ബാസൽ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലീ ചോങ് വെയ് കളിക്കാത്തതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വിചിത്രമായിരുന്നു ചൈനീസ് ഇതിഹാസം ലിന്‍ ഡാന്റെ മറുപടി. ഒന്നര പതിറ്റാണ്ടു കാലം കോര്‍ട്ടിലെ നിത്യവൈരിയായ ലീയുടെ അഭാവം ലോക ചാമ്പ്യന്‍ഷിപ്പില്‍ തനിക്ക് കാര്യങ്ങള്‍ എളുപ്പമാക്കും എന്നായിരുന്നില്ല, രോഗബാധിതനായി വിശ്രമിക്കുന്ന ലീയുടെ തിരിച്ചുവരവിനായി താന്‍ പ്രാര്‍ഥിക്കുന്നു എന്നായിരുന്നു എന്നായിരുന്നു അന്ന് ലിന്‍ പറഞ്ഞത്. വരാനിരിക്കുന്ന ടോക്യോ ഒളിമ്പിക്സില്‍ ലീക്കെതിരേ കളിക്കാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നുകൂടി ശങ്കയേതുമില്ലാതെ അന്ന് പറഞ്ഞു അഞ്ച് ലോക കിരീടവും രണ്ട് ഒളിമ്പിക് സ്വര്‍ണവും സ്വന്തമാക്കിയിട്ടുള്ള ലിന്‍ ഡാന്‍. 

ഒട്ടും വ്യത്യസ്തമായിരുന്നില്ല, തായ്​വാനില്‍ രോഗവുമായി മല്ലിട്ട് കരിയര്‍ തന്നെ ഭീഷണിയിലായ ലീയുടെ പ്രതികരണം. രോഗം മാറി കോര്‍ട്ടിലും പുറത്തും ഉറ്റ ചങ്ങാതിയായ ലിന്‍ ഡാനെതിരേ ഉടനെ കളിക്കാനാവും എന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നാണ് ലോക ചാമ്പ്യന്‍ഷിപ്പിനുശേഷം ഒരു ചടങ്ങില്‍ ലീ പറഞ്ഞത്. എന്നാൽ, ഒളിമ്പിക്സിനെ കൊറോണ കവർന്നതോടെ ഈ സൂപ്പർ പോരാട്ടത്തെക്കുറിച്ചുള്ള പ്രതീക്ഷ ചോങ് വെയ് ലീയിൽ അസ്തമിച്ചുതുടങ്ങിയിരുന്നു. അടുത്ത വർഷം ഒളിമ്പിക്സ് നടക്കുകയാണെങ്കിൽ തന്നെ ചൈനീസ് ടീമിൽ ലിൻ ഡാന് ഇടം കണ്ടെത്തനാവുന്ന കാര്യം സംശയമാണ്. രണ്ട് പേർക്ക് മാത്രമാണ് ടീമിൽ ഇടം ലഭിക്കുക.  പുതിയ ചൈനീസ് താരങ്ങളോട് പൊരുതി ടീമിൽ കയറിപ്പറ്റുക അടുത്ത കൊല്ലം മുപ്പത്തിയേഴ് വയസാവുന്ന ലിൻ ഡാന് ഏറെക്കുറേ അസാധ്യം തന്നെയാണ്-ലീ ഇയ്യിടെ പറഞ്ഞു.

Lee Chong Wei and Lin Dan arch-rivals who made classic battles

ഒരു ഭാഗ്യപരീക്ഷണത്തിനൊന്നും ലിൻ ഡാൻ നിന്നില്ല. ഒരു വർഷം മുൻപ് കൊടുത്ത വാക്കു പാലിക്കാനാവാതെ പാതിവഴിയില്‍ കളി റാക്കറ്റ് ഉപേക്ഷിക്കുകയും ചെയ്തു. ലിൻ ഡാനിന്റെ ഈ വിരമിക്കല്‍ എന്നാൽ, തിരശ്ശീലയിടുന്നത് ഒരു കളിക്കല്ല, ചരിത്രം അതിന് മുൻപ് സാക്ഷ്യംവഹിക്കാത്ത, കോര്‍ട്ടിലെ ഒരു  ക്ലാസിക് കാലത്തിനുതന്നെയാണ്. ഇനി ഇങ്ങനെയൊരു ക്ലാസ്സിക്കിന് കാലമെത്ര കാത്തിരിക്കണം.

ഒന്നര പതിറ്റാണ്ടു കാലമായി ബാഡ്മിന്റണ്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന് കരുതപ്പെടുന്ന ലിന്‍ ഡാന്‍ സീനിയര്‍ തലത്തില്‍ മാത്രം കളിക്കുന്നു. ഒളിമ്പിക്, ലോകചാമ്പ്യന്‍ഷിപ്പ്, ലോകകപ്പ്, തോമസ് കപ്പ്, സുദിര്‍മന്‍കപ്പ്, സൂപ്പര്‍ സീരീസ് മാസ്റ്റേഴ്സ് ഫൈനല്‍സ്, ഓള്‍ ഇംഗ്ലണ്ട്, ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ എല്ലാ കിരീടങ്ങളും സ്വന്തമാക്കി സൂപ്പര്‍ ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയ ചരിത്രത്തിലെ ഏക താരമായ ലിന്‍ ഡാനെ പോലെ ഇത്രയും കാലം അന്താരാഷ്ട്ര രംഗത്ത് ഓരോ ഫോമില്‍ കളിക്കുന്നവര്‍ ഏറെയുണ്ടാവില്ല കായിക ചരിത്രത്തില്‍.

രണ്ട് ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കിയ താരമാണ് ഡാന്‍. എന്നാല്‍, കാലിലെ പരിക്കുമായി മാറ്റുരച്ച ആദ്യ ഒളിമ്പിക്സില്‍ തന്നെ ആദ്യ റൗണ്ട് തോല്‍വിയാണ് അന്ന് ഒന്നാം സീഡായിരുന്ന ലിന്‍ ഡാനെ വരവേറ്റത്. അന്ന് ഡാനെ ഏകപക്ഷീയമായ ഗെയിമുകള്‍ക്ക് തോല്‍പിച്ച സിംഗപ്പുരിന്റെ റൊണാള്‍ഡ് സുസിലോ, ലിന്‍ ഡാന്റെ തോല്‍വിയെക്കുറിച്ച് പറഞ്ഞത് ഡാന് ജയിക്കാന്‍ വല്ലാത്ത ആവേശമായിരുന്നു എന്നാണ്. ലിന്‍ ഡാന്‍ പിന്നീട് രണ്ട് ഒളിമ്പിക് സ്വര്‍ണം നേടിയതും അടുത്ത ഒളിമ്പിക്സില്‍ ലീ ചോങ് വെയോട് തോറ്റ സുസിലോ പിന്നീട് വിസ്മൃതിയില്‍ മറഞ്ഞതും ചരിത്രം.

Lee Chong Wei and Lin Dan arch-rivals who made classic battles

പരിഹാസത്തില്‍ പൊതിഞ്ഞതെങ്കിലും സുസിലോയുടെ അന്നത്തെ ആ അഭിപ്രായത്തിലുണ്ട് ലിന്‍ ഡാന്റെ വിജയത്തിന്റെയും പ്രായത്തിനെതിരേ സ്മാഷുകള്‍ ഉതിര്‍ത്ത് ഇത്രയും കാലം പിടിച്ചുനിന്നതിന്റെയും പൊരുള്‍. ഒരു ചൈനീസ് ഡ്രാഗണിന്റെ ശൗര്യവും ചെസ് താരത്തിന്റെ കണിശതയുമാണ് ലിന്‍ ഡാന്റെ കരുത്തെന്ന് ആരാധകര്‍ പറയും. എന്നാല്‍, ഏറ്റവും വിഷമകരമായതിനെ അനായാസമാക്കുക എന്നൊരു മാജിക്കാണ് ലിന്‍ ഡാന്റെ രഹസ്യമെന്ന് കളി അടുത്തു കണ്ടവര്‍ പറയും. എത്ര ദൈര്‍ഘ്യമേറിയ റാലി കളിച്ചാലും തളര്‍ച്ചയുടെ ചെറു ലാഞ്ചന കാണില്ല ആ മുഖത്ത്. തൊണ്ണൂറ് മിനിറ്റ് കളിച്ചാലും ഒരൊറ്റ അണ്‍ഫോഴ്സ്ഡ് എററും പിറക്കില്ല ആ റാക്കറ്റില്‍ നിന്ന്.

മറ്റു പല കളികളെയും വച്ചു നോക്കുമ്പോള്‍ ഇതത്ര എളുപ്പമല്ല ഏറ്റവും വേഗമേറിയ കായികമത്സരമായ ബാഡ്മിന്റണില്‍. മണിക്കൂറില്‍ 277 മൈല്‍ വേഗത്തില്‍ വരുന്ന കേവലം അഞ്ചര ഗ്രാം മാത്രം ഭാരം വരുന്ന ഷട്ടിലിനെ കൈകാര്യം ചെയ്യണമെങ്കില്‍ ഒരു സ്പ്രിന്ററുടെ വേഗവും മധ്യദൂര ഓട്ടക്കാരന്റെ സ്റ്റാമിനയും ജിംനാസ്റ്റിന്റെ ഫ്ളെക്സിബിലിറ്റിയും ഒത്തുചേര്‍ന്നേ മതിയാവൂ. ഫൂട്ട് വർക്കും ബോഡി പൊസിഷനിങ്ങുമെല്ലാം കിറു കൃത്യമായിരിക്കണം. ഇതെല്ലാം തന്റെ കളിശൈലിയില്‍ ഉള്‍ച്ചേര്‍ക്കാനായി എന്നതാണ് ലിന്‍ ഡാന്റെ സവിശേഷത. കൃത്യമായ ഷോട്ട് സെലക്ഷന്‍ കൂടി ചേരുന്നതോടെ കോര്‍ട്ടില്‍ സമ്പൂര്‍ണ മേല്‍ക്കൈ ലഭിക്കുന്നു ഡാനിന്. ഉയര്‍ന്നു ചാടുന്ന ഡാന്‍ ഏത് ഷോട്ടാവും ഉതിര്‍ക്കുക എന്നത് ഒരു സമസ്യയാണ് ഇന്നും എതിരാളികള്‍ക്ക്. ഇങ്ങനെ വേഗതയും സ്റ്റാമിനയും സ്റ്റൈലും ടെക്നിക്കും ജയിക്കാനുള്ള ശേഷിയുമെല്ലാം ചേര്‍ന്ന മറ്റൊരു താരമില്ല ബാഡ്മിന്റണില്‍. കോര്‍ട്ടിനെ മറ്റു കളിക്കാരില്‍ നിന്ന് വ്യത്യസ്തമായാണ് ലിന്‍ ഡാന്‍ കാണുന്നത് എന്നാണ് പരിശീലകന്‍ ഒരിക്കല്‍ പറഞ്ഞത്.

Lee Chong Wei and Lin Dan arch-rivals who made classic battles

ഫിറ്റ്നസിന്റെ കാര്യത്തില്‍ അവസാനവാക്കായാണ് കണക്കാക്കപ്പെടുന്നതെങ്കിലും വിവാദങ്ങളില്‍ നിന്ന് അന്യനായിരുന്നില്ല ഡാന്‍. 2011-ല്‍ തുടര്‍ച്ചയായി മൂന്ന് ടൂര്‍ണമെന്റുകളില്‍ നിന്ന് പരിക്ക് കാരണം പിന്‍വാങ്ങിയത് വലിയ ഒച്ചപ്പാടുകള്‍ക്കാണ് വഴിവച്ചത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നു വരെ ആവശ്യപ്പെട്ടു ഇന്‍ഡൊനീഷ്യന്‍ താരം തൗഫിക് ഹിദായത്ത്. ഒടുവില്‍ മകന്റെ പരിക്കിന്റെ കഥ നിരത്തി രംഗത്തുവരേണ്ടിവന്നു ഡാന്റെ അമ്മയ്ക്ക്. വിവാദങ്ങള്‍ക്ക് വിജയങ്ങള്‍ കൊണ്ടായിരുന്നു ലിന്‍ ഡാന്റെ മറുപടി. അക്കൊല്ലമാണ് ഡാന്‍ ആദ്യമായി സൂപ്പര്‍ സീരീസ് മാസ്റ്റേഴ്സ് ഫൈനല്‍ കിരീടം സ്വന്തമാക്കിയത്. പിറ്റേ വര്‍ഷം ലണ്ടന്‍ ഒളിമ്പിക്സില്‍ സ്വര്‍ണവും നേടി. അതിനുശേഷമാണ് 'അണ്‍ടില്‍ ദി എന്‍ഡ് ഓഫ് ദി വേള്‍ഡ്' എന്ന തന്റെ ആത്മകഥ പുറത്തിറക്കിയത്.

ലോകാവസാനം വരെ കളിക്കും എന്നാണ് ആത്മകഥയുടെ ആ പേര് കൊണ്ട് ലിന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ഇതേ ഫോമില്‍ കളിക്കുകയാണെങ്കില്‍ കുഞ്ഞ് ഷട്ടില്‍ കോക്ക് എന്ന് അര്‍ഥം വരുന്ന ഷിയോ യു എന്ന മകനും ലിന്നിന്റെ കളി കാണും എന്നൊരു തമാശ പാറിനടന്നിരുന്നു ബാഡ്മിന്റണ്‍ സര്‍ക്യൂട്ടില്‍. അതിശയോക്തിയില്ല ഇതില്‍. കാരണം ലിന്നിനെ പോലുള്ള ജീനിയസ്സുകള്‍ ഏറെയൊന്നുമില്ല ബാഡ്മിന്റണില്‍. പ്രായം കൂടുന്നതിനനുസരിച്ച് തന്റെ കളിശൈലിയിലും കാതലായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നുണ്ട് ലിന്‍. ആക്രമണോത്സുകമായിരുന്നു തുടക്കക്കാലത്തെ ശൈലി. അപാരമായ സ്റ്റാമിന വേണ്ട ഒരു ശൈലി. കഠിനമായ വ്യായാമങ്ങളും ആവശ്യം. എന്നാല്‍, പ്രായം കൂടുന്നതിനനുസരിച്ച് ഈ കളിവേഗം കുറച്ചു ലിന്‍. ഇന്ന് വേഗത്തിലുള്ള ആക്രമണത്തെയല്ല, പിഴവറ്റ ടെക്നിക്കിനെയാണ് ലിന്‍ പോയിന്റുകള്‍ക്കായി ആശ്രയിക്കുന്നത്. 2008-ലെ ഒളിമ്പിക് ഫൈനലും 2011-ലെ ലോക ചാമ്പ്യന്‍ഷിപ്പിന്റെയും ഫൈനലുകള്‍ തമ്മിലൊരു താരതമ്യം നടത്തിയാല്‍ മനസ്സിലാകും ഈ ശൈലിമാറ്റം.

ഏതാണ്ട് ലിന്നിന്റെയത്രയും കാലം കോര്‍ട്ടില്‍ സജീവമായിരുന്നെങ്കിലും ഇങ്ങനെയൊരു ശൈലി മാറ്റത്തിന് ലീ ചോങ് വെയ് പക്ഷേ തയ്യാറായിരുന്നില്ല. അവസാന കാലം വരെ ആ പഴയ ആക്രമണ ശൈലിയില്‍ തന്നെയാണ്, ലിന്‍ ഡാന്‍ ഉള്ളതുകൊണ്ട് മാത്രം ഒളിമ്പിക് സ്വര്‍ണവും ലോക കിരീടവുമെല്ലാം കൈവിട്ടുപോയ ലീ കളിച്ചിരുന്നത്. 

Lee Chong Wei and Lin Dan arch-rivals who made classic battles

ബാസ്‌ക്കറ്റ്ബോള്‍ താരമായിട്ടായിരുന്നു ലീ ചോങ് വെയുടെ തുടക്കം. പുറത്തെ കടുത്ത ചൂട് ആരോഗ്യത്തിന് ഹാനികരമാണെന്ന് പറഞ്ഞ് അമ്മയാണ