ക്രിക്കറ്റ് ഗ്രൗണ്ടിലെ സ്വര്‍ണ്ണച്ചിറകുള്ള സോള്‍ക്കര്‍


രവിമേനോന്‍

കളിക്കളത്തോട് വിടവാങ്ങിയശേഷം ജീവിതപ്രാരാബ്ദങ്ങളുമായിട്ടായിരുന്നു സോള്‍ക്കറുടെ പോരാട്ടം. ക്രിക്കറ്റ് ഇന്നത്തെപ്പോലെ കോടികള്‍ വിളയുന്ന കളിയല്ല അന്ന്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഒരു ബെനിഫിറ്റ് മാച്ച് അനുവദിച്ചുകിട്ടാന്‍ പോലും നിരവധി വാതിലുകള്‍ മുട്ടേണ്ടിവന്ന കഥ പങ്കുവെച്ചിട്ടുണ്ട് അദ്ദേഹം

Photo: PTI

സ്വപ്നങ്ങളിലെ സ്വര്‍ണ്ണപ്പക്ഷിയായിരുന്നു സോള്‍ക്കര്‍. കൊക്കും ചിറകുമൊതുക്കി ഏകാഗ്രചിത്തനായി ഫോര്‍വേഡ് ഷോര്‍ട്ട് ലെഗ്ഗില്‍ തപസ്സിരുന്ന വേഴാമ്പല്‍. ബിഷന്‍ സിംഗ് ബേദിയോ ഇറാപ്പള്ളി പ്രസന്നയോ ഭഗവത് സുബ്രഹ്മണ്യം ചന്ദ്രശേഖറോ ശ്രീനിവാസ് വെങ്കട്ട് രാഘവനോ ബൗള്‍ ചെയ്യാനെത്തുമ്പോള്‍ ആ കിളി പതിവിലേറെ ജാഗരൂകനാകും. ശരീരത്തിലെ ഓരോ അണുവിലും ചോര ഇരച്ചുകയറുമപ്പോള്‍. കണ്ണുകള്‍ക്ക് തീക്ഷ്ണതയേറും. കൈകളും കാലുകളും എന്തിനും സജ്ജമാകും. നെഞ്ചം തുടിതുടിക്കും. ഇനിയുള്ളതാണ് കാണേണ്ട കാഴ്ച്ച.

ബാറ്റില്‍ തട്ടിയുയരുന്ന പന്ത് മിന്നല്‍വേഗത്തില്‍ പറന്നുവീണ് കൊക്കിലൊതുക്കും ആ പക്ഷി. കണ്ണു ചിമ്മിത്തുറക്കുന്നതിനിടെ ശത്രുപക്ഷത്തെ ഒരു ബാറ്റ്‌സ്മാന്‍ കൂടി കഥാവശേഷന്‍. അഭ്യാസിയുടെ മെയ്വഴക്കത്തോടെ സടകുടഞ്ഞെഴുന്നേറ്റ്, കളി എന്നോടോ എന്ന ഭാവത്തിലൊരു പരിഹാസച്ചിരിയുമായി കൈവീശി പ്രതിയോഗിയെ ആഘോഷപൂര്‍വം കൂടാരത്തിലേക്ക് യാത്രയാക്കും സോള്‍ക്കര്‍. ക്രിക്കറ്റ് ഒരു ഗെയിമിനപ്പുറം ജീവിതത്തിന്റെ പരിച്ഛേദം തന്നെയായി മാറുന്ന നിമിഷം. അത്തരം അത്ഭുത നിമിഷങ്ങളാണ് എന്നിലെ സ്‌കൂള്‍ കുട്ടിയെ ക്രിക്കറ്റിന്റെ ആരാധകനാക്കി മാറ്റിയത്; ഊണും ഉറക്കവും മറന്ന് രാപ്പകലെന്നില്ലാതെ റേഡിയോക്ക് മുന്നില്‍ തളച്ചിട്ടതും.

ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയത്തിന്റെ (1971) സുവര്‍ണ്ണ ജൂബിലി ആഘോഷവേളയില്‍ അന്നത്തെ വിജയശില്‍പ്പികളിലൊരാളായ ഏക്‌നാഥ് സോള്‍ക്കര്‍ എന്ന 'എക്കി' പലപ്പോഴും ഓര്‍ക്കപ്പെടാതെ പോകുന്നു എന്നത് ഏറെ ദുഖിപ്പിക്കുന്ന കാര്യം. ഓര്‍മ്മയിലെ ആദ്യത്തെ സ്പൈഡര്‍മാന്‍ ആയിരുന്നല്ലോ ആ മനുഷ്യന്‍. ശൈശവ സങ്കല്‍പ്പങ്ങള്‍ക്ക് നിറം പകര്‍ന്ന ഫീല്‍ഡര്‍. കൊയ്‌ത്തൊഴിഞ്ഞ പാടം പിച്ചാക്കി, ഓലമടല്‍ ബാറ്റും റബ്ബര്‍ പന്തും ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കുമ്പോഴെല്ലാം സോള്‍ക്കറായി പകര്‍ന്നാടാന്‍ മോഹിച്ചത് വെറുതെയല്ല. അത്രയ്ക്കങ്ങ് ചോരയില്‍ കലര്‍ന്നുപോയിരുന്നു ആ അതിസാഹസികന്‍.

നേരിട്ട് കണ്ടിട്ടില്ല സോള്‍ക്കറുടെ കസര്‍ത്തുകള്‍. കേട്ടും വായിച്ചുമുള്ള അറിവേയുള്ളൂ. ടെലിവിഷന്‍ പൂര്‍വ കാലത്തായിരുന്നല്ലോ എക്കിയുടെ അശ്വമേധം. പക്ഷേ ഏത് കാഴ്ച്ചയെയും നിഷ്പ്രഭമാക്കും വിധം മിഴിവാര്‍ന്നതായിരുന്നു സുരേഷ് സരയ്യയും ആനന്ദ് സെത്തില്‍വാദും യും ജെ പി നാരായണനും വിംസിയുമൊക്കെ വാക്കുകളാല്‍ വരച്ചിട്ട ചിത്രങ്ങള്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ആ വിസ്മയ നിമിഷങ്ങള്‍ ടെലിവിഷനിലും യുട്യൂബിലുമൊക്കെ ആവര്‍ത്തിച്ചു കാണുമ്പോള്‍ ഓര്‍ത്തുപോകാറുണ്ട്, വാങ്മയ ചിത്രങ്ങളോളം വന്നില്ലല്ലോ ക്യാമറ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ എന്ന്.

ഓവല്‍ ടെസ്റ്റിലെ (1971 ഓഗസ്റ്റ് 24) ചരിത്രപ്രസിദ്ധമായ ആ ക്യാച്ച് എങ്ങനെ മറക്കാന്‍? അലന്‍ നോട്ടാണ് ക്രീസില്‍. ബൗള്‍ ചെയ്യുന്നത് വെങ്കട്ട് രാഘവന്‍. ഓഫ് സ്പിന്നിനെതിരെ ഫോര്‍വേഡ് ഡിഫന്‍സീവ് ഷോട്ട് കളിക്കാനുള്ള നോട്ടിന്റെ വ്യഗ്രത മുന്‍കൂട്ടി കണ്ടു സോള്‍ക്കറിലെ കുശാഗ്ര ബുദ്ധി. വെങ്കിയുടെ വലംകയ്യില്‍ നിന്ന് പന്ത് പുറപ്പെട്ടതും എക്കി മുന്നിലേക്ക് കുതിച്ചതും ഏതാണ്ട് ഒരേ നിമിഷം. നോട്ടിന്റെ ബാറ്റില്‍ തട്ടിത്തെറിച്ച പന്ത് നിലം തൊടും മുന്‍പ് വായുവില്‍ നീന്തിവന്ന് അതിസാഹസികമായി കയ്യിലൊതുക്കുന്നു സോള്‍ക്കര്‍. ഭൂമിയില്‍ നിന്ന് ഒന്നോ രണ്ടോ സെന്റിമീറ്റര്‍ മാത്രം ഉയരെയായിരുന്നു അപ്പോള്‍ താനെന്ന് സോള്‍ക്കര്‍. മൂന്നാം ടെസ്റ്റിലെ വിധിനിര്‍ണ്ണായക മുഹൂര്‍ത്തമായിരുന്നു അത്.

ടെസ്റ്റ് വിജയത്തിലേക്കും ഐതിഹാസികമായ പരമ്പര വിജയത്തിലേക്കുമുള്ള ഇന്ത്യയുടെ വഴി വെട്ടിത്തുറന്ന ആ അനര്‍ഘ നിമിഷം ക്യാമറയില്‍ പകര്‍ത്തിയ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്റി കര്‍ട്ടിയെര്‍ ബ്രെസ്സോണിന് നന്ദി പറയുക. സോള്‍ക്കര്‍ എന്നൊരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ നേര്‍സാക്ഷ്യമാണല്ലോ ആ മില്യണ്‍ ഡോളര്‍ ക്ലിക്ക്. സുനില്‍ ഗാവസ്‌കറുടെ അളവറ്റ ആവേശവും വെങ്കട്ട് രാഘവന്റെ ആര്‍പ്പുവിളിയും വിക്കറ്റ് കീപ്പര്‍ ഫാറൂക്ക് എന്‍ജിനീയറുടെ മുഖത്തെ അമ്പരപ്പും കൂടി ചേരുമ്പോഴേ ആ ഫ്രെയിം പൂര്‍ത്തിയാകൂ. എക്കാലത്തെയും ക്ലാസിക് ക്രിക്കറ്റ് ഫോട്ടോഗ്രാഫുകളിലൊന്ന്.

മറ്റൊരു മിന്നുന്ന ഡൈവ് കൂടി ഓര്‍മ്മയില്‍ തെളിയും ആ കാഴ്ച്ചക്കൊപ്പം. കളി ക്രിക്കറ്റല്ല, കാല്‍പ്പന്താണെന്ന് മാത്രം. 1970 ലെ മെക്‌സിക്കോ ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് മത്സരത്തില്‍ ബ്രസീലിയന്‍ ഇതിഹാസം പെലെയുടെ ഗോളെന്നുറച്ച ക്‌ളോസ് റേഞ്ച് ഹെഡ്ഡര്‍ രക്ഷപ്പെടുത്താന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഗോര്‍ഡന്‍ ബാങ്ക്‌സ് പുറത്തെടുത്ത മുഴുനീള ഡൈവ്. ചരിത്രത്തിന്റെ ഭാഗമായ ആ അവിശ്വസനീയ സേവിന് തൊട്ടു പിന്നില്‍ വരും സോള്‍ക്കറുടെ ക്യാച്ച് എന്നത് എന്റെ വിശ്വാസം. അതേ ഓവല്‍ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സില്‍ വെറും പതിനഞ്ചു റണ്‍സ് വഴങ്ങി മൂന്ന് വിലപ്പെട്ട വിക്കറ്റുകള്‍ എടുക്കുക കൂടി ചെയ്തിരുന്നു സോള്‍ക്കര്‍.

എങ്കിലും സോള്‍ക്കറെ കുറിച്ചുള്ള ഓര്‍മ്മകള്‍ എപ്പോഴും ചെന്നെത്തുക ഷോര്‍ട്ട് ലെഗ്ഗിലാണ്. ഹെല്‍മറ്റും ഷിന്‍ഗാര്‍ഡുമൊന്നും ഇല്ലാത്ത കാലത്ത് ചോരത്തിളപ്പും ചങ്കുറപ്പും മാത്രം കൈമുതലാക്കി ക്രിക്കറ്റിലെ 'ആത്മഹത്യാ മുനമ്പില്‍' ചെന്നു നില്‍ക്കാന്‍ എങ്ങനെ ധൈര്യമുണ്ടായി എന്ന ചോദ്യത്തിന് ഒരിക്കല്‍ സോള്‍ക്കര്‍ നല്‍കിയ മറുപടി ഇങ്ങനെ: ''സ്ലിപ്പില്‍ വഡേക്കറും ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ആബിദ് അലിയും ഗള്ളിയില്‍ വെങ്കട്ടും എന്തിന് ഫീല്‍ഡ് ചെയ്യുന്നു എന്ന് നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ? അതുപോലെയേ ഉള്ളൂ എനിക്ക് ക്ലോസ് ഇന്‍ ഫീല്‍ഡിംഗും. കളിയാകുമ്പോള്‍ ഇത്തിരി സാഹസികതയൊക്കെ വേണ്ടേ?''

ആ സാഹസികത ജീവിതത്തിന്റെ പിച്ചിലും കൊണ്ടുനടന്നു സോള്‍ക്കര്‍. മുംബൈ ഹിന്ദു ജിംഖാനയിലെ ദിവസക്കൂലിക്കാരനായ ഗ്രൗണ്ട്‌സ്മാന്റെ മകന് ദാരിദ്ര്യവും അനാരോഗ്യവുമായിരുന്നു കുട്ടിക്കാലത്ത് കൂട്ട്. എല്ലാ വേദനകളും അതിജീവിക്കാനുള്ള ഒറ്റമൂലിയായി മാറി അവന് ക്രിക്കറ്റ്. ഇന്ത്യന്‍ സ്‌കൂള്‍സിന് കളിക്കുകയും ശ്രീലങ്കന്‍ പര്യടനത്തില്‍ അവരെ നയിക്കുകയും ചെയ്ത ശേഷം 1969-70 ല്‍ ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുമ്പോള്‍ ഫീല്‍ഡിലെ ഏറ്റവും അപകടകരമായ പൊസിഷന്‍ തന്നെ ചോദിച്ചുവാങ്ങാന്‍ മടിച്ചില്ല അന്നത്തെ ഇരുപത്തൊന്നുകാരന്‍. പിന്നീടങ്ങോട്ട്, 1976 ല്‍ വിടവാങ്ങും വരെ ഷോര്‍ട്ട് ലെഗ്ഗായിരുന്നു എക്കിയുടെ പ്രിയ മേച്ചില്‍പ്പുറം. കളിച്ച 27 ടെസ്റ്റുകളില്‍ നിന്നുള്ള 53 ക്യാച്ചുകളില്‍ ഭൂരിഭാഗവുമെടുത്തത് അതേ പൊസിഷനില്‍ നിന്നുതന്നെ.

കൗമാരയൗവനങ്ങള്‍ മുഴുവന്‍ ക്രിക്കറ്റിന് സമര്‍പ്പിച്ച മനുഷ്യന്‍ കളിയില്‍ നിന്ന് എന്തുനേടി എന്നത് മറ്റൊരു ചോദ്യം. കളിക്കളത്തോട് വിടവാങ്ങിയശേഷം ജീവിതപ്രാരാബ്ദങ്ങളുമായിട്ടായിരുന്നു സോള്‍ക്കറുടെ പോരാട്ടം. ക്രിക്കറ്റ് ഇന്നത്തെപ്പോലെ കോടികള്‍ വിളയുന്ന കളിയല്ല അന്ന്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഒരു ബെനിഫിറ്റ് മാച്ച് അനുവദിച്ചുകിട്ടാന്‍ പോലും നിരവധി വാതിലുകള്‍ മുട്ടേണ്ടിവന്ന കഥ പങ്കുവെച്ചിട്ടുണ്ട് അദ്ദേഹം. ലോകം കണ്ട എക്കാലത്തെയും മഹാന്മാരായ ഫീല്‍ഡര്‍മാരിലൊരാള്‍ക്ക് ശിഷ്ടജീവിതം കരുതിവെച്ചതേറെയും നഷ്ടപ്പെട്ട ക്യാച്ചുകളായിരുന്നു എന്നത് എന്തൊരു വിധിവൈപരീത്യം! ഷോര്‍ട്ട് ലെഗ്ഗിനെ അനാഥമാക്കി സോള്‍ക്കര്‍ പറന്നകന്നത് 2005 ജൂണ്‍ 26 ന്. കളി കീഴ്‌മേല്‍ മാറിയിട്ടും, താരങ്ങളുടെ എത്രയോ തലമുറകള്‍ വന്നുപോയിട്ടും, ആസ്വാദന രീതികള്‍ തന്നെ മാറിമറിഞ്ഞിട്ടും ഓര്‍മ്മകള്‍ ക്രീസില്‍ തന്നെ നില്‍ക്കുന്നു; പവലിയനിലേക്ക് മടങ്ങാന്‍ കൂട്ടാക്കാതെ... ഒരു സ്വര്‍ണ്ണപ്പക്ഷിയുടെ ചിറകടിയൊച്ചകള്‍ക്കായി കാതോര്‍ക്കുന്നു മനസ്സ്.

Content Highlights: Life of former Indian cricket player Eknath Solkar

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented