സ്വർണ മെഡലുമായി നിഖാത്ത് സരിൻ | Photo: PTI
വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിക്കൊണ്ട് നിഖാത്ത് സരിന്‍ എന്ന 25 കാരി ഇന്ത്യയുടെ അഭിമാനമായി മാറി. ഇന്ത്യന്‍ ജനത ഈ വിജയത്തില്‍ ഊറ്റംകൊള്ളുമ്പോഴും സരിന്റെ മനസ്സില്‍ ഒരു മധുരപ്രതികാരത്തിന്റെ കനല്‍ എരിയുന്നുണ്ടായിരുന്നു. ഒരിക്കല്‍ അവസരം ചോദിച്ച് പുറകേ നടന്നപ്പോള്‍ നേരിട്ട അവഗണനയുടെ, പരിഹാസത്തിന്റെ കനല്‍. അന്ന് വിമര്‍ശിച്ചവരെക്കൊണ്ട് ഇപ്പോള്‍ കൈയ്യടിപ്പിക്കുകയാണ് നിഖാത്ത് സരിന്‍ എന്ന തെലങ്കാനക്കാരി. സ്വപ്‌നത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ അത് യാഥാര്‍ത്ഥ്യമാകുമെന്ന് സരിന്‍ തെളിയിക്കുന്നു.
മുഹമ്മദ് ജമീല്‍ അഹമ്മദിന്റെയും പര്‍വീണിന്റെയും മൂന്നുമക്കളില്‍ ഇളയവളാണ് നിഖാത്ത് സരിന്‍. തെലങ്കാനയിലെ നിസാമാബാദാണ് സ്വദേശം. അച്ഛന്റെയും അമ്മയുടെയും കുട്ടിക്കുറുമ്പി. ചെറുപ്പം തൊട്ട് സരിനെ ആകര്‍ഷിച്ചത് പുസ്തകങ്ങളോ കളിപ്പാട്ടങ്ങളോ ആഭരണങ്ങളോ അല്ല. സ്‌പോര്‍ട്‌സാണ്. ജമീല്‍ സൗദി അറേബ്യയില്‍ ജോലി നോക്കുന്നതിനാല്‍ സരിന്റെ പൂര്‍ണ ഉത്തരവാദിത്വം അമ്മ പര്‍വീണിന്റെ കൈയ്യിലാണ്. ദിവസവും ഓരോ കുസൃതി ഒപ്പിച്ചില്ലെങ്കില്‍ സരിന് ഉറക്കം വരില്ല. അടുത്ത വീട്ടിലുള്ള കുട്ടികളുമായി നിത്യവും വഴക്കുണ്ടാക്കുന്ന സരിന്‍ അയല്‍വാസികളുടെ തലവേദനയായിരുന്നു. അയല്‍വാസികള്‍ സരിനെക്കുറിച്ച് പരാതി പറയാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല.
അയല്‍ വീടുകളിലെ മരങ്ങളില്‍ വലിഞ്ഞുകയറിയും പേരക്കയും മാങ്ങയുമൊക്കെ എറിഞ്ഞുവീഴ്ത്തിയുമെല്ലാം സരിന്‍ കുട്ടിക്കാലം രസകരമാക്കി. സരിന്റെ വികൃതികള്‍ അമ്മയെ ദേഷ്യം പിടിപ്പിച്ചെങ്കിലും അച്ഛന്‍ അവളെ ചേര്‍ത്തുപിടിച്ചു. അവള്‍ക്ക് ഒരു പ്രത്യേക എനര്‍ജിയുണ്ടെന്നാണ് ജമീലിന്റെ പക്ഷം. ചേച്ചിമാര്‍ രണ്ടുപേരും പഠിക്കാന്‍ മിടുക്കരായിരുന്നുവെങ്കിലും സരിന്റെ കണ്ണ് കായികരംഗത്തായിരന്നു. നിസാമാബാദിലെ നിര്‍മല ഹൃദയ ഗേള്‍സ് ഹൈസ്‌കൂളിലാണ് സരിന്‍ പഠിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് റൂമുകളെക്കാള്‍ അവള്‍ ഗ്രൗണ്ടിനെ സ്‌നേഹിച്ചു. കായികമേള വന്നപ്പോള്‍ ഏതെങ്കിലുമൊരു ഇനത്തിന് പങ്കെടുക്കണമെന്ന് അവള്‍ക്ക് തോന്നി. അങ്ങനെ ഓട്ട മത്സരത്തില്‍ പങ്കെടുത്തു. വെറുതേ ഓടട്ടെയെന്ന് വീട്ടുകാര്‍ ആദ്യം വിചാരിച്ചെങ്കിലും സരിന്റെ പ്രകടനത്തില്‍ ഏവരും അന്തം വിട്ടു. 100 മീറ്ററിലും 200 മീറ്ററിലും ഒന്നാമതെത്തിക്കൊണ്ട് താന്‍ എന്തുകൊണ്ട് കായികലോകത്തെ സ്‌നേഹിക്കുന്നു എന്ന ചോദ്യത്തിന് അവള്‍ മറുപടി കൊടുത്തു. സ്‌കൂളില്‍ ഒന്നാമതായതോടെ ജില്ലാ കായികമേളയില്‍ പങ്കെടുക്കാനുള്ള അവസരം സരിനെത്തേടിവന്നു. അമ്മ പര്‍വീണ്‍ ആദ്യം എതിര്‍ത്തെങ്കിലും ജമീലിന്റെ പിന്തുണയോടെ അവള്‍ മത്സരത്തില്‍ പങ്കെടുത്തു.
Also Read
ജില്ലാ കായികമേളയിലും സരിന്‍ അത്ഭുതമായി. തന്നേക്കാള്‍ പ്രായമേറിയ താരങ്ങളെ അനായാസം മറികടന്ന് അവള്‍ അവിടെയും വെന്നിക്കൊടി പാറിച്ചു. സരിന്റെ പ്രകടനത്തില്‍ അമ്പരന്ന സ്‌കൂള്‍ അധികൃതര്‍ അവള്‍ക്ക് മികച്ച പരിശീലകന്റെ സാന്നിധ്യം ഉറപ്പുവരുത്തി. തുടര്‍ന്ന് സംസ്ഥാന കായികമേളയില്‍ പങ്കെടുക്കുകയും നാലാം സ്ഥാനം നേടിയെടുക്കുകയും ചെയ്തു. യാതൊരു പരിശീലനത്തിന്റെയും ബലമില്ലാതെ സംസ്ഥാനതലം വരെയെത്തിയ മകളുടെ മികവ് അന്നാണ് പര്‍വീണും ജമീലും തിരിച്ചറിയുന്നത്. ഇതോടെ സരിന്‍ പൂര്‍ണമായും കായികരംഗത്തേക്ക് തിരിഞ്ഞു. മികച്ച അത്‌ലറ്റാവാന്‍ കൊതിച്ചു.
.jpg?$p=79c0b37&&q=0.8)
അവിചാരിതമായാണ് ബോക്‌സിങ് എന്ന കായിക ഇനം സരിന്റെ മനസ്സില്‍ കയറിക്കൂടുന്നത്. ഒരിക്കല്‍ സെക്രട്ടറിയേറ്റ് ഗ്രൗണ്ടില്‍ പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെ രണ്ട് പയ്യന്മാര്‍ ബോക്‌സിങ്ങില്‍ പരിശീലനം നേടുന്നത് സരിന്‍ കാണാന്‍ ഇടയായി. പക്ഷേ ബോക്‌സിങ് റിങ്ങില്‍ ആണ്‍കുട്ടികളെ മാത്രമാണ് അവള്‍ കണ്ടത്. നേരെ വീട്ടിലെത്തിയ ഉടന്‍ ജമാലിനോട് സരിന്‍ ബോക്‌സിങ്ങിനെക്കുറിച്ച് ചോദിച്ചു. എന്തുകൊണ്ടാണ് ബോക്‌സിങ്ങിലേക്ക് പെണ്‍കുട്ടികള്‍ വരാത്തതെന്നായിരുന്നു സരിന്റെ പ്രധാന ചോദ്യം. പക്ഷേ അവളുടെ തെറ്റിധാരണ ജമാല്‍ മാറ്റിക്കൊടുത്തു. പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കും ബോക്‌സിങ്ങില്‍ ഏറെ ശോഭിക്കാനാകുമെന്ന് ജമാല്‍ പറഞ്ഞു. ആ നിമിഷമാണ് സരിന്റെ ജീവിതത്തില്‍ നിര്‍ണായകമായത്. അത്‌ലറ്റിക്‌സ് ഉപേക്ഷിച്ച് ഒരു ബോക്‌സറായി മാറുമെന്ന് സരിന്‍ ദൃഢപ്രതിജ്ഞയെടുത്തു. പക്ഷേ ബോക്‌സിങ്ങിലേക്കുള്ള അവളുടെ രംഗപ്രവേശം അത്ര എളുപ്പമുള്ളതായിരുന്നില്ല.
നിസാമാബാദ് ചെറിയ നഗരമായിരുന്നു. അവിടെ പെണ്‍കുട്ടികള്‍ക്ക് ബോക്‌സിങ് പഠിക്കാനുള്ള അവസരമില്ലായിരുന്നു. ഇത് മനസ്സിലാക്കിയ സരിന്‍ അച്ഛന്റെ സഹായത്തോടെ ഹൈദരാബാദിലേക്ക് വണ്ടികയറി. വീട്ടില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയായിരുന്നു ബോക്‌സിങ് പരിശീലന കേന്ദ്രം. അവിടെയെത്തിയ സരിന്‍ ആദ്യം പരിഭ്രമിച്ചെങ്കിലും ലോകം കീഴടക്കാനുള്ള അവളുടെ ആഗ്രഹത്തിന് മുന്നില്‍ എതിരാളികള്‍ ഓരോരുത്തരായി വീണുതുടങ്ങി. എല്ലാ ദിവസവും മൈലുകള്‍ താണ്ടി അവള്‍ കൃത്യമായി പരിശീലനത്തിനെത്തി. മനസ്സും ശരീരവും ബോക്‌സിങ്ങില്‍ അര്‍പ്പിച്ചു. അത്ഭുതാവഹമായ കുതിപ്പാണ് സരിന്‍ ബോക്‌സിങ് റിങ്ങില്‍ നടത്തിയത്. അവളുടെ തകര്‍പ്പന്‍ പഞ്ചില്‍ എതിരാളികള്‍ അവശരായി വീണു.
ആദ്യമായി സരിന്‍ മത്സരിച്ചത് സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ദേശീയ ബോക്‌സിങ് ടൂര്‍ണമെന്റിലാണ്. തുടക്കക്കാരിയായതിനാല്‍ സരിനെ ആരും അത്ര കാര്യമായി കണ്ടില്ല. പക്ഷേ മുന്‍ധാരണകള്‍ പാടില്ലെന്ന് ഏവരെയും ഓര്‍മിപ്പിച്ചുകൊണ്ട് സരിന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തടുത്തു. എതിരാളികളെ ഇടിച്ചുനിരത്തി അവള്‍ വെറും 14-ാം വയസ്സില്‍ ദേശീയ കിരീടം സ്വന്തം പേരില്‍ക്കുറിച്ചു. എത്ര വലിയ നേട്ടമാണെന്ന് സരിന് മനസ്സിലായില്ലെങ്കിലും അച്ഛന്‍ ജമീലിന്റെ കണ്ണുകള്‍ അഭിമാനം കൊണ്ട് നിറഞ്ഞൊഴുകി. മകളെ ലോകജേതാവാക്കണമെന്ന ആഗ്രഹം അയാളുടെ നെഞ്ചില്‍ തീയായി ഉയര്‍ന്നുപൊങ്ങി.
ദേശീയ ചാമ്പ്യനായതോടെ അന്താരാഷ്ട്ര ജൂനിയര്‍ ബോക്‌സിങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സരിന് സാധിച്ചു. 2011-ല്‍ തുര്‍ക്കി ആതിഥേയത്വം വഹിച്ച ലോക യൂത്ത് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഫ്‌ളൈ വെയ്റ്റ് വിഭാഗത്തില്‍ സരിന്‍ പങ്കെടുത്തു. എതിരാളികള്‍ ഓരോരുത്തരായി സരിന് മുന്നില്‍ മുട്ടുമടക്കി. ഫൈനലില്‍ തുര്‍ക്കിയുടെ തന്നെ ഉല്‍കു ഡെമിറായിരുന്നു എതിരാളി. മൂന്ന് റൗണ്ട് നീണ്ട മത്സരത്തിനൊടുവില്‍ സരിന്‍ ഡെമിറിനെ തകര്‍ത്ത് വിശ്വകിരീടം ചൂടി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാന മുഹൂര്‍ത്തമായിരുന്നു ഇത്. ഇതോടെ സരിന്‍ ലോകോത്തരതാരമായി അറിയപ്പെട്ടു.
പിന്നീട് 2014-ല്‍ ബള്‍ഗേറിയയില്‍ വെച്ച് നടന്ന യൂത്ത് വേള്‍ഡ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലും 2019-ലെ തായ്‌ലന്‍ഡ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിലും 2019, 2022 വര്‍ഷങ്ങളിലെ സ്ട്രാന്‍ജ മെമ്മോറിയല്‍ ബോക്‌സിങ് ടൂര്‍ണമെന്റിലും കിരീടം നേടി. സരിനെ സംബന്ധിച്ചിടത്തോളം ദേശീയ ബോക്‌സിങ് ടീമിലിടം നേടുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. പക്ഷേ അത് നടന്നില്ല. അതിന് കാരണം ഒന്നേയുള്ളൂ. സാക്ഷാല്‍ മേരി കോമിന്റെ സാന്നിധ്യം. മേരി കോമും സരിനും ഒരേ വിഭാഗത്തിലാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിന്ന് ഒരു ബോക്‌സറെ മാത്രമേ ഒളിമ്പിക്‌സ് പോലുള്ള വലിയ കായിക മത്സരങ്ങളില്‍ പങ്കെടുപ്പിക്കാനാകൂ. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം നേടിയ മേരി കോമിന് പകരം സരിനെ കൊണ്ടുവരാന്‍ അധികൃതര്‍ മടിച്ചു.
.jpg?$p=430c1f1&&q=0.8)
2017-ല്‍ തോളെല്ലിന് ഗുരുതരമായി പരിക്കേറ്റ സരിന്‍ ഒരു വര്‍ഷം ബോക്‌സിങ് റിങ്ങില്‍ നിന്ന് വിട്ടുനിന്നു. പക്ഷേ തോല്‍ക്കാന്‍ തയ്യാറല്ലാത്ത സരിന്റെ ഇച്ഛാശക്തി ഏവരെയും അത്ഭുതപ്പെടുത്തി. 2019-ല്‍ മത്സരരംഗത്തേക്ക് തിരിച്ചെത്തി സരിന്‍ രണ്ട് ലോകകിരീടങ്ങള്‍ നേടി വരവറിയിച്ചു. 2019-ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സരിന്റെ ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായിരുന്നു. പരിക്ക് തളര്‍ത്തിയിട്ടും തളരാതെ പൊരുതിയ സരിന്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടി. ഇന്ത്യന്‍ ജനത നേട്ടത്തില്‍ സന്തോഷിച്ചെങ്കിലും സരിന്‍ നിരാശയിലായിരുന്നു. സ്വര്‍ണം മാത്രമായിരുന്നു താരത്തിന്റെ ലക്ഷ്യം.
മേരി കോമിന് പകരം ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാന്‍ സരിന്‍ ആവുന്നത്ര ശ്രമിച്ചു. 2019-ല്‍ ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷനോട് ഫ്‌ളൈ വെയ്റ്റ് വിഭാഗത്തില്‍ ഒരു സെലക്ഷന്‍ ട്രയല്‍ വെക്കാനാവശ്യപ്പെട്ടു പക്ഷേ അധികൃതര്‍ സെലക്ഷന്‍ ട്രയല്‍ നടത്തിയില്ല എന്ന് മാത്രമല്ല വീണ്ടും മേരി കോമിന് അവസരം നല്‍കി. ഇത് സരിന് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. ഒളിമ്പിക്‌സില്‍ മേരി കോം ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു. അതിനിടെ മേരി കോമിന്റെ പരിഹാസത്തില്‍ കലര്‍ന്ന സംസാരവും സരിനെ മാനസികമായി തളര്‍ത്തി. ഇതോടെ വലിയ വേദികള്‍ സരിന് മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടു. ഇക്കാര്യം അറിയിച്ചുകൊണ്ട് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിന് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. അധികൃതരുടെ പരിഹാസത്തില്‍ ആ മനസ്സ് പതറി. അന്ന് നീതി നിഷേധിക്കപ്പെട്ട സരിന്റെ കണ്ണില്‍ നിന്ന് ചോര പൊടിഞ്ഞു. പക്ഷേ പരിശീലകന്‍ സിംസ് അവളെ ആശ്വസിപ്പിച്ച് കൂടുതല്‍ കരുത്ത് പകര്‍ന്നു.
ഒളിമ്പിക്‌സിന് ശേഷം നടന്ന ദേശീയ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ വിഭാഗത്തില്‍ സരിന്‍ കിരീടം നേടി അധികൃതര്‍ക്ക് ചുട്ടമറുപടി കൊടുത്തു. പിന്നാലെ സ്ട്രാന്‍ഡ ഓപ്പണ്‍ ബോക്‌സിങ് ടൂര്‍ണമെന്റില്‍ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവിനെ ഫൈനലില്‍ ഇടിച്ചിട്ട് കിരീടം നേടി. ഈ രണ്ട് വിജയങ്ങളുടെ കരുത്തിലാണ് താരം വനിതാ ലോക ബോക്‌സിങ്ങില്‍ പങ്കടുത്തത്.
തുര്‍ക്കി ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ ഗ്രാം വിഭാഗത്തില്‍ സരിന്‍ ചരിത്രം കുറിച്ച് സ്വര്‍ണം നേടി. ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജുതാമാസ് ജിറ്റ്‌പോങ്ങിനൈയാണ് സരിന്‍ ഇടിച്ചുവീഴ്ത്തിയത്. 5-0 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം. മേരി കോം, സരിത ദേവി, ജെന്നി ആര്‍.എല്‍, ലേഖ കെ.സി എന്നിവര്‍ക്ക് ശേഷം ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ഇന്ത്യന്‍ വനിതാ ബോക്‌സറാണ് സരിന്‍.
ഈ വിജയത്തോടെ സരിന്‍ ഇന്ന് ലോകത്തിന്റെ ചര്‍ച്ചാവിഷയമായി. പക്ഷേ ഈ വിജയം സരിന്റെ പ്രതിഷേധമാണ്. അവസരം തരാത്ത അധികൃതര്‍ക്കെതിരെയുള്ള പകരം വീട്ടലാണ്. ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് നിഖാത്ത് സരിന്‍. സ്വപ്‌നം കണ്ടതൊന്നും സരിന്‍ സ്വന്തമാക്കാതിരുന്നിട്ടില്ല. അടുത്ത ഒളിമ്പിക്‌സില്‍ സരിന്‍ ഇന്ത്യയിലേക്ക് സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞ് പറന്നിറങ്ങുമെന്നുതന്നെയാണ് കായികലോകം കണക്കുകൂട്ടുന്നത്.
Content Highlights: Nikhat Zareen, boxing, womens boxing world championship, life of nikhat zareen, sports news, feature
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..