2012-ല്‍ നടന്ന ഒരു കാര്‍ അപകടമാണ് അവനി ലേഖറ എന്ന കൗമാരതാരത്തിന്റെ ജീവിതം മാറ്റിമറിച്ചത്. അവനിയ്ക്ക് അന്ന് വെറും ഒന്‍പത് വയസ്സു മാത്രമാണ് പ്രായം. മാതാപിതാക്കള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്നു അവനി. പെട്ടെന്നാണ് അത് സംഭവിച്ചത്. കാര്‍ വലിയൊരു അപകടത്തില്‍പ്പെട്ടു. ജീവന്‍ വരെ പൊലിഞ്ഞുപോയേക്കാവുന്ന ആ അപകടത്തില്‍ നിന്നും അവനി അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഞെട്ടിക്കുന്ന വാര്‍ത്തയാണ് ആശുപത്രി കിടക്കയില്‍ അവളെത്തേടിയെത്തിയത്. അപകടത്തിന്റെ ആഘാതത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരിക്കുന്നു. ശരീരം അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നിരിക്കുന്നു.

ഇനിയൊരിക്കലും എഴുന്നേറ്റ് നടക്കാനോ തന്റെ കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിക്കാനോ സാധിക്കില്ല എന്ന് കേട്ടപ്പോള്‍ ആ കുഞ്ഞുമനസ്സ് രണ്ടായി പിളര്‍ന്നു. കണ്ണുകള്‍ സങ്കടത്താല്‍ വാര്‍ന്നൊഴുകി. ജീവിതം വീല്‍ചെയറിലേക്ക് ഒതുങ്ങുമെന്ന് ദുസ്വപ്‌നം അവളെ വേട്ടയാടി. വീട്ടിന് പുറത്ത് കൂട്ടുകാര്‍ ഓടിനടന്നുകളിക്കുന്നത് കണ്ട് അവള്‍ സങ്കടത്തിന്റെ കാണാക്കയങ്ങളിലേക്ക് വീണു. മകളുടെ ഈ ദുരവസ്ഥ കണ്ട് അച്ഛനായ പ്രവീണ്‍ ലേഖറയ്ക്ക് സഹിച്ചില്ല. രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ അദ്ദേഹം മകള്‍ക്കൊപ്പം സമയം ചെലവഴിച്ചു. ജയ്പുരിലെ വീട്ടില്‍ അവനിയ്‌ക്കൊപ്പം അച്ഛനും അമ്മയും മുത്തച്ഛനും കൂട്ടിരുന്നു. അവനിയെ പഠിപ്പിക്കാന്‍ തുടങ്ങി. പഠനത്തില്‍ മിടുക്കിയായിരുന്ന അവനി പതിയേ എല്ലാം മറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നു. രണ്ടുവര്‍ഷത്തോളം അവനി വീട്ടില്‍ തന്നെ ഇരുന്നു. 

പിന്നീടാണ് കേന്ദ്രീയ വിദ്യാലയത്തിലേക്ക് അഡ്മിഷന്‍ ലഭിക്കുന്നത്. പുതിയ സ്‌കൂളില്‍ ചേര്‍ന്നതോടെ അവനി ആളാകെ മാറി. പുസ്തകങ്ങളായി അവളുടെ കൂട്ടുകാരി. ധാരാളം വായിച്ചു. അതിനിടയിലാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ അഭിനവ് ബിന്ദ്രയുടെ ആത്മകഥ അവനിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. അഭിനവ് ബിന്ദ്രയുടെ ജീവിതം അത്യന്തം ആവേശത്തോടെ വായിച്ച അവനിയുടെ മനസ്സില്‍ ഷൂട്ടിങ്ങിനോടുള്ള ഇഷ്ടം അന്നാണ് പൊട്ടിമുളച്ചത്. ആ ഇഷ്ടം അവള്‍ മാതാപിതാക്കളോട് പറഞ്ഞു. അവര്‍ സന്തോഷത്തോടെ അവനിയെ ഷൂട്ടിങ് ലോകത്തേക്ക് പറഞ്ഞയച്ചു. 2015 ഏപ്രില്‍ മുതല്‍ അവനി ഷൂട്ടിങ് പരിശീലനം ആരംഭിച്ചു. പിന്നീട് നടന്നത് ചരിത്രമാണ്.

അപകടം പറ്റുന്നതിന് മുന്‍പ് ഒരു കായിക ഇനത്തോടുപോലും ഇഷ്ടം തോന്നാതിരുന്ന അവനി പിന്നീട് ഷൂട്ടിങ്ങിനെ ഉറ്റസുഹൃത്തായി കാണാന്‍ തുടങ്ങി. ജയ്പുരിലെ ജഗത്പുര സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ താരം പരിശീലനം ആരംഭിച്ചു. വെറും രണ്ട് മാസത്തെ പരിശീലനം കൊണ്ട് കരിയറിലെ ആദ്യ മെഡല്‍ അവനി കഴുത്തിലണിഞ്ഞു. 2015 ജൂലായില്‍ നടന്ന സംസ്ഥാന ഷൂട്ടിങ് മത്സരത്തില്‍ അവനി സ്വര്‍ണം നേടി.

അവിടുന്നു തുടങ്ങിയ യാത്ര ഇന്ന് പാരാലിമ്പിക്‌സിലെ മെഡല്‍ വേട്ടയില്‍ എത്തിനില്‍ക്കുന്നു. വെറും 19 വയസ്സ് മാത്രം പ്രായമുള്ള അവനി തന്റെ ആദ്യ പാരാലിമ്പിക്‌സില്‍ തന്നെ സ്വര്‍ണവും വെങ്കലവും കഴുത്തിലണിഞ്ഞു. പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി സ്വര്‍ണം നേടുന്ന വനിതാതാരം എന്ന റെക്കോഡ് കാലം അവള്‍ക്കായി കാത്തുവെച്ചു. പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് അവനി. മുരളീകാന്ത് പെട്കര്‍ (1972), ദേവേന്ദ്ര ജജാരിയ (2004, 2016) മാരിയപ്പന്‍ തങ്കവേലു (2016) എന്നിവരാണ് അവനിയ്ക്ക് മുന്‍പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരങ്ങള്‍.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ മത്സരത്തിലാണ് താരം സ്വര്‍ണം നേടിയത്. ഇന്ന് നടന്ന വനിതകളുടെ 50 മീറ്റര്‍ റൈഫില്‍ ത്രീ എസ്.എച്ച് വണ്‍ മത്സരത്തില്‍ വെങ്കലവും നേടി അവനി ഇന്ത്യയുടെ അഭിമാനതാരമായി. 

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത പാരാലിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ സ്വന്തമാക്കുന്നത്. അവനിയ്ക്ക് ഇനി ഒരു ഇവന്റ് കൂടി ബാക്കിയുണ്ട്. അതിലും മെഡല്‍ നേടി ഹാട്രിക്ക് മെഡല്‍ നേട്ടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

പാരാലിമ്പിക്‌സില്‍ എത്തുന്നതിനുമുന്‍പേ അവനി ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ (ആര്‍ 2) റാങ്കിങ്ങിലും 50 മീറ്റര്‍ 3 പൊസിഷന്‍ (ആര്‍ 8) റാങ്കിങ്ങിലും നാലാം സ്ഥാനത്താണ് അവനി. 2017, 2021 വര്‍ഷങ്ങളില്‍ നടന്ന അലൈന്‍ ഷൂട്ടിങ് ലോകകപ്പിലും  2019-ല്‍ ക്രൊയേഷ്യയില്‍ നടന്ന ലോകകപ്പിലും താരം വെള്ളി മെഡല്‍ നേടിയിട്ടുണ്ട്. 

2017 മുതല്‍ കേന്ദ്രസര്‍ക്കാരിന്റെ ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീമില്‍ പരിശീലനം നടത്തുന്ന അവനി ആ ലക്ഷ്യം സാക്ഷാത്കരിച്ചിരിക്കുകയാണ്. മനക്കരുത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ബലത്തിലാണ് ഈ 19 വയസ്സുകാരി ലോകം കീഴടക്കിയത്. പുതുതലമുറയ്ക്ക് പകര്‍ത്താന്‍ പറ്റിയ മികച്ച ഒരു പാഠപുസ്തകമാണ് അവനിയുടെ ജീവിതം.

Content Highlights: Life story of Avani Lekhara, tokyo paralympics