അന്നത്തെ ആ റിമോട്ട് കണ്‍ട്രോള്‍ കാറിലായിരുന്നു ലൂയിസ് ഹാമില്‍ട്ടനെന്ന വേഗരാജാവിന്റെ പിറവി


അഭിനാഥ് തിരുവലത്ത്

ഇസ്താംബുള്‍ പാര്‍ക്കിലെ റേസിങ് ട്രാക്കിലെ പാര്‍ക് ഫെര്‍മെയില്‍ മെഴ്‌സിഡസിന്റെ 44-ാം നമ്പര്‍ കറുത്ത കാര്‍ വന്നുനിന്നു. കാറിന്റെ ഗ്ലാസ് താഴ്ത്തി അതിനുള്ളിലുണ്ടായിരുന്ന ഡ്രൈവര്‍ തന്റെ ഹെല്‍മറ്റിന്റെ വൈസര്‍ ഉയര്‍ത്തി. ആ കണ്ണുകളില്‍ നനവ് പടര്‍ന്നിരുന്നു

ലൂയിസ് ഹാമിൽട്ടൺ തുർക്കിഷ് ഗ്രാൻപ്രീ വിജയത്തിനു ശേഷം | Photo: OZAN KOSE|AFP

സ്താംബുള്‍ പാര്‍ക്കിലെ റേസിങ് ട്രാക്കിലെ പാര്‍ക് ഫെര്‍മെയില്‍ മെഴ്‌സിഡസിന്റെ 44-ാം നമ്പര്‍ കറുത്ത കാര്‍ വന്നുനിന്നു. കാറിന്റെ ഗ്ലാസ് താഴ്ത്തി അതിനുള്ളിലുണ്ടായിരുന്ന ഡ്രൈവര്‍ തന്റെ ഹെല്‍മറ്റിന്റെ വൈസര്‍ ഉയര്‍ത്തി. ആ കണ്ണുകളില്‍ നനവ് പടര്‍ന്നിരുന്നു. കാറില്‍ നിന്ന് പുറത്തിറങ്ങിയ അയാള്‍ കൈകള്‍ മുകളിലേക്കുയര്‍ത്തി. സ്റ്റിയറിങ് കൈയില്‍ പിടിച്ചുള്ള തന്റെ 13 വര്‍ഷക്കാലത്തെ പ്രയത്‌നങ്ങള്‍ക്കുള്ള ഏറ്റവും വലിയ സമ്മാനം അയാള്‍ക്ക് ലഭിച്ചുകഴിഞ്ഞിരിക്കുന്നു. കാര്‍ റേസിങ് എന്നാല്‍ മൈക്കല്‍ ഷൂമാക്കര്‍ എന്ന് മാത്രം കേട്ടിരുന്ന ഒരു തലമുറ ഇനി അയാളെയും വാഴ്ത്തിപ്പാടാന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. അതെ ലൂയിസ് കാള്‍ ഡേവിഡ്‌സണ്‍ ഹാമില്‍ട്ടണ്‍ എന്ന ബ്രിട്ടീഷ് ഡ്രൈവര്‍ കാര്‍ റേസിങ്ങിലെ ഇതിഹാസമായ മൈക്കല്‍ ഷൂമാക്കറുടെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ് റെക്കോഡിനൊപ്പമെത്തിയിരിക്കുന്നു.

നവംബര്‍ 15-ാം തീയതി തുര്‍ക്കിഷ് ഗ്രാന്‍പ്രീയില്‍ ജേതാവായതോടെയാണ് ഈ സീസണിലെ ഫോര്‍മുല വണ്‍ കിരീടം ഉറപ്പിച്ച് കരിയറില്‍ ഏഴു കിരീടങ്ങളെന്ന സാക്ഷാല്‍ ഷൂമാക്കറുടെ റെക്കോഡിനൊപ്പം ഹാമില്‍ട്ടണ്‍ എത്തിയത്. നേരത്തെ പോര്‍ച്ചുഗീസ് ഗ്രാന്‍പ്രീയില്‍ ജേതാവായതോടെ 91 ഗ്രാന്‍പ്രീ വിജയങ്ങളെന്ന മൈക്കല്‍ ഷൂമാക്കറുടെ റെക്കോഡ് ഹാമില്‍ട്ടണ്‍ മറികടന്നിരുന്നു. തുര്‍ക്കിഷ് ഗ്രാന്‍പ്രീ ജയത്തോടെ ആ നേട്ടം അദ്ദേഹം 94 ആയി ഉയര്‍ത്തി. ഈ സീസണിലെ പത്താം ഗ്രാന്‍പ്രീ ജയമാണ് ഹാമില്‍ട്ടണ്‍ ഇസ്താംബുള്‍ പാര്‍ക്കില്‍ കുറിച്ചത്.

തുടര്‍ച്ചയായ നാലാം തവണയാണ് അദ്ദേഹം എഫ് 1 കിരീടത്തില്‍ മുത്തമിടുന്നത്. 2008, 2014, 2015, 2017, 2018, 2019, 2020 എന്നീ വര്‍ഷങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ കിരീട വിജയങ്ങള്‍. ഷൂമാക്കറും തുടര്‍ച്ചയായ നാലു കിരീടങ്ങളെന്ന നേട്ടം സ്വന്തമാക്കിയ താരമാണ്. 1994, 95, 2000, 2001, 2002, 2003, 2004 വര്‍ഷങ്ങളിലായിരുന്നു ഷുമാക്കറുടെ കിരീട നേട്ടങ്ങള്‍.

അഞ്ചാം വയസില്‍ പിതാവ് ആന്റണി ഹാമില്‍ട്ടണ്‍ ഒരു റിമോട്ട് കണ്‍ട്രോള്‍ കാര്‍ വാങ്ങി നല്‍കുന്നതോടെയാണ് കുഞ്ഞ് ഹാമില്‍ട്ടന്റെ റേസിങ് കരിയര്‍ ആരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ ബ്രിട്ടീഷ് റേഡിയോ കാര്‍ അസോസിയേഷന്റെ (ബി.ആര്‍.സി.എ) റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ അവന്‍ പങ്കെടുത്തു. റിമോട്ട് കണ്‍ട്രോള്‍ കാറുകള്‍ തമ്മിലുള്ള മത്സരമായിരുന്നു അത്. ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ തന്നെ രണ്ടാം സ്ഥാനത്തെത്താന്‍ അവന് സാധിച്ചു.

കറുത്ത വര്‍ഗക്കാരനാണെന്ന കാരണത്താല്‍ നന്നേ ചെറുപ്പത്തില്‍ തന്നെ വംശീയാധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയാകേണ്ടിവന്നയാളാണ് ഹാമില്‍ട്ടണ്‍. സ്‌കൂളില്‍ നിന്നും മറ്റുമുള്ള ഇത്തരം പെരുമാറ്റങ്ങള്‍ പ്രതിരോധിക്കാന്‍ വേണ്ടിയാണ് കുഞ്ഞ് ഹാമില്‍ട്ടണ്‍ ചെറുപ്പത്തില്‍ തന്നെ കരാട്ടെ പഠിക്കാന്‍ തുടങ്ങിയത്.

1993-ല്‍ എട്ടു വയസുള്ളപ്പോള്‍ ഹാമില്‍ട്ടണ്‍ കാര്‍ട്ടിങ്ങില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. കാര്‍ട്ട് എന്ന ചെറു വാഹനം ഉപയോഗിച്ചുള്ള മത്സരമാണിത്. ഇംഗ്ലണ്ടിലെ റേ ഹൗസ് കാര്‍ട്ട് സര്‍ക്യൂട്ടിലായിരുന്നു കുഞ്ഞ് ഹാമില്‍ട്ടന്റെ പരിശീലനം. രണ്ടു വര്‍ഷം കഴിഞ്ഞ് മക്‌ലാരന്റെ ഫോര്‍മുല വണ്‍ തലവനും ബിസിനസുകാരനുമായ റോണ്‍ ഡെന്നിസിനെ കാണാന്‍ അവന് അവസരം കിട്ടി. ''ഹായ്, ഞാന്‍ ലൂയിസ് ഹാമില്‍ട്ടണ്‍. ഞാന്‍ ബ്രിട്ടീഷ് ചാമ്പ്യന്‍ഷിപ്പ് ജയിച്ചിട്ടുണ്ട്. ഒരു ദിവസം എനിക്ക് നിങ്ങളുടെ കാറില്‍ റേസ് ചെയ്യണം.'' എന്നു പറഞ്ഞാണ് ഹാമില്‍ട്ടണ്‍ അന്ന് ഡെന്നിസിനോട് ഒരു ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത്. ''ഒമ്പതു വര്‍ഷത്തിനുള്ളില്‍ എന്നെ വിളിക്കൂ, നമുക്ക് നോക്കാം.'' എന്നായിരുന്നു അന്ന് ഡെന്നീസ്, ഹാമില്‍ട്ടണ് ഓട്ടോഗ്രാഫില്‍ എഴുതി നല്‍കിയത്. പിന്നീട് കാര്‍ട്ടിങ്ങില്‍ തിളങ്ങിയ ഹാമില്‍ട്ടനെ തേടി 1998-ല്‍ ഡെന്നീസിന്റെ വിളിയെത്തി. അവനെ മക്‌ലാരന്റെ ഡ്രൈവര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുത്തുകൊണ്ടുള്ളതായിരുന്നു ആ വിളി. ഈ കരാറില്‍ ഉള്‍പ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയായിരുന്നു ഹാമില്‍ട്ടന്റെ വരവ്.

അങ്ങനെ 2001-ല്‍ ബ്രിട്ടീഷ് ഫോര്‍മുല റെനോള്‍ട്ട് വിന്റര്‍ സീരീസിലൂടെയാണ് ഹാമില്‍ട്ടണ്‍ തന്റെ റേസിങ് കരിയര്‍ ആരംഭിക്കുന്നത്. ഒടുവില്‍ മക്‌ലാരനൊപ്പം 2007-ല്‍ ഓസ്‌ട്രേലിയന്‍ ഗ്രാന്‍പ്രീയിലൂടെ ഫോര്‍മുല വണ്‍ കരിയറും ആരംഭിച്ചു. അതേ വര്‍ഷം തന്നെ കനേഡിയന്‍ ഗ്രാന്‍പ്രീയില്‍ ആദ്യ ജയവും ഹാമില്‍ട്ടണ്‍ സ്വന്തമാക്കി. ആ സീസണില്‍ 110 പോയന്റുമായി ഫെരാരിയുടെ കിമി റെയ്‌ക്കോനന്‍ ജേതാവായപ്പോള്‍ ഒരു പോയന്റ് മാത്രം പിന്നിലായ ഹാമില്‍ട്ടണ്‍ റണ്ണറപ്പായി. അരങ്ങേറ്റ സീസണില്‍ തന്നെ തുടര്‍ച്ചയായ ഒമ്പത് പോഡിയം ഫിനിഷുകളെന്ന റെക്കോഡും അരങ്ങേറ്റത്തില്‍ ഏറ്റവുമധികം പോയന്റുകളെന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കി.

തൊട്ടടുത്ത വര്‍ഷം തന്നെ ആദ്യ ഫോര്‍മുല വണ്‍ കിരീടത്തില്‍ ഹാമില്‍ട്ടണ്‍ മുത്തമിട്ടു. ഫെരാരിയുടെ ഫിലിപ്പ് മാസയെ ഒരു പോയന്റിന് പിന്നിലാക്കി നാടകീയമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കിരീട നേട്ടം. സീസണിലെ അവസാന ഗ്രാന്‍പ്രീയിലെ അവസാന ലാപ്പിലെ അവസാന കേര്‍ണറില്‍ ടൊയോട്ടയുടെ തിമോ ഗ്ലോക്കിനെ ഓവര്‍ട്ടേക്ക് ചെയ്ത് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തായിരുന്നു അന്ന് ഹാമില്‍ട്ടന്റെ കിരീട നേട്ടം. ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് നേട്ടത്തോടെയായിരുന്നു അദ്ദേഹത്തിന്റെ കിരീട നേട്ടം. ഈ റെക്കോഡ് 2010-ല്‍ സെബാസ്റ്റിയന്‍ വെറ്റല്‍ മറികടക്കുകയായിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് ഡ്രൈവറും ഹാമില്‍ട്ടണായിരുന്നു.

പിന്നീട് 2013-ലാണ് അദ്ദേഹം മക്‌ലാരന്‍ വിട്ട് മെഴ്‌സിഡസിലേക്ക് മാറുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ മെഴ്‌സിഡസിനൊപ്പം ആദ്യ കിരീടവും ഹാമില്‍ട്ടന്‍ സ്വന്തമാക്കി. അതൊരു തുടക്കമായിരുന്നു. പിന്നീട് 2015, 2017, 2018, 2019 ഇപ്പോഴിതാ 2020-ലും മെഴ്‌സിഡസിനൊപ്പം അദ്ദേഹം ഫോര്‍മുല വണ്‍ കിരീടം സ്വന്തമാക്കിയിരിക്കുന്നു.

ഏറ്റവും കൂടുതല്‍ ഗ്രാന്‍പ്രീ ജയങ്ങള്‍ (94), ഏറ്റവും കൂടുതല്‍ പോള്‍ പൊസിഷനുകള്‍ (97), ഏറ്റവും കൂടുതല്‍ പോഡിയം പൊസിഷനുകള്‍ (163) എന്നീ റെക്കോഡുകളെല്ലാം ഇപ്പോള്‍ ഹാമില്‍ട്ടന്റെ പേരിലാണ്. ഈ 35-ാം വയസിലും ഹാമില്‍ട്ടണ്‍ കുതിപ്പിലാണ് ഷൂമാക്കറെയും മറികടന്ന് പുതിയ നേട്ടങ്ങള്‍ ഓരോന്നായി എഴുതിച്ചേര്‍ക്കാന്‍.

Content Highlights: Lewis Hamilton and the record 7th Formula 1 title


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented