ലിഡിയ ഡി വേഗ: പി.ടി. ഉഷയുടെ ഏറ്റവും വലിയ എതിരാളി, നല്ല കൂട്ടുകാരിയും


അഞ്ജന ശശി

ലിഡിയ ഡി വേഗ (മകൾ സ്റ്റെഫ് മർക്കാഡോയുടെ ബുക് പോസ്റ്റിൽനിന്ന്)

ഓഗസ്റ്റ് 10-ന് രാത്രി ഒരു വാട്‌സ് ആപ് സന്ദേശമായാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച കായികതാരമായ പി.ടി. ഉഷയ്ക്ക് ഏഷ്യന്‍ സ്പ്രിന്റിലെ മറ്റൊരു താരറാണിയായിരുന്ന ലിഡിയയുടെ മരണവാര്‍ത്ത ലഭിച്ചത്. ഫിലിപ്പീൻസിൽ നിന്ന് ഉഷയ്ക്ക് അറിയാത്ത ഒരു നമ്പറില്‍നിന്ന് വന്ന ഒരു സന്ദേശം. ലിഡിയ ഇനി ഇല്ലെന്ന വാര്‍ത്ത. ഒരു ഞെട്ടലോടെയായിരുന്നു അത് ഉഷ ഉള്‍ക്കൊണ്ടത്.

'മരണകാരണം ഉറപ്പിക്കാനായി നടത്തിയ അന്വേഷണത്തിലാണ് ലിഡിയ സുഖമില്ലാതിരിക്കുകയായിരുന്നു എന്നറിഞ്ഞത്. എങ്കിലും ഇത്ര പെട്ടന്ന് ഒരു മരണം പ്രതീക്ഷിച്ചിരുന്നില്ല. മത്സരത്തിനിറങ്ങുമ്പോള്‍ പരസ്പരം തോല്‍പ്പിക്കണമെന്ന വാശിയായിരുന്നു രണ്ടുപേരുടെയും ഉള്ളിലെങ്കിലും ട്രാക്കിന് പുറത്ത് എന്റെ നല്ല സുഹൃത്തായിരുന്നു അവള്‍.' -ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത്‌ലറ്റായ പി.ടി.ഉഷയുടെ ഓര്‍മകളില്‍ കൂട്ടുകാരിയുമായി ഒന്നിച്ചുണ്ടായിരുന്ന കാലം നിറഞ്ഞു.

ട്രാക്കിനകത്ത് ഉഷയ്ക്ക് ലഭിച്ച എക്കാലത്തേയും മികച്ച എതിരാളിയായിരുന്നു ലിഡിയ. 100, 200 മീറ്ററുകളിലാണ് ഇരുവരും തമ്മില്‍ പോരാട്ടമുണ്ടായിരുന്നത്. 200 മീറ്ററിലെ ഒന്നാംസ്ഥാനം ഉഷ ഒരിക്കലും ലിഡിയയ്ക്ക് വിട്ടുകൊടുത്തില്ലെങ്കിലും 100 മീറ്ററിലെ ഏഷ്യന്‍ മത്സരങ്ങളിലെല്ലാം ഇരുവരും തമ്മില്‍ പൊരിഞ്ഞ പോരാട്ടത്തിനായിരുന്നു എണ്‍പതുകള്‍ സാക്ഷ്യം വഹിച്ചത്. മറ്റ് മത്സരങ്ങളില്‍ ആര്‍ക്കും വെല്ലുവിളി ഉയര്‍ത്താന്‍ പറ്റാതിരുന്ന കാലത്ത് 100 മീറ്ററില്‍ ഉഷയ്ക്ക് ഉണ്ടായിരുന്ന ആദ്യ എതിരാളി എന്നതിനാല്‍ത്തന്നെ ഇരുവരും തമ്മില്‍ ബഹുമാനം നിറഞ്ഞ മത്സരമായിരുന്നുവെന്ന് ഉഷ ഓര്‍ക്കുന്നു.

അച്ഛന്‍ ടടാങ് ഡി വേഗയായിരുന്നു ആദ്യം ലിഡിയയുടെ പരിശീലകന്‍. അദ്ദേഹം എവിടെയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. 1985-ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്മീറ്റില്‍ ആറ് ഇനങ്ങളിലാണ് ഉഷ മത്സരിക്കേണ്ടിയിരുന്നത്. 100 മീറ്ററില്‍ ഉഷ നല്ല ഫോമില്‍ ആയിരുന്ന കാലം. മത്സരിക്കാനെത്തിയ പി.ടി.ഉഷയുടെ പരിശീലകന്‍ നമ്പ്യാര്‍ സാറിനോട് ടടാങ് ഡി വേഗ പറഞ്ഞത് അവിടെ ആകെ മൂന്ന് ഇനത്തില്‍ മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ എന്നായിരുന്നു. തെറ്റായ വിവരമായിരുന്നു അത്. 100 മീറ്ററില്‍ നിന്ന് ഉഷയെ മാറ്റാനുള്ള ഒരു ശ്രമം. പക്ഷെ അതിന് മറുപടിയായി നമ്പ്യാര്‍ പറഞ്ഞത് ആദ്യം വരുന്ന മൂന്നെണ്ണത്തില്‍ മത്സരിക്കാം എന്നതായിരുന്നു. അത് കേട്ടതോടെ ടടാങ് പിന്‍വാങ്ങി. തുടര്‍ന്ന് ഉഷയുടെ നേരെ ഉത്തേജന പരിശോധനകളുടെ വരവായിരുന്നു. ഓരോ ഇനം കഴിയുമ്പോഴും ഉഷ ഡോപ്പിങ് പരിശോധനയ്ക്കായി പാഞ്ഞു. അതിന് പിറകിലും ലിഡിയയുടെ പിതാവ് തന്നെയായിരുന്നു. ആ മത്സരത്തില്‍ ഉഷ അഞ്ച് സ്വര്‍ണമണിഞ്ഞു. എന്നാല്‍ ഇത്തരം സംസാരങ്ങളൊന്നും ലിഡിയയും ഉഷയും തമ്മിലുള്ള സൗഹൃദത്തിന് തടസമായില്ല.

ഉഷയും ലിഡിയയും സോൾ ഏഷ്യൻ ഗെയിംസ് മത്സരവേദിയിൽ

അടുത്ത വര്‍ഷം 1986-ല്‍ സോളില്‍ നടന്ന ഏഷ്യന്‍ ഗെയിംമിസില്‍ നാല് സ്വര്‍ണം നേടിയ ഉഷയ്ക്ക് ലിഡിയയുടെ പിതാവ് ഒരു മാല സമ്മാനമായി നല്‍കി. നിറയെ നാണയത്തുട്ടുകൾ കോര്‍ത്ത ഒരു മാല. ഉഷയുടെ വീട്ടിലെ പൂജാമുറിയിലെ വിഗ്രഹത്തിന്റെ അലങ്കാരമായി മാറി പിന്നീട് ആ സമ്മാനം.

ശരീരത്തിന്റെ സൗന്ദര്യം പോലെത്തന്നെ മനസ്സുകൊണ്ടും സുന്ദരിയായിരുന്ന ലിഡിയയോടുള്ള ഇഷ്ടം ഉഷയ്ക്ക് ആഴത്തിലുള്ള ഒന്നായിരുന്നു. അവരുമൊത്ത് മത്സരം കടുത്തുനില്‍ക്കുന്ന നാളുകളിലൊന്നിലാണ് ഉഷയെ സ്‌പോര്‍ട്‌സിലേക്ക് കൊണ്ടുവന്ന അമ്മാവന്‍ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനാവുന്നത്. പേരിനായി ഉഷയെ സമീപിച്ചപ്പോള്‍ സംശയമേതുമില്ലാതെ ഉഷ പറഞ്ഞു. 'ലിഡിയ'. അങ്ങനെ അവര്‍ ആ പേര് കുഞ്ഞിന് നല്‍കുകയും ചെയ്തു.

ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം വിവാഹജീവിതം ആരംഭിച്ചതോടെ അവര്‍ ട്രാക്ക് ഉപേക്ഷിക്കുകയായിരുന്നു. നല്ല മിടുക്കിയായി മേയ്കപ്പ് ഒക്കെ അണിഞ്ഞ് ഗ്രൗണ്ടിലെത്തുന്ന ലിഡിയയുടെ ചിരിക്കുന്ന ആ മുഖം തന്നെയാണ് ഉഷയുടെ കണ്ണില്‍ ഇപ്പോഴുമുള്ളത്.

ഏഷ്യയുടെ സ്വന്തം ലിഡിയ

ഇന്ത്യയില്‍ പി.ടി.ഉഷ എന്ന താരം ഉദിച്ചുയര്‍ന്ന ഏതാണ്ട് ഒരേ കാലത്തുതന്നെയാണ് ഫിലിപ്പീൻസില്‍ ലിഡിയ ഡി വേഗ എന്ന താരവും ഉയര്‍ന്നുവന്നത്. പിന്നീട് 100 മീറ്ററില്‍ തന്റെ പേര് 'ഏഷ്യയിലെ സ്പ്രിന്റ് റാണി' എന്നപേരില്‍ കൊത്തിവെക്കാന്‍ അവര്‍ക്ക് സാധിച്ചു.

1982-ല്‍ ഡല്‍ഹി ഏഷ്യാഡിലാണ് 100 മീറ്ററില്‍ ലിഡിയ പുതിയ ചരിത്രം കുറിച്ചത്. പി.ടി.ഉഷയെ തോല്‍പ്പിച്ച് അന്ന് ലിഡിയ സ്വര്‍ണം സ്വന്തമാക്കി. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ മത്സരിക്കാന്‍ തുടങ്ങിയ 14 വയസ്സുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ സ്വപ്‌നമാണ് 18 വയസ്സില്‍ ഡല്‍ഹിയില്‍ ലിഡിയ പൂര്‍ത്തീകരിച്ചത്. 1980 കളിലെ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ താരമെന്ന ബഹുമതി ലിഡിയയും ഉഷയും ഒരുപോലെ പങ്കുവെച്ചു. 1990 വരെ തന്റെ പ്രൗഡി നിലനിര്‍ത്താന്‍ ലിഡിയയ്ക്ക് സാധിച്ചു.

പതിനഞ്ചാമത്തെ വയസ്സില്‍, ടോക്യോയില്‍ നടന്ന ഏഷ്യന്‍ ട്രാക് ആന്റ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ലിഡിയ പങ്കെടുത്തിരുന്നു. അന്ന് റിലേയില്‍ ലഭിച്ച വെങ്കലമെഡല്‍ മാത്രമായിരുന്നു സമ്പാദ്യം. 1979-ലെ ജക്കാർത്ത സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഗെയിംസില്‍ മത്സരിച്ചെങ്കിലും സ്ഥാനമൊന്നും ലഭിച്ചില്ല. എന്നാല്‍ ജക്കാര്‍ത്തയില്‍ത്തന്നെ നടന്ന ഏഷ്യന്‍ കപ്പില്‍ 200, 400 മീറ്ററുകള്‍ വിജയിച്ച് ലിഡിയ തന്റെ പേര് വാര്‍ത്തകളില്‍ നിറച്ചു. 1979-ല്‍ത്തന്നെ അവള്‍ സ്വന്തം പേര് ഏഷ്യയിലെ മികച്ച അത്‌ലറ്റുകളുടെ കൂടെ എഴുതിച്ചേര്‍ത്തു. 1987 മുതല്‍ 2020 വരെ 100 മീറ്ററില്‍ 11.28 സെക്കന്‍ിലെ ഫിലിപ്പീന്‍സ് ദേശീയ റെക്കോര്‍ഡ് ലിഡിയയുടെ പേരിലായിരുന്നു. 200 മീറ്ററിലും 32 വര്‍ഷം ലിഡിയയുടെ ദേശീയ റെക്കോഡ് നിലനിന്നു. സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഗെയിംസിലെ ഒമ്പത് സ്വര്‍ണമുള്‍പ്പെടെ 15 അന്താരാഷ്ട്ര സ്വര്‍ണമെഡലുകള്‍ ലിഡിയ സ്വന്തമാക്കിയിട്ടുണ്ട്.

കായികതാരമാകുമ്പോള്‍ത്തന്നെ മൂന്ന് ഫിലിപ്പീന്‍സ് ചലച്ചിത്രങ്ങളിലെ അഭിനേത്രിയുമായിരുന്നു ലിഡിയ. പൊടുന്നനെ കായികരംഗത്തുനിന്ന് വിടവാങ്ങിയെങ്കിലും അധികമാരുമറിയാതെ സിങ്കപ്പൂരില്‍ കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ പരിശീലകയുടെ കുപ്പായമിട്ട ലിഡിയ ഡി വേഗ ഒടുവില്‍ 57-ാമത്തെ വയസ്സില്‍ കാന്‍സറിന് കീഴടങ്ങുകയായിരുന്നു.

Content Highlights: pt usha, lidiya d vega


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented