സിലിംഗ മലിംഗ എന്ന ലസിത് മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ ലോകത്തിന് നഷ്ടമാകുന്നത് എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരിലൊരാളെയാണ്

യോര്‍ക്കറുകളുടെ രാജാവ് എന്ന പേരിലറിയപ്പെടുന്ന മലിംഗയുടെ തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ പതറാത്ത ബാറ്റ്‌സ്മാന്‍ വളരെ ചുരുക്കമാണ്. മൂളിപ്പറന്നുവന്ന് അമ്പുപോലെ വിക്കറ്റില്‍ തറച്ചുകയറുന്ന ലസിത് മലിംഗയുടെ പന്തുകള്‍ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി. ബൗളിങ് ആക്ഷന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറെ കേട്ടെങ്കിലും അതിനെയെല്ലാം നിറഞ്ഞ പുഞ്ചിരി കൊണ്ട് നേരിട്ടുകൊണ്ട് മലിംഗ ക്രിക്കറ്റ് പിച്ചില്‍ കൊടുങ്കാറ്റായി. 

ശ്രീലങ്കയിലെ തീരദേശ ഗ്രാമമായ രത്ഗമയിലുള്ള ഒരു സാധാരണ കുടുംബത്തിലാണ് മലിംഗ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു ബസ് മെക്കാനിക്കായിരുന്നു. തുച്ഛമായ വരുമാനത്തില്‍ നിന്നും മകനെ വലിയ ക്രിക്കറ്റ് താരമാക്കണമെന്ന് ആ അച്ഛന്‍ കൊതിച്ചു. ഗ്രാമത്തിനടുത്തുള്ള ബീച്ചിലാണ് മലിംഗ സ്ഥിരമായി കളിക്കാറ്. ഒരിക്കല്‍ അതുവഴി കടന്നുപോയ മുന്‍ ശ്രീലങ്കന്‍ പേസ് ബൗളര്‍ ചംപക രാമനായകെയാണ് മലിംഗയുടെ കഴിവ് ആദ്യമായി തിരിച്ചറിയുന്നത്. രാമനായകെയുടെ സഹായത്തോടെ മലിംഗ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിലേക്ക് നടന്നുകയറി. 

ആരും കൊതിക്കുന്ന അരങ്ങേറ്റമാണ് മലിംഗയ്ക്ക് ശ്രീലങ്കന്‍ കുപ്പായത്തില്‍ ലഭിച്ചത്. 2004-ല്‍ അന്നത്തെ ലോക ഒന്നാം നമ്പര്‍ ടീമായ സാക്ഷാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ താരം അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തില്‍ തന്നെ ആറുവിക്കറ്റ് വീഴ്ത്തി മലിംഗ വരവറിയിച്ചു. താരത്തിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ട ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് മത്സരത്തിലുപയോഗിച്ച സ്റ്റംപ് മലിംഗയ്ക്ക് സമ്മാനമായി നല്‍കി. പിന്നീട് മലിംഗയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമായി മാറാന്‍ മലിംഗയ്ക്ക് വെറും ഒരു മത്സരം മാത്രമേ വേണ്ടിവന്നുള്ളൂ. ഫോമിന്റെ പരകോടിയില്‍ മലിംഗയുടെ തീതുപ്പുന്ന പന്തുകള്‍ വിക്കറ്റുകള്‍ കടപുഴക്കിക്കൊണ്ടിരുന്നു. ആ സമയത്താണ് ഇടിത്തീ പോലെ ഐ.സി.സിയുടെ താക്കീത് മലിംഗയ്ക്ക് ലഭിക്കുന്നത്. മലിംഗയുടെ ബൗളിങ് ആക്ഷനായിരുന്നു പ്രശ്‌നം. താരത്തിന്റെ ബൗളിങ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് പലരും രംഗത്തെത്തി. ആരും തളര്‍ന്നുപോകുന്ന അവസ്ഥ. എന്നാല്‍ പ്രതിസന്ധികളെയെല്ലാം ചിരിച്ചുകൊണ്ട് മറികടന്ന മലിംഗ വീണ്ടും ക്രിക്കറ്റില്‍ സജീവമായി. മുത്തയ്യ മുരളീധരന്‍ നേരിട്ട അതേ പ്രശ്‌നം മറ്റൊരു ശ്രീലങ്കന്‍ താരത്തിനും നേരിടേണ്ടിവന്നു എന്നതാണ് കൗതുകകരമായ കാര്യം.

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ തുടര്‍ച്ചയായി നാലുപന്തുകളില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ഏകതാരമാണ് മലിംഗ. അതും ഒന്നല്ല, രണ്ടുതവണ. 2007-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും 2019-ല്‍ ന്യൂസീലന്‍ഡിനെതിരെയും. ഈ റെക്കോഡ് ഇനി ഭേദിക്കപ്പെടുമോ എന്ന കാര്യം തന്നെ സംശയമാണ്. ലോകകപ്പില്‍ രണ്ട് തവണ ഹാട്രിക്ക് നേടിയ ഏക ബൗളര്‍ എന്ന റെക്കോഡും മലിംഗയുടെ പേരിലാണ്. കരിയറിലാകെ അഞ്ച് ഹാട്രിക്കുകളാണ് താരം നേടിയെടുത്തത്. ട്വന്റി 20 യില്‍ ആദ്യമായി 100 വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോഡും മലിംഗയാണ് കൈയ്യടക്കി വെച്ചിരിക്കുന്നത്.

പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും അപൂര്‍വമായ ഒരു റെക്കോഡ് മലിംഗ സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ ഒന്‍പതാം വിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റിങ് കൂട്ടുകെട്ട് മലിംഗയുടെ പേരിലാണ്. 2010-ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഏയ്ഞ്ജലോ മാത്യൂസിനൊപ്പം ഒന്‍പതാം വിക്കറ്റില്‍ 132 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് താരം ഈ റെക്കോഡ് സ്വന്തമാക്കിയത്. 

റെക്കോഡുകള്‍ പലതും കീഴടക്കുമ്പോഴും മലിംഗ ഒരിക്കല്‍പ്പോലും അഹങ്കരിച്ചിരുന്നില്ല. യുവതാരങ്ങള്‍ക്ക് എപ്പോഴും പ്രചോദനം നല്‍കുന്ന താരം ഏത് ദുര്‍ഘട ഘട്ടങ്ങളിലും സൗമ്യനായി നിന്ന് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. അതുകൊണ്ടുതന്നെ സീറോ ഹെയ്‌റ്റേഴ്‌സ് വിഭാഗത്തിലാണ് താരത്തിന്റെ സ്ഥാനം. 

ശ്രീലങ്കയ്ക്ക് വേണ്ടി 30 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച മലിംഗ 101 വിക്കറ്റുകളും 226 ഏകദിനങ്ങളില്‍ നിന്ന് 338 വിക്കറ്റുകളും വീഴ്ത്തി. 84 ട്വന്റി 20 മത്സരങ്ങള്‍ കളിച്ച താരം 107 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. വെറും ആറ് റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് താരത്തിന്റെ ട്വന്റി 20യിലെ മികച്ച ബൗളിങ് പ്രകടനം. 

മലിംഗ ക്രിക്കറ്റ് ലോകത്തോട് വിടപറയുമ്പോള്‍ ഒരു യുഗമാണ് അവസാനിക്കുന്നത്. 16 വര്‍ഷം നീണ്ട കരിയര്‍ ഈ 38 കാരന്‍ അവസാനിപ്പിക്കുമ്പോഴും ശ്രീലങ്കന്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. തകര്‍ന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കന്‍ ടീമിനെ കൈപിടിച്ചുയര്‍ത്താന്‍ പരിശീലകന്റെ റോളില്‍ താരം മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍...

Content Highlights:  Life story of Sri Lankan cricket legend Lasith Malinga