Photo: mathrubhumi archives
2012-ല്‍ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കര്‍ രാജ്യസഭാ അംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസങ്ങളിലൊന്നില്‍ പി.ടി. ഉഷയെ കണ്ടു. സച്ചിന്റെ സ്ഥാനലബ്ധിയെക്കുറിച്ച് ചോദിച്ചു. നിറഞ്ഞ ചിരിയോടെ അവര്‍ പറഞ്ഞു. 'ഒരു കായികതാരത്തെ രാജ്യം ഇങ്ങനെ ആദരിക്കുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. ഇതിലും വലിയ ആദരം അര്‍ഹിക്കുന്നുണ്ട് സച്ചിന്.'
ഉഷയ്ക്ക് അങ്ങനെയൊരു അംഗീകാരം കിട്ടാത്തതില്‍ നിരാശയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഒട്ടും സംശയിക്കാതെ അവര്‍ ഉത്തരം നല്കി. 'ഞാനത് അര്‍ഹിക്കുന്നെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ അത് വന്നുചേരും.'
ഇപ്പോള്‍ ഒരു ദശകത്തിനുശേഷം സച്ചിനേക്കാള്‍ ഒന്‍പത് വയസ്സിന് മുതിര്‍ന്ന ഉഷയ്ക്കും ആ അംഗീകാരം കൈവന്നിരിക്കുന്നു. ഒരു കാര്യം ഉറപ്പിച്ചുപറയാം. - പിലാവുള്ളകണ്ടി തെക്കേപ്പറമ്പില്‍ ഉഷ പൂര്‍ണമായും അര്‍ഹിക്കുന്ന അംഗീകാരമാണിത്. അതിന് കാരണങ്ങള്‍ പലതുണ്ട്.
ഇന്ത്യന്‍ കായികലോകം, പ്രത്യേകിച്ചും അത്ലറ്റിക്സ് പരാധീനതകളിലും പരിമിതികളിലും ഇഴയുന്ന കാലത്താണ് ഉഷ ട്രാക്കില്‍ കുതിച്ചുപാഞ്ഞ് പയ്യോളി എക്സ്പ്രസ് എന്ന വിശേഷണം സ്വന്തമാക്കിയത്. ഒരുള്‍നാടന്‍ കേരളീയ ഗ്രാമത്തിന്റെ പരുക്കന്‍ പ്രതലങ്ങളില്‍ ഓടിത്തഴമ്പിച്ച ഉഷയുടെ പാദങ്ങളിലായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ അത്ലറ്റിക്സിന്റെ മുഴുവന്‍ പ്രതീക്ഷയും. കക്ഷിരാഷ്ട്രീയവും അഴിമതിയും കുതികാല്‍വെട്ടും പരസ്പരം മത്സരിക്കുന്ന കായികവേദിയില്‍ നിരന്തര പരിശ്രമവും പ്രതിഭയും കൊണ്ടുമാത്രം അതിജീവിക്കുകയും ഉയരങ്ങളിലെത്തുകയും ചെയ്ത ഒരു പെണ്‍കുട്ടിയാണ് ഉഷ. കായികതാരമെന്നാല് മലയാളിക്ക് ഒരുകാലത്ത് ഉഷയായിരുന്നു.
''ഇന്ത്യന്‍ സ്പോര്‍ട്സിന്, പ്രത്യേകിച്ച് അത്ലറ്റിക്സിന് രാജ്യം നല്കുന്ന അംഗീകാരമാണിത്. അത് അഭിമാനത്തോടെ സ്വീകരിക്കുന്നു. ഇതെന്നെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവളാക്കുന്നു'' - പി.ടി. ഉഷ
നൂറിലധികം അന്താരാഷ്ട്ര മെഡലുകള്‍ ഉഷയുടെ ശേഖരത്തിലുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇത്രയധികം മെഡലുകള്‍ നേടിയ കായികതാരങ്ങള്‍ ലോകത്തുതന്നെ വിരളമാണ്. ലോസ് ആഞ്ജലിസ് ഒളിമ്പിക്സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശം വ്യത്യാസത്തിന് ഉഷയ്ക്ക് മെഡല്‍ നഷ്ടമായപ്പോള്‍ അതൊരു ദേശീയദുരന്തമായി. ട്രാക്ക് വിട്ടശേഷവും ജീവിതം കായികരംഗത്തിനായി അര്‍പ്പിച്ചിരിക്കയാണ് അവര്‍. തനിക്ക് ലഭിക്കാതെപോയ ഒളിമ്പിക്സ് മെഡല്‍ ശിഷ്യകളിലൂടെ നേടിയെടുക്കുക എന്ന ഒറ്റലക്ഷ്യത്തിലാണ് ഇന്നവര്‍.
ഏറെ പ്രതിബന്ധങ്ങള്‍ നേരിട്ട്, വളര്‍ന്നുവരുന്ന കായികതാരങ്ങളെ പരിശീലിപ്പിക്കാന്‍ 'ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ്' എന്ന സ്ഥാപനം അവര്‍ മുന്നോട്ടു കൊണ്ടുപോകുന്നു. ഈ അംഗീകാരം തേടിയെത്തുമ്പോള്‍ തീര്‍ച്ചയായും രണ്ടുപേരുടെ അഭാവം അവരെ വേദനിപ്പിക്കുന്നുണ്ട്. - പിതാവ് പൈതലിന്റെയും പരിശീലകന് ഒ.എം. നമ്പ്യാരുടെയും.
അഭിമുഖങ്ങളില്‍ ഉഷ ആവര്‍ത്തിച്ചുപറയുന്ന ഒരു കാര്യമുണ്ട്. 'ഒളിമ്പിക്സ് മെഡല്‍ നേടാനാവാതെ പോയതിലുള്ള ദുഃഖം ഇപ്പോഴും കൂടെയുണ്ട്. പല രാത്രികളില്‍ ആ നിമിഷങ്ങള്‍ സ്വപ്നത്തില്‍ കണ്ട് ഞാന്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ട്. ഹര്‍ഡില്‍സില്‍ വേണ്ടത്ര മത്സരപരിചയമില്ലാത്തതായിരുന്നു മെഡല്‍ നഷ്ടത്തിന് കാരണമെന്ന് ഇപ്പോള്‍ തോന്നുന്നു. ഫിനിഷ്ചെയ്യുമ്പോള് ഒന്ന് മുന്നോട്ടാഞ്ഞ് വീണിരുന്നെങ്കില്തന്നെ എനിക്ക് മെഡല്‍ കിട്ടുമായിരുന്നു. രാജ്യത്തിനുവേണ്ടി അത് നേടാനാകാത്തതിന്റെ വേദന മരണംവരെ കൂടെയുണ്ടാകും.' ആ വേദനയുടെയും രാജ്യത്തിനായി നേടിയ നൂറിലധികം തിളക്കമുറ്റ മെഡലുകളുടെയും ആകെത്തുകയാണ് പി.ടി. ഉഷയെന്ന രാജ്യസഭാംഗം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..