ആൻഡ്രൂ സൈമണ്ട്സ് | Photo: AP
വെളുത്ത ചായംതേച്ച ചുണ്ടുകള്‍. ചെറുചീന്തുകളായി മെടഞ്ഞിട്ട നീണ്ട മുടി. നനുത്ത താടി. വിരിഞ്ഞ ചുമല്‍. വികാരരഹിതമായ മുഖം. ആറടി രണ്ടിഞ്ച് ഉയരത്തില്‍ ആന്‍ഡ്രൂ സൈമണ്ട്സ് ബാറ്റുമായി ക്രീസിലെത്തിയാല്‍ ഇപ്പുറത്തെ ബൗളറുടെ നെഞ്ചൊന്ന് പിടയ്ക്കും. പത്തുവര്‍ഷം മുമ്പ് ക്രിക്കറ്റിന്റെ കളംവിട്ട ആ ഓള്‍റൗണ്ടര്‍ ഇപ്പോള്‍ ജീവിതത്തിലെ കളവും കാലിയാക്കി മടങ്ങിയിരിക്കുന്നു. ക്രീസിലേക്കു പിച്ചവെച്ച ക്യൂന്‍സ്ലാന്‍ഡ് തന്നെയായിരുന്നു അപകടത്തില്‍ സൈമണ്ട്സിന്റെ പിന്‍മടക്ക വേദിയും.
കളംനിറഞ്ഞ കളി
പന്തിനെ നിലംതൊടാതെ അടിച്ചകറ്റുന്ന ബാറ്റിങ്, ഓഫ് സ്പിന്‍ കൊണ്ടും മീഡിയം പേസ് കൊണ്ടും ബാറ്റ്സ്മാനെ കുഴക്കുന്ന ബൗളിങ്, ചോരാത്ത കൈകളുമായി ഫീല്‍ഡിങ്... കളംനിറഞ്ഞുകളിക്കുന്ന യഥാര്‍ഥ ഓള്‍റൗണ്ടറായിരുന്നു സൈമണ്ട്സ്. 1998 മുതല്‍ ഒരു പതിറ്റാണ്ടിലേറെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മധ്യനിരയെ താങ്ങിനിര്‍ത്തിയത് സൈമണ്ട്സുംകൂടി ചേര്‍ന്നായിരുന്നു. 2003, 2007 ഏകദിന ലോകകപ്പ് വിജയങ്ങള്‍ സൈമണ്ട്സിന്റെ കളിജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളായി. ഏകദിനത്തില്‍ സൈമണ്ട്സ് സെഞ്ചുറി നേടിയ ആറു മത്സരങ്ങളിലും ഓസ്ട്രേലിയ വിജയിച്ചെന്ന അപൂര്‍വതയുമുണ്ട്.
ദത്തുപുത്രന്‍
ഇംഗ്ലണ്ടില്‍ ജനിച്ച് ഓസ്ട്രേലിയയിലേക്കു കുടിയേറിയവരാണ് സൈമണ്ട്സും കുടുംബവും. മാതാപിതാക്കളിലൊരാള്‍ ആഫ്രിക്കന്‍വംശത്തില്‍പ്പെട്ടയാളായിരുന്നു. ചെറുപ്രായത്തില്‍ത്തന്നെ മറ്റൊരു കുടുംബം സൈമണ്ട്സിനെ ദത്തെടുത്തു. 20-ാം വയസ്സില്‍ കൗണ്ടി ക്രിക്കറ്റില്‍ അപരാജിതമായ 254 എന്ന റണ്‍നേട്ടമാണ് സൈമണ്ട്സ് എന്ന താരത്തിന്റെ വരവറിയിച്ചത്. അന്നടിച്ച, ഒരിന്നിങ്സിലെ 16 സിക്‌സര്‍ എന്ന റെക്കോഡ് 27 വര്‍ഷത്തിനുശേഷം അടുത്തിടെ ബെന്‍ സ്റ്റോക്‌സാണ് തകര്‍ത്തത്. കൗണ്ടിയിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ 1995-ല്‍ ഇംഗ്ലണ്ട് എ ടീമിലേക്കു വിളിവന്നെങ്കിലും അതു നിരാകരിച്ച് ഓസ്ട്രേലിയന്‍ ടീമിലേക്കുള്ള ക്ഷണം കാത്തിരിക്കാനായിരുന്നു സൈമണ്ട്സിന്റെ തീരുമാനം.
വിവാദങ്ങളുടെ തോഴന്‍
വിവാദങ്ങളുടെ കാര്യത്തില്‍, തനിക്കുമുമ്പേ വിടവാങ്ങിയ സഹതാരം ഷെയ്ന്‍വോണിന്റെ യഥാര്‍ഥ 'പിന്മുറക്കാരന്‍' തന്നെയായിരുന്നു സൈമണ്ട്സും. മങ്കിഗേറ്റ് വിവാദം, മൂന്നിലേറെത്തവണ സസ്‌പെന്‍ഷന്‍, മദ്യപാനം, അച്ചടക്കലംഘനം എന്നിവകൊണ്ടെല്ലാം 'സമ്പന്ന'മായിരുന്നു സൈമണ്ട്സിന്റെ കളിജീവിതം.
2008-ലായിരുന്നു ഹര്‍ഭജന്‍ സിങ് പ്രതിസ്ഥാനത്തുവന്ന 'കുരങ്ങന്‍വിളി' വിവാദം. ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു സംഭവം. അതിനു മുന്‍പുള്ള ഇന്ത്യന്‍ പര്യടനത്തിനിടെ ഹര്‍ഭജനുമായി ഉരസിയതിന്റെ ബാക്കിപത്രമാണ് അവിടെ കണ്ടത്. കളിക്കിടെ ഹര്‍ഭജന്‍ തന്നെ കുരങ്ങന്‍ എന്നുവിളിച്ചെന്ന് സൈമണ്ട്സ് പരാതിപ്പെട്ടു. സൈമണ്ട്സിന്റെ ആഫ്രിക്കന്‍ കുടുംബപശ്ചാത്തലംകൂടി ചേര്‍ത്തുവെച്ചപ്പോള്‍ ഇതൊരു വംശീയ അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ടു. തെളിവെടുപ്പിനൊടുവില്‍ ഹര്‍ഭജനെ മൂന്നുമത്സരങ്ങളില്‍നിന്നു വിലക്കിയെങ്കിലും ബി.സി.സി.ഐ.യുടെ ഇടപെടലിനെത്തുടര്‍ന്ന് അത് പിന്‍വലിച്ചു. പിന്നീട് ഐ.പി.എലില്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഒരുമിച്ചുകളിച്ച ഹര്‍ഭജനും സൈമണ്ട്സും പഴയ സംഭവങ്ങള്‍ക്ക് പരസ്പരം മാപ്പുപറഞ്ഞ് കൈകൊടുത്തു.
2007-08 സീസണില്‍ ചില മത്സരങ്ങളില്‍ മൈതാനത്തേക്ക് ഇരച്ചുകയറിയ കാണിയെ കായികമായി നേരിട്ടപ്പോഴും സൈമണ്ട്സ് വാര്‍ത്തകളില്‍ ഇടംനേടി. ഇതേ സീസണില്‍ ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കിടെ ടീം യോഗത്തില്‍ പങ്കെടുക്കാതെ ചൂണ്ടയിടാന്‍ പോയതിന് സൈമണ്ട്സിനെ ക്രിക്കറ്റ് ഓസ്ട്രേലിയ നാട്ടിലേക്കു തിരിച്ചയച്ചു. സൈമണ്ട്സിന്റെ കളിയോടുള്ള ആത്മാര്‍ഥതപോലും ചോദ്യംചെയ്യപ്പെട്ട സംഭവമായിരുന്നു അത്. പലപ്പോഴും സൈമണ്ട്സിനു താങ്ങായിനിന്നത് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങായിരുന്നു.
2009-ല്‍ ലോക ട്വന്റി-20 ചാമ്പ്യന്‍ഷിപ്പിനിടെ മദ്യപാനസംബന്ധമായ വിഷയത്തില്‍ സൈമണ്ട്സിനെ ടീം മാനേജ്മെന്റ് നാട്ടിലേക്കു തിരിച്ചയച്ചു. തുടര്‍ന്ന് സൈമണ്ട്സുമായുള്ള കരാര്‍ ബോര്‍ഡ് റദ്ദാക്കി.
ഐ.പി.എല്‍, ഇന്ത്യ
ഐ.പി.എല്‍. ആരംഭിച്ച 2008-ല്‍ ആ സീസണിലെ ഏറ്റവും വിലയേറിയ (5.4 കോടി) വിദേശതാരമായാണ് സൈമണ്ട്സ് ഡെക്കാണ്‍ ചാര്‍ജേഴ്സിലെത്തിയത്. 2009-ല്‍ ടീം ഐ.പി.എല്‍. ചാമ്പ്യന്മാരായപ്പോഴും സൈമണ്ട്സ് ടീമിലുണ്ടായിരുന്നു.
ജനനം ജൂണ്‍ 9, 1975. ബിര്‍മിങ്ങാം, ഇംഗ്ലണ്ട്
ചെല്ലപ്പേര് റോയ്, സൈമോ
ബാറ്റിങ് വലംകൈ
ബൗളിങ് വലംകൈ മീഡിയംപേസ്, ഓഫ് ബ്രേക്ക്
ടെസ്റ്റ് അരങ്ങേറ്റം 2004 മാര്‍ച്ച് എട്ടിന് ശ്രീലങ്കയ്‌ക്കെതിരേ
അവസാന ടെസ്റ്റ് 2008 ഡിസംബബര്‍ 26, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ
ഏകദിന അരങ്ങേറ്റം: 1998 നവംബര്‍ 10-ന് പാകിസ്താനെതിരേ
അവസാന ഏകദിനം: 2009 മേയ് 3-ന് പാകിസ്താനെതിരേ
Content Highlights: andrew symonds, symond death, symonds life, australian cricketer, cricket, sports, malayalam sports
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..