-
1970-കളുടെ തുടക്കം. അന്നുവരെ വനിതാ ടെന്നീസ് അടക്കിഭരിച്ചിരുന്നത് എന്തിനും പോരുന്ന സ്ത്രീകളായിരുന്നു. കളിക്കളത്തിലെ പ്രകടനത്തിനൊപ്പം വനിതാതാരങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കും തുല്യവേതനത്തിനുമൊക്ക അധികാരികളോട് നിരന്തരം പോരാടിയിരുന്ന ബില്ലി ജീന്‍ കിങ്ങിന്റെയും സംഘത്തിന്റെയും കാലം. അവരുടെയിടയിലേക്കാണ് ക്രീസ്റ്റീന്‍ മേരി എവര്ട്ടെന്ന അമേരിക്കന്‍ ഹൈസ്കൂള്‍ പെണ്‍കുട്ടിയുടെ വരവ്. സൗന്ദര്യവും പോരാട്ടമികവും കൊണ്ട് അവര്‍ അമേരിക്കക്കാരുടെ മാത്രമല്ല ലോകം മുഴുവനുമുള്ള കായികപ്രേമികളുടെ ഓമനയായി. അവരുടെ പ്രിയപ്പെട്ട 'ക്രിസി മിസി'യും 'ക്രിസി ഡാര്ലിങ്ങു'മൊക്കെയായി.
ക്രിസിനു പിന്നാലെ മര്‍ട്ടീന നവരത്ലോവയെന്ന പോരാളിയും കൂടിയെത്തിയതോടെ വനിതാ ടെന്നീസ് മുന്‍പെങ്ങും കാണാത്ത പ്രശസ്തിയിലേക്കുയര്‍ന്നു. കടുത്ത പോരാട്ടങ്ങള്‍ കാഴ്ചവയ്ക്കുമ്പോഴും കായികലോകത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഇരുവരും അടുത്ത സുഹൃത്തുക്കളുമായി തുടരുകയും ചെയ്തു. വനിതാ ടെന്നീസില്‍ പുതിയൊരു യുഗത്തിന്റെ തുടക്കംകുറിക്കുകയായിരുന്നു ക്രിസും മര്‍ട്ടീനയും. ഇതില്‍ ആദ്യ ചുവടുവെച്ചത് ക്രിസായിരുന്നു.
സൗന്ദര്യംകൊണ്ടും കളിമികവുകൊണ്ടും വനിതാ ടെന്നീസ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെന്ന ഒറ്റച്ചതുരത്തില് ഒതുക്കാനാവില്ല ക്രിസിനെ. വനിതാ ടെന്നീസ് താരങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട മുന്നണിപ്പോരാളി, അവരുടെ സംഘടനയുടെ പ്രസിഡന്റ്, ടെന്നീസ് പരിശീലക, അനുകമ്പയാര്‍ന്ന ഒരു ഹൃദയത്തിന്റെ ഉടമ. ക്രിസ് അങ്ങനെ അന്നും ഇന്നും എല്ലാവരുടെയും പ്രിയപ്പെട്ടവളായിത്തന്നെ തുടരുന്നു.
നേട്ടങ്ങളുടെ ഒരു പട്ടികതന്നെയുണ്ട് ക്രിസിന്റെ പേരില്‍. പതിനെട്ട് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍. മാര്‍ട്ടീന നവരത്ലോവയുമായി പതിനാറുവര്ഷത്തിലധികം നീണ്ട പോരാട്ടം. ഏഴുവര്‍ഷം ലോക ഒന്നാം നമ്പര്‍ പദവി. ഇതില്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി (1974-78) ഒന്നാം നമ്പര്‍ പദവി നിലനിര്‍ത്തി. 34 തവണ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ കടന്ന താരമെന്ന അപൂര്‍വ റെക്കോഡും ക്രിസിന്റെ പേരിലുണ്ട്. 157 സിംഗിള്‍സ് കിരീടങ്ങളും മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളടക്കം 32 ഡബ്ള്‍സ് കിരീടങ്ങളും അവര്‍ സ്വന്തമാക്കി.
അച്ഛന്റെ മകള്‍
ഫ്ളോറിഡയിലെ ഫോര്‍ട്ട് ലാഡര്ഡെയിലിലുള്ള പ്രൊഫഷണല്‍ ടെന്നീസ് പരിശീലകനായിരുന്ന ജിമ്മി എവര്‍ട്ട്. കോളേജ് ചാമ്പ്യനായിരുന്ന ജിമ്മി തന്റെ മക്കളെയും ടെന്നീസ് പരിശീലിപ്പിച്ചു. അഞ്ചാം വയസ്സിലാണ് മകള്‍ ക്രിസ് റാക്കറ്റ് കൈയിലെടുക്കുന്നത്. അച്ഛന്റെ പരിശീലനത്തില്‍ കീഴില്‍ മകള്‍ പടിപടിയായി വളര്‍ന്നു.
ബാങ്കറായിരുന്നു ജിമ്മിയുടെ അച്ഛന്. 1929-ല്‍ അമേരിക്കയെ തകര്‍ത്ത സാമ്പത്തികമാന്ദ്യത്തില്‍ തന്റെ പിതാവിന്റെ സമ്പാദ്യമെല്ലാം നഷ്ടമായത് അദ്ദേഹം നേരില്‍ക്കണ്ടു. ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞാണ് ജിമ്മി വളര്‍ന്നത്. ആ അച്ചടക്കം ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിച്ചു. ജിമ്മിക്ക് ടെന്നീസ് പണത്തിനോ പ്രശസ്തിക്കോ വേണ്ടിയുള്ള കുറുക്കുവഴിയായിരുന്നില്ല.
ഭാര്യ കൊളറ്റിനും ക്രിസടക്കമുള്ള അഞ്ച് മക്കള്‍ക്കുമൊപ്പം കുടുംബത്തില്‍ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു സാധാരണക്കാരനായിരുന്നു ജിമ്മി. അടിയുറച്ച കത്തോലിക്കാവിശ്വാസിയായിരുന്ന അദ്ദേഹം എല്ലാ ദിവസവും മക്കള്‍ക്കൊപ്പം ദേവാലയത്തില്‍ പോകുകയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പിതാവിന്റെ കീഴില്‍ അച്ചടക്കത്തോടെയുള്ള ഒരു ജീവിതമാണ് ക്രിസിയും സഹോദരങ്ങളും നയിച്ചത്. ക്രിസ് പതിനാറാം വയസ്സില്‍ യു.എസ്. ഓപ്പണിന്റെ സെമിയിലെത്തി ചരിത്രം സൃഷിച്ചപ്പോഴും ടൂര്‍ണമെന്റുകളില്‍ ഒന്നൊന്നായി വെന്നിക്കൊടി പാറിച്ചപ്പോഴും അമിതാഹ്ലാദത്തിലേക്കോ പരസ്യങ്ങള്‍ നല്കുന്ന പണക്കിലുക്കത്തിലേക്കോ പോകാതെ സ്വന്തംകാലില്‍ ഉറച്ചുനില്ക്കാന് ജിമ്മി എവര്‍ട്ടിനെ സഹായിച്ചത് ഇത്തരം ജീവിതവീക്ഷണങ്ങളാണ്.
അതേ മൂല്യങ്ങള്‍ ക്രിസടക്കമുള്ള മക്കള്‍ക്ക് പകര്ന്നുനല്കാനും അദ്ദേഹത്തിനായി. അമേരിക്കന്‍ ടെന്നീസ് അസോസിയേഷനെതിരേ ബില്ലി ജീന്‍ കിങ്ങിന്റെ നേതൃത്വത്തില്‍ സംഘടന രൂപവത്കരിച്ചപ്പോള്‍ ക്രിസിനെ അതില്‍ ചേര്‍ക്കാന്‍ അവര്‍ ശ്രമിച്ച
താണ്. എന്നാല്‍ ജൂനിയര്‍ താരമെന്നനിലയില്‍ ക്രിസിനെ സഹായിച്ചത് അസോസിയേഷനായതിനാല് അവരെ തള്ളാനാകില്ലെന്ന നിലപാടെടുത്ത് ബില്ലി ജീനിനെയും ഭര്‍ത്താവിനെയും സ്നേഹപൂര്‍വം മടക്കിയയ്ക്കുകയാണ് ജിമ്മി ചെയ്തത്.
(പ്രായപൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ അച്ചടക്കത്തിന്റെ എല്ലാ കെട്ടുപാടുകളും വലിച്ചെറിഞ്ഞ മറ്റൊരു ക്രിസിനെ ലോകം കണ്ടെന്ന് ജോനെറ്റ് ഹവാര്‍ഡ് മര്ട്ടിനയെയും ക്രിസിനെയുംകുറിച്ചെഴുതിയ 'ദ റൈവല്‍സ്' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. സ്വന്തം ഇഷ്ടത്തിനൊത്ത് ജീവിച്ച ക്രിസിനെ. ടെന്നീസിലെ വികൃതിപ്പയ്യന് ജിമ്മി കോണേഴ്സുമായുള്ള അവളുടെ പ്രണയം കായികലോകം ഏറ്റെടുത്തു. അത് തകര്‍ന്നപ്പോഴും അവള് നിരാശയായില്ല. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡിന്റെ മകന് ജാക്ക് ഫോര്‍ഡും ഹോളിവുഡ് താരം ബര്‍ട്ട് റെയ്നോള്ഡുസുമൊക്കെ ക്രിസിന്റെ കാമുകന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. സ്വാതന്ത്ര്യത്തിന്റെ ഈ ജീവിതത്തെക്കുറിച്ച് ക്രിസ് പറഞ്ഞത് ടീനേജില്‍ നഷ്ടപ്പെട്ടുപോയ സമയം എനിക്ക് എങ്ങനെയും തിരിച്ചുപിടിക്കണമെന്നായിരുന്നു)
ഒരു താരം ജനിക്കുന്നു
അമേരിക്കയിലെ ജൂനിയര്‍ ടൂര്‍ണമെന്റുകള്‍ വിജയിച്ചാണ് ക്രിസ് വരവറിയിക്കുന്നത്. അതിന്റെ മികവില്‍ 1971-ലെ യു.എസ്. ഓപ്പണില്‍ കളിക്കാന്‍ പതിനാറാം വയസ്സില്‍ ക്രിസ് എന്ന ഹൈസ്കൂള്‍കാരി പെണ്‍കുട്ടിക്ക് അവസരം ലഭിക്കുന്നു. പിന്നീടുണ്ടായത് ചരിത്രം. ആദ്യ റൗണ്ടില്‍ എഡ്ഡാ ബഡിങ്ങിനെതിരേ നേരിട്ടുള്ള സെറ്റുകളില്‍ ജയം. രണ്ടാം റൗണ്ടില്‍ അമേരിക്കന്‍ നാലാം നമ്പര്‍ താരം മേരി ആന്‍ ഈസലായിരുന്നു എതിരാളി. രണ്ടാം സെറ്റില്‍ ആറ് മാച്ച് പോയന്റുകള്‍ രക്ഷിച്ചെടുത്താണ് ക്രിസ് മത്സരം അവസാന സെറ്റിലേക്ക് നീട്ടിയത്.
അവസാന സെറ്റില്‍ ഈസലിനെ നിലംപരിശാക്കി ക്രിസ് വിജയം കൈപ്പിടിയിലൊതുക്കി (46, 76, 61). അടുത്ത റൗണ്ടുകളില്‍ ഡെറിനും ലെസ്ലി ഹണ്ടിനും എതിരേയും ഇതേരീതിയിലുള്ള വിജയം ആവര്‍ത്തിച്ച് സെമിയിലേക്ക്. അതോടെ ക്രിസ് ടെന്നീസിലെ ആദ്ഭുതബാലികയായി വാഴ്ത്തപ്പെട്ടു. സെമിയില്‍ ബില്ലി ജീന്‍ കിങ്ങിനെതിരേ നേരിട്ടുള്ള സെറ്റുകളില്‍ തോറ്റെങ്കിലും ഒരു താരത്തിന്റെ പിറവിക്കാണ് ന്യൂയോര്‍ക്ക് സാക്ഷ്യംവഹിച്ചത്.

സെമിയില്‍ ക്രിസിനെ കീഴടക്കിയശേഷം ബില്ലി ജീന്‍ കിങ് അവള്‍ക്ക് ഒരു അഭിനന്ദനസന്ദേശമയച്ചു. മഴകാരണം ഫൈനല്‍ നീട്ടിവെച്ചിരുന്നു. അതിന്റെ ഇടവേളയിലായിരുന്നു ബില്ലി ജീന്‍ തന്റെ സന്ദേശം കുറിച്ചത്. ''ക്രിസീ... നീ ന്യൂയോര്‍ക്കില്‍നിന്ന് പോയതോടെ ആകാശം തുറന്നു. മഴയുടെ പ്രവാഹമായിരുന്നു. നീ ഇവിടെനിന്ന് പോയതില്‍ സ്വര്‍ഗംപോലും സങ്കടപ്പെട്ടു.'' അതായിരുന്നു ക്രിസെന്ന ടീനേജുകാരി വനിതാ ടെന്നീസിലുണ്ടാക്കിയ സ്വാധീനം. ബില്ലി ജീന്‍ കിങ്ങും അമേരിക്കന്‍ ടെന്നീസ് പ്രേമികളും മാത്രമല്ല കായികപ്രേമികള്‍ മുഴുവന്‍ ക്രിസെന്ന ടീനേജ് സെന്‍സേഷനെ ഏറ്റെടുത്തു. അവരുടെ സ്വന്തം കൂട്ടിയായി സ്നേഹിച്ചു. ക്രിസി യുഗം പിറക്കുകയായി.
ക്രിസിന്റെ പടയോട്ടം
ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടത്തിനായി രണ്ടുവര്‍ഷംകൂടി കാത്തിരിക്കേണ്ടിവന്നെങ്കിലും പിന്നീട് ക്രിസിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 1974-ല്‍ ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും നേടി ഗ്രാന്‍ഡ്സ്ലാം കിരീടജേതാക്കളുടെ പട്ടികയില്‍ ക്രിസും ഇടംപിടിച്ചു. അക്കൊല്ലം തന്നെ ലോക ഒന്നാംനമ്പര്‍ പദവിയിലേക്കും ഉയര്‍ന്നു. തുടരെ അഞ്ചുവര്‍ഷം വര്‍ഷാവസാനത്തില്‍ ലോക ഒന്നാംനമ്പര്‍ പദവി നിലനിര്‍ത്താനും അവര്‍ക്കായി. 1974-ല്‍ ക്രിസും അന്ന് കാമുകനായിരുന്ന ജിമ്മി കോണേഴ്സും വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടിയത് ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.
ഏഴ് ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍, ആറ് യു.എസ്. ഓപ്പണ്‍ കിരീടങ്ങള്‍ (ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് കിരീടങ്ങളില്‍ വനിതകളിലെ റെക്കോഡ് ക്രിസിനാണ്. യു.എസ്. ഓപ്പണ്‍ കിരീടനേട്ടത്തില്‍ സെറീനാ വില്യംസിനൊപ്പം അവര്‍ റെക്കോഡ് പങ്കിടുകയും ചെയ്യുന്നു), മൂന്ന് വിംബിള്‍ഡണ്‍ കിരീടങ്ങളും രണ്ട് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങളും. ക്രിസിന്റെ 18 ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളെ ഇങ്ങനെ വേര്‍തിരിക്കാം. ഇതില്‍ 1980-ന് മുന്‍പുള്ളത് അവരുടെ അശ്വമേധകാലത്ത് നേടിയതാണ്. ഹാര്‍ഡ് കോര്‍ട്ടില്‍ മേധാവിത്വം പുലര്‍ത്തിയെങ്കിലും മറ്റ് കോര്‍ട്ടുകളിലും ഒരേ മികവോടെ കളിക്കാനായിരുന്നു.
ഇത്തരുണത്തില്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഫോമിന്റെ പ്രതാപകാലത്ത് നില്ക്കുമ്പോള് 1975 മുതല്‍ 1980 വരെ ക്രിസ് ഓസ്ട്രേലിയന്‍ ഓപ്പണില്‍നിന്ന് വിട്ടുനിന്നിരുന്നു. 1976 മുതല്‍ 1978 വരെ ഫ്രഞ്ച് ഓപ്പണിലും അവര്‍ പങ്കെടുത്തില്ല. അന്ന് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകള്‍ക്ക് ഇന്നത്തേതുപോലെ പ്രാധാന്യം മുന്‍നിര താരങ്ങള്‍ നല്‍കാതിരുന്നതും കൂടുതല്‍ പ്രതിഫലമുണ്ടായിരുന്ന മറ്റ് ചാമ്പ്യന്‍ഷിപ്പുകള്‍ നടന്നിരുന്നതുമാണ് കാരണം.
തളരാത്ത പോരാളി
ആളുകള്‍ക്ക് ക്രിസ് ഓമനത്തമുള്ള അയല്പക്കത്തെ പെണ്‍കുട്ടിയായിരുന്നെങ്കില്‍ യാഥാര്‍ഥ്യം അതല്ലായിരുന്നു. ഒരിക്കലും കീഴടങ്ങാന്‍ തയ്യാറില്ലാത്ത യഥാര്‍ഥ പോരാളിയായിരുന്നു അവര്‍. ''തോല്‍ക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍പോലും ആകില്ലെന്നായിരുന്നു'' ക്രിസിന്റെ മനോഭാവം. പുറമേ ശാന്തയായ ഒരു താരമെന്ന് തോന്നുമെങ്കിലും ഉള്‍ക്കരുത്തിന്റെ ആള്‍രൂപം തന്നെയായിരുന്നു അവര്‍. സ്വന്തം കരിയറിലൂടെ അവര്‍ അത് കാണിച്ചുതരുകയും ചെയ്തു.

തൊള്ളായിരത്തി എഴുപതുകളുടെ അവസാനപാദത്തില്‍ ക്രിസിന്റെ നിഴലിലായിരുന്നു മാര്‍ട്ടീന നവരത്ലോവ. എണ്‍പതുകളില്‍ ചിത്രം മാറിമറിഞ്ഞു. ശാരീരികക്ഷമതകൊണ്ടും മികച്ച പരിശീലകര്‍ നല്കിയ കളിമികവുകൊണ്ടും മര്‍ട്ടീന മേധാവിത്വം പിടിച്ചെടുത്തു.
ക്രിസിന്, മര്ട്ടീനയുടെപോലെ ശാരീരികമികവോ പരിശീലകരുടെ പിന്തുണയോ ഇല്ലായിരുന്നു. വ്യക്തിഗത പ്രശ്നങ്ങളാകട്ടെ ധാരാളവും. ബേസ് ലൈനില്‍നിന്ന് പോയിന്റുകള്‍ കരുപ്പിടിക്കുന്ന പ്രതിരോധഗെയിമായിരുന്നു ക്രിസിന്റെ ശക്തി. അതിനൊപ്പം ഏത് പ്രതിസന്ധിയെയും മറികടക്കാന്‍ കഴിയുന്ന മനക്കരുത്തും അവര്‍ക്ക് കൈമുതലായുണ്ടായിരുന്നു. അതിന്റെ കരുത്തിലാണ് മാര്‍ട്ടീനയുടെ മേധാവിത്വത്തിന് മുന്നിലും ക്രിസ് പിടിച്ചുനിന്നത്. 1985-ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ മര്ട്ടീനയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴ്പ്പെടുത്തി വിജയം പിടിച്ചെടുത്തത് മാത്രം മതി ക്രിസെന്ന പോരാളിയെ വിലയിരുത്താന്‍.
എതിരാളികള്‍... സുഹൃത്തുക്കള്‍...
കളിക്കളത്തില്‍ കടുത്ത എതിരാളികളായിരുന്നെങ്കിലും അടുത്ത സുഹൃത്തുക്കളായിരുന്നു ക്രിസും മാര്‍ട്ടീനയും. തന്നേക്കാള്‍ രണ്ടുവര്‍ഷം ഇളയവളായ മര്ട്ടീനയ്ക്ക് വഴികാട്ടികൂടിയായിരുന്നു ക്രിസ്. ''മിക്ക ടൂര്‍ണമെന്റുകളുടെയും ഫൈനലിന് പരസ്പരം ഏറ്റുമുട്ടാന്‍ ഇറങ്ങും മുന്‍പേ ഇരുവരും ഒരുമിച്ചായിരുന്നു പരിശീലനം നടത്തിയിരുന്നത്. ഫൈനലിനുശേഷം ജേതാവിന്റെ തോളില്‍ തലചായ്ച്ച് തോറ്റയാള്‍ ലോക്കര്‍ റൂമിലേക്ക് മടങ്ങുന്നത് ആരാധകര്‍ അമ്പരപ്പിനേക്കാളേറെ സന്തോഷത്തോടെ കണ്ടുനിന്നു'' (ദ റൈവല്‍സ്).
ഒരുഘട്ടത്തില്‍ മര്‍ട്ടീന, ക്രിസിനെ ഒഴിവാക്കുന്നുണ്ട്. ക്രിസിനെ തോല്പ്പിക്കാനായി മര്‍ട്ടീനയുടെ പരിശീലകര്‍ നിര്‍ദേശിച്ച മൈന്‍ഡ് ഗെയിം ആയിരുന്നു ഇത്. മര്ട്ടീനയ്ക്ക് ഈ നീക്കം ഗുണം ചെയ്യുകയും ചെയ്തു. ക്രിസിനുമേല് മാര്‍ട്ടീന മുന്‍തൂക്കം നേടിത്തുടങ്ങിയതില് ഒരു ഘടകം ഈ മൈന്‍ഡ് ഗെയിമായിരുന്നു. മര്‍ട്ടീനയുടെ പരിശീലകര്‍ മാറിയതോടെ ബന്ധം സാധാരണഗതിയിലാകുകയും ചെയ്തു.
ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ ക്രിസും മര്‍ട്ടീനയും പരസ്പരം തുണയാകുന്നതും 'ദ റൈവല്സില്' വിവരിക്കുന്നുണ്ട്. അമേരിക്കയില്‍ കുടിയേറിയശേഷം മാതൃരാജ്യമായ ചെക്കോസ്ലോവാക്യയിലേക്ക് മാര്‍ട്ടീന മടങ്ങിയെത്തുന്നത് 1986-ലാണ്. അമേരിക്കന്‍ ടീമിനൊപ്പം ഫെഡറേഷന് കപ്പ് കളിക്കാന്‍. അന്ന് ക്രിസ് കാല്‍മുട്ടിന് പരിക്കേറ്റിരിക്കുകയാണ്. മാര്‍ട്ടീനയ്ക്ക് തുണയാകാനായി പരിക്കിനെ അവഗണിച്ച് ക്രിസും കൂടെപ്പോകുന്നു.
പ്രാഗില്‍ മത്സരം തുടങ്ങുന്നതിന് മുന്‍പ് ബാന്‍ഡ് സംഘം 'വേര് ഈസ് മൈ ഹോം' എന്നു തുടങ്ങുന്ന ചെക്കോസ്ലോവാക്യന്‍ ദേശീയഗാനം (ഇപ്പോള്‍ ചെക് റിപ്പബ്ലിക്കിന്റെ ദേശീയഗാനം) മുഴങ്ങിയപ്പോള്‍ മര്‍ട്ടീന വികാരവിക്ഷോഭത്തിനടിപ്പെട്ടു. അപ്പോള്‍ ക്രിസ്, മാര്‍ട്ടീനയെ ചുറ്റിപ്പിടിച്ച് കഴുത്തില്‍ തട്ടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. മത്സരം അവസാനിച്ച ദിവസം മറ്റൊരു കാഴ്ചയ്ക്കുകൂടി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. അമേരിക്കയുടെ വിജയത്തതിനുശേഷം തന്റെ മാതൃരാജ്യത്തോട് മര്‍ട്ടീന വിടപറയുകയാണ്. തിങ്ങിനിറഞ്ഞ ആരാധകര്‍ കരഘോഷങ്ങളോടെ മര്ട്ടീനയെ യാത്രയാക്കി . അപ്പോള്‍ മര്‍ട്ടീനയും ഒപ്പം ക്രിസും ഒരു പോലെ കരയുകയായിരുന്നു (ദ റൈവല്‍സ്).
ആദ്യ ഭര്‍ത്താവ് ജോണ്‍ ലോയിഡുമായുള്ള ബന്ധം തകര്‍ന്ന് പ്രതിസന്ധിയിലായിരുന്ന ക്രിസിന്, ആന്‍ഡി മില്ലെന്ന സ്കീയിങ് താരത്തെ പരിചയപ്പെടുത്തിയത് മര്ട്ടീനയാണ്. പിന്നീട് ആന്‍ഡി, ക്രിസനെ വിവാഹം ചെയ്തു.
കരിയറില്‍ വ്യക്തമായ ലക്ഷ്യങ്ങളുള്ള, അതിനുവേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറായ സ്വതന്ത്ര വ്യക്തിത്വമുള്ള താരങ്ങളായിരുന്നു ക്രിസ് അടക്കമുള്ളവര്‍. കരിയറിനുവേണ്ടിയും സ്വന്തം ഇഷ്ടങ്ങള്‍ക്കുവേണ്ടിയും കാമുകന്മാരെയോ ഭര്ത്താക്കന്മാരെയെപോലും വേണ്ടെന്നുവയ്ക്കാന്‍ യാതൊരു മടിയും അവര്‍ കാണിച്ചില്ല. കരിയറിന് മുന്‍തൂക്കം കൊടുത്തതുകൊണ്ടാണ് ജിമ്മി കോണേഴ്സുമായുള്ള ക്രിസിന്റെ ബന്ധം തകരുന്നത്.
ബ്രിട്ടീഷ് ടെന്നീസ് താരം ജോണ്‍ ലോയ്ഡായിരുന്നു ക്രിസിന്റെ ആദ്യ ഭര്‍ത്താവ്. ക്രിസ് കരിയറില്‍ മുന്നോട്ടുപോകുകയും ലോയ്ഡിന് കാലിടറുകയും ചെയ്തു. മാര്‍ട്ടീനയുടെ കുതിപ്പില്‍ ക്രിസ് ഉത്തരം കണ്ടെത്താതെ നില്ക്കുന്ന കാലംകൂടിയായിരുന്നു അത്. ഇണങ്ങിയും പിണങ്ങിയും നിന്നിരുന്ന ലോയ്ഡുമായുള്ള ബന്ധം 1987-ല്‍ അവസാനിച്ചു.1988-ലാണ് ക്രിസ്, ആന്‍ഡി മില്ലിനെ വിവാഹം ചെയ്യുന്നത്. ആ ബന്ധത്തില്‍ മൂന്ന് മക്കളുണ്ട്. 2006-ല്‍ ആന്‍ഡി മില്ലില്‍നിന്ന് ക്രിസ് വിവാഹമോചനം നേടി. 2008-ല്‍ ഗോള്‍ഫ് താരം ഗ്രെഗ് നോര്‍മനെ ക്രിസ് വിവാഹം ചെയ്തു. പതിനഞ്ച് മാസമേ ആ ബന്ധം നീണ്ടുള്ളു.
ടെന്നീസ് കമന്ററിയും പരിശീലിപ്പിക്കലും സ്വന്തം ബിസിനസുമൊക്കെയായി ക്രിസ് ഇപ്പോഴും സജീവമാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം വ്യക്തിത്വത്തിനനുസരിച്ച് സ്വതന്ത്രയായി ജീവിക്കാനാണ് ആഗ്രഹമെന്ന് ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു. അതേ ക്രിസ് യാത്ര തുടരുകയാണ്.
Content Highlights: Life of Chris Evert
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..