കെനിയക്കാർ അറിയണം, പൊന്നിനേക്കാൾ തിളക്കമുണ്ട് മഞ്ഞിലും പൊടിക്കാറ്റിലും വിളക്കിയെടുത്ത ഈ വെള്ളിക്ക്


ബി.കെ.രാജേഷ്ഇത് ഒരുപാടു പേര്‍ക്കുള്ള ഉപദേശമാണ്. ട്രിപ്പിളില്‍ ചരിത്രം കുറിച്ച് സ്വര്‍ണം നേടിയ എല്‍ദോസ് പോളിനും ഹൈജമ്പില്‍ വെള്ളി നേടിയ ശ്രീശങ്കറിനുമെല്ലാമുള്ള ഉപദേശം.

In Depth

Photo: AFP

ട്രാക്കില്‍ ജയിച്ചാലും തോറ്റാലും എന്നും ഒരേ മനസ്സാണ് അവിനാശ് സാബ്‌ളെ എന്ന സ്റ്റീപ്പിള്‍ ചേസ് വെള്ളി മെഡല്‍ ജേതാവിന്. കാരണം ജീവിത സാഹചര്യങ്ങളുടെ മാത്രമല്ല, നിത്യവൃത്തിക്കുവേണ്ടി പ്രകൃതിയുടെയും രണ്ടു വിപരീതധ്രുവങ്ങള്‍ ഒരുപോലെ കണ്ടനുഭവിച്ച് കരളുറപ്പോടെ മറികടന്നവനാണ് ഈ സ്റ്റീപ്പിള്‍ചേസുകാരന്‍. കത്തുന്ന ചൂട് 45 ഡിഗ്രിയിലധികം പൊള്ളിക്കുന്ന രാജസ്ഥാനിലും താപനില 30 ഡിഗ്രി സെല്‍ഷ്യസിലും താഴ്ന്ന് മഞ്ഞുറയുന്ന സിയാച്ചിനിലും ഒരേ മനസ്സോടെ സൈനികവേഷത്തില്‍ സേവനമനുഷ്ഠിപ്പിച്ചിട്ടുണ്ട് കരസേനയിലെ ഈ നായിബ് സുബൈദാര്‍. ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എല്‍ദോസിന്റെ സ്വപ്നതുല്ല്യമായ ട്രിപ്പിള്‍ ജമ്പ് സ്വര്‍ണമടക്കം അഭിമാനകരമായ മെഡല്‍ നേട്ടങ്ങള്‍ ഏറെയുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നാണ് സാബ്ലെ നേടിയ സ്റ്റീപ്പിള്‍ ചേസ് വെള്ളി. കാരണം, കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ 1994ന് ശേഷം സ്റ്റീപ്പിള്‍ ചേസില്‍ മെഡല്‍ നേടുന്ന കെനിയക്കാരനല്ലാതെ ഏക താരമാണ് ഈ സൈനികന്‍. സ്റ്റീപ്പിള്‍ ചേസ് അടക്കം ദീര്‍ഘ, മധ്യദൂര ഓട്ടങ്ങളുടെ ചരിത്രം ചികഞ്ഞെങ്കില്‍ മാത്രമേ ഇതിന്റെ മാറ്റ് ശരിക്കുമറിയൂ. അവസാന ലാപ്പില്‍ അവിശ്വസനീയമായ കുതിപ്പ് നടത്തിയ സാബ്ലെ അഞ്ച് മൈക്രൊ സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് കെനിയയുടെ അബ്രഹാം കിബിവോട്ടിന് തൊട്ടു പിറകില്‍ രണ്ടാമതായി ഫിനിഷ് ടേപ്പ് തൊട്ടത്. അവസാന രണ്ട് ഹര്‍ഡിലുകള്‍ താണ്ടുന്നതില്‍ വന്ന പിഴവാണ് തനിക്ക് സ്വര്‍ണം നഷ്ടപ്പെടുത്തിയതെന്നാണ് അവസാന ലാപ്പില്‍ മറ്റ് രണ്ട് കെനിയക്കാരെ പിന്തള്ളിയ സാബ്ലെ മത്സരശേഷം പറഞ്ഞത്.

എന്നാല്‍, അവസാന രണ്ട് ഹര്‍ഡിലുകളല്ല, അതിലും വലിയ വൈതരണികള്‍ താണ്ടിയാണ് അവിനാശ് മുകുന്ദ് ബര്‍മിങ്ങാം അലക്‌സാണ്ടര്‍ സ്‌റ്റേഡിയത്തില്‍ സില്‍വര്‍ ഫിനിഷ് നടത്തിയത്. ഈ സാബ്ലെയിലെ മെഡല്‍ ജേതാവിനെ സൃഷ്ടിച്ചത് ഈ കൊടും തണുപ്പോ ചൂടോ അല്ല. അത് ജന്മനാടായ ബീഡില്‍ നിന്ന് സ്‌കൂളിലേയ്ക്കുള്ള ദൂരമായിരുന്നു. അതായിരുന്നു ജീവിതത്തിലെ യഥാര്‍ഥ ഹര്‍ഡില്‍. കൊടുംവരള്‍ച്ചയ്ക്കും കര്‍ഷക ആത്മഹത്യകള്‍ക്കും കടുത്ത അവഗണനയ്ക്കും ദുഷ്‌പ്പേരുകേട്ട മഹാരാഷ്ട്രയിലെ ബീഡില്‍ മാണ്ഡ്‌വയില്‍ നല്ലൊരു റോഡില്ല. അതുകൊണ്ടുതന്നെ ബസ് സര്‍വീസിനെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ല പരമദരിദ്രരായ, കൃഷി ഉപജീവനമാക്കിയ അവിടുത്തെ ഗ്രാമവാസികള്‍ക്ക്. മാണ്ഡ്‌വയില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയായിരുന്നു അവിനാശ് പഠിച്ച സ്‌കൂള്‍. എത്തിപ്പെടാന്‍ ബസ് പോയിട്ട് കാളവണ്ടി പോലും കിട്ടാത്ത കാലം. നടത്തം തന്നെയായിരുന്നു ആശ്രയം. ഇറങ്ങാന്‍ നേരമൊന്ന് വൈകിയാല്‍ പിന്നെ ഈ ആറു കിലോമീറ്ററും നിര്‍ത്താതെ ഓടണം. അച്ഛനും അമ്മയും കൃഷിപ്പണിക്ക് പോകേണ്ടതുകൊണ്ട് സമയത്ത് ഇറങ്ങിയ ചരിത്രമില്ല അവിനാശിനും സഹോദരങ്ങള്‍ക്കും. ചിലപ്പോള്‍ കാലത്ത് തന്നെ തുള്ളി വെള്ളത്തിനുവേണ്ടി അലയണം, കുഴല്‍ക്കിണറുകള്‍ തേടി മണിക്കൂറുകളോളം നടക്കണം, പൈപ്പിന് മുന്നില്‍ കാത്തുകെട്ടിക്കിടക്കണം. വൈകീട്ട് വീട്ടിലെത്താനുള്ള ധൃതിയിലും ഓട്ടം തന്നെ ശരണം. അങ്ങനെ പഠിക്കാന്‍ നിത്യവും സ്‌കൂളിലേയ്ക്കും തിരിച്ചും പന്ത്രണ്ട് കിലോമീറ്ററാണ് അവിനാശ് ഓടിക്കൊണ്ടിരുന്നത്. തളര്‍ന്നാല്‍ തൊണ്ട നനയ്ക്കാന്‍ തുള്ളി വെള്ളമുണ്ടാവില്ല മഹാരാഷ്ട്രയുടെ വരള്‍ച്ചാ തലസ്ഥാനമായ വഴിയിലെങ്ങും. വീട്ടിലെത്തിയാലും കഥ അതുതന്നെ. ബര്‍മിങ്ങാമില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ രണ്ട് കെനിയക്കാരെ പിന്നിലാക്കിക്കൊണ്ടുളള അവസാനലാപ്പിലെ അത്ഭുതകരമായ കുതിപ്പ് കണ്ട് പലരും രോമാഞ്ചമണിയുമ്പോള്‍ ഒരു പതിറ്റാണ്ടിലേറെക്കാലം പഠിക്കാന്‍ വേണ്ടിമാത്രം വരണ്ട തൊണ്ടയുമായി നിത്യവും പന്ത്രണ്ടായിരം മീറ്റര്‍ ദൂരം തളാരാതെ ഓടിയ സാബ്ലെ മാത്രം ഉള്ളില്‍ ചിരിച്ചിട്ടുണ്ടാവും.

പരമ ദാരിദ്ര്യമായിരുന്നു വീട്ടില്‍. ചെറിയ തോതില്‍ ചോളവും കരിമ്പുമൊക്കെയായിരുന്നു അച്ഛന് കൃഷി. എന്നാല്‍, വെള്ളവും മഴയും കിട്ടാക്കനിയായതോടെ കൃഷി പാടെ അവതാളത്തിലായി. ബിന്ദുസാര അണക്കെട്ടിന്റെ വറ്റിവരണ്ട് അടിത്തട്ട് വരെ വിണ്ടുകീറി ദയനീയമായി വാപൊളിച്ചുനിന്നു. മജല്‍ഗാവ് ജലസേചനപദ്ധതിയുടെ കുഴലുകള്‍ ഉണങ്ങി വെറും കാഴ്ചവസ്തുവായി. വരണ്ട പാടവും കണ്ണീരും മാത്രമായി സമ്പാദ്യം. കൂട്ടുകര്‍ഷകര്‍ പലരും പാടത്ത്തന്നെ ജീവന്‍ വെടിയുന്നത് കണ്ടിട്ടും അവര്‍ ഒരുവിധം പിടിച്ചുനിന്നു. കിട്ടുന്ന തുച്ഛമായ കാശ് കൊണ്ട് അവന് പുസ്തകവും കുപ്പായവും വാങ്ങി. നാമമാത്രമെങ്കിലും ഫീസ് അടയ്ക്കാന്‍ നന്നേ പാടുപെട്ടു. ഇടയ്ക്ക് അവിനാശും പോവും പാടത്ത് വീട്ടുകാരെ സഹായിക്കാന്‍. എന്നാല്‍, മഴ കനിയാതായതോടെ, ജലസേചന പദ്ധതികള്‍ വെറുംവാക്കായി തുടര്‍ന്നതോടെ അതും മെല്ലെ കുറ്റിയറ്റു. ഒരുവിധമാണ് പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയത്. അക്കാലമായപ്പൊഴേയ്ക്കും വീട്ടില്‍ മുഴുപ്പട്ടിണിയായി. അടുപ്പു പുകയാത്ത രാത്രികള്‍ കൂടിക്കൂടി വന്നു. ഒടുവിലൊരു രാത്രി അവിനാശ് ആ തീരുമാനമെടുത്തു. ഇനി പഠിച്ചതു മതി. ഒരു ജോലി കണ്ടെത്തണം. വീട്ടുകാര്‍ക്ക് തുണയാവണം. എന്നാല്‍, അച്ഛന്റെ വഴിയെ വരണ്ടു തീവമിക്കുന്ന പാടത്ത് കൃഷിക്ക് ഇറങ്ങുന്നതില്‍ അര്‍ഥമില്ല. മറ്റെവിടേക്കെങ്കിലും പോവുക. അങ്ങനെയാണ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്നത്. ജോലി കിട്ടാന്‍ വലിയ പാടുണ്ടായില്ല. ഒരുകാലത്ത് മഹാരാഷ്ട്രയിലെ പിന്നാക്കക്കാരായ മഹര്‍ സമുദായക്കാര്‍ക്കുവേണ്ടി തുടക്കമിട്ട മഹര്‍ റെജിമെന്റിലായിരുന്നു നിയമനം. പതിനെട്ടാം വയസ്സില്‍ അങ്ങനെ സൈനികക്കുപ്പായമണിഞ്ഞ് നാടുവിട്ടു. ഇതോടെ കുടുംബത്തിന്റെ ജീവിതം ഒരുവിധം കരപറ്റി. ദാരിദ്ര്യത്തില്‍ നിന്ന് ചെറിയ മോചനമായി.

എന്നാല്‍, അവിനാശിന്റെ ജീവിതത്തിലെ യഥാര്‍ഥ വെല്ലുവിളി വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. തീ തോല്‍ക്കുന്ന വെയിലും വരള്‍ച്ചയും മാത്രം കണ്ടുശീലിച്ച പത്തൊന്‍പതുകാരന്റെ ആദ്യ പോസ്റ്റിങ് മഞ്ഞുറഞ്ഞുമരവിച്ച സിയാച്ചിനില്‍. അതും താപനില മൈനസ് 30ലെത്തിനില്‍ക്കുമ്പോള്‍. നല്ലൊരു ചാറ്റല്‍മഴ പോലും കണ്‍കുളിര്‍ക്കെ കാണാത്തവന്, മഞ്ഞിനെ കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ളവന് അതിലും വലിയ വെല്ലുവിളി ഇനി ജീവിതത്തില്‍ നേരിടാനില്ല. അതിശൈത്യത്തെ നേരിടാനുള്ള നല്ലൊരു കുപ്പായം പോലുമില്ലാതെയായിരുന്നു അവിനാശിന്റെ ആദ്യ മഞ്ഞുമലകയറ്റം. 102 ഇന്‍ഫന്‍ട്രി ബ്രിഗേഡിനൊപ്പം ബേസ് ക്യാമ്പിലും ബന ടോപ്പിലും പഹല്‍വാന്‍ പോസ്റ്റിലും ഇന്ദിരാ കോളിലും കുമാര്‍ പോസ്റ്റിലുംകാര്‍ഗിലിലുമെല്ലാം തണുത്തുറഞ്ഞമഞ്ഞില്‍ തോക്കേന്തി പാറാവു നിന്നു. ശ്വാസംനിലയ്ക്കുന്ന മര്‍ദത്തെ അതിജീവിച്ച് ഭാരംപേറി മഞ്ഞുമലകയറി. അന്നരം നാട്ടിലെ അത്യുഷ്ണവും വരള്‍ച്ചയും പട്ടിണിയുമോര്‍ക്കുമ്പോള്‍ ഉള്ളു തിളയ്ക്കും, അതിശൈത്യമൊക്കെ പമ്പ കടക്കുമായിരുന്നുവെന്നാണ് അവിനാശ് പറയാറുള്ളത്.

സ്റ്റീപ്പിള്‍ ചേസ് പോയിട്ട് ഒരു ചെറിയ ഓട്ടമത്സരത്തെക്കുറിച്ച് പോലും ചിന്തിക്കാത്ത അവിനാശിനെ കാത്ത് അടുത്ത ഹര്‍ഡില്‍ ഒരുങ്ങിയിരിപ്പുണ്ടായിരുന്നു. സിയാച്ചിനില്‍ നിന്ന് അടുത്ത പോസ്റ്റിങ് രാജസ്ഥാനിലേയ്ക്ക്. മഞ്ഞിന്റെ മരണമുഖത്ത് നിന്നുള്ള മുക്തിയാണെന്ന് കരുതാന്‍ വരട്ടെ. അത്യുഷ്ണത്തിനും ജലക്ഷാമത്തിനും പേരുകേട്ട, താപനില നാല്‍പത്തിയൊന്‍പത് ഡിഗ്രിയിലേയ്ക്ക് വരെ കത്തിക്കയറുന്ന ലാല്‍ഗഡ് ജാത്തനിലായിരുന്നു പോസ്റ്റിങ്. സിയാച്ചിനിലെ ഹിമക്കാറ്റില്‍ നിന്ന് രാജസ്ഥാനിലെ ചൂട്ടുപൊള്ളുന്ന പൊടിക്കാറ്റിലേയ്ക്ക്. ഉഷ്ണം ഒരു പ്രശ്‌നമായിരുന്നില്ല. ജനിച്ചനാള്‍ തൊട്ട് അത് കൂടെപ്പിറപ്പാണ്. എന്നാല്‍, സിയാച്ചിനില്‍ നിന്നുള്ള മാറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശരിക്കും പാടുപെട്ടു അവിനാശ്.

എന്നാല്‍, ജീവിതത്തിലെ യഥാര്‍ഥ വഴിത്തിരിവ് വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. സിക്കിമിലായിരുന്നു അടുത്ത പോസ്റ്റിങ്. അവിടെ വച്ചാണ് ആദ്യമായി കായികമത്സരങ്ങളില്‍ ഒരു കൈനോക്കാമെന്ന് തീരുമാനിച്ചത്. രാത്രി ക്യാമ്പിലെ വെടിവെട്ടത്തിനിടെ പറഞ്ഞ നാട്ടിലെ കഥകേട്ട കൂട്ടുകാരാണ് നിര്‍ബന്ധിച്ചത്. അങ്ങനെ ആദ്യമായി ക്രോസ് കണ്‍ട്രി മത്സരത്തില്‍ പങ്കെടുത്തു. റെജിമെന്റിലെ മത്സരത്തില്‍ അനായാസം ഒന്നാമതെത്തി. പിന്നെ സൈന്യത്തിന്റെ മറ്റു മത്സരങ്ങളിലും അരക്കൈ നോക്കാന്‍ തുടങ്ങി.

എന്നാല്‍ ഓട്ടം മാത്രമേയുള്ളൂ. ഒരു അത്‌ലറ്റിന്റെ വേണ്ട ശരീരത്തെക്കുറിച്ചോ ഓട്ടത്തിന്റെ സാങ്കേതികവശത്തെക്കുറിച്ചോ യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ഭക്ഷണത്തിലുമുണ്ടായില്ല തെല്ലും ശ്രദ്ധ. അങ്ങനെ ശരീരഭാരം 76 കിലോയായി. അതുവച്ച് ഓടി പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ അത്‌ലറ്റിക്‌സ് ജീവിതത്തിന് അര്‍ധവിരാമമായി. ഇനി ട്രാക്കിലേയ്ക്കുള്ള മടക്കം അസാധ്യമാണെന്ന് ഭൂരിഭാഗം പേരും വിധിയെഴുതുകയും ചെയ്തു. ബീഡിലെയും ലാല്‍ജഡിലെയും അത്യുഷ്ണത്തെയും സിയാച്ചിനിലെ അതിശൈത്യത്തെയും കരളുറപ്പു ഒന്ന് കൊണ്ട് മാത്രം മറികടന്നവന് ഈ അധിക്ഷേപങ്ങള്‍ സഹിക്കാവുന്നതിലപ്പുറമായിരുന്നു. അവനില്‍ ആദ്യമായി ഒരു വാശി നാമ്പിട്ടു. ട്രാക്കിലെ കഴിവ് തെളിയിച്ചിട്ടു തന്നെ കാര്യമെന്നൊരു ദൃഢനിശ്ചയം മുളപൊട്ടി തളിര്‍ത്തു. പരിക്കില്‍ നിന്ന് മുക്തനായശേഷം പിന്നെ കഠിനാധ്വാനമായിരുന്നു. ഭക്ഷണം ക്രമീകരിച്ചു. കഠിനമായി വ്യായാമം ചെയ്തു. പതിവ് സൈനിക പരിശീലനത്തിനുശേഷവും ഗ്രൗണ്ടില്‍ തന്നെ അധ്വാനിച്ച് വിയര്‍ത്തു. ഒടുവില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുറച്ച് പതിനേഴ് കിലോ. ശരീരഭാരം 59 ആയതോടെ വീണ്ടും ട്രാക്കിലിറങ്ങി. അങ്ങനെ 2017ല്‍ ഹൈദരാബാദ് ആര്‍മി സ്‌പോര്‍ട്‌സ് സെന്ററിന്റെ ആര്‍ട്ടി സെന്ററില്‍ നടന്ന കരസേനയുടെ കായികമത്സരത്തിനിടെയാണ് അവിനാശ് കോച്ച് അമരീഷ് കുമാര്‍ അധാനയുടെ കണ്ണില്‍ പെടുന്നത്. അപാര സ്റ്റാമിനയും വേഗവും പ്രകടമാക്കുന്ന അവിനാശില്‍, മധ്യ, ദീര്‍ഘദൂരങ്ങളില്‍ വലിയൊരു ഭാവി അന്നേ കണ്ടു അമരിഷ്.

അവിനാശിന്റെ ജീവിതത്തിലെ മൂന്നാം ഘട്ടം തുടങ്ങുന്നത് അവിടെവച്ചാണ്. പട്രോളിങ്ങും കാവലുമായി കഴിഞ്ഞിരുന്ന ഒരു സാദാ നായിബ് സുബൈദാറിന്റെ കായികതാരത്തിലേയ്ക്കുള്ള സുപ്രധാന പരിണാമം. തുടക്കത്തില്‍ ഏതാനും മത്സരങ്ങളില്‍ പിന്നാക്കം പോയതോടെ ഒന്ന് തളര്‍ന്നു അവിനാശ്. എന്നാല്‍ കൈ പിടിച്ചുയര്‍ത്താന്‍ അമരീഷ് ഉണ്ടായിരുന്നു. ശരീരഭാരം കുറയ്ക്കുന്നതിലായിരുന്നു ആദ്യം ശ്രദ്ധ. പിന്നെ വേഗത. സ്റ്റാമിന... ക്രോസ് കണ്‍ട്രിയിലായിരുന്നു ആദ്യ പരീക്ഷണം. ചത്തീസ്ഗഡില്‍ നടന്ന ദേശീയ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ നാലാമതായി. എന്നാല്‍, ജമ്പ് ഇനങ്ങളിലും മികവ് തെളിച്ചതോടെ മറ്റൊരു ആശയം അമരിഷിന്റെ തലയിലുദിച്ചു. സ്റ്റാമിനയും വേഗതയും ചാടാനുള്ള കഴിവുമെല്ലാം സമ്മേളിക്കുന്ന സ്റ്റീപ്പിള്‍ ചേസില്‍ പരീക്ഷിച്ചാലോ. പരിശീലകന്റെ ഭാഗ്യപരീക്ഷണം ഏതായാലും തെറ്റിയില്ല. അവിനാശിന്റെ ഭാഗ്യജാതകവും അതോടെ തിരുത്തിക്കുറിക്കപ്പെട്ടു. ജാലഹള്ളിയില്‍ നടന്ന ഇന്റര്‍ സര്‍വീസസ് അത്‌ലറ്റിക് മീറ്റിലായിരുന്നു തുടക്കം. അന്ന് പക്ഷേ, വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജൂണില്‍ പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പായിരുന്നു ആടുത്ത പരീക്ഷണവേദി. മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച അവിനാശ് 9:06.42 സെക്കന്‍ഡില്‍ അഞ്ചാമതാണെത്തിയത്. 8:50.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹര്യാനയുടെ നവീന്‍ കുമാറിനായിരുന്നു അന്ന് സ്വര്‍ണം. ജൂലായില്‍ ഗുണ്ടൂറില്‍ നടന്ന ഇന്റര്‍ സ്‌റ്റേറ്റ് മീറ്റിലും മണിപ്പൂരിനെ പ്രതിനിധീകരിച്ചെത്തി നാലാമതെത്താനേ കഴിഞ്ഞുള്ളൂ.

മാസങ്ങള്‍ക്കുശേഷം ചെന്നൈയില്‍ നടന്ന ദേശീയ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിലായിരുന്നു ആദ്യ സ്വര്‍ണം. 8:39.81 സെക്കന്‍ഡില്‍ ഫിനിഷ്. ഈ പ്രകടനം വഴി അന്നത്തെ ദേശീയ കോച്ചായ ബെലുറൂസുകാരന്‍ നിക്കൊളായ് സ്‌നെസറേവിന്റെ ശ്രദ്ധയില്‍ പെട്ടു. അങ്ങനെ ദേശീയ ക്യാമ്പിലുമെത്തി. ഒരു വര്‍ഷത്തിനകം അടുത്ത ഫെഡറേഷന്‍ കപ്പായപ്പോഴേയ്ക്കും അവിനാശ് ഏറെ മുന്നേറി. 8:43.84 സെക്കന്‍ഡുമായി നീവന്‍ കുമാറിന് പിന്നില്‍ വെള്ളി നേടി. അത്തവണ തന്നെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലേയ്ക്ക് യോഗ്യത നേടിയെങ്കിലും ദുര്‍വിധി പിടികൂടി. ബെംഗളൂരുവിലെ പരിശീലനത്തിനിടെ കണങ്കാലിനേറ്റ പരിക്ക് മൂലം ടീമിനൊപ്പം യാത്ര തിരിക്കാനായില്ല. അവിനാശിന് പകരം മത്സരിച്ച ശങ്കര്‍ലാല്‍ സ്വാമിക്ക് 8:43.43 സെക്കന്‍ഡില്‍ എട്ടാമതായേ ഫിനിഷ് ചെയ്യാനായുള്ളൂ.

ഈ സമയം വേദനയും നിരാശയും തിന്ന് നിസ്സഹായനായിരിക്കുകയായിരുന്നു അവിനാശ്. പരിക്കുമായി വലയുമ്പോള്‍ അത്‌ലറ്റിക്‌സ് നിര്‍ത്തുന്ന ചിന്ത വരെ ഇരച്ചെത്തി മനസ്സില്‍. അതിനിടെ കോച്ച് നിക്കൊളായുടെ കഠിനമായ പ്രൊഫഷണല്‍ പരിശീലന ശൈലിയുമായി ഒത്തുപോകാനുള്ള ബുദ്ധിമുട്ട് വേറെയും. ബീഡിലെ കഠിനവഴികളില്‍ രാകിമൂര്‍ച്ചകൂടിയ സ്വാഭാവിക പ്രതിഭയായിരുന്നു അവിനാശ്. പ്രൊഫഷണല്‍ ശൈലിക്ക് എളുപ്പത്തില്‍ വഴിപ്പെടുന്നതായിരുന്നില്ല തനി ഗ്രാമീണവും പരുപരുത്തതുമായ ആ ശൈലിയും കരുത്തും. അക്ഷരാര്‍ഥത്തില്‍ ദേശീയ ക്യാമ്പില്‍ ശ്വാസംമുട്ടിക്കഴിയുകയായിരുന്നു അവിനാശ്. പരിക്ക് കൂടി പിടികൂടിയതോടെ വിഷാദത്തിന്റെ വക്കിലെത്തി. ഇനി മുന്നോട്ടില്ലെന്ന് പല രാത്രികളിലും മനസ് പറഞ്ഞു. അതിനിടെ നിക്കോളായ് ദേശീയ ടീമില്‍ നിന്ന് പോയതോടെ ഒരു പരിശീലകന്‍ തന്നെ ഇല്ലാതായി. എന്നാല്‍, ഇത് അവിനാശിനെ സംബന്ധിച്ചിടത്തോളം ഉര്‍വശീശാപം ഉപകാരമായപോലെയായി.

മുറിവേറ്റ സിംഹത്തെപ്പോലയാണ് പരിക്കില്‍ നിന്ന് മുക്തനായത്. വലിയൊരു അത്ഭുതവുമായിട്ടായിരുന്നു ഒറ്റയ്ക്കുള്ള തിരിച്ചുവരവ്. പരിക്കേല്‍പിച്ച ദുര്‍വിധിയോടുള്ള കണക്കുതീര്‍ക്കല്‍ പോലെ. സെപ്റ്റംബറില്‍ ഭുവനേശ്വറില്‍ നടന്ന ദേശീയ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു വലിയൊരു ചരിത്രം തന്നെ അവിനാശ് സാബ്ലെ എന്ന സൈനികന്‍ കടപുഴക്കി സ്വന്തം പേര് പ്രതിഷ്ഠിച്ചു. സ്റ്റീപ്പിള്‍ ചേസില്‍ സ്വര്‍ണം നേടുക മാത്രമല്ല, ഗോപാല്‍ സെയ്‌നി മുപ്പത്തിയേഴ് കൊല്ലം മുന്‍പ് സൃഷ്ടിച്ച റെക്കോഡ് പഴങ്കഥയാക്കി സകലരെയും ഞെട്ടിക്കുക കൂടി ചെയ്തു അവിനാശ്. 8:29.80 സെക്കന്‍ഡിലായിരുന്നു റെക്കോഡ് ഫിനിഷ്. ജക്കാര്‍ത്തയില്‍ വെങ്കലം നേടിയ ജപ്പാന്റെ കസുയ ഷിയോജിരിയേക്കാള്‍ സെക്കന്‍ഡുകള്‍ക്ക് മാത്രം പിറകില്‍. 8.30.88 സെക്കന്‍ഡായിരുന്നു ടോക്യോ ഏഷ്യന്‍ ചാമ്പ്യഷിപ്പില്‍ സെയ്‌നി കുറിച്ച് റെക്കോഡ്. ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ഏറ്റുവും പഴക്കമേറിയ റെക്കോഡുകളില്‍ ഒന്ന് കൂടിയായിരുന്നു അത്. ഇനിനിപ്പോള്‍ റെക്കോഡ് പുസ്തകത്തില്‍ അഭേദ്യമായി തുടരുന്ന ഏറ്റവും പഴക്കമേറിയ റെക്കോഡ് പി.ടി.ഉഷയുടേതാണ്. കണ്ണീരിന്റെ നനവു പടര്‍ന്ന് 1984 ലോസ് ആഞ്ജലീസിലെ 400 മീറ്റര്‍ ഹര്‍ഡില്‍സ് റെക്കോഡ്.

ഒടുവില്‍ അവിനാശ് ഒരു തീരുമാനമെടുത്തു. തിരിച്ച് പഴയ പരിശീലകന്‍ അമരിഷിന്റെ അടുത്തേയ്ക്ക് തന്നെ മടങ്ങുക. അങ്ങനെ വൈകാതെ ബെംഗളൂരുവിലെത്തി. എന്നാല്‍, വിദഗ്ദ്ധനായ വിദേശിയെ വിട്ട് ഇന്ത്യന്‍ പരിശീലകന്റെ അടുത്തേയ്ക്കുള്ള മടക്കത്തെ സ്വാഗതം ചെയ്യുകയല്ല പലരും ചെയ്തത്. ആത്മഹത്യാപരമാണ് ഈ തീരുമാനമെന്ന് പലരും ഉപദേശിച്ചു. ഒട്ടേറെ പേര്‍ ശകാരിച്ചു. തീരുമാനം പുന:പരിശോധിക്കാന്‍ നിര്‍ബന്ധിച്ചു. അവിനാശിന്റെ തീരുമാനം തെറ്റിയില്ല. ഇരുവരും ചേര്‍ന്ന് പിന്നെ മെല്ലെ കരകയറിക്കൊണ്ടിരുന്നു. ഊട്ടിയിലും മറ്റുമായിരുന്നു പരിശീലന. പട്യാല ഗ്രാന്‍പ്രീയില്‍ ആദ്യ ജയം. പിന്നെ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് മെച്ചപ്പെടുത്തിക്കൊണ്ട് ഫെഡറേഷന്‍ കപ്പില്‍ സ്വര്‍ണം. 8:28.94 സെക്കന്‍ഡായിരുന്നു പുതിയ സമയം. അങ്ങനെ ഖത്തര്‍ ഏഷ്യന്‍ ഗെയിംസിനും ലോക അത്‌ലറ്റിക്‌സിനും യോഗ്യതയും നേടി മുപ്പത്തിയെട്ട് കൊല്ലം കഴിഞ്ഞ് ദീനാറാമിനുശേഷം ആദ്യമായി ലോക അത്‌ലറ്റിക് ചാമ്പ്യഷിപ്പിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ സ്റ്റീപ്പില്‍ ചേസ് താരം കൂടിയായി അവിനാശ്.

പിന്നീടൊരു തിരിഞ്ഞോട്ടമുണ്ടായിട്ടില്ല അവിനാശിന്. തിരിച്ചടിയും. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി, ലോകചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പ്രവേശം. ടോക്യോ ഒളിമ്പിക്‌സിന്റെ ഹീറ്റ്‌സില്‍ ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പേടേണ്ടിവന്നെങ്കിലും ഫൈനലിന് യോഗ്യത നേടാനാവാതെ പോയവരില്‍ ഏറ്റവും വേഗം കൂടിയ താരമായിരുന്നു അവിനാശ്. അന്നും ഭേദിച്ചു ദേശീയ റെക്കോഡ്.

ഇതില്‍ മെഡല്‍ നേട്ടം ഒന്നേ ഉള്ളൂവെങ്കിലും ഇതിനിടെ ഓരോ മീറ്റിലും സ്വന്തം പേരിലുളള ദേശീയ റെക്കോഡ് തിരുത്തിക്കുറിക്കുകയും ചെയ്തു. ബര്‍മിങ്ങാമിലായിരുന്നു ഏറ്റവും ഒടുവിലത്തെ തവണ. 8:11.20 സെക്കന്‍ഡ്. അങ്ങനെ മൊത്തം നാലു വര്‍ഷത്തിനിടെ ഒന്‍പതു തവണ സ്വന്തം റെക്കോഡ് ഭേദിക്കുക എന്ന അപൂര്‍വ നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് അവിനാശ്. ഇതില്‍ മൂന്ന് തവണ റെക്കോഡ് സമയം മറികടന്നതാവട്ടെ ലോകചാമ്പ്യന്‍ഷിപ്പും കോമണ്‍വെല്‍ത്ത് ഗെയിംസും ഏഷ്യന്‍ ഗെയിംസും നടക്കുന്ന വര്‍ഷം തന്നെ.

എന്നാല്‍, പഴയ പരിശീലകന്‍ നിക്കൊളായെ മറന്ന് ഗുരുത്വദോഷം കാട്ടിയില്ല അവിനാശ്. നിക്കോളായാണ് ഒരു സാദാസൈനികനായ തന്നില്‍ ആത്മവിശ്വാസം നിറച്ചതെന്ന് തുറന്നു പറഞ്ഞിട്ടുണ്ട് അവിനാശ്. ഒരുപാട് പരിശീലകര്‍ വന്നുപോവുമെങ്കിലും നിക്കോളായുടെ സ്വാധീനമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ഇത്രയും സത്യസന്ധനായ മറ്റൊരു പരിശീലകനെ ഞാന്‍ എന്റെ കരിയറില്‍ കണ്ടിട്ടില്ല-പട്യാല എന്‍. ഐ. എസ്. ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട നിക്കൊളായുടെ ജഡത്തിനരികെ വിതുമ്പലടക്കാന്‍ പാടുപെട്ട് അവിനാശ് പറഞ്ഞു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ ടീമിനൊപ്പം തിരിച്ചെത്തിയതായിരുന്നു നിക്കൊളായ്.

ബര്‍മിങ്ങാമില്‍ നിക്കൊളായെ അനുസ്മരിക്കുന്നതിനിടെ മറ്റൊരു കാര്യം കൂടു പറഞ്ഞു അവിനാശ്. ഇന്ത്യക്കാര്‍ക്ക് കെനിയന്‍ താരങ്ങളെ തോല്‍പിക്കാനാവുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. നിക്കൊളായെ പോലുള്ള വിദേശ പരിശീലകരും വിദേശത്ത് നടത്തിയ പരിശീലനങ്ങളുമാണ് ഇക്കാര്യത്തില്‍ എനിക്ക് ഗുണം ചെയ്തത്. ഇന്ത്യക്കാര്‍ കൂടുതലായി വിദേശ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കണം. അതാണ് എന്നെ മാറ്റിമറിച്ചത്. അല്ലെങ്കില്‍ നാട്ടില്‍ വെറുതെ റെക്കോഡ് തിരുത്തല്‍ മാത്രമേ നടക്കുമായിരുന്നുളളൂ. ഇത് ഒരുപാടു പേര്‍ക്കുള്ള ഉപദേശമാണ്. ട്രിപ്പിളില്‍ ചരിത്രം കുറിച്ച് സ്വര്‍ണം നേടിയ എല്‍ദോസ് പോളിനും ഹൈജമ്പില്‍ വെള്ളി നേടിയ ശ്രീശങ്കറിനുമെല്ലാമുള്ള ഉപദേശം. നാട്ടില്‍ തന്നെ ഒതുങ്ങിക്കൂടുകയാണ് ലക്ഷ്യമെങ്കില്‍ മുന്നോട്ടുള്ള യാത്ര ദുഷ്‌കരമായിരിക്കും എന്നു തന്നെയാണ് സാബ്ലെയുടെ മത്സരം പറയുന്നത്. സ്വപ്‌നം കണ്ടാല്‍ മാത്രം പോരെ. അതിനെ ചിറകുവിരിയിച്ച് പറക്കാന്‍ അനുവദിക്കുക കൂടി വേണം. ബീഡിലെ വരള്‍ച്ചയോ രാജസ്ഥാനിലോ ഉഷ്ണക്കാറ്റോ സിയാച്ചിനിലെ കൊടുംശൈത്യമോ എന്തുമാവട്ടെ. അത് കനകമായി പൂത്തുവിരിയുക തന്നെ ചെയ്യും. അതാണ് സാബ്ലെയുടെ പ്രകടനത്തിന്റെ രജതരേഖ.

Content Highlights: Life Story of Commonwealth Games 2022 Steeple chase silver medal winner Avinash Sable


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented