Photo: PTI
ബിഹാറിലെ ഗോപാല്‍ഗഞ്ജ് ഇന്ത്യന്‍ ആര്‍മിയിലേക്ക് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ഗ്രാമത്തിലെ മിക്ക യുവാക്കളും ഇന്ത്യന്‍ പ്രതിരോധസേനയില്‍ ചേരണമെന്ന ആഗ്രഹവുമായി തീവ്ര പരിശീലനത്തില്‍ ഏര്‍പ്പെടാറാണ് പതിവ്. എന്നാല്‍ അതേ ഗ്രാമത്തില്‍ നിന്നൊരു പയ്യന്‍ ഇന്ത്യയ്ക്ക് വേണ്ടി സേവനം ചെയ്യണമെന്ന് ആഗ്രഹിച്ചു പക്ഷേ അത് പ്രതിരോധസേനയിലൂടെയല്ല മറിച്ച് ക്രിക്കറ്റിലൂടെ. അവന്റെ സ്വപ്‌നങ്ങള്‍ക്കെതിരേ പലരും ശബ്ദമുയര്‍ത്തി. ക്രിക്കറ്റിനെ വിട്ട് പ്രതിരോധസേനയില്‍ ചേരാന്‍ പലരും നിര്‍ബന്ധിച്ചു. പക്ഷേ ക്രിക്കറ്റ് ആ യുവതാരത്തിന്റെ രക്തത്തില്‍ എന്നേ അലിഞ്ഞുചേര്‍ന്നിരുന്നു. ഒടുവില്‍ പ്രതിബന്ധങ്ങളെ തരണം ചെയ്ത് അവന്‍ ഇന്ന് ക്രിക്കറ്റ് ലോകത്തിന്റെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. 2023 ഐ.പി.എല്‍ താരലേലത്തില്‍ 5.5 കോടി രൂപ സ്വന്തമാക്കി മുകേഷ് കുമാര്‍ വാര്‍ത്തകളില്‍ നിറയുകയാണ്.
ബിഹാര്‍ പേസ് ബൗളറായ മുകേഷ് കുമാറിന്റെ അടിസ്ഥാന വില വെറും 20 ലക്ഷം മാത്രമായിരുന്നു. എന്നാല്‍ താരത്തിന്റെ ബൗളിങ്ങിന്റെ മൂര്‍ച്ച എത്രത്തോളമുണ്ടെന്ന് അറിയാവുന്ന ഫ്രാഞ്ചൈസികള്‍ മുകേഷിനായി മുറവിളി കൂട്ടി. ലേലം ലക്ഷങ്ങള്‍ മറികടന്ന് കോടികളില്‍ മുത്തമിട്ടു. ബിഹാറില്‍ ജനിച്ച് ബംഗാളിനുവേണ്ടി പന്തെറിയുന്ന മുകേഷ് കുമാറിനെ ഒടുവില്‍ പൊന്നുംവില കൊടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും പഞ്ചാബ് കിങ്‌സിന്റെയും ശക്തമായ വെല്ലുവിളി മറികടന്നുകൊണ്ട് ഡല്‍ഹി ക്യാപിറ്റല്‍സ് 5.5 കോടി രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്. ഈ വലിയ നേട്ടം സ്വന്തമാക്കുമ്പോള്‍ മുകേഷ് കുമാര്‍ യാഥാര്‍ത്ഥ്യമാക്കിയത് പിതാവിന്റെ സ്വപ്‌നമാണ്. ടാക്‌സി ഡ്രൈവറായിരുന്ന അച്ഛന്‍ കാശിനാഥിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയെങ്കിലും മകന്റെ ഈ വലിയ നേട്ടം കാണാന്‍ അദ്ദേഹം ഇന്ന് ജീവനോടെയില്ല.
ചെറുപ്പത്തില്‍ ഗ്രാമത്തിലെ മറ്റ് യുവാക്കളെപ്പോലെ ഇന്ത്യന്‍ പ്രതിരോധസേനയുടെ ഭാഗമാകണമെന്നുതന്നെയാണ് മുകേഷും ആഗ്രഹിച്ചത്. ഒപ്പം ക്രിക്കറ്റ് കളിക്കാനും തുടങ്ങി. ഗോപാല്‍ഗഞ്ജിലെ കാക്കര്‍കുണ്ഡ് ഗ്രാമത്തിലാണ് മുകേഷിന്റെ വീട്. അവിടെ നിന്ന് ക്രിക്കറ്റ് കളിക്കാനായി താരം ദിവസവും 15 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഗ്രൗണ്ടിലെത്തും. സഹതാരങ്ങള്‍ ബസ്സില്‍ വരാന്‍ ആവശ്യപ്പെടുമെങ്കിലും സൈക്കിള്‍ ചവിട്ടുന്നത് കാലിന്റെ പേശികള്‍ക്ക് ബലം പകരുമെന്ന് മുകേഷ് മറുപടി നല്‍കി. അത് ശരിയാണെന്ന് അദ്ദേഹം പില്‍ക്കാലത്ത് തെളിയിക്കുകയും ചെയ്തു.
ഗോപാല്‍ഗഞ്ജ് ക്രിക്കറ്റ് ടീം നായകനായ അമിത് സിങ്ങാണ് മുകേഷിന്റെ കഴിവ് ആദ്യമായി തിരിച്ചറിയുന്നത്. മുകേഷിന്റെ പേസ് ബൗളിങ്ങില്‍ ആകൃഷ്ടനായ അമിത് സിങ് 2008-2009 സീസണില്‍ നടന്ന പ്രതിഭാ കി ഖോജ് എന്ന ക്രിക്കറ്റ് ടാലന്റ് ഹണ്ടില്‍ പങ്കെടുക്കാന്‍ താരത്തെ നിര്‍ബന്ധിച്ചു. ടൂര്‍ണമെന്റ് നടത്തി അതിലൂടെ മികച്ച താരങ്ങളെ കണ്ടെത്താനായിരുന്നു അധികൃതരുടെ ശ്രമം. 25 ഓവര്‍ മത്സരങ്ങളാണുണ്ടായത്. ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച മുകേഷ് 35 വിക്കറ്റുകളാണ് നേടിയത്. ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് മുകേഷ് പുറത്തെടുത്തത്. ഇതോടെ താരത്തിന്റെ തലവര മാറി. ക്രിക്കറ്റാണ് തന്റെ കരിയറെന്ന് മുകേഷ് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം ആദ്യം അച്ഛനോടാണ് മുകേഷ് പറഞ്ഞത്. പക്ഷേ അച്ഛന്‍ അത് കേട്ടില്ല. ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അച്ഛന്റെയും കുടുംബാംഗങ്ങളുടെയും വാക്കുകേട്ട് മൂന്ന് തവണ സി.ആര്‍.പി.എഫ് പരീക്ഷ എഴുതാന്‍ മുകേഷ് നിര്‍ബന്ധിതനായി. പക്ഷേ ക്രിക്കറ്റ് തലയ്ക്ക് പിടിച്ച മുകേഷിന് പരീക്ഷ എഴുതാനേ താത്പര്യമുണ്ടായിരുന്നില്ല. അച്ഛന്റെ ആഗ്രഹപ്രകാരം മുകേഷ് ബി.കോം ബിരുദമെടുത്തു. പിന്നാലെ ക്രിക്കറ്റിന്റെ സാധ്യതകള്‍ തേടിയലഞ്ഞു. മകന്റെ ക്രിക്കറ്റ് മോഹം മനസ്സിലാക്കിയ പിതാവിന്റെ മനസ്സലിഞ്ഞു. ബിഹാറില്‍ ക്രിക്കറ്റിന് അധികം സാധ്യതകളില്ലെന്ന് മനസ്സിലാക്കിയ മുകേഷ് അച്ഛന്‍ ജോലി ചെയ്യുന്ന കൊല്‍ക്കത്തയിലേക്ക് ചേക്കേറി.
കൊല്‍ക്കത്തയില്‍ ടാക്‌സിയോടിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്ന അച്ഛനെ സഹായിച്ച് മുകേഷ് ക്രിക്കറ്റിനെ ചേര്‍ത്തുപിടിച്ചു. കൊല്‍ക്കത്തയിലെ ലീഗ് ക്രിക്കറ്റുകളില്‍ മുകേഷ് സജീവസാന്നിധ്യമായി. ഓരോ മത്സരം കളിക്കുമ്പോഴും താരത്തിന് 400 മുതല്‍ 500 രൂപ വരെ ലഭിച്ചു. വൈകാതെ മകന്റെ ആഗ്രഹത്തിന് പിതാവ് കാശിനാഥ് സമ്മതം മൂളി. മകന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത് കാണാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചു.
2014-ലാണ് മുകേഷിന്റെ ജീവിതം മാറിമറിഞ്ഞത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ മുകേഷിന് അവസരം ലഭിച്ചു. വിഷന്‍ 2020 എന്ന പേരില്‍ നടന്ന ക്യാമ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചത്. മുകേഷിന്റെ പ്രകടനത്തില്‍ ബൗളിങ് പരിശീലകന്‍ രണദേബ് ബോസ് ആകൃഷ്ടനായി. വി.വി.എസ് ലക്ഷ്മണ്‍, വഖാര്‍ യൂനിസ്, മുത്തയ്യ മുരളീധരന്‍ എന്നിവരാണ് സെലക്ഷന്‍ ക്യാമ്പ് നയിച്ചത്. വൈകാതെ അര്‍ഹിച്ച അംഗീകാരം മുകേഷിനെത്തേടിയെത്തി. താരം ബംഗാള്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
2015 നവംബര്‍ 2 ന് ഹരിയാണയ്‌ക്കെതിരായ മത്സരത്തിലൂടെ താരം ബംഗാളിനായി അരങ്ങേറ്റം കുറിച്ചു. ഇതുവരെ 33 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ച മുകേഷ് 123 വിക്കറ്റുകളാണ് നേടിയത്. 40 റണ്‍സ് വഴങ്ങി ആറുവിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. 23 ട്വന്റി 20 മത്സരങ്ങള്‍ കളിച്ച മുകേഷ് 25 വിക്കറ്റുകളും നേടി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ ഫലത്തില്‍ മുകേഷ് ഇന്ത്യ എ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസീലന്‍ഡ് എ യ്‌ക്കെതിരായ മത്സരത്തില്‍ അഞ്ചുവിക്കറ്റെടുത്ത് മുകേഷ് വരവറിയിച്ചു. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിലും അവസരം ലഭിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം നേടിയാല്‍ മുകേഷ് അച്ഛന് കൊടുത്ത വാക്ക് പാലിക്കും.
പക്ഷേ മകന്റെ ഈ സൗഭാഗ്യങ്ങളൊന്നും കാണാന്‍ കാശിനാഥിന് സാധിച്ചില്ല. മകന്‍ ഇന്ത്യന്‍ കുപ്പായമണിയുന്നതും ഐ.പി.എല്‍ കളിക്കുന്നതും കാണാന്‍ സാധിക്കാതെ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. ഐ.പി.എല്ലില്‍ അഞ്ചരക്കോടി രൂപയ്ക്ക് ഡല്‍ഹിയിലെത്തുമ്പോഴും മുകേഷിന് സന്തോഷമില്ല. കാരണം ഈ നേട്ടത്തിന്റെ സന്തോഷം അദ്ദേഹം പങ്കുവെക്കാന്‍ ആഗ്രഹിച്ചത് അച്ഛനോടൊപ്പമാണ്. അച്ഛനുവേണ്ടി പൊരുതിനേടിയ ഈ നേട്ടം മികച്ച പ്രകടനമാക്കി മാറ്റാനാണ് താരത്തിന്റെ ശ്രമം. 29 കാരനായ മുകേഷ് കുമാര്‍ ഡല്‍ഹിയുടെ ബൗളിങ് കുന്തമുനയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Content Highlights: mukesh kumar, life story of mukesh kumar, mukesh kumar bowler, ipl 2023, ipl auction, delhi capitals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..