ആ ആറാമത്തെ വെടിയുണ്ടയ്ക്ക് എങ്ങനെ മാപ്പ് നൽകും? അമേഠിയുടെ പാപക്കറയ്ക്കും


ബി.കെ.രാജേഷ്*മുപ്പത്തിനാല് കൊല്ലം മുന്‍പ് ഭഗവതി സിങ്ങിന്റെയും കൂട്ടാളികളുടെ പോയിന്റ് 38 ബോര്‍ തോക്ക് നിര്‍ദയം തുപ്പിയ തീയുണ്ടകള്‍ക്ക് മുന്നില്‍ പിടിഞ്ഞുവീണത് ഒരു ഇതിഹാസമായിരുന്നു.

In Depth

Photo Courtesy: syed modi official/fb, mathrubumi archives

ഗവതി സിങ് എന്ന പപ്പു ഒരു ബാഡ്മിന്റണ്‍ താരമല്ല. രാഷ്ട്രീയക്കാരനുമല്ല. എന്നിട്ടും ലഖ്‌നൗ കോടതി ഇയ്യിടെ ഭഗവതി സിങ്ങിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചപ്പോള്‍ രാഷ്ട്രീയം പ്രക്ഷുബ്ധമാക്കിയ അമേഠിയുടെ ഓര്‍മകളില്‍ ഒരിക്കല്‍ക്കൂടി ചോരയും പാപക്കറയും പടര്‍ന്നു. ലഖ്‌നൗ കെ.ഡി സിങ് സ്‌റ്റേഡിയത്തിന്റെ വടക്കേ കവാടത്തില്‍ വീണ്ടുമൊരു വെടിയൊച്ച മുഴങ്ങി. രാഷ്ട്രീയവും ബാഡ്മിന്റണും രണ്ടറ്റത്ത് നിന്ന് ചോരയും പ്രണയവും വഞ്ചനയും കൊണ്ടെഴുതിയ കഥയിലെ ഒരു കണ്ണി മാത്രമാണ് ഭഗവതിസിങ്. ഡെല്‍ഹി-ഡാലസ് സ്‌റ്റൈല്‍ എന്ന് ന്യൂയോര്‍ക്ക് ടൈംസ് അക്കാലത്ത് വിശേഷിപ്പിച്ച, ലോകകായികരംഗത്തെ തന്നെ ഞെട്ടിച്ച കൊലപാതകത്തില്‍ ഇപ്പോഴും അഴിക്കകത്തുളള ഒരേയൊരാള്‍.

മുപ്പത്തിനാല് കൊല്ലം മുന്‍പ് ഭഗവതി സിങ്ങിന്റെയും കൂട്ടാളികളുടെ പോയിന്റ് 38 ബോര്‍ തോക്ക് നിര്‍ദയം തുപ്പിയ തീയുണ്ടകള്‍ക്ക് മുന്നില്‍ പിടിഞ്ഞുവീണത് ഒരു ഇതിഹാസമായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തയും മികച്ച ബാഡ്മിന്റണ്‍ താരങ്ങളിലൊരാള്‍. പ്രകാശ് പദുകോണ്‍ എന്ന കോര്‍ട്ടിലെ ഐക്കണിന്റെ യഥാര്‍ഥ പിന്‍ഗാമി. സയ്യിദ് മഹദി ഹൈദര്‍ സൈദി എന്ന സയ്യിദ് മോഡി. 1988 ജൂലായ് 28ന് അക്രമിസംഘത്തിന്റ വെടിയേറ്റു വീഴുന്നതിന് ഒരു കൊല്ലം മുന്‍പ് വരെ ദേശീയ ചാമ്പ്യനായിരുന്നു സയ്യിദ്. അതും തുടര്‍ച്ചയായി എട്ടു തവണ. തീര്‍ന്നില്ല, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായിരുന്നു. ചൈനയും ഹോങ്‌കോങ്ങും തായ്‌വാനും കൊടികുത്തിവാഴുന്ന ഏഷ്യന്‍ ഗെയിംസില്‍ തുടര്‍ച്ചയായി മൂന്നു തവണ വെങ്കല മെഡല്‍ ജേതാവും. സ്വന്തം തോക്കില്‍ നിന്നുള്ള വെടിയേറ്റു മരിച്ച ഹോക്കി ഒളിമ്പ്യന്‍ കുന്‍വര്‍ ദിഗ്‌വിജയ് സിങ്ങിന്റെ പേരിലുള്ള ആ സ്‌റ്റേഡിയത്തിന്റെ നടവഴിയില്‍ എല്ലാ അര്‍ഥത്തിലും ആ ജൂലായ് രാത്രി വെടിയേറ്റുവീണുപിടഞ്ഞത് ഇന്ത്യന്‍ ബാഡ്മിന്റണിലെ വിടരാന്‍ ഒരുങ്ങിനിന്നൊരു വസന്തകാലം തന്നെയായിരുന്നു.

1988 ജൂലായ് 28ന് രാത്രി 7.45 ഓടെ സ്‌റ്റേഡിയത്തില്‍ രണ്ട് മണിക്കൂര്‍ നേരത്തെ പരിശീലനം കഴിഞ്ഞ് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു സയ്യിദ്. സ്‌കൂട്ടര്‍ എടുത്ത് വടക്കേ ഗേറ്റ് വഴി പുറത്തേയ്ക്ക് കടക്കുമ്പോഴണ് അത് സംഭവിച്ചത്. ഗേറ്റിന് സമീപമുള്ള ക്യാന്റീനില്‍ അപ്പോള്‍ ജോലിയിലുണ്ടായിരുന്ന പ്രേംചന്ദ് യാദവും മറ്റ് രണ്ടുപേരും തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ ആ കാഴ്ച ശരിക്കും കണ്ടു. പുറത്ത് വെള്ള മാരുതിക്കാറില്‍ കാത്തിരുന്ന രണ്ടുപേര്‍ സയ്യിദിന്റെ നെഞ്ചിലേയ്ക്ക് അഞ്ചുവട്ടം വെടിയുതിര്‍ക്കുന്നു. സയ്യിദ് വീണതോടെ രണ്ടുപേര്‍ പുറത്തുനിര്‍ത്തിയിട്ട കാറില്‍ ഓടിക്കയറി രക്ഷപ്പെടുകയും ചെയ്തു. ഒരു നിമിഷം സ്തംബ്ധനായിപ്പോയ യാദവിന്റെ കരച്ചില്‍ കേട്ടാണ് കൂട്ടുകാരന്‍ കെ.എച്ച്. ജാക്കിയും ഏതാനും കളിക്കാരും രണ്ട് പോലീസുകാരും ഓടിയെത്തിയത്. പോലീസുകാര്‍ ഉടനെ സയ്യിദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പൊഴേയ്ക്കും ശ്വാസം നിലച്ചുകഴിഞ്ഞിരുന്നു. ഇന്ത്യന്‍ ബാഡ്മിന്റണിലെ ഒരു സുവര്‍ണയുഗം അവസാനിച്ചുകഴിഞ്ഞിരുന്നു.

