റിങ്ങിന് പുറത്ത് ഈയൊരൊറ്റ എതിരാളിയോട് മാത്രം എന്തേ ഡിങ്കോ ഇങ്ങനെ ഇടിച്ചു തോല്‍ക്കാന്‍?


ബി.കെ.രാജേഷ്

പത്താം വയസില്‍ ദേശീയ ചാമ്പ്യനായി ചരിത്രം കുറിച്ചയാള്‍ വെറും നാല്‍പത്തിരണ്ടാം വയസിലാണ് ഒട്ടും വീരോചിതമല്ലാതെ കാലത്തിന്റെ അവസാന ബൗട്ടില്‍ നിലതെറ്റി വീഴുന്നത്.

ഡിങ്കോ സിങ് ഏഷ്യൻ ഗെയിംസ് മെഡലുമായി (ഇടത്) ഡിങ്കോ സിങ് ആശുപത്രിയിൽ (വലത്ത്). Photo Courtesy: Twitter

ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലില്‍ തൈമുര്‍ തുല്യക്കോവെന്ന ഉസ്ബക്കിസ്താന്‍കാരനെ ഇടിച്ചിട്ട് സ്വര്‍ണമണിയാന്‍ വെറും നാലേനാലു റൗണ്ടേ വേണ്ടിവന്നുള്ളൂ ഡിങ്കോ സിങ്ങിന്. എന്നാല്‍, പതിമൂന്ന് റൗണ്ട് കീമോതെറാപ്പിയുടെ യാതന താണ്ടിയിട്ടും കാന്‍സര്‍ എന്ന എതിരാളിയെ നിലംപരിശാക്കാന്‍ കഴിഞ്ഞില്ല ഇടിക്കൂട്ടിലെ ഇന്ത്യയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവിന്. പത്താം വയസില്‍ ദേശീയ ചാമ്പ്യനായി ചരിത്രം കുറിച്ചയാള്‍ വെറും നാല്‍പത്തിരണ്ടാം വയസിലാണ് ഒട്ടും വീരോചിതമല്ലാതെ കാലത്തിന്റെ അവസാന ബൗട്ടില്‍ നിലതെറ്റി വീഴുന്നത്.

ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം ഏതായിരുന്നുവെന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് എന്നും ഒരൊറ്റ ഉത്തരമേ നല്‍കിയിരുന്നുള്ളു ഡിങ്കോ. 'അത് നിങ്ങള്‍ കരുതുംപോലെ ഏഷ്യന്‍ ഗെയിംസല്ല, കാന്‍സറിനെതിരെയുള്ള പോരാട്ടമായിരുന്നു.' ആശുപത്രിക്കിടക്കയില്‍ തളര്‍ന്നുകിടക്കുമ്പോഴും മുഖത്ത് ഒരു ചിരിവരുത്തി പലകുറി പറഞ്ഞിട്ടുണ്ട് ഡിങ്കോ. ഒടുവില്‍ ഈ എതിരാളിയോട് തന്നെ പൊരുതിത്തോല്‍ക്കുകയും ചെയ്തു ഡിങ്കോ.

റിങ്ങിലും ആശുപത്രിക്കിടക്കിയിലും മാത്രം ഒതുങ്ങിയില്ല ഡിങ്കോയുടെ പോരാട്ടം. പിച്ചവച്ച കാലം തൊട്ട് പട്ടടയിലേയ്‌ക്കെടുക്കുംവരെ ഇങ്ങനെ വിശ്രമമില്ലാതെ വെല്ലുവിളികളോട് ഇടികൂടാനായിരുന്നു ഡിങ്കോയുടെ വിധി. പലതിലും ജയിച്ച് നെഞ്ചുവിരിച്ചുനിന്നു. തൊട്ടടുത്ത നിമിഷം വിധി അടുത്ത വെല്ലുവിളി ഇട്ടുകൊടുത്ത് ക്രൂരമായി ചിരിച്ചു. അവസാനശ്വാസമെടുക്കുംവരെ തുടര്‍ന്നു കാലം ഡിങ്കോയുമായുള്ള ഈ കള്ളക്കളി. പുതുവര്‍ഷദിനത്തില്‍ കൊടിയ ദാരിദ്ര്യത്തിലേയ്ക്കാണ് ഇംഫാലിലെ ഒരു വിദൂര ഗ്രാമമായ ലാംലോങ്ങില്‍ ഡിങ്കോ പെറ്റുവീണത്. അച്ഛന്റെയും അമ്മയുടെയും അകാലമരണമായിരുന്നു കുഞ്ഞു ഡിങ്കോയെ കാത്തുനിന്ന ആദ്യത്തെ തിരിച്ചടി. പിച്ചവെച്ചു തുടങ്ങുമ്പോള്‍ തന്നെ വരവേറ്റത് അനാഥത്വവും പട്ടിണിയും. ജീവിതം പിന്നീട് അക്ഷരാര്‍ഥത്തില്‍ തന്നെ അനാഥാലയത്തിലായി. എന്നാല്‍, ബോക്‌സിങ്ങിന്റെ ബാലപാഠങ്ങള്‍ ഡിങ്കോ സ്വായത്തമാക്കുന്നത് ഈ അനാഥാലയ ജീവിതകാലത്താണ്. ഗ്രാമങ്ങളിലെ കായികപ്രതിഭകളെ കണ്ടെത്താനായി കേന്ദ്രസര്‍ക്കാര്‍ രൂപംകൊടുത്ത സ്‌പെഷ്യല്‍ ഏരിയ സ്‌കീമാണ് ഡിങ്കോയുടെ തലക്കുറി മാറ്റിമറിച്ചത്. ഇടിക്കൂട്ടിലെ ഇത്തിരിക്കുഞ്ഞന്റെ മിന്നില്‍വേഗം പെട്ടന്നു തന്നെ പരിശീലകരുടെ മനസില്‍ പതിഞ്ഞു. പേരിന് പോലും ഒരു അറിയപ്പെടുന്ന കായികതാരമില്ലാത്ത സെക്ത എന്ന ഗ്രാമത്തില്‍ നിന്ന് അവര്‍ ഡിങ്കോയെ റാഞ്ചാന്‍ വൈകിയില്ല. പില്‍ക്കാലത്ത് സായി ഡയറക്ടറായി മാറിയ ഒ.പി. ഭാട്യയാണ് ഡിങ്കോയെ കണ്ടെത്തി പരിശീലനക്യാമ്പിലേയ്ക്ക് കൊണ്ടുപോകാന്‍ ഉത്സാഹിച്ചത്. 1989ല്‍ നടന്ന ദേശീയ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പുരിനെ പ്രതിനിധീകരിച്ച് മത്സരിക്കുമ്പോള്‍ ഡിങ്കോയ്ക്ക് പ്രായം വെറും പത്ത്. എന്നാല്‍, സകലരെയും ഞെട്ടിച്ചുകൊണ്ട് ആ പത്താം വയസില്‍ തന്നെ ഡിങ്കോ ദേശീയ ചാമ്പ്യനായി. സെലക്ടര്‍മാരുടെ കണ്ണിലുടക്കിയ ഡിങ്കോയ്ക്ക് അതൊരു പുതിയ ജന്മത്തിന്റെ തുടക്കമായിരുന്നു. ഇന്ത്യയുടെ പുതിയ ബോക്‌സിങ് സെന്‍സേഷനെന്ന വിശേഷപട്ടം ചാര്‍ത്തിക്കിട്ടിയതോടെ മിന്നില്‍വേഗത്തിലായിരുന്നു വളര്‍ച്ച. പത്ത് കൊല്ലത്തിനുളളില്‍ തന്നെ അന്താരാഷ്ട്രതലത്തില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. പ്രതീക്ഷവച്ചു പുലര്‍ത്തിയവരെ ഒട്ടും നിരാശരാക്കിയില്ല ഡിങ്കോ. 1997ല്‍ ബാങ്കോക്കില്‍ നടന്ന കിങ്‌സ് കപ്പില്‍ ചാമ്പ്യന്‍പട്ടവുമായിട്ടായിരുന്നു മടക്കം. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബോക്‌സര്‍ എന്നൊരു പട്ടവും കൂടി അന്ന് ചാര്‍ത്തിക്കിട്ടി.

ഇന്ത്യന്‍ ബോക്‌സിങ്ങിന്റെ ഭാവിവാഗ്ദാനമെന്ന കാതടപ്പിക്കുന്ന വാഴ്ത്തുപാട്ടുകള്‍ക്കിടയില്‍ ഡിങ്കോയെ കാത്തിരുന്നത് കാലത്തിന്റെ അടുത്ത വെല്ലുവിളിയായിരുന്നു. കിങ്‌സ് കപ്പ് നേടിയ അതേ ബാങ്കോക്ക് വേദിയാവുന്ന ഏഷ്യന്‍ ഗെയിംസിനുവേണ്ടിയുള്ള കഠിനമായ ഒരുക്കത്തിലായിരുന്ന ഡിങ്കോയെ അവസാനിമിഷം വരവേറ്റത് ഞെട്ടുന്നൊരു വിവരമാണ്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ ബോക്‌സിങ് ടീമില്‍ ഇടമില്ല. ഒരു വര്‍ഷം മുന്‍പ് മാത്രം കിങ്‌സ് കപ്പ് നേടി മികവ് തെളിയിച്ച ഡിങ്കോയുടെ പേര് വെട്ടിയതിന് ഇന്നും നീതിയുക്തമായൊരു വിശദീകരണം നല്‍കാന്‍ ബോക്‌സിങ് ഫെഡറേഷന് കഴിഞ്ഞിട്ടില്ല. അതൊരു വല്ലാത്ത പ്രഹേളികയാണ് എന്നായിരുന്നു ഡിങ്കോ തന്നെ പിന്നീട് ആവര്‍ത്തിച്ചു പറഞ്ഞത്. ആത്മവിശ്വാസത്തിന്റെ കൊടുമുടിയേറി നില്‍ക്കുന്ന ഡിങ്കോയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല ഈ അവഗണന. ഡിങ്കോ മാത്രമല്ല, പരിശീലകരും അന്ന് ടീമിനൊപ്പം ഉണ്ടായിരുന്ന ക്യൂബന്‍ ബോക്‌സിങ് വിദഗ്ദ്ധനായ ബി.ഐ. ഫെര്‍ണാണ്ടസും ഞെട്ടലോടെയാണ് ആ വിവരത്തെ വരവേറ്റത്. ആരോട് പറയാന്‍. ആരുടെ മുന്നില്‍ പ്രതിഷേധിക്കാന്‍. ഡിങ്കോ സ്വയം ശിക്ഷ വിധിച്ചു. മദ്യമായിരുന്നു അഭയം. കുടിച്ചുകുടിച്ച് ലക്കുകെട്ടു. ലഹരിയില്‍ മുങ്ങി എവിടെയൊക്കെയോ വീണുകിടന്നു. പരിശീലനം മുടങ്ങി. ജീവിതം തന്നെ താളംതെറ്റി. ഹതാശനായി റിങ്ങിനോട് തന്നെ വിടപറയുന്നതിനെ കുറിച്ച് ആലോചിച്ച് കാലംകഴിച്ചു. പക്ഷേ, കാലം ഡിങ്കോയിലെ പോരാളിക്ക് മറ്റൊരു സര്‍പ്രൈസ് കൂടി കാത്തുവച്ചിരുന്നു. ലക്കുകെട്ട് നടക്കുന്ന കാലത്ത് ഓര്‍ക്കപ്പുറത്തായിരുന്നു ആ വിളി. പെട്ടന്നു തന്നെ ഏഷ്യന്‍ ഗെയിംസിനുള്ള ദേശീയ ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. പക്ഷേ, ഒരു നിബന്ധന. ബാങ്കോക്കിലേയ്ക്ക് യാത്ര ചെയ്യാം. പക്ഷേ, 'സര്‍ക്കാരിന് യാതൊരുവിധ ചെലവും വരുത്തിവയ്ക്കരുത്.' തിരസ്‌കാരത്തിനും തിരിച്ചുവിളിക്കും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന് തിട്ടമുണ്ടായിരുന്നില്ല ഡിങ്കോയ്ക്ക്. എന്നിട്ടും ഈ അപമാനം കണ്ടില്ലെന്ന് നടിച്ച് ബാങ്കോക്കിലേയ്ക്ക് തിരിച്ചു. ജീവിതത്തിലെ അടുത്ത യൂടേണ്‍.

dingko singh
ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടി തിരിച്ചെത്തിയ ഡിങ്കോ സിങ്ങിന് നൽകിയ സ്വീകരണം. Photo Courtesy: twitter

ക്രൂരമായ അവഗണനയുടെ ഈര്‍ഷ്യ മുഴുവന്‍ ഡിങ്കോ തീര്‍ത്തത് റിങ്ങിലാണ്. ഓരോ പഞ്ചും ഓരോ മറുപടിയായി. അതുവരെ 51 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന ഡിങ്കോയ്ക്ക് 54 കിലോഗ്രാം വിഭാഗം ബാന്റം വെയ്റ്റിലേയ്ക്കുള്ള കൂടുമാറ്റം എളുപ്പമായിരുന്നില്ല. മുന്നില്‍ അണിനിരന്ന എതിരാളികളാരും നിസാരക്കാരുമായിരുന്നില്ല. പക്ഷേ, ഡിങ്കോ ജയിക്കേണ്ടത് ബോക്‌സിങ് പ്രേമികളുടെ ആവശ്യമായിരുന്നു. ഒരു കണക്കുതീര്‍ക്കലിന്റെ നിയോഗമുണ്ടായിരുന്നു അതില്‍. ഡിങ്കോ അത് ഇടിച്ചിടിച്ച് നിറവേറ്റി. സെമിയില്‍ തായ് താരം വോങ് പ്രാഗെസ് സൊന്തായയായിരുന്നു അട്ടിമറിയുടെ രുചിയറിഞ്ഞ ആദ്യ മുന്‍നിര ബോക്‌സര്‍. ഡിങ്കോയുടെ വേഗത്തിനും കരുത്തിനും മുന്നില്‍ ലോക മൂന്നാം റാങ്കുകാരനായ വോങ് നിഷ്പ്രഭനാകുന്നത് വിസ്മയത്തോടെയാണ് ലോകം കണ്ടുനിന്നത്. ഫൈനിലില്‍ ഡിങ്കോയോട് മാറ്റുരയ്ക്കാനെത്തുമ്പോള്‍ ലോക അഞ്ചാം റാങ്കുകാരനായിരുന്നു ഉസ്ബക്കിസ്താന്റെ തൈമുര്‍ തുല്യക്കോവ്. റാങ്ക് കൊണ്ടും പെരുമ കൊണ്ടും ഡിങ്കോയേക്കാള്‍ കീര്‍ത്തിയുള്ളയാള്‍. ഇതൊന്നും പക്ഷേ, ഡിങ്കോയുടെ ഫോമിനൊപ്പം നില്‍ക്കാന്‍ സഹായിച്ചില്ല. നാലാം റൗണ്ട് ആയപ്പോഴേക്കും തളര്‍ന്നുപോയ തൈമുറിന് വിടവാങ്ങാതെ നിവൃത്തിയുണ്ടായിരുന്നില്ല. അതൊരു വെറും വിജയമായിരുന്നില്ല ഡിങ്കോയ്ക്ക്. ഇന്ത്യയുടെ പതിനാറു വര്‍ഷം നീണ്ട കാത്തിരിപ്പാണ് ഡിങ്കോ അന്ന് സഫലമാക്കിയത്. ബോക്‌സിങ്ങിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡല്‍ ഒരു വലിയ മുന്നേറ്റത്തിന്റെ നാന്ദി കൂടിയായിരുന്നു. ആ ഒരൊറ്റ സ്വര്‍ണം കൊണ്ട് ഒരു വലിയ വിപ്ലവത്തിനാണ് ഡിങ്കോ തിരികൊളുത്തിയത്. ഇതിന്റെ ചുവടുപിടിച്ചാണ് മണിപ്പൂരില്‍ ബോക്‌സിങ് ഒരു ലഹരിയായി കത്തിപ്പടര്‍ന്നത്. മേരി കോം എന്ന ഇതിഹാസത്തിന്റെ ജനനത്തിന് വഴിയൊരുക്കിയതും ഡിങ്കോ അന്ന് തൊടുത്ത പഞ്ചുകളാണ്. 'ഡിങ്കോ ബാങ്കോക്കില്‍ സ്വര്‍ണം നേടുമ്പോള്‍ എനിക്ക് പതിനഞ്ചാണ് വയസ്. ആ ബൗട്ട് കണ്ടാണ് ഞാനും ബോക്‌സിങ് റിങ്ങിലേയ്ക്ക് എടുത്തുചാടിയത്. എന്റെ ജീവിതം മാറ്റിമറിച്ചത് ആ ഒരൊറ്റ മത്സരമാണ് പിന്നീട് ആറ് ലോകകിരീടങ്ങളും ഒരു ഒളിമ്പിക് വെങ്കലവും ഒരു ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും നേടി ഇന്ത്യയുടെ അയേണ്‍ ലേഡിയായി മാറിയ മേരി കോം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് ഇക്കാര്യം. മാഗ്‌നിഫിഷ്യന്റ് മേരിക്ക് മാത്രമല്ല, മണിപ്പൂര്‍ ഇന്ത്യന്‍ ബോക്‌സിങ്ങിന് സംഭാവന ചെയ്ത സ്വര്‍ണസ്തംഭങ്ങളായ സരിത ദേവിക്കും സുരഞ്‌ജോയ്‌സിങ്ങിനും ദേവേന്ദ്രോ സിങ്ങിനുമെല്ലാം റിങ്ങിലേയ്ക്കുള്ള വഴിയൊരുക്കിയത് ഡിങ്കോ തനിച്ചാണ്.

ഈ നേട്ടത്തിന് രാജ്യം അര്‍ജുനയും പത്മശ്രീയുമെല്ലാം വാരിക്കോരി കൊടുത്തു ഡിങ്കോയ്ക്ക്. എന്നാല്‍, ഈ മികവ് രണ്ട് വര്‍ഷമപ്പുറമുള്ള സിഡ്‌നി ഒളിമ്പിക്‌സില്‍ ആവര്‍ത്തിക്കാന്‍ ഡിങ്കോയ്ക്ക് കഴിഞ്ഞില്ല. മെഡല്‍ പ്രതീക്ഷയുമായാണ് എത്തിയതെങ്കിലും പ്രീക്വാര്‍ട്ടറില്‍ യുക്രെയ്‌നിന്റെ സെറി ഡാനില്‍ച്ചെങ്കോയോട് തോറ്റ് മടങ്ങാനായിരുന്നു വിധി. ഡിങ്കോയെ തോല്‍പിച്ച ഡാനില്‍ചെങ്കോ പിന്നീട് സെമിവരെയെത്തി വെങ്കലവുമായാണ് സിഡ്‌നിയില്‍ നിന്ന് മടങ്ങിയത്.

ഡിങ്കോയ്ക്ക് പിന്നെ ഏറെക്കാലം റിങ്ങില്‍ തുടരാനായില്ല. കൈയ്‌ക്കേറ്റ പരിക്കായിരുന്നു വില്ലന്‍. ക്രമേണ സായിയിലെ പരിശീലകവേഷത്തിലേയ്ക്ക് മാറി. എന്നാല്‍, അതിലും വലിയൊരു തിരിച്ചടി അണിയറയില്‍ കാലം കാത്തുവച്ചിരുന്നു കരളുറപ്പുകൊണ്ട് വെല്ലുവിളികളെ ഇടിച്ചുജയിച്ച ചരിത്രമുള്ള ഡിങ്കോയ്ക്ക്. കരളിനെ കാര്‍ന്നുതിന്നുന്ന അര്‍ബുദം. റിങ്ങിനോട് വിടപറഞ്ഞ് യുവതാരങ്ങളെ വാര്‍ത്തെടുക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കെ 2017ലാണ് ഡിങ്കോ പുതിയ എതിരാളിയെ തിരിച്ചറിഞ്ഞത്. പിന്നീട് റേഡിയോ തെറാപ്പിയും കീമോതെറാപ്പിയുമായുള്ള അങ്കമായിരുന്നു. പ്രൊഫഷണല്‍ ബോക്‌സിങ്ങിലേയ്ക്കുള്ള കോടികളുടെ കിലുക്കമുള്ള ക്ഷണം നിരസിച്ച് നാവികസേനയില്‍ തന്നെ തുടര്‍ന്ന ഡിങ്കോയ്ക്ക് സാമ്പത്തികമായി താങ്ങാവുന്നതായിരുന്നില്ല കാന്‍സര്‍ ചികിത്സയുടെ ചെലവ്. ജീവിതം വീണ്ടും കഠിനവഴികളിലേയ്ക്കിറങ്ങി. വിവരമറിഞ്ഞ് മുന്‍ ക്രിക്കറ്റ് താരവും നിലവില്‍ ഡെല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാംഗം കൂടിയായ ഗൗതം ഗംഭീറിനെ പോലുള്ളവര്‍ സഹായവും എത്തി. സര്‍ക്കാരും നല്‍കി ചില സഹായങ്ങള്‍.

ഇംഫാലിലും ഡെല്‍ഹിയിലുമായിട്ടായിരുന്നു ചികിത്സ. ഇടയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ച് മരണത്തിന്റെ വക്കോളമെത്തി. അതിനിടെ ലോക്ഡൗണ്‍ വന്നതോടെ ഡെല്‍ഹി യാത്രയും മുടങ്ങി. ഇംഫാലിലെ ആശുപത്രിയിലെ റേഡിയോ തെറാപ്പി വാര്‍ഡ് കോവിഡ് വാര്‍ഡായി. ഡിങ്കോയുടെ ചികിത്സ അക്ഷരാര്‍ഥത്തില്‍ മുടങ്ങി. ഇത് വലിയ വാര്‍ത്തയായതോടെ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടു. ഡിങ്കോയെ കൊണ്ടുവരാന്‍ സ്‌പൈസ് ജെറ്റിന്റെ ഒരു എയര്‍ ആംബലുന്‍സ് തന്നെ പറന്നു ഇംഫാലിലേയ്ക്ക്. ഇടയ്ക്ക് ശസ്ത്രക്രിയ ചെയ്ത് കരളിന്റെ വലിയൊരു ഭാഗം നീക്കം ചെയ്യേണ്ടിവന്നു.

എന്നാല്‍, അവിടം കൊണ്ടും തീര്‍ന്നില്ല ദുരിതവുമായുള്ള ബൗട്ട്. ഇക്കുറി കോവിഡായിരുന്നു എതിരാളി. ഡെല്‍ഹിയിലെ കാന്‍സര്‍ ചികിത്സയ്ക്കിടെ കിട്ടിയ സമ്മാനം. കാന്‍സറും മഞ്ഞപ്പിത്തവും ഇംഫാലില്‍ നിന്നും റോഡ് മാര്‍ഗമുള്ള ദീര്‍ഘയാത്രയും എല്ലാം കൂടി ചേര്‍ന്നതോടെ ആകെ തളര്‍ന്നുപോയി ഡിങ്കോ. ഏറെ പണിപ്പെട്ടാണ് പിന്നെ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്. അഞ്ച് തവണ ടെസ്റ്റ് ചെയ്തപ്പോഴും പോസറ്റീവായിരുന്നു ഫലം. ആറാമത്തെ ടെസ്റ്റിലാണ് നെഗറ്റീവായി നാട്ടിലേയ്ക്ക് മടങ്ങാനായത്.

ഇതിനിടെ ഡിങ്കോയുടെ സംഭവബഹുലമായ ജീവിതത്തിന് ചലച്ചിത്രഭാഷ്യമൊരുക്കാനുള്ള ശ്രമവും നടക്കുന്നുണ്ടായിരുന്നു അണിയറയില്‍. എയര്‍ലിഫ്റ്റും ഷെഫും ഒരുക്കിയ രാജാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറായിരുന്നു ഡിങ്കോയായി പകര്‍ന്നാടാന്‍ ഒരുങ്ങിയത്. തന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച വേഷമാവുമെന്നാണ് ഷാഹിദ് ഇതിനെക്കുറിച്ച് പറഞ്ഞത്. ജീവിതത്തില്‍ ഇത്രയും വെല്ലുവിളികള്‍ നേരിട്ട മറ്റൊരു കായികതാരമണ്ടോ എന്ന കാര്യം സംശയമാണെന്നും ഷാഹിദ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഡംഗല്‍ വഴി ഫൊഗട്ട് സഹോദരിമാരുടെ ജീവിതം തിരിച്ചറിഞ്ഞതുപോലെ നാളെ ഈ ചിത്രം വഴി ഡിങ്കോയുടെ സംഭവബഹുലമായ ജീവിതവും ലോകമറിയണം. അതാണ് ഞങ്ങളുടെ ലക്ഷ്യം'പക്ഷേ, തന്റെ ജീവിതം തിരശ്ശീലയില്‍ പകര്‍ത്തിയെഴുതുന്നത് കാണാനുള്ള ഭാഗ്യം ഡിങ്കോയ്ക്ക് ഉണ്ടായില്ല. ഒരുപാട് അധികസമയമൊന്നും കാലം അനുവദിച്ചില്ല റിങ്ങിലെ ഈ സൂപ്പര്‍ഹീറോയ്ക്ക്. ബോക്‌സിങ് കരിയര്‍ പോലെ തന്നെ ജീവിതത്തിലും ഒരു സഡന്‍ ഡെത്താണ് അത് ഡിങ്കോയ്ക്ക് വിധിച്ചത്. പക്ഷേ, ഒന്നുറപ്പ്, ഡിങ്കോയെ പോലൊരു പോരാളി ഒരിക്കലും അര്‍ഹിക്കുന്നതായിരുന്നില്ല ദയനീയമായ ഈ വിധിതീര്‍പ്പ്. അല്ലെങ്കിലും ജീവിതത്തേക്കാള്‍ ദുരൂഹമായ സമസ്യ പേറുന്ന മരണത്തിന്റെ സഹചാരിയാണല്ലോ ഇത്തരം ചില നീതികേടുകള്‍.

Content Highlights: Life Story of Boxing Legend Dingko Singh Asian Games Gold Medal Winner Fighting Cancer and Covid 19


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented