22 വാരയ്ക്കിടയില്‍ വിസ്മയം തീര്‍ത്ത മാന്ത്രികവിരലുകള്‍


അഭിനാഥ് തിരുവലത്ത്

6 min read
Read later
Print
Share

സ്പോര്‍ട്സ് സ്‌കൂളിലായതിനാല്‍ തന്നെ ആദ്യ കാലത്ത് വോണ്‍ ഫുട്ബോളിലും ഒരുകൈ നോക്കിയിരുന്നു. 1987-ല്‍ സെന്റ് കില്‍ഡ ക്രിക്കറ്റ് ക്ലബ്ബില്‍ ചേര്‍ന്ന കാലത്തായിരുന്നു അത്.

Photo: Getty Images

1993-ലെ ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം. ഇംഗ്ലണ്ടിനെതിരേ ഒന്നാം ഇന്നിങ്സില്‍ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിക്കാത്തതിന്റെ നിരാശയിലായിരുന്നു ഓസീസ് ടീം. മാഞ്ചെസ്റ്ററിലെ പിച്ചില്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍ ടീമിലെ താരതമ്യേന പുതുമുഖമായ ഷെയ്ന്‍ വോണിന്റെ കൈയില്‍ പന്തേല്‍പ്പിക്കുന്നു. അതുവരെ 11 ടെസ്റ്റുകളില്‍ നിന്നായി 31 വിക്കറ്റുകള്‍ മാത്രം നേടിയ ആ ലെഗ് സ്പിന്നര്‍ക്ക് പ്രതിഭാസമ്പന്നര്‍ നിറഞ്ഞ ഓസീസ് ടീമില്‍ കാര്യമായ പ്രകടനങ്ങളൊന്നും അവകാശപ്പെടാനില്ലായിരുന്നു. ക്രീസിലുള്ളത് സ്പിന്നിനെതിരേ മികച്ച റെക്കോഡുള്ള ഇംഗ്ലീഷ് താരം മൈക്ക് ഗാറ്റിങ്ങും. വോണ്‍ അന്നുവരെ ക്രിക്കറ്റ് ലോകത്തിനും വെറുമൊരു ലെഗ് സ്പിന്നര്‍ മാത്രമായിരുന്നു. 1993 ജൂണ്‍ നാല് വരെ മാത്രം. ഗാറ്റിങ്ങിനെതിരേ വോണ്‍ അന്നെറിഞ്ഞ ഒരു പന്ത് അയാളുടെ ക്രിക്കറ്റ് കരിയര്‍ തന്നെയാണ് മാറ്റിമറിച്ചത്.

തന്റെ സ്വതസിദ്ധമായ ത്രീ സ്ട്രൈഡ് റണ്ണപ്പിനൊടുവില്‍ വോണിന്റെ കൈയില്‍ നിന്ന് പുറപ്പെട്ട പന്തിന് വായുവില്‍ ഒരു അസാധാരണ ഗതിമാറ്റം. ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത ആ പന്ത് പ്രതിരോധിക്കാനുള്ള കാര്യങ്ങളെല്ലാം ഗാറ്റിങ് ചെയ്തിരുന്നു. എന്നാല്‍ ലെഗ് സ്റ്റമ്പിന് പുറത്തു കുത്തിയ ഒട്ടും അപകടകരമല്ലാതിരുന്ന ആ പന്ത് തന്റെ ഓഫ് സ്റ്റമ്പ് ഇളക്കിയത് കണ്ട് സാക്ഷാല്‍ മൈക്ക് ഗാറ്റിങ് പോലും ഒന്ന് അമ്പരന്നു. വിക്കറ്റ് നഷ്ടപ്പെട്ടത് വിശ്വസിക്കാനാകാതെ ഗാറ്റിങ് തിരിഞ്ഞ് നടന്നപ്പോള്‍ അത് ക്രിക്കറ്റ് ചരിത്രത്തില്‍ ഷെയ്ന്‍ വോണ്‍ എന്ന ഇതിഹാസ സ്പിന്നറുടെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു. വോണെന്ന മാന്ത്രികന്റെ വിരലുകളില്‍ വിരിഞ്ഞ വിസ്മയത്തിന് പിന്നീട് ക്രിക്കറ്റ് ലോകം 'നൂറ്റാണ്ടിന്റെ പന്തെ'ന്ന വിശേഷണവും ചാര്‍ത്തിക്കൊടുത്തു. അതുവരെ 11 ടെസ്റ്റുകളില്‍ നിന്നായി 31 വിക്കറ്റുകള്‍ മാത്രം സ്വന്തമായുണ്ടായിരുന്ന വോണ്‍ 1993 ആഷസ് പരമ്പരയിലെ ആറ് ടെസ്റ്റുകളില്‍ നിന്നായി വീഴ്ത്തിയത് 35 വിക്കറ്റുകളായിരുന്നു.

ബൗളര്‍മാരിലെ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ എന്നായിരുന്നു പിന്നീട് വോണ്‍ അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡം പോലെ സ്പിന്നര്‍മാര്‍ക്ക് അത്ര പിന്തുണ കിട്ടാത്ത ഓസ്ട്രേലിയന്‍, ഇംഗ്ലണ്ട് പിച്ചുകളിലായിരുന്നു വോണ്‍ അധികവും കളിച്ചിരുന്നതെന്ന കാര്യം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. എന്നിട്ടും 145 ടെസ്റ്റില്‍ നിന്ന് 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ നിന്ന് 293 വിക്കറ്റുകളും വോണ്‍ സ്വന്തമാക്കിയെന്ന് പറഞ്ഞാല്‍ അത് അയാളിലെ പ്രതിഭയെയാണ് എടുത്ത് കാണിക്കുന്നത്.

1969 സെപ്റ്റംബര്‍ 13-ന് മെല്‍ബണിലായിരുന്നു വോണിന്റെ ജനനം. സ്‌കൂള്‍ പഠനത്തിനിടെ ഒരു സ്പോര്‍ട് സ്‌കോളര്‍ഷിപ്പ് ലഭിച്ചതോടെയാണ് വോണിന്റെ ശ്രദ്ധ ക്രിക്കറ്റിലേക്ക് തിരിയുന്നത്. മെന്റോണ്‍ ഗ്രാമര്‍ എന്ന സ്പോര്‍ട് സ്‌കൂളിലേക്ക് മാറിയ വോണ്‍ 1983-ല്‍ ആദ്യമായി അണ്ടര്‍ 16 ഡൗളിങ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ യൂണിവേഴ്സിറ്റി ഓഫ് മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബിനായി കളിച്ചു. അന്ന് ലെഗ് സ്പിന്നും ഓഫ് സ്പിന്നും മാറി മാറി എറിയുന്നതായിരുന്നു വോണിന്റെ രീതി.

സ്പോര്‍ട്സ് സ്‌കൂളിലായതിനാല്‍ തന്നെ ആദ്യ കാലത്ത് വോണ്‍ ഫുട്ബോളിലും ഒരുകൈ നോക്കിയിരുന്നു. 1987-ല്‍ സെന്റ് കില്‍ഡ ക്രിക്കറ്റ് ക്ലബ്ബില്‍ ചേര്‍ന്ന കാലത്തായിരുന്നു അത്. ക്രിക്കറ്റ് സീസണ്‍ കഴിയുമ്പോള്‍ പിന്നെ വെറുതെ ഇരിക്കേണ്ടതായി വരും. ഇതോടെ വോണ്‍ സെന്റ് കില്‍ഡ ഫുട്ബോള്‍ ക്ലബ്ബിനൊപ്പം കളിക്കാനിറങ്ങി. 1988-ലെ വിക്ടോറിയന്‍ ഫുട്ബോള്‍ ലീഗിന് ശേഷം സെന്റ് കില്‍ഡ വോണിന്റെ പേര് ഫുട്ബോള്‍ ടീമില്‍ നിന്ന് ഒഴിവാക്കി. ക്രിക്കറ്റില്‍ വോണിന് കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ വേണ്ടിയായിരുന്നു ഈ തീരുമാനം.

തുടര്‍ന്ന് 1990-ല്‍ വോണിന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിനായി ക്ഷണം കിട്ടി. തുടര്‍ന്ന് ലങ്കാഷയര്‍ ലീഗില്‍ ആക്രിങ്ടണ്‍ ക്രിക്കറ്റ് ക്ലബ്ബ് താരത്തെ ടീമിലെടുത്തു. 1991 സീസണില്‍ കളിക്കാന്‍ ഇംഗ്ലണ്ടിലെത്തിയ വോണ്‍ ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ തുടക്കത്തില്‍ പതറി. എന്നാല്‍ പിന്നീട് ശക്തമായി തിരിച്ചുവന്ന താരം ആ സീസണില്‍ ബാക്കി മത്സരങ്ങളില്‍ നിന്ന് 73 വിക്കറ്റുകളും 329 റണ്‍സും സ്വന്തമാക്കി. 1991 ഫെബ്രുവരി 15-നായിരുന്നു വോണിന്റെ ഫസ്റ്റ്ക്ലാസ് അരങ്ങേറ്റം. വിക്ടോറിയക്കായി വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരേ കളത്തിലിറങ്ങിയ താരത്തിന് കാര്യമായ ചലനങ്ങളൊന്നും മത്സരത്തില്‍ സൃഷ്ടിക്കാനായില്ല. വൈകാതെ വോണ്‍ ഓസ്ട്രേലിയന്‍ ബി ടീമിലെത്തി. 1991-ല്‍ സിംബാബ്വെയില്‍ പര്യടനം നടത്തിയ ഓസീസ് ബി ടീമിനായി വോണ്‍ തിളങ്ങി. ഹരാരെ സ്പോര്‍ട് ക്ലബ്ബില്‍ നടന്ന രണ്ടാം മത്സരത്തില്‍ വോണ്‍ ഏഴു വിക്കറ്റുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

പിന്നാലെ ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയ വോണ്‍ പര്യടനത്തിനെത്തിയ വിന്‍ഡീസ് ടീമിനെതിരേ ഓസീസ് എ ടീമിനായി കളത്തിലിറങ്ങി. മത്സരത്തിലാകെ എഴു വിക്കറ്റ് വീഴ്ത്തിയ വോണ്‍ ശ്രദ്ധ നേടുകയും ചെയ്തു. 1992-ല്‍ ഓസീസ് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമിനെതിരെയായിരുന്നു വോണിന്റെ സീനിയര്‍ ടീം അരങ്ങേറ്റം. ആദ്യ രണ്ടു ടെസ്റ്റുകളിലും ഇന്ത്യയ്ക്കെതിരേ മോശം പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ പീറ്റര്‍ ടെയ്ലര്‍ക്ക് പകരം വോണ്‍ ടീമിലെത്തി. വെറും ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമായിരുന്നു വോണ്‍ അതിനോടകം കളിച്ചിരുന്നത്. സിഡ്നിയിലും അഡ്ലെയ്ഡിലും തിളങ്ങാന്‍ വോണിനായില്ല. പിന്നാലെ പേസിന് പേരുകേട്ട വാക്കയിലെ അഞ്ചാം ടെസ്റ്റില്‍ നിന്ന് താരത്തെ ഓസീസ് ഒഴിവാക്കുകയും ചെയ്തു. പിന്നാലെ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഓസീസ് ടീമിലും വോണ്‍ ഉള്‍പ്പെട്ടു. 1992 ഓഗസ്റ്റില്‍ കൊളംബോയില്‍ നടന്ന ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ തിളങ്ങാന്‍ വോണിനായില്ല. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ഒരു റണ്‍ പോലും വിട്ടുകൊടുക്കാതെ ലങ്കയുടെ അവസാന മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ വോണ്‍ ഓസീസിന് 16 രണ്‍സിന്റെ ജയം സമ്മാനിച്ച് താരമായി. ടെസ്റ്റില്‍ 300-ന് മുകളില്‍ ശരാശരിയുള്ള ഒരു ബൗളര്‍ വന്ന് തങ്ങളില്‍ നിന്ന് വിജയം തട്ടിയെടുത്തെന്നായിരുന്നു ആ സംഭവത്തെ കുറിച്ചുള്ള ലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയുടെ പരിഹാസ കമന്റ്. എന്നാല്‍ പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റിലും തിളങ്ങാന്‍ സാധിക്കാതിരുന്നതോടെ വിന്‍ഡീസിനെതിരായ അടുത്ത പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ നിന്ന് വോണ്‍ ഒഴിവാക്കപ്പെട്ടു. ഗ്രെഗ് മാത്യൂസായിരുന്നു വോണിന് പകരക്കാരന്‍. എന്നാല്‍ സ്പിന്നിനെ തുണച്ച പിച്ചില്‍ അവസാന ദിനം വിന്‍ഡീസിനെ പുറത്താക്കാന്‍ സാധിക്കാതിരുന്നതോടെ മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റിലേക്ക് വോണിനെ തിരികെ വിളിച്ചു. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി വോണ്‍ ഓസീസിന് ജയമൊരുക്കുകയും ചെയ്തു.

1993-ലെ ആഷസ് പരമ്പരയാണ് ക്രിക്കറ്റ് ലോകത്ത് വോണിനെ ഒരു താരമാക്കി ഉയര്‍ത്തിയത്. നൂറ്റാണ്ടിന്റെ പന്ത് പിറന്ന ആ പരമ്പരയിലെ ആറ് ടെസ്റ്റില്‍ നിന്ന് 35 വിക്കറ്റുകള്‍ വീഴ്ത്തി വോണ്‍ താരമായപ്പോള്‍ 4-1നായിരുന്നു ഓസീസ് ആധിപത്യം. ആ വര്‍ഷം 71 ടെസ്റ്റ് വിക്കറ്റുകളുമായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തുന്ന സ്പിന്‍ ബൗളറെന്ന നേട്ടവും വോണ്‍ സ്വന്തമാക്കി. പിന്നാലെ ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരകളിലും വോണ്‍ തിളങ്ങി. 1994-94 ആഷസ് സീരീസിലും വോണിന്റെ പന്തുകള്‍ക്ക് മുമ്പില്‍ ഇംഗ്ലണ്ട് നിര വിറച്ചു. ഗാബയില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ എട്ടു വിക്കറ്റ് വീഴ്ത്തിയ വോണ്‍ ഓസീസിന് ജയമൊരുക്കി. മെല്‍ബണില്‍ തന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ടെസ്റ്റ് കരിയറിലെ തന്റെ ഏക ഹാട്രിക്കും വോണ്‍ സ്വന്തമാക്കി. ഫില്‍ ഡിഫ്രെയ്റ്റാസ്, ഡാരന്‍ ഗോഹ്, ഡെവോണ്‍ മാല്‍ക്കം എന്നിവരെയാണ് അന്ന് തുടര്‍ച്ചയായ പന്തുകളില്‍ വോണ്‍ പുറത്താക്കിയത്. താരം 150 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ചതും ഈ പരമ്പരയില്‍ തന്നെ.

1996-ല്‍ ഇന്ത്യന്‍ നടന്ന ലോകകപ്പില്‍ ഓസീസ് ടീമിലെ സുപ്രധാന താരമായിരുന്നു വോണ്‍. 12 വിക്കറ്റുകളുമായി വോണ്‍ തിളങ്ങിയപ്പോള്‍ ഓസീസ് ഫൈനലിലേക്ക് മുന്നേറി. പക്ഷേ ശ്രീലങ്കയ്ക്കെതിരായ ഫൈനല്‍ വോണിനും ഓസീസിനും നിരാശ മാത്രമാണ് നല്‍കിയത്. 10 ഓവറില്‍ 58 റണ്‍സ് വഴങ്ങിയ വോണിന് വിക്കറ്റൊന്നും ലഭിച്ചില്ല. ഓസീസ് ഫൈനലില്‍ തോല്‍ക്കുകയും ചെയ്തു. 1999-ലെ ലോകകപ്പിന് മുമ്പ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയെ കുറിച്ചുള്ള മോശം പരാമര്‍ശത്തിന്റെ പേരില്‍ വോണിന് ഐസിസിയുടെ രണ്ടു മത്സര വിലക്കും പിഴ ശിക്ഷയും ലഭിച്ചു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വോണ്‍ 12 വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ഓസ്ട്രേലിയ സെമിയിലെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആ നാടകീയ സെമിയില്‍ ഹെര്‍ഷല്‍ ഗിബ്സ്, ഗാരി കേസ്റ്റണ്‍, ഹാന്‍സി ക്രോണ്യ, ജാക്ക് കാലിസ് എന്നിവരെ പുറത്താക്കി വോണ്‍ തിളങ്ങി. ഓസീസ് വീണ്ടും ഫൈനലിന് ടിക്കറ്റെടുത്തു. പാകിസ്താനെതിരായ ഫൈനലിലും നാലു വിക്കറ്റുമായി വോണ്‍ തിളങ്ങിയതോടെ പാക് ടീം വെറും 132 റണ്‍സിന് പുറത്തായി. ഓസീസ് അനായാസം കപ്പുയര്‍ത്തിയപ്പോള്‍ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്‍ വോണായിരുന്നു. ഫൈനലിലെ താരവും.

2003-ലെ ലോകകപ്പിന് മുമ്പാണ് വോണ്‍ ഒരു വിവാദത്തില്‍ പെടുന്നത്. ഉത്തേജക മരുന്ന് പരിശോധനയില്‍ നിരോധിത വസ്തുവിന്റെ സാന്നിധ്യം ശരീരത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകകപ്പിന് മുമ്പുള്ള ഒരു പരമ്പരയ്ക്കിടെ വോണിനെ ക്രിക്കറ്റ് ഓസ്ട്രേലിയ വീട്ടിലേക്ക് തിരിച്ചയച്ചു. ഡിയുറെറ്റിക് എന്ന നിരോധിത വസ്തുവാണ് വോണിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി ഒരു ഫ്ളൂയിഡ് ടാബ്ലറ്റ് കഴിച്ചിരുന്നുവെന്ന് വോണ്‍ സമ്മതിച്ചിരുന്നു. ബോര്‍ഡിന്റെ ഉത്തേജക വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വോണിന് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ഇതോടെ 2003 ലോകകപ്പ് താരത്തിന് നഷ്ടമാകുകയും ചെയ്തു.

പിന്നീട് 2004 ഫെബ്രുവരിയിലാണ് താരത്തിന് മത്സര ക്രിക്കറ്റിലേക്ക് തിരികെവരാനായത്. മാര്‍ച്ചില്‍ ശ്രീലങ്കയ്ക്കെതിരേ ഗാളില്‍ നടന്ന മത്സരത്തില്‍ ടെസ്റ്റ് കരിയറില്‍ 500 വിക്കറ്റുകളെന്ന ചരിത്ര നേട്ടം വോണ്‍ സ്വന്തമാക്കി. കോട്നി വാല്‍ഷിന് ശേഷം ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരമായിരുന്നു വോണ്‍. പരമ്പരയിലെ മൂന്ന് ടെസ്റ്റിലും തിളങ്ങിയ വോണ്‍ പരമ്പരയുടെ താരമാകുകയും ചെയ്തു. എന്നാല്‍ വാല്‍ഷിന്റെ 519 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടം ആദ്യം മറികടന്നത് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനായിരുന്നു. എന്നാല്‍ 2004-ല്‍ തോളിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മുരളീധരന്റെ റെക്കോഡ് ആ വര്‍ഷത്തെ ഇന്ത്യന്‍ പര്യടനത്തിനിടെ വോണ്‍ മറികടക്കുകയും ചെയ്തു. 2004 ഒക്ടോബര്‍ 15-ന് ചെന്നൈ ടെസ്റ്റിനിടെ ഇര്‍ഫാന്‍ പത്താനെ പുറത്താക്കിയാണ് വോണ്‍ മുരളിയുടെ 532 വിക്കറ്റുകളെന്ന നേട്ടം മറികടന്നത്. തൊട്ടടുത്ത വര്‍ഷം ഓഗസ്റ്റ് 11-ന് ഓള്‍ഡ് ട്രാഫഡില്‍ നടന്ന മൂന്നാം ആഷസ് ടെസ്റ്റിനിടെ ടെസ്റ്റ് ചരിത്രത്തില്‍ 600 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും വോണ്‍ സ്വന്തമാക്കി. 2005-ല്‍ 96 വിക്കറ്റുകളോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകളെന്ന റെക്കോഡ് വോണ്‍ സ്വന്തമാക്കി. 2005 ആഷസില്‍ മാത്രം വോണ്‍ വീഴ്ത്തിയത് 40 വിക്കറ്റുകളായിരുന്നു. ആന്‍ഡ്രു ഫ്ളിന്റോഫിനൊപ്പം വോണ്‍ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

2006 ഡിസംബര്‍ 21-നാണ് ഒടുവില്‍ വോണ്‍ താന്‍ രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. സിഡ്നിയില്‍ നടക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റിന് ശേഷം വിരമിക്കുമെന്നായിരുന്നു പ്രഖ്യാപനം. മെല്‍ബണ്‍ ടെസ്റ്റിനിടെ ഡിസംബര്‍ 26-ന് ഇംഗ്ലീഷ് താരം ആന്‍ഡ്രു സ്ട്രോസിനെ പുറത്താക്കി വോണ്‍ 700 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ബൗളറെന്ന നേട്ടവും സ്വന്തമാക്കി. 15 വര്‍ഷം മുമ്പ് കരിയര്‍ ആരംഭിച്ച അതേ വേദിയില്‍ തന്നെയായിരുന്നു വോണിന്റെ അവസാന മത്സരവും. സിഡ്നിയില്‍ മോണി പനേസറിനെ വിക്കറ്റിന് മുന്നില്‍ കരുക്കി വോണ്‍ അന്താരാഷ്ട്ര കരിയറില്‍ 1000 വിക്കറ്റുകളെന്ന ചരിത്ര നേട്ടവും സ്വന്തമാക്കി. ആന്‍ഡ്രു ഫ്ളിന്റോഫായിരുന്നു വോണിന്റെ അവസാന അന്താരാഷ്ട്ര വിക്കറ്റ്.

വിരമിച്ച ശേഷം 2008-ല്‍ പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേക്ക് നയിക്കാനും വോണിനായി. വര്‍ഷങ്ങള്‍ക്കിപ്പുറം വിവിധ ടീമുകളുടെ ഉപദേശകനായും കമന്റേറ്ററായും തിളങ്ങുന്നതിനിടെയാണ് മരണം വോണിനെ തേടിയെത്തുന്നത്. ലെഗ് ബ്രേക്കുകളും ഗൂഗ്ലികളും ഫ്ളിപ്പറുകളും സ്‌കിഡ്ഡറുകളും പിന്നെ തന്റെ തന്നെ ഗവേഷണത്തിലൂടെ കണ്ടെത്തിയ സൂട്ടറുകളും കൊണ്ട് വിവിധ രാജ്യങ്ങളിലെ വിവിധ പിച്ചുകളില്‍ ബാറ്റ്സ്മാന്‍മാരെ വട്ടംകറക്കിയ ആ മാന്ത്രിക വിരലുകളുടെ ഉടമ ഇനിയില്ല.

Content Highlights: life story of australian cricket legend shane warne

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
JK Mahendra shares memories of Dr. C.K Bhaskaran Nair

2 min

അടുത്ത സുഹൃത്ത്, ഗ്രേറ്റ് ഡോക്ടര്‍, ഗ്രേറ്റ് ക്രിക്കറ്റര്‍; സി.കെയെ കുറിച്ച് ജെ.കെ മഹേന്ദ്ര

Nov 22, 2020


K Aboobacker

3 min

അബു സാർ, കളിയെഴുത്തിലെ പ്രസാദ മാധുര്യം

Sep 20, 2020


super league's super coaches and super strategies

7 min

സൂപ്പര്‍ ലീഗ്, സൂപ്പര്‍ പരിശീലകര്‍, സൂപ്പര്‍ തന്ത്രങ്ങള്‍

Mar 18, 2020


Most Commented