പ്രജ്ഞാനന്ദ
- എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് പ്രജ്ഞാനന്ദ അഞ്ചുതവണ ലോകചാമ്പ്യനായ നോര്‍വീജിയന്‍ താരം കാള്‍സണെ അട്ടിമറിച്ച് ലോകശ്രദ്ധ നേടിയത്.
- വെറും ഏഴാം വയസ്സില്‍ തന്നെ ലോകചെസ് കിരീടം നേടി പ്രജ്ഞാനന്ദ ലോകത്തെ ഞെട്ടിച്ചു.
കായികലോകം മുഴുവന്‍ ഇന്ത്യയിലെ ഒരു അത്ഭുത ബാലനിലേക്ക് ഒതുങ്ങിയ ദിവസമാണിന്ന്. വെറും 16 വയസ്സ് മാത്രം പ്രായമുള്ള രമേശ്ബാബു പ്രജ്ഞാനന്ദ എന്ന യുവപ്രതിഭ ലോക ചെസ് ചാമ്പ്യനായ മാഗ്നസ് കാള്‍സണെ അട്ടിമറിച്ചിരിക്കുന്നു! അതും 39 നീക്കങ്ങള്‍ക്കൊടുവില്‍. എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് പ്രജ്ഞാനന്ദ അഞ്ചുതവണ ലോകചാമ്പ്യനായ നോര്‍വീജിയന്‍ താരം കാള്‍സണെ അട്ടിമറിച്ച് ലോകശ്രദ്ധ നേടിയത്.
കാള്‍സണെ തോല്‍പ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് പ്രജ്ഞാനന്ദ. അവിചാരിതമായി ചതുരംഗക്കളത്തിലേക്ക് വന്ന താരമല്ല പ്രജ്ഞാനന്ദ.
ചെന്നൈ സ്വദേശികളായ രമേശ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രജ്ഞാനന്ദ 2005 ഓഗസ്റ്റ് 10 നാണ് ജനിച്ചത്. സഹോദരി വൈശാലി രമേശ്ബാബുവാണ് പ്രജ്ഞാനന്ദയുടെ വഴികാട്ടി. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയുള്ള വൈശാലിയുടെ ചതുരംഗക്കളത്തിലെ നീക്കങ്ങള്‍ കുട്ടിക്കാലം തൊട്ട് കണ്ടുവളര്‍ന്ന പ്രജ്ഞാനന്ദ വൈകാതെ ചതുരംഗക്കളത്തിലെ മാസ്മരിക ലോകത്തേക്ക് പ്രവേശിച്ചു.
ചേച്ചിയാണ് പ്രജ്ഞാനന്ദയെ ചെസ്സ് ലോകത്തേക്ക് കൈപിടിച്ചുനടത്തിയത്. ചേച്ചിയില്‍ നിന്ന് ചെസ്സിനെക്കുറിച്ച് മനസ്സിലാക്കിയ പ്രജ്ഞാനന്ദ പിന്നീട് ആര്.ബി.രമേശിന് കീഴില്‍ പരിശീലനം ആരംഭിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ച പ്രജ്ഞാനന്ദ പരിശീലകന് രമേശിനെ പലവട്ടം തോല്‍പ്പിച്ച് അത്ഭുതമായി മാറി. വൈകാതെ ദേശീയ ശ്രദ്ധയും നേടി.
ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ ലോകചെസ് കിരീടം നേടി പ്രജ്ഞാനന്ദ ലോകത്തെ ഞെട്ടിച്ചു. 2013-ല്‍ നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രജ്ഞാനന്ദ കിരീടം നേടി. ഇതോടെ ഏഴാം വയസ്സില്‍ ഫിഡെ മാസ്റ്റര്‍ പദവിയും താരം സ്വന്തമാക്കി.
2015-ലും ലോക ചെസ് കിരീടം നേടി ചരിത്രം കുറിച്ച പ്രജ്ഞാനന്ദ അതേവര്‍ഷം ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന അപൂര്‍വ റെക്കോഡ് പ്രജ്ഞാനന്ദയുടെ പേരിലാണ്. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുമ്പോള്‍ വെറും 12 വയസ്സും 10 മാസവും 19 ദിവസവും മാത്രമാണ് പ്രജ്ഞാനന്ദയുടെ പ്രായം.
ഗ്രാന്‍ഡ്മാസ്റ്ററായ ശേഷം 2017-ലാണ് പ്രജ്ഞാനന്ദ ആദ്യമായി ലോകകിരീടത്തില്‍ മുത്തമിടുന്നത്. 2017 നവംബറില്‍ നടന്ന ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രജ്ഞാനന്ദ കിരീടം നേടി. റാപ്പിഡ് ചെസാണ് പ്രജ്ഞാനന്ദയുടെ പ്രധാന ശക്തികേന്ദ്രം. അതിവേഗ നീക്കങ്ങളിലൂടെ എതിരാളികളെ സമര്‍ഥമായി കീഴടക്കുന്ന ഈ യുവതാരത്തിന്റെ നീക്കങ്ങളുടെ ചൂട് ഒടുവില്‍ സാക്ഷാല്‍ കാള്‍സണും അറിഞ്ഞു.
2018-ല്‍ ഗ്രീസില്‍ വെച്ച് നടന്ന ഹെറാക്ലിയോണ്‍ ഫിഷര്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ വിജയിച്ചതോടെ പ്രജ്ഞാനന്ദയെത്തേടി നിരവധി അവസരങ്ങള്‍ വന്നു. തന്നേക്കാള്‍ ഇരട്ടി പ്രായമുള്ള, വര്‍ഷങ്ങളുടെ
പരിചയസമ്പത്തുള്ള താരങ്ങളെ വരെ അട്ടിമറിച്ചുകൊണ്ട് ഈ ബാലന് തേരോട്ടം തുടര്‍ന്നു.
ടെയ്മര്‍ റാഡ്യാബോവ്, യാന്‍ ക്രൈസോഫ് ഡ്യൂഡ, സെര്‍ജി കര്യാക്കിന്, യോഹാന്‍ സെബാസ്റ്റിയന് ക്രിസ്റ്റിയന്‍സെന്‍ തുടങ്ങിയവരെയെല്ലാം അട്ടിമറിയിലൂടെ പല ടൂര്‍ണമെന്റുകളിലായി പ്രജ്ഞാനന്ദ കീഴടക്കിയിട്ടുണ്ട്. മുന്‍പ് ഒരു തവണ കാള്‍സണെ സമനിലയില്‍ തളയ്ക്കാനും താരത്തിന് സാധിച്ചു.
എന്നാല്‍ കാള്‍സണെ ഇതാദ്യമായാണ് പ്രജ്ഞാനന്ദ കീഴടക്കുന്നത്. ഈ വിജയത്തോടെ പ്രജ്ഞാനന്ദ ഏയര്തിങ്സ് മാസ്റ്റേഴ്സ് ടൂര്‍ണമെന്റിലെ കിരീടപ്രതീക്ഷ സജീവമാക്കി. എട്ട് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ രണ്ട് വീതം വിജയവും സമനിലയും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ആകെ 15 മത്സരങ്ങളാണ് പ്രാഥമിക ഘട്ടത്തിലുള്ളത്. അടുത്ത മത്സരത്തില്‍ നോദിര്‍ബെക് അബ്ദുസത്തറോവാണ് പ്രജ്ഞാനന്ദയുടെ എതിരാളി.
Content Highlights: Praggnanandhaa, life of Praggnanandhaa, life story of Praggnanandhaa, Praggnanandhaa and carlsen
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..