സൂപ്പർ സ്ട്രൈക്കർ പുരസ്കാരവുമായി റിങ്കു സിങ് | Photo: twitter.com/KKRiders
പഠിക്കാന്‍ അത്ര മിടുക്കനൊന്നുമല്ലായിരുന്നു റിങ്കു സിങ്. അച്ഛന്റെ തണലില്‍ കഴിഞ്ഞവന്. ക്രിക്കറ്റിനെ നെഞ്ചോട് ചേര്ത്തവന്. അലിഗഢിലെ വളരെ സാധാരണ കുടുംബത്തില്‍ ജനിച്ച റിങ്കു സിങിന് ഒരു ആഗ്രഹമേ ജീവിതത്തിലുണ്ടായിരുന്നുള്ളൂ. ലോകമറിയുന്ന ക്രിക്കറ്റ് താരമായി വളരണം. അതിനായി അവന് ആത്മാര്‍ത്ഥമായി പ്രയത്നിച്ചു. ആ വിയര്‍പ്പുതുള്ളികള്‍ മണിമുത്തുകളായ കാഴ്ചയാണ് ഇന്ന് ക്രിക്കറ്റ് ലോകം കാണുന്നത്. പകരക്കാരനായി ടീമിലിടം നേടി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഏറ്റവും വിശ്വസ്തനായ ബാറ്ററായി മാറാന്‍ റിങ്കുവിന് സാധിച്ചു.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ റിങ്കു സിങ്ങിന്റെ ഒറ്റയാള്‍ പ്രകടനം കണ്ടപ്പോള്‍ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ആ ചെമ്പന്‍ തലമുടിക്കാരനിലേക്ക് ചുരുങ്ങി. മാര്‍ക്കസ് സ്റ്റോയിനിസ് ചെയ്ത അവസാന ഓവറില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 21 റണ്‍സായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി തകര്‍പ്പന്‍ ഫോമില്‍ നില്ക്കുന്ന റിങ്കു സിങ്ങായിരുന്നു ക്രീസില്‍. സ്റ്റോയിനിസിന്റെ ആദ്യ പന്തില്‍ ഫോറടിച്ച റിങ്കു അടുത്ത രണ്ട് പന്തുകളിലും സിക്സടിച്ച് കളിയുടെ ഗതിമാറ്റി. ഇതോടെ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം മൂന്ന് പന്തില്‍ അഞ്ച് റണ്‍സായി ചുരുങ്ങി. നാലാം പന്തില്‍ റിങ്കു ഡബിളെടുത്തു. ഇതോടെ രണ്ട് പന്തില്‍ മൂന്ന് റണ്‍സായി കൊല്‍ക്കത്തയുടെ വിജയലക്ഷ്യം.
കൊല്‍ക്കത്ത അനായാസ വിജയത്തിലേക്ക് കുതിക്കുകയാണെന്ന് തോന്നിച്ച സമയത്താണ് ലഖ്നൗവിന്റെ രക്ഷനായി എവിന്‍ ലൂയിസ് അവതരിച്ചത്. അഞ്ചാം പന്തില്‍ സിക്സ് അടിക്കാനുള്ള റിങ്കുവിന്റെ ശ്രമം തകര്‍പ്പന്‍ ക്യാച്ചിലൂടെ ലൂയിസ് വിഫലമാക്കി. ഈ ക്യാച്ച് മത്സരത്തില്‍ നിര്‍ണായകമായി. അപ്രാപ്യമെന്ന് തോന്നിച്ച വലിയ വിജയലക്ഷ്യത്തിലേക്ക് ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയ റിങ്കു അവസാനം കാലിടറി വീണു. കൊല്‍ക്കത്ത രണ്ട് റണ്‍സിന് പരാജയമേറ്റുവാങ്ങി. കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായി. റിങ്കു കണ്ണീരോടെ ക്രീസ് വിട്ടു. മത്സരത്തില്‍ റിങ്കു 15 പന്തുകളില്‍ നിന്ന് രണ്ട് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 40 റണ്‍സെടുത്തു.ആരാധകര്‍ നിരാശരായെങ്കിലും റിങ്കു സിങ്ങെന്ന പോരാളിയെ അവര്‍ നെഞ്ചോട് ചേര്‍ക്കുന്നു.
Also Read
കനല്‍പാത താണ്ടിയാണ് റിങ്കു ഐ.പി.എല്ലിലേക്ക് ചുവടുവെയ്ക്കുന്നത്. അലിഗഢിലെ വളരെ സാധാരണ കുടുംബത്തിലാണ് റിങ്കുവിന്റെ ജനനം. അച്ഛന് ഖന്‍ചന്ദ്ര സിങ് ഗ്യാസ് സിലിണ്ടറുകള്‍ വീട്ടിലെത്തിച്ചാണ് കുടുംബത്തെ പോറ്റിയിരുന്നത്. ഖന് ചന്ദ്രയുടെ അഞ്ചുമക്കളില്‍ മൂന്നാമനായിരുന്നു റിങ്കു. ചെറുപ്പം തൊട്ട് പട്ടിണിയുടെയും വിശപ്പിന്റെയും വിലയറിഞ്ഞുവന്ന റിങ്കു പഠിക്കാന്‍ അത്ര മിടുക്കനായിരുന്നില്ല. ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച റിങ്കുവിനെ മാതാപിതാക്കള്‍ ഏറെ ഉപദേശിച്ചു.

ഒരിക്കല്‍ ചേട്ടന്റെ സഹായത്തോടെ അച്ഛന് ഖന്‍ചന്ദ്ര റിങ്കുവിന് ഒരു ജോലി തരപ്പെടുത്തി. ഒരു കോച്ചിങ് സെന്ററില്‍ സ്വീപ്പറായാണ് റിങ്കുവിന് ജോലി ലഭിച്ചത്. ക്രിക്കറ്റ് ബാറ്റിന് പകരം ചൂല് കൈകൊണ്ട് പിടിക്കേണ്ടി വന്നപ്പോള്‍ അവന്റെ കണ്ണില്‍ നിന്ന് ചോര പൊടിഞ്ഞു. മാതാപിതാക്കളെ അനുസരിക്കാന്‍ മനസ്സ് വെമ്പിയെങ്കിലും ക്രിക്കറ്റിന്റെ വലിയലോകം അവനെ മാടിവിളിച്ചു. സ്വപ്നത്തിന് പിന്നാലെ സഞ്ചരിക്കാനാണ് റിങ്കു ശ്രമിച്ചത്. ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഇന്‍സള്‍ട്ടിനെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കണ്ട് റിങ്കു കോച്ചിങ് സെന്ററിലെ ജോലി ഉപേക്ഷിച്ചു.
ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന അച്ഛന് ഇത് സഹിക്കാനായില്ലെങ്കിലും ക്രിക്കറ്റിലൂടെ കുടുംബത്തെ രക്ഷിക്കുമെന്ന് റിങ്കു ഉറപ്പുനല്‍കി. ക്രിക്കറ്റില്‍ മാത്രമായി അവന്റെ ശ്രദ്ധ. രാവും പകലുമില്ലാതെ പരിശീലനം നടത്തിയ റിങ്കു എല്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റിലും പങ്കെടുത്തു. ടെന്നീസ് പന്തില്‍ മാത്രം കളിച്ച് ശീലിച്ചവനായിരുന്നു റിങ്കു. എന്നാല്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ആദ്യമായി റിങ്കുവിന് തുകല്‍പ്പന്തില്‍ കളിക്കാനുള്ള അവസരം ലഭിച്ചു. സ്കൂള്‍ ടീമിന് വേണ്ടി ആദ്യമായി പാഡണിഞ്ഞ റിങ്കു 32 പന്തുകളില്‍ നിന്ന് പുറത്താവാതെ 54 റണ്‍സെടുത്ത് ടീമിന്റെ വിജയശില്‍പ്പിയായി. അവിടുന്നങ്ങോട്ട് റിങ്കുവിന്റെ ക്രിക്കറ്റ് ജീവിതം ആരംഭിക്കുകയായിരുന്നു.
ജീവിതം ക്ലേശകരമായി നീങ്ങുന്ന സമയമായിരുന്നു അത്. സ്വന്തമായി ഒരു ബാറ്റ് വാങ്ങാന്‍ കൊതിച്ച റിങ്കുവിനെ മാതാപിതാക്കള്‍ നിരാശപ്പെടുത്തി. ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു റിങ്കുവിന്റെ ആഗ്രഹം. പക്ഷേ അവന് കണ്ട സ്വപ്നം അതിലും വലുതായിരുന്നു. സര്‍ക്കാര്‍ സ്റ്റേഡിയത്തില്‍ പ്രാക്റ്റീസ് നടത്താന്‍ ആരംഭിച്ച റിങ്കു കൂട്ടുകാരുടെ ബാറ്റുപയോഗിച്ച് കഴിവ് മെച്ചപ്പെടുത്തി. സ്റ്റേഡിയത്തില്‍ പരിശീലനത്തിനായുള്ള പ്രവേശനം സൗജന്യമായിരുന്നു. റിങ്കു ക്രിക്കറ്റ് താരമാകുന്നതില്‍ അച്ഛന് ഖന്ചന്ദ്രയ്ക്ക് തീരെ താത്പര്യമില്ലായിരുന്നു. അമ്മയാണ് അല്‍പ്പമെങ്കിലും കൂടെനിന്നത്.
കോളേജില്‍ പഠിക്കുന്ന സമയത്ത് റിങ്കു കോളേജ് ക്രിക്കറ്റ് ടീമിലംഗമായിരുന്നു. ഒരിക്കല്‍ ഒരു ടൂര്‍ണമെന്റിന് പങ്കെടുക്കാനായി കോളേജ് ടീം കാണ്‍പൂരിലേക്ക് യാത്രതിരിച്ചു. റിങ്കുവിന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ 1000 രൂപ വേണ്ടിയിരുന്നു. അച്ഛനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം റിങ്കുവിനെ പൊതിരെ തല്ലി. റിങ്കുവിന്റെ സങ്കടം സഹിക്കാന്‍ കഴിയാതെ വന്ന അമ്മ വിന ദേവി അടുത്തുള്ള കടയില്‍ നിന്ന് 1000 രൂപ കടം വാങ്ങി റിങ്കുവിന് നല്കി. ആ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാനും താരത്തിന് സാധിച്ചു.
പഠിക്കുന്നതിനൊപ്പം തന്നെ അച്ഛനെ സഹായിക്കാനും റിങ്കു ശ്രദ്ധിച്ചിരുന്നു. സിലിണ്ടറുകള്‍ ബൈക്കില്‍ വെച്ച് റിങ്കു വീടുകളിലും ഹോട്ടലുകളിലുമെത്തിച്ചു ഒപ്പം ക്രിക്കറ്റ് പരിശീലനവും കൊണ്ടുപോയി. ഇടംകൈയ്യന്‍ ബാറ്ററായതുകൊണ്ടുതന്നെ റിങ്കുവിനെത്തേടി അവസരങ്ങള്‍ ഒരുപാട് വന്നു. പരിശീലകന് മസൂദ് അമിനിയായിരുന്നു റിങ്കുവിന്റെ ശക്തി. പ്രഫഷണല്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ മസൂദ് റിങ്കുവിനെ പ്രാപ്തനാക്കി. മുഹമ്മദ് സീഷാന്‍ എന്ന വ്യക്തിയാണ് റിങ്കുവിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കിയത്. സീഷാന്റെ സഹായത്തോടെ റിങ്കു വസ്ത്രങ്ങളും ക്രിക്കറ്റ് കിറ്റുമെല്ലാം വാങ്ങി.

2012-ല്‍ ഉത്തര്‍പ്രദേശ് അണ്ടര്‍ 16 ക്രിക്കറ്റ് ടീമിലിടം നേടിയതാണ് റിങ്കുസിങ്ങിന്റെ ജീവിതത്തിലെ വഴിത്തിരിവ്. അവിടെനിന്നങ്ങോട്ട് പടിപടിയായി അവസരങ്ങള്‍ താരത്തെ തേടിവന്നു. അണ്ടര്‍ 16 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ 154 റണ്‍സടിച്ച് റിങ്കു വരവറിയിച്ചു. പിന്നീട് റിങ്കുവിലെ പ്രതിഭയുടെ വിളയാട്ടമായിരുന്നു. ടൂര്‍ണമെന്റുകളില്‍ താരമായി മാറിക്കൊണ്ട് റിങ്കു ക്രിക്കറ്റ് നിരീക്ഷകരുടെ ചര്‍ച്ചാവിഷയമായി.
വൈകാതെ ഉത്തര്‍പ്രദേശ് അണ്ടര്‍ 19 ടീമിലും ഇടം നേടി. അണ്ടര്‍ 19-ല്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയത്തുതന്നെ രഞ്ജി ട്രോഫിയ്ക്കുള്ള ഉത്തര്‍പ്രദേശ് ടീമില്‍ റിങ്കു ഇടം നേടി. രഞ്ജി ട്രോഫി ടീമിലിടം നേടിയതോടെ പണവും പ്രശസ്തിയുമെല്ലാം താരത്തെ തേടിവന്നു. യുവരാജ് സിങ്, സുരേഷ് റെയ്ന തുടങ്ങിയ ഇതിഹാസ താരങ്ങളെ നേരിട്ട് കാണാനും അവര്‍ക്കൊപ്പം കളിക്കാനുമൊക്കെയുള്ള അവസരങ്ങള്‍ റിങ്കുവിന് ലഭിച്ചു.
രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ വിദര്‍ഭയായിരുന്നു എതിരാളി. ആ മത്സരത്തില്‍ 83 റണ്‍സെടുത്ത റിങ്കു രണ്ടുവിക്കറ്റും സ്വന്തമാക്കി. പിന്നീട് റിങ്കുവിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം 2307 റണ്‍സെടുക്കുകയും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 41 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 1414 റണ്‍സും 68 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1155 റണ്‍സും നേടാന്‍ റിങ്കുവിന് കഴിഞ്ഞു.
2017-ലാണ് റിങ്കു ആദ്യമായി ഐ.പി.എല്ലിലേക്കെത്തുന്നത്. അന്ന് പഞ്ചാബ് കിങ്സാണ് റിങ്കുവിനെ സ്വന്തമാക്കിയത്. പിന്നീട് 2018-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 80 ലക്ഷം മുടക്കി റിങ്കുവിനെ ടീമിലെത്തിച്ചു. ടീമിലെത്തിയെങ്കിലും അവസരങ്ങള്‍ കാര്യമായി ലഭിച്ചിരുന്നില്ല. ഇതുവരെ ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി 16 മത്സരങ്ങള്‍ മാത്രമാണ് റിങ്കു കളിച്ചത്.
ഈ സീസണിലാണ് റിങ്കുവിന് കാര്യമായി അവസരം ലഭിച്ചത്. കിട്ടിയ അവസരം താരം നന്നായി ഉപയോഗിച്ചു. ഏഴ് മത്സരങ്ങള്‍ കളിച്ച റിങ്കു 174 റണ്‍സെടുത്ത് ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. 148.71 പ്രഹരശേഷിയില്‍ 34.80 ശരാശരിയിലാണ് താരം ബാറ്റുവീശിയത്.

കാല്‍മുട്ടിനേറ്റ പരിക്കാണ് റിങ്കുവിനെ തളര്‍ത്തുന്നത്. 2021 സീസണിലെ മിക്ക മത്സരങ്ങളും താരത്തിന് പരിക്കുമൂലം നഷ്ടമായിരുന്നു. ഒരിക്കല്‍ റിങ്കുവിനെ തള്ളിപ്പറഞ്ഞ അച്ഛന് ഇപ്പോള്‍ താരത്തിന്റെ ഏറ്റവും വലിയ ആരാധകനാണ്. 2021-ല്‍ റിങ്കുവിന് പരിക്കേറ്റപ്പോള്‍ അച്ഛന് മകന്റെ ആരോഗ്യത്തിനുവേണ്ടി മൂന്നുദിവസം ഉപവാസമിരുന്നു. റിങ്കുവിന്റെ ഉയര്‍ച്ചയില്‍ ഏറെ അഭിമാനിക്കുന്നുവെന്നാണ് അച്ഛന് ഖന്‍ചന്ദ്ര ഇപ്പോള്‍ പറയുന്നത്. മകന്റെ കഴിവിനെ ആദ്യം വേണ്ട രീതിയില്‍ പ്രോത്സാഹിപ്പിക്കാത്തിന്റെ കുറ്റബോധം അദ്ദേഹത്തിന്റെ ഉള്ളില്‍ ഇപ്പോഴുമുണ്ട്. കുടുംബത്തിനായി മികച്ചൊരു വീട് വെയ്ക്കണമെന്ന സ്വപ്നം റിങ്കു കഴിഞ്ഞ സീസണില്‍ തന്നെ സാക്ഷാത്കരിച്ചു. റിങ്കു നിര്‍മിച്ച വീട്ടിലാണ് ഇപ്പോള്‍ ഏവരും സന്തോഷത്തോടെ കഴിയുന്നത്. പക്ഷേ റിങ്കു ഇപ്പോഴും സന്തുഷ്ടനല്ല. ഇന്ത്യയ്ക്ക് വേണ്ടി കുപ്പായമണിയുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ഈ 24 കാരന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..