ഞെട്ടലോടെയാണ് കായികലോകം ഈ വാര്‍ത്ത കേട്ടത്. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ അതിന് മുന്‍പോ ശേഷമോ കേട്ടുകേള്‍വി പോലുമില്ലാത്തൊരു ദുരന്തം. ലോക കായികചരിത്രത്തില്‍ തന്നെ അത്യപൂര്‍വങ്ങളില്‍ അപൂര്‍വം. കൊളംബിയന്‍ ഡിഫന്‍ഡര്‍ ആന്ദ്രെ എസ്‌കോബാറിനെ എല്‍ പാബ്‌ളാഡോയിലെ നിശാക്ലബില്‍ വാതുവെപ്പുകാര്‍ വെടിവെച്ചിടുന്നത് പിന്നെയും ആറു കൊല്ലം കഴിഞ്ഞാണ്. എസ്‌കോബാറിന്റെ കൊലയ്ക്ക് വേണമെങ്കില്‍ റോസ്ബൗളിലെ ആ ശപിക്കപ്പെട്ട പെനാല്‍റ്റിയെ പഴിക്കാം. ഫിഗര്‍ സ്‌കേറ്റര്‍ ഡെന്നിസ് ടെന്നിനെയും ബോക്‌സര്‍ കോറി സാന്‍ഡേഴ്‌സിനെയും മോഷ്ടാക്കളാണ് വകവരുത്തിയത്. യു.എസ് റഗ്ബി താരം സ്റ്റീവ് മെക്‌നയറെയും ഫ്രഞ്ച് സൈക്ലിസ്റ്റ് ഹെന്റി പെല്ലിസിയറെയും വെടിവെച്ചത് കാമുകിമാരാണ്. ഫ്രെഡ് ലേനിനെ ഭാര്യയും. ജാപ്പനീസ് ഗുസ്തിതാരം റിക്കിഡോസനും യു.എസ്. റഗ്ബി താരം ഡാരന്റ് വില്ല്യംസും ബോക്‌സര്‍ ഹെക്ടര്‍ കെമാച്ചോയും നിശാക്ലബില്‍ വച്ചാണ് കൊല്ലപ്പെട്ടത്. പ്രഥമദൃഷ്ട്യാ ഈ കാരണങ്ങളൊന്നുംതന്നെ ചാര്‍ത്തിക്കൊടുക്കാനാവില്ലായിരുന്നു പിന്നീട് രാഷ്ട്രീയവും പകയും ചതുഷ്‌കോണ പ്രണയവും അധികാരദുര്‍വിനിയോഗവുമെല്ലാം കൂടി കുഴച്ചുമറിച്ചിട്ട, അജാതശത്രുവായ സയ്യിദിന്റ ഞെട്ടുന്ന കൊലയ്ക്ക്. എന്റെ ഭര്‍ത്താവിന് ആരാണ് ഇത്രയും വലിയ ശത്രുക്കള്‍ എന്നാണ് മരണദിവസം രണ്ടുമാസം മാത്രം പ്രായമായ മകളെ നെഞ്ചോടടക്കിപ്പിടിച്ച് ഭാര്യ അമിത മോഡി വാവിട്ടുകരഞ്ഞു ചോദിച്ചത്.

സയ്യിദ് മോഡിയുടെ അന്ത്യയാത്ര. Photo Courtesy: syed modi official/FB

ദുരൂഹമായി തുടര്‍ന്നു ആ കൊലയുടെ കാരണം. ആദ്യം കേസന്വേഷിച്ച യു.പി. പോലീസും അതുകൊണ്ടുതന്നെ വെടിവെച്ചശേഷം ഓടിച്ചുപോയ വെള്ള മാരുതിക്ക് പിറകേ കുറേ പോയി തുമ്പൊന്നും കിട്ടാതെ ഫയല്‍ കെട്ടിപ്പൂട്ടി. പിന്നെയായിരുന്നു അപ്രതീക്ഷിതമായുള്ള സി.ബി.ഐ.യുടെ വരവ്. സംഭവങ്ങള്‍ കീഴമേല്‍ മറിഞ്ഞതും അതോടെയാണ്. കൊലപാതകത്തിന്റെ സാക്ഷികളിലൊരാളില്‍ നിന്നാണ് തുമ്പ് കിട്ടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഖിലേഷ് സിങ് എന്ന രാഷ്ട്രീയക്കാരനിലേക്കെത്തുന്നത് അങ്ങനെയാണ്. എന്നാല്‍, ഏറ്റവും വലിയ മീന്‍ വലയിലാവുന്നത് സയ്യിദിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു. ഭാര്യ അമിതയുടെ ഡയറിക്കുറിപ്പുകളും അവരുടെ കത്തുകളും സി.ബി.ഐ. കൈക്കലാക്കിയതോടെയായിരുന്നു യഥാര്‍ഥ ആന്റിക്ലൈമാക്‌സ്. അതിലൊരു എസ്2വുമായുള്ള ബന്ധത്തെക്കുറിച്ച് പേജുകണക്കിന് എഴതിനിറച്ചിട്ടുണ്ട് അമിത. സാക്ഷിമൊഴികളുമായി കൂട്ടിയിണക്കിയപ്പോള്‍ സഞ്ജയ് സിങ്ങാണ് ആ രണ്ടാമത്തെ എസ് എന്ന് കണ്ടെത്താന്‍ സി.ബി.ഐ.യ്ക്ക് ഏറെ പണിപ്പെടേണ്ടിവന്നില്ല. അമിത അമ്മയുമായി നടത്തിയ കത്തിടപാടുകളിലും സയ്യിദ് ഭാര്യയ്‌ക്കെഴുതിയ കത്തിലും സഞ്ജയ്‌സിങ് നിറഞ്ഞുനില്‍ക്കുന്നത് സി.ബി.ഐ കണ്ടെത്തി.

നിസാരക്കാരനായിരുന്നില്ല അന്ന് സഞ്ജയ്. അമേഠിയിലെ ശക്തനായ രാജാവിന്റെ ദത്തുപുത്രന്‍. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ സഹപാഠി. രാജീവിന്റെ സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെ വലംകൈ. ഭാര്യ വഴി പ്രധാനമന്ത്രി വി.പി.സിങ്ങിന്റെ ബന്ധു, കേന്ദ്രമന്ത്രി, സംസ്ഥാനമന്ത്രി... സഞ്ജയ് സിങ്ങും സയ്യിദിന്റെ ഭാര്യ അമിതയും തമ്മില്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നാണ് സി.ബി.ഐ. കത്തുകളില്‍ നിന്നും ഡയറിക്കുറിപ്പുകളില്‍ നിന്നും കണ്ടെത്തിയത്. ഇക്കാര്യത്തില്‍ തനിക്കുള്ള നീരസം സയ്യിദ് എഴുതിയ കത്തുകളില്‍ ഉണ്ടായിരുന്നു. വീട്ടുജോലിക്കാരിയുടെ മൊഴികള്‍ ഇതിന് ബലം പകര്‍ന്നു. ഈ പ്രണയത്തിന് വഴിമുക്കിനിന്നതാണ് സയ്യിദിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും സി.ബി.ഐ. കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ അക്കമിട്ടു പറഞ്ഞു.

സയ്യിദിനെ കണ്ടുമുട്ടുന്നതിനും മുന്‍പേ പരിചയക്കാരായിരുന്നു അമിതയും സഞ്ജയ് സിങ്ങും. മുംബൈയിലെ ഒരു ടെക്‌സ്‌റ്റൈല്‍ കമ്പനിയില്‍ മാനേജരായിരുന്നു അമിതയുടെ അച്ഛന്‍. അമ്മ അധ്യാപികയും. ഇംഗ്ലീഷ് സംസാരിക്കുന്ന സമ്പന്ന കുടുംബം. ബാഡ്മിന്റണ്‍ താരമായിരുന്ന അമിത തുടക്കകാലത്ത് റെയില്‍വെയില്‍ ക്ലര്‍ക്കായിരുന്നു. പിന്നെയാണ് ജോലി ഉപേക്ഷിച്ച് ബി.എ. പരീക്ഷ എഴുതാനായി ലഖ്‌നൗവിലേയ്ക്ക് വരുന്നത്. കോപ്പറേറ്റീവ് ഡയറി ഫെഡറേഷന്റെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലിയും സംഘടിപ്പിച്ചു. അന്ന് ഫെഡറേഷന്‍ ചെയര്‍മാനായിരുന്നു നേരത്തെ സംസ്ഥാന മൃഗസംരക്ഷണവകുപ്പ് മന്ത്രിയായിരുന്ന സഞ്ജയ് സിങ്. അവിടെ വച്ചാണ് ഇവരുടെ അടുപ്പം നാമ്പിടുന്നത്. ജൂനിയര്‍ ഏഷ്യന്‍ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റ് കളിക്കന്‍ പോയ ഇന്ത്യന്‍ ടീമില്‍ അംഗങ്ങളായിരുന്ന അമിതയും സയ്യിദ് മോദിയും ബെയ്ജിങ്ങില്‍ വച്ചാണ് അടുപ്പം ഉടലെടുക്കുന്നത്. അത് ക്രമേണ ഗാഢമായി. എന്നാല്‍, ഒരു സമ്പന്ന മറാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനെ സയ്യിദിന്റെ തനി സാധാരണ മുസ്ലീം കുടുംബം നഖശിഖാന്തം എതിര്‍ത്തു. ഒരുതരത്തിലും തമ്മില്‍ ചേരില്ലെന്ന് സഹോദരങ്ങള്‍ സയ്യിദിനെ താക്കീത് ചെയ്തു. ഉത്തര്‍പ്രദേശിലെ ചൗരിചൗരയിലെ കൊച്ചുവീട്ടില്‍ ഏഴ് സഹോദരങ്ങള്‍ക്കൊപ്പം കടുത്ത ഇല്ലായ്മയിലായിരുന്നു സയ്യിദിന്റെ ജീവിതം. കുടുംബം പോറ്റാന്‍ ഉണ്ടയിരുന്നത് അച്ഛന്റെ തുച്ഛമായ വരുമാനം. ജ്യേഷ്ഠന്റെയും മറ്റ് പലരുടെയും സഹായം കൊണ്ടാണ് അവിശ്വസനീയമാംവണ്ണം കളിച്ചുവളര്‍ന്നത്. ഇരു കുടുംബങ്ങളും തമ്മില്‍ യാതൊരുവിധ ചേര്‍ച്ചയും ഉണ്ടായിരുന്നില്ല. എന്നിട്ടും വീട്ടുകാരെ ധിക്കരിച്ച് അവര്‍ വിവാഹിതരായി. അപ്പൊഴേയ്ക്കും പൊതുസുഹൃത്തായി മാറിക്കഴിഞ്ഞിരുന്ന സഞ്ജയ് സിങ്ങിന്റെ വീട്ടിലായിരുന്നു രഹസ്യ വിവാഹം.

കോര്‍ട്ടില്‍ സയ്യിദ് കത്തിക്കയറുന്ന കാലമായിരുന്നു അത്. അത്ഭുതകരവും അവിശ്വസനീയമായിരുന്നു ആ കളിയും കുതിപ്പുമെന്ന് സാക്ഷ്യപ്പെടുത്തുന്നു കോര്‍ട്ടില്‍ അവസാനകാലം വരെ സയ്യിദിന്റെ എതിരാളിയായിരുന്ന മലയാളി താരം യു.വിമല്‍കുമാര്‍. എട്ടു വട്ടം ദേശീയ ചാമ്പ്യനായിരുന്നു സയ്യിദിനെ ഒരിക്കല്‍ മാത്രമാണ് വിമലിന് തോല്‍പിക്കാനായത്. അതും സയ്യിദ് കൊല്ലപ്പെടുന്നതിന് വെറും രണ്ട് മാസം മുന്‍പ് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍. ആ വേദന ഇന്നുമുണ്ട് മുന്‍ ദേശീയ ചാമ്പ്യനും നിലവില്‍ ഇന്ത്യയുടെ ദേശീയ കോച്ചുമായ വിമലിന്റെ മനസ്സില്‍.

സയ്യിദ് മെഹദി ഹസ്സന്‍ സെയ്ദി ഗൊരഖ്പൂരുകാരന്‍ പില്‍ക്കാലത്ത് നമ്മളറിയുന്ന സയ്യിദ് മോഡിയായത് രസകരമായൊരു കഥയാണ്. ഗൊരഖ്പുര്‍ ഇംഗ്ലീഷ് സ്‌കൂളിലെ ടീച്ചറുടെ പിഴവാണത്. നീളമേറിയ പേര് മനസിലാവാതെ ടീച്ചര്‍ രജിസ്റ്ററില്‍ തെറ്റായി കുറിച്ചിട്ടതാണ് സയ്യിദിനൊപ്പം മോഡി എന്ന പേര്. മുംബൈയിലെ ഒരു ജൂനിയര്‍ ടൂര്‍ണമെന്റ് കളിക്കാന്‍ പോയപ്പോള്‍ അവിടെ തെറ്റായി ചേര്‍ത്തതാണ് മോഡിയെന്ന പേരെന്നും ഒരു കഥയുണ്ട്. എന്തായാലും സയ്യിദ് മെഹദി ഹസ്സന്‍ സെയ്ദിയെ ഇന്ന് ഏറെപ്പേര്‍ അറിയില്ല. ബാബുവ എന്നു സ്‌നേഹപൂര്‍വം വിളിച്ച വീട്ടുകാര്‍ക്ക് മാത്രമായിരുന്നു അവന്‍ ഹസ്സന്‍ സെയ്ദി. ഗൊരഖ്പൂരിലെ സയ്യിദിന്റെ കബറിടത്തിലെ മാര്‍ബിള്‍ ഫലകത്തിലും പേര് ലോകമറിയുന്ന സയ്യിദ് മോഡി എന്നല്ല, നമ്മള്‍ മറന്ന സയ്യിദ് ഹസ്സന്‍ സെയ്ദി എന്നു തന്നെയാണ്. സയ്യിദ് മോഡി ഇന്ത്യ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിന് പുറമെ ഇന്ന് സയ്യിദിന്റെ ഈ ലോകത്തിലെ അവശേഷിക്കുന്ന ഏക സ്മാരകമാണ് ഈ ഖബര്‍.

സയ്യിദ് മോഡി പ്രകാശ് പദുക്കോണിനൊപ്പം. Photo: fb/syedmodiofficial

പതിമൂന്നാം വയസ്സില്‍ തുടങ്ങിയതാണ് സയ്യിദിന്റെ കോര്‍ട്ടിലെ പോരാട്ടം. ഇളയവന്റെ കളിക്ക് വേണ്ട സഹായങ്ങള്‍ ചെയ്യണമെന്ന് അമ്മ സത്യം ചെയ്യിച്ചിരുന്നു മൂത്തമക്കളോട്. അവര്‍ അമ്മയ്ക്ക് കൊടുത്ത വാക്ക് തെറ്റിച്ചില്ല. കിട്ടിയ കാശൊക്കെ അവര്‍ സ്വരുക്കൂട്ടിവച്ചു. അനിയന് റാക്കറ്റും ഷൂസും വാങ്ങിക്കൊടുത്തു. ദൂരദേശങ്ങളിലേയ്ക്ക് കൊണ്ടുപോയി. ചെറുപ്പത്തില്‍ തന്നെ പ്രായം കൂടിയവരുടെ വിഭാഗത്തിലായിരുന്നു സയ്യിദ് മത്സരിച്ചുപോന്നത്. പതിനെട്ട് വയസുകാര്‍ക്കുള്ള ദേശീയ ജൂനിയര്‍ ചാമ്പ്യനാവുന്നത് പതിമൂന്നാം വയസ്സിലാണ്. ആദ്യ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇറങ്ങുന്നത് പതിനെട്ടാം വയസ്സിലും. അന്ന് തന്റെ തുടര്‍ച്ചയായ പത്താം ദേശീയ കിരീടം സ്വന്തമാക്കാന്‍ വേണ്ടി മാത്രം ഒരാള്‍ കോപ്പന്‍ഹേഗനില്‍ നിന്ന് വിജയവാഡയിലേയ്ക്ക് പറന്നുവന്നു. ഒരു ഇതിഹാസം. പ്രകാശ് പദുകോണ്‍. നെറ്റിനപ്പുറത്തെ പതിനെട്ടുകാരനെ കണ്ട് പ്രകാശ് ആദ്യമൊന്ന് ഞെട്ടി. എന്നാല്‍, അനായാസവിജയം കണക്കുകൂട്ടിയ പ്രകാശിനെ കാത്ത് വലിയ ഞെട്ടല്‍ വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. ദണ്ഡമുടി രാജഗോപാല്‍റാവു സ്‌റ്റേഡിയത്തിലെ മൂവായിരത്തിഅഞ്ഞൂറോളം വരുന്ന കാണികളെയും ഞെട്ടിച്ചുകൊണ്ട് സയ്യിദ് മോഡി ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനെ വീഴ്ത്തി. അതും നേരിട്ടുള്ള ഗെയിമുകള്‍ക്ക്. 15-10, 15-9. അതൊരു താരോദയമായിരുന്നു. സയ്യിദിന്റെ വേഗവും ചടുലതയും കണ്ട് അന്തംവിട്ടുപോയ പ്രകാശിന് 45 മിനിറ്റ് നേരം നീണ്ടുനിന്ന കളിയിലുടനീളം പിഴച്ചു. സയ്യിന്റെ ഉദയം മാത്രമായിരുന്നില്ല, ഇന്ത്യയില്‍ ബാഡ്മിന്റണിന് അടിത്തറ പാകിയ, ലോകഭൂപടത്തില്‍ ഇടം നേടിക്കൊടുത്ത പദുകോണിന്റെ അസ്തമയം കൂടിയായിരുന്നു ആ സായാഹ്നം. പ്രകാശ് പിന്നെ ഫോമിലേയ്ക്ക് ഉയര്‍ന്നതേയില്ല. സയ്യിദ് മോഡി ദേശീയ കിരീടം വിട്ടുകൊടുത്തതുമില്ല. 1980 മുതല്‍ 87 വരെ തുടര്‍ച്ചയായി എട്ടു കൊല്ലമാണ് സയ്യിദ് കിരീടം കാത്തത്. അതിനിടെ 1982ല്‍ ബ്രിസ്‌ബെയ്‌നില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും 1982ല്‍ ഡല്‍ഹിയിലും 86ല്‍ സോളിലും വെങ്കലവും 83 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ടീമിനൊപ്പം വെങ്കലവും നേടി. പ്രകാശിന്റെ യഥാര്‍ഥ പിന്‍ഗാമിയാണെന്ന് സ്ഥാപിച്ചു. എന്നാല്‍, സഹജമായ മടി കൂടെ കൊണ്ടുനടന്ന സയ്യിദ് പുറത്തുപോയി കളിക്കാന്‍ എന്നും വിമുഖനായിരുന്നു. അതുകൊണ്ട് മാത്രമാണ് പ്രകാശും പില്‍ക്കാലത്ത് പുല്ലേല്ല ഗോപിചന്ദും കിഡംബി ശ്രീകാന്തുമെല്ലാം സ്വന്തമാക്കിയ നേട്ടങ്ങള്‍ സയ്യിദിനെ തേടിയെത്താതിരുന്നത്. ഒടുവില്‍ 1988ല്‍ ചരിത്രത്തില്‍ ആദ്യമായി ജന്മനാട്ടില്‍ തോല്‍വിയറിഞ്ഞു സയ്യിദ്. കോര്‍ട്ടിലെ തന്റെ ഏറ്റവും വലിയ വൈരിയായിരുന്ന മലയാളി താരം യു.വിമല്‍കുമാറിനോട്.

അന്നത്തെ ആ വിജയം ഇന്നുമുണ്ട് മായാതെ വിമലിന്റെ മനസ്സില്‍. വളരെ സ്വാഭാവികമായ ഒരു ശൈലിയുള്ള താരമായിരുന്നു സയ്യിദ്. ബാക്ക് ഹാന്‍ഡും ജമ്പ് സ്മാഷുകളും ക്രോസ് കോര്‍ട്ട് ഫോര്‍ഹാന്‍ഡ് സ്മാഷുകളും ഷോട്ടുകളുടെ കണിശതയും കോര്‍ട്ടിലെ ചടുലവേഗവുമായിരുന്നു സയ്യിദിന്റെ കരുത്ത്. അക്കാലത്ത് സയ്യിദിന് ഒരു ശീലമുണ്ടായിരുന്നു. മത്സരം കൈവിട്ടു പോവുകയാണെന്ന തോന്നലുണ്ടായാല്‍ ഉടനെ കൈ കൊണ്ട് മുടി മുകളിലേയ്ക്ക് ചീകി സ്‌പൈക്കിയാക്കും. പിന്നെ നോക്കേണ്ട. ആ സ്മാഷുകള്‍ക്കും റിട്ടേണുകള്‍ക്കും മുന്നില്‍ പിടിച്ചുനില്‍ക്കുക എളുപ്പമല്ല-വിമല്‍ ഓര്‍ത്തെടുക്കുന്നു.

യു.വിമൽകുമാർ. Photo: UNI

ദേശീയ ടൂര്‍ണമെന്റുകളിലെന്നും വിമലിന്റെ മുന്നിലെ ബാലികേറാമലയായിരുന്നു സയ്യിദ്. പക്ഷേ, ഒരിക്കല്‍, ഒരിക്കല്‍ മാത്രം സയ്യിദ് വിമലിന്റെ മുന്നില്‍ വീണു. ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. തുടര്‍ച്ചയായ എട്ടു കിരീടലബ്ധിക്കുശേഷമുള്ള ഞെട്ടുന്ന തോല്‍വി. അതൊരു സൂചനയായിരുന്നു. കോര്‍ട്ടില്‍ പരാജയം അറിയാത്തയാള്‍ ജീവിതത്തില്‍ രഹസ്യമായി തോറ്റുകൊണ്ടിരിക്കുന്നതിന്റെ പ്രകടമായ സൂചന. പുറമേ ശാന്തമെങ്കിലും അകമേ എരിയുന്നൊരു നെരിപ്പോടായിരുന്നു സയ്യിദ് അക്കാലത്ത്. വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് അമിതയെ വിവാഹം കഴിച്ചതെങ്കിലും ആ ദാമ്പത്യത്തിന്റെ യാത്ര അത്ര സുഖകരമായിരുന്നില്ല. ഗര്‍ഭിണിയായതോടെ അമിത ബാഡ്മിന്റണിനോടും ആര്‍ഭാട നഗരജീവിതത്തോടും വിടപറഞ്ഞ് വീട്ടില്‍ ഒതുങ്ങിക്കൂടി. എന്നാല്‍, അമിത പഴയ കൂട്ടുകാരന്‍ സഞ്ജയ് സിങ്ങിനോട് അടുപ്പം തുടരുന്നതായി സയ്യിദ് സംശയിച്ചു. അതിന്റെ പേരില്‍ വഴക്ക് പതിവായി. സഞ്ജയുമായുള്ള അടുപ്പം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മോഡി അമിതയ്ക്ക് കത്തെഴുതുക വരെ ചെയ്തിരുന്നു. ആ കത്ത് സി.ബി.ഐ കണ്ടെടുക്കുക വരെ ചെയ്തു. 1988ല്‍ അവര്‍ക്കൊരു പെണ്‍കുട്ടി പിറന്നു. ഈ കുട്ടിയുടെ പിതൃത്വത്തെ സയ്യിദ് സംശയിക്കുന്നതില്‍ വരെ എത്തി കാര്യങ്ങള്‍. എന്നാല്‍, മറുഭാഗത്ത് സഞ്ജയ് സിങ്ങിനോ അമിതയ്‌ക്കോ തെല്ലുമുണ്ടായിരുന്നില്ല കുലുക്കം. ധനാഢ്യനായ സഞ്ജയുമായുള്ള ബന്ധത്തിന് അമിതയുടെ അമ്മയുടെ മൗനാനുവാദവും ഉണ്ടായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് സയ്യിദിനെ പറഞ്ഞു മനസ്സിലാക്കിക്കാനായിരുന്നു അവരുടെ ശ്രമം. ബന്ധം വേര്‍പ്പെടുത്താന്‍ ചില ദൂതര്‍ സയ്യിദിനെ സമീപിക്കുക വരെ ചെയ്തിരുന്നത്രെ. പ്രാണന് തുല്ല്യം സ്‌നേഹിച്ച അമിതയെ ഉപേക്ഷിക്കാന്‍ ഒരുക്കമായില്ല സയ്യിദ്. അമേഠിയിലെ സാധാരണക്കാര്‍ മുഖത്ത് നോക്കാന്‍ തന്നെ ഭയക്കുന്ന സഞ്ജയ് സിങ്ങിന്റെ കണ്ണിലെ കരടായി അങ്ങനെ സയ്യിദ്. അക്കാലത്താണ് റെയില്‍വേയില്‍ വെയല്‍ഫയര്‍ ഓഫീസറായ സയ്യിദിന് ഒരു സ്ഥലംമാറ്റം ലഭിക്കുന്നത്. പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കെതിരേയും രാജീവിന്റെ ബദ്ധവൈരിയായ വി.പി.സിങ്ങിന്റെ ജനമോര്‍ച്ചയ്ക്കുവേണ്ടിയും രഹസ്യമായി പ്രവര്‍ത്തിച്ചു എന്നതായിരുന്നു പരാതി. എന്നാല്‍, ലഖ്‌നൗ വിട്ടുപോകാന്‍ മനസ്സില്ലാതിരുന്ന സയ്യിദ് അന്ന് റെയില്‍വേമന്ത്രിയായിരുന്ന മാധവറാവു സിന്ധ്യയെ ചെന്നുകണ്ടു. അതോടെ സ്ഥലംമാറ്റം ഒഴിവായി ലഖ്‌നൗവില്‍ തിരിച്ചെത്തി. പ്രക്ഷുബ്ധമായ ഇക്കാലത്തായിരുന്നു സയ്യിദ് നാട്ടിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങുന്നത്. ദേശീയ കിരീടം വിമല്‍കുമാറിന് മുന്നില്‍ അടിയറവയ്ക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ നിലയ്ക്കാതെ വര്‍ഷിച്ച അഞ്ച് വെടിയുണ്ടകള്‍ക്ക് മുന്നില്‍ ജീവിതം പൊലിഞ്ഞുപോവുകയും ചെയ്തു.

സയ്യിദിന്റെ മൃതദേഹം സൂക്ഷിച്ച ലഖ്‌നൗ കിങ് ജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുന്നില്‍ രാത്രി മുതല്‍ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. തലേന്ന് വെടിയേറ്റുവീണ കെ.ഡി.സിങ് ബാബു സ്‌റ്റേഡിയത്തില്‍ തന്നെ പിറ്റേ ദിവസം പൊതുദര്‍ശനത്തിന് വച്ചപ്പോഴും പതിനായിരങ്ങളാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഒഴുകിക്കൊണ്ടിരുന്നത്. അക്കൂട്ടത്തില്‍ സഞ്ജയ് സിങ്ങുമുണ്ടായിരുന്നു. അന്നേ ത്രികോണ പ്രണയത്തെക്കുറിച്ച് ജനങ്ങള്‍ മുറുമുറുത്തിരുന്നുവെന്ന് എഴുതിയിട്ടുണ്ട് ഈ സംഭവമത്രയും റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ശ്രീരിഷ് നാദ്കര്‍ണി.

എന്നാല്‍ ത്രികോണമല്ല, ചതുഷ്‌കോണ പ്രണയമായിരുന്നു അമിതയ്ക്ക് ഉണ്ടായിരുന്നത് എന്നൊരു ഗോസിപ്പും പ്രചരിച്ചിരുന്നു അക്കാലത്ത് പ്രാദേശിക മാധ്യമങ്ങളില്‍. പില്‍ക്കാലത്ത് സഹാറ ഇന്ത്യ പരിവാര്‍ ചെയര്‍മാനായ സുബ്രത റോയായിരുന്നു ആ നാലാമന്‍. സഹാറ ചിറ്റ് ഫണ്ടുമായി എസ്.പി. ഭരണകാലത്തെന്ന പോലെ അന്നും യു.പി. രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയിരുന്ന കാലം. എന്നാല്‍, ഇത്തരം കഥകളോട് ക്ഷോഭം മറച്ചുവെക്കാതെയാണ് അമിത മോഡി പ്രതികരിച്ചത്. ആദ്യം എന്റെ ഭര്‍ത്താവ് നഷ്ടപ്പെട്ടു. ഇപ്പോള്‍ എന്നെയും പിച്ചിച്ചീന്തുകയാണ്-അമിത അക്കാലത്ത് തന്നെ വന്നുകാണുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിത്തറിക്കുക പതിവായിരുന്നു. കൊലയില്‍ സുബ്രത റോയ്ക്ക് പങ്കുണ്ടെന്ന ആരോപണം കഴമ്പില്ലാത്തതെന്ന് പറഞ്ഞ് അക്കാലത്ത് തന്നെ പോലീസ് തള്ളിക്കളയുകയാണുണ്ടായത്.

സയ്യിദിന്റെ കൊലപാതകത്തില്‍ സഞ്ജയ്ക്കും അമിതയ്ക്കുമുള്ള പങ്ക് കണ്ടെത്താന്‍ സി.ബി.ഐ.യ്ക്ക് വലുതായി പാടുപെടേണ്ടിവന്നില്ല. തങ്ങളുടെ പ്രണയജീവിതത്തില്‍ നിന്ന് സയ്യിദിനെ ഒഴിവാക്കാനായി സഞ്ജയ് സിങ് സഹായം തേടിയത് അഖിലേഷ് സിങ് എന്നൊരു പ്രാദേശിക നേതാവിനെയാണ്. കോണ്‍ഗ്രസില്‍ നിന്ന് ജനമോര്‍ച്ചയിലെത്തിയ അഖിലേഷാണ് അമര്‍ ബഹാദൂര്‍ സിങ്ങിനും സംഘത്തിനും ക്വട്ടേഷന്‍ നല്‍കിയത്. ഭഗതി സിങ്ങിന് പുറമേ ബലായ് സിങ്, ജിതേന്ദ്രസിങ് എന്നിവരുമുണ്ടായിരുന്നു കൊലയാളി സംഘത്തില്‍.

രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ പ്രതികളെല്ലാം പിടിയിലായി. അവരില്‍ നിന്ന് പോയിന്റ് 38 ബോര്‍, പോയിന്റ് 9 എം.എം. തോക്കുകളും പിടികൂടി. ഗൂഢാലോചനയുടെ വിവരങ്ങളും ഇവരില്‍ നിന്നു തന്നെ ശേഖരിച്ചു. സി.ബി.ഐ. തെളിവുകളെല്ലാം ഒത്തുവന്നതോടെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, കടുത്ത പ്രതിഷേധത്തെ മറികടന്ന് സഞ്ജയ് സിങ്ങും അമിതയും അറസ്റ്റിലായി. വലിയ രാഷ്ട്രീയ കോളിളക്കത്തിനാണ് ഇത് വഴിവച്ചത്. എന്നാല്‍, അത്ര സുഗമമായിരുന്നില്ല സി.ബി.ഐ.യുടെ തുടര്‍ അന്വേഷണവും കേസിന്റെ വിചാരണയും. പരോളിലിറങ്ങിയ പ്രധാന പ്രതികളായ അമര്‍ ബഹാദൂര്‍ സിങ്ങിനെയും ബലൈ സിങ്ങിനെയും സയ്യിദ് കൊല്ലപ്പെട്ട കെ.ഡി. സിങ് സ്‌റ്റേഡിയത്തില്‍ നിന്ന് ഏറെ അകലെയല്ലാത്ത ഗോമതി നദീ തീരത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. അതോടെ വലിയൊരു തുമ്പ് തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു. എന്നാല്‍, ഈ കൊലപാതകങ്ങളുടെ ചുവടുപിടിച്ച് ഒരടി മുന്നേറാന്‍ പിന്തുടര്‍ന്നു വന്ന സി.ബി.ഐയോ തയ്യാറായില്ല എന്നത് ഇന്നും ദുരൂഹമാണ്.

സഞ്ജയ് സിങ്ങും അമിതയും. Photo: PTI

വലിയ സമ്മര്‍ദമായിരുന്നു കേസന്വേഷണത്തില്‍ സി.ബി.ഐയ്ക്ക് നേരിടേണ്ടിവന്നത്. സി.ബി.ഐ. മുന്‍ ഡയറക്ടര്‍ സുമിത് കുമാര്‍ ദത്ത ടോപ് കോപ് റീക്കോള്‍സ് എന്ന തന്റെ ആത്മകഥയില്‍ ഇക്കാര്യം വിശദമായി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സയ്യിദ് മോഡി വധക്കേസിന്റെ വിചാരണ നേരത്തയാക്കിയെന്ന് പറഞ്ഞ് ക്യാബിനറ്റ് സെക്രട്ടറിയോട് അടുപ്പമുള്ള ഒരാള്‍ വിളിച്ച സംഭവത്തെക്കുറിച്ചാണ് സുമിത് കുമാര്‍ പുസ്തകത്തില്‍ തുറന്നെഴുതുന്നത്. താന്‍ അതിനെ എതിര്‍ക്കരുത് എന്നതായിരുന്നു വിളിച്ച ആളിന്റെ ആവശ്യം. മുംബൈയിലുള്ള സ്‌പെഷ്യല്‍ കൗണ്‍സിലിന് യാത്ര നേരത്തെയാക്കാന്‍ പ്രയാസമുണ്ട് എന്നായിരുന്നു സുമിത്തിന്റെ മറുപടി. അപ്പോള്‍ കൗണ്‍സിലിനെ മാറ്റണമെന്നായി മുകളില്‍ നിന്നുള്ള നിര്‍ദേശം. അതും സുമിത് തള്ളി. അപ്പോള്‍ കൗണ്‍സലിനെ മാറ്റിയാല്‍ രാജിവയ്ക്കുമോ എന്നായി ചോദ്യം. സന്തോഷത്തോടെ എന്ന സുമിത്തിന്റെ മറുപടിയോടെ ആ സംഭാഷണം മുറിഞ്ഞു. എന്നാല്‍, അടുത്ത ദിവസം നടന്നത് കേട്ടുകേള്‍വിയില്ലാത്ത ഒരു കാര്യമാണ്. സര്‍ക്കാര്‍ സ്‌പെഷ്യല്‍ കൗണ്‍സിലര്‍മാരുടെ നിയമനം മുഴുവന്‍ റദ്ദാക്കി. അതും സാമ്പത്തിക പ്രശ്‌നങ്ങള്‍ കാണിച്ചുകൊണ്ട്. എന്തായാലും ആ നീക്കം ഫലം കണ്ടു. കോടതിയില്‍ സി.ബി.ഐയ്ക്ക് കാലിടറി. പ്രതികള്‍ക്കുവേണ്ടി ഹാജരായതാവട്ടെ രാംജെത് മലാനിയെന്ന കൊമ്പനും. സ്വാഭാവികമായും സി.ബി.ഐ. പകല്‍വെളിച്ചത്തില്‍ കണ്ടെത്തിയ തെളിവുകളെല്ലാം പ്രതിരോധമില്ലാതെ ഒന്നൊന്നായി പൊളിഞ്ഞു. സഞ്ജയ് സിങ്ങും അമിതയും സുപ്രീംകോടതിയില്‍ കുറ്റവിമുക്തരായി. കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത് കൊലയാളി സംഘത്തിലെ ഒരു അംഗമായിരുന്ന ഭഗവതി സിങ്ങിന് മാത്രം. എന്നാല്‍, ഒരു ക്വട്ടേഷന്‍കാരനായ ഭഗവതി സിങ്ങിന് ഒരു ബാഡ്മിന്റണ്‍ താരം മാത്രമായിരുന്ന സയ്യിദിനോടെന്ത് വ്യക്തിവൈരാഗ്യമെന്ന് സി.ബി.ഐ.യോ കോടതിയോ ചോദിച്ചില്ല. മറ്റുള്ളവര്‍ക്കില്ലാത്ത ശിക്ഷ ഇയാള്‍ക്ക് മാത്രം എന്തിന് എന്ന ചോദ്യം മാത്രം ഇന്നും ബാക്കിനില്‍ക്കുന്നു.

സി.ബി.ഐ. കണ്ടെത്തിയ അവിഹിതബന്ധത്തെ കോടതിയിലും പുറത്തും തള്ളിപ്പറഞ്ഞതിന്റെ ചൂടാറും മുന്‍പ് തന്നെ മകളെ ദത്ത് നല്‍കി അമിത സഞ്ജയ് സിങ്ങിനെ വിവാഹം കഴിച്ചു. അതും ഗരിമ സിങ് ഭാര്യയായി തുടരുമ്പോള്‍. മൂന്ന് മക്കളുള്ള ഗരിമ പിന്നീട് സഞ്ജയ് സിങ്ങിനെതിരേ കേസ് കൊടുക്കുകയും അമേത്തി രാജകുടുംബത്തിന്റെ കൊട്ടാരങ്ങളില്‍ ഒന്നില്‍ ബലമായി കയറി താമസമാക്കുകയുമൊക്കെ ചെയ്തു. കൊലപാതകക്കറ മാറുംമുന്‍പ് തന്നെ സയ്യിദ് കൊല്ലപ്പെട്ട് രണ്ട് വര്‍ഷം തികയും മുന്‍പ് തന്നെ സഞ്ജയ് സിങ് ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭയിലെത്തി. കേന്ദ്രമന്ത്രിയുമായി. അപ്പൊഴേയ്ക്കും രാജീവുമായി അകന്ന സഞ്ജയ് സിങ് ആദ്യഭാര്യ ഗരിമയുടെ ബന്ധുവായ വി.പി.സിങ്ങിന്റെ ചേരിയിലേയ്ക്ക് കൂറുമാറിയിരുന്നു. സിങ്ങിന്റെ രാജ്യസഭയിലെ സത്യപ്രതിജ്ഞ വലിയ ബഹളത്തിലാണ് അന്ന് കലാശിച്ചത്. സിങ് സയ്യിദ് മോഡിയുടെ കൊലപാതകിയാണെന്നും ബന്ധുവായ പ്രധാനമന്ത്രി വി.പി.സിങ് അതിന് സമാധാനം പറയണമെന്നും അവര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

1980ല്‍ അമേഠിയില്‍ സഞ്ജയ് ഗാന്ധിയുടെയും പില്‍ക്കാലത്ത് രണ്ട് തിരഞ്ഞെടുപ്പുകളില്‍ രാജീവിന്റെയും മുഖ്യസൂത്രധാരനായിരുന്ന സഞ്ജയ് സിങ്ങിനായിരുന്നു 1989ലെ തിരഞ്ഞെടുപ്പില്‍ രാജീവിനെതിരായ പ്രചരണത്തിന്റെ ചുമതല. എന്നാല്‍, വി.പി.സിങ് യുഗം അസ്തമിച്ചതോടെ സഞ്ജയ് സിങ്ങിലെ രാഷ്ട്രീയ ഭിക്ഷാംദേഹി അടുത്ത കൊമ്പില്‍ ചേക്കേറി. ബി.ജെ.പിയായരുന്നു അഭയം. 1998ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ അമേഠിയില്‍ നിന്ന് കാല്‍ ലക്ഷത്തിനടുത്ത് വോട്ടിന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതും രാജീവിന്റെ വലംകൈയായിരുന്നു ക്യാപ്റ്റന്‍ സതീഷ് ശര്‍മയെ മുട്ടുകുത്തിച്ചുകൊണ്ട്. എന്നാല്‍, തൊട്ടടുത്ത വര്‍ഷം സോണിയാഗാന്ധിയോട് മൂന്ന് ലക്ഷത്തില്‍പ്പരം വോട്ടിന് ദയനീയമായി പരാജയപ്പെട്ടു. ഇതിനിടെ ഭര്‍ത്താവിന്റെ പാത പിന്തുടര്‍ന്ന് അമിതയുമെത്തി രാഷ്ട്രീയത്തില്‍. നിയമസഭയായിരുന്നു അങ്കത്തട്ട്. അമേഠിയില്‍ നിന്ന് തുടര്‍ച്ചയായ രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ട് അമിത യു.പി. നിയമസഭയിലെത്തി. ആദ്യം ബി.ജെ.പി ടിക്കറ്റിലും പിന്നെ കോണ്‍ഗ്രസ് ചിഹ്‌നത്തിലും. ഒരുവട്ടം സംസ്ഥാനമന്ത്രിയുമായി. ഇതിനിടെ സഞ്ജയ് സിങ്ങും അമിതയും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കുറ്റബോധം തെല്ലുമില്ലാതെ രാജീവ് ഗാന്ധിയുടെ ജന്മദിനം തന്നെ പുന:പ്രവേശത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തു. കൂറുമാറ്റം വെറുതെയായില്ല 2009ല്‍ സിങ് കോണ്‍ഗ്രസ് ടിക്കറ്റില്‍ സുല്‍ത്താന്‍പുരില്‍ നിന്ന് വിജയിച്ച് വീണ്ടും ലോക്‌സഭയിലെത്തി. എന്നാല്‍, അമിതയെ പിന്നെ ഭാഗ്യം തുണച്ചില്ല. തുടര്‍ച്ചയായ രണ്ടു തവണയും അമേഠിയില്‍ നിലംതൊട്ടില്ല. 2017ല്‍ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോവുകവരെ ചെയ്തു അംഗരാജാവിന്റെ രണ്ടാം പത്‌നി. അക്കുറി അമേത്തിക്കാര്‍ അമിതയെ തറപറ്റിച്ച് നിയമസഭയിലേയ്ക്ക് അയച്ചത് മറ്റാരെയുമല്ല, സഞ്ജയ് സിങ്ങിന്റെ ആദ്യഭാര്യ ഗരിമ സിങ്ങിനെ. വി.പി.സിങ്ങിന്റെ മരുമകളായ ഗരിമ മത്സരിച്ചതാവട്ടെ ബി.ജെ.പി ടിക്കറ്റിലും. ഇരുവരും നാമനിര്‍ദേശപട്ടികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ ഭര്‍ത്താവിന്റെ പേരായി കാണിച്ചിരുന്നത് സഞ്ജയ് സിങ്ങിനെ. നാടകം ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നായിരുന്നു ഫലപ്രഖ്യാപനത്തിനുശേഷം ബി.ജെ.പി നേതാക്കളുടെ പരിഹാസം. അതിനിടെ അമിത സുല്‍ത്താന്‍പുരില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേയ്ക്കും മത്സരിച്ചു. എന്നാല്‍, വരുണ്‍ഗാന്ധി വിജയിച്ച തിരഞ്ഞെടുപ്പില്‍ അമിത മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോയി. കോണ്‍ഗ്രസിന്റെ നില പരുങ്ങലിലായതോടെ സഞ്ജയും അമിതയും വീണ്ടും ബി.ജെ.പി പാളയത്തിലെത്തി. സഞ്ജയ് അമേഠി നിയമസഭാ സീറ്റില്‍ മത്സരിക്കുകയും ചെയ്തു. എന്നാല്‍, പാര്‍ട്ടിയുടെ സിങിറ്റ് സീറ്റില്‍ തോല്‍വിയായിരുന്നു ഫലം. സയ്യിദ് മോഡിയുടെ കൊലാപതകത്തിന്റെ വിചാരണയും വിധിയും അപ്പീലുമൊക്കെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മുറയ്ക്ക് നടക്കുമ്പോഴും ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ അതൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ സജീവമാണ് സഞ്ജയ്‌സിങ്ങും അമിതയും.

സയ്യിദ് മോഡിയുടെ കബറിസ്ഥാനിൽ പൂക്കളർപ്പിക്കുന്ന കുട്ടികൾ

ഏതൊരു ബോളിവുഡ് ബ്ലോക്ക്ബ്ലസ്റ്ററിനെയും കടത്തിവെട്ടുന്ന പ്ലോട്ടായിരുന്നു സയ്യിദ് മോഡിയുടെ കൊലപാതകവും അതില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന കഥകളും. സംഭവബഹുലമായ ഇക്കഥ തിരശ്ശീലയിലേയ്ക്ക് പറിച്ചുനടാന്‍ സയ്യിദ് കൊല്ലപ്പെട്ട് മൂന്ന് കൊല്ലം പോലും വേണ്ടിവന്നില്ല ബോളിവുഡിന്. ബോളിവുഡിന്റെ ഗ്രിഗറി പെക്ക് ദേവ് ആനന്ദിന്റേതായിരുന്നു അഭ്രാവിഷ്‌കാരം. സൗ ക്രോര്‍ എന്ന പേരില്‍ 1991ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തതും ദേവ് ആനന്ദ് തന്നെ. നവാഗതരായ രാമന്‍ കപൂറും ഫാത്തില്‍ ഷെയ്ഖുമായിരുന്നു പ്രധാന വേഷങ്ങളില്‍. നസീറുദ്ദീന്‍ ഷായും അനുപം ഖേറുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഷായായിരുന്നു സഞ്ജയ് സിങ്ങിന്റെ തിരരൂപം പകര്‍ന്നാടിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കുമാര്‍ എന്ന സി.ബി. ഐ ഉദ്യോഗസ്ഥനായി ദേവ് ആനന്ദും ചിത്രത്തില്‍ വേഷമിട്ടു. ലത മങ്കേഷ്‌കറുടെ പാര്‍ കെ ലിയേ ബനി മെയ്ന്‍ പോലുള്ള ബാപ്പി ലാഹരിയുടെ ഹിറ്റ് ഗാനങ്ങള്‍ ഉള്ള ചിത്രം ആ വര്‍ഷത്തെ ഒരു അപ്രതീക്ഷിത ബോക്‌സ് ഓഫീസ് വിജയമായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു പാര്‍ കെ ലിയേ പോലുള്ള ഗാനരംഗങ്ങള്‍ ചിത്രീകരിച്ചത്. ദേവ് ആനന്ദിന്റെ ഏറ്റവും അവസാനത്തെ ബോക്‌സ് ഓഫീസ് ഹിറ്റ് കൂടിയായിരുന്നു ഈ ചിത്രം.

ഇതിന്റെ ചുവടുപിടിച്ച് വര്‍ഷങ്ങള്‍ക്കുശേഷം സയ്യിദിന്റെയും അമിതയുടെയും സഞ്ജയ്‌സിങ്ങിന്റെയും കഥ വീണ്ടും സ്‌ക്രീനിലെത്തി. സീ5 ചാനലിലെ എട്ട് എപ്പിസോഡില്‍ ഓടിയ ദി ചാര്‍ജ്ഷീറ്റ്-ഇന്നസന്റ് ഓര്‍ ഗിള്‍ട്ടി എന്ന വെബ്‌സീരീസ്. ഷിറാസ് മാലിക് എന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവ് കൊല്ലപ്പെടുന്നു. സംശയത്തിന്റെ സൂചിമുന ഭാര്യയും മറ്റൊരു ടേബിള്‍ ടെന്നിസ് താരവുമായ അന്തര മാലിക്കിനും അവരുടെ സുഹൃത്തും രാഷ്ട്രീയ നേതാവുമായ രണ്‍വീര്‍ പ്രതാപ സിങ്ങിനും നേരെ നേരെ തിരിയുന്നതും അതിന്റെ അന്വേഷണവുമൊക്കെയാണ് ഇതിവൃത്തം. ശിവ് പണ്ഡിറ്റും ത്രിദ ചൗധരിയും ഹൃഷിത ഭട്ടുമെല്ലാമാണ് വേഷങ്ങള്‍ അവിസ്മരണീയമാക്കിയത്. സഞ്ജയ് സിങ്ങും അമിതയും രാഷ്ട്രീയത്തിന്റെ കൊടുമുടി കയറിയതു പോലെ സൗ ക്രോറും ചാര്‍ജ്ഷീറ്റുമെല്ലാം യഥേഷ്ടം കാശുവാരി. എന്നാല്‍, മുപ്പതാണ്ട് കാലം കഴിഞ്ഞിട്ടും സയ്യിദിന്റെ കേസ് നടന്നുകൊണ്ടിരിക്കുന്നു. അഴിയെണ്ണുന്നത് ഒരേയൊരാള്‍.

എങ്ങനെയും പണം സംഘടിപ്പിച്ച് ഇളയമകന്റെ ബാഡ്മിന്റണ്‍ സ്വപ്‌നം പൂവണിയിക്കണമെന്ന് മൂത്ത മക്കളോട് പറഞ്ഞിരുന്ന സയ്യിദിന്റെ അമ്മ പില്‍ക്കാലത്ത് കടുത്ത ദാരിദ്രത്തിലൂടെയാണ് കടന്നുപോയതത്രെ. അതാണ് വിധിവൈപരീത്യം. ചില അപരാധങ്ങള്‍ക്ക് കാലം കണക്കുതീര്‍ക്കാതിരിക്കില്ല എന്നുണ്ടൊരു വിശ്വാസം. എന്നാല്‍, കാലവും കണ്ണടച്ച്, കരുണയറ്റ് പോവും ചില നേരങ്ങളില്‍. നീതി അന്യംനിന്നുപോവും. അധികാരവും സമ്പത്തും വഴിപിഴപ്പിച്ച രാഷ്ട്രീയം കളി നിയന്ത്രിച്ച കോര്‍ട്ടില്‍ അങ്ങനെയൊരു ക്രൂരമായ ഫൗള്‍ സ്മാഷ് തൊടുത്തു കാലം സയ്യിദ് മോഡിയെന്ന പ്രതിഭയ്‌ക്കെതിരേ. റിട്ടേണില്ലാതെ പോയ ആ സ്മാഷിന് കണ്ണുകെട്ടിയ കാലം തന്നെ മാപ്പുനല്‍കട്ടെ. മരണശേഷവും സയ്യിദിന്റെ നെഞ്ചുതുളച്ചുകയറിയ ആ ആറാമത്തെ വെടിയുണ്ടയ്ക്കും.

Content Highlights: syed modi, badminton, sanjay sinh, ameetha singh, cbi, congress, bjp, rajiv gandhi, vpsingh

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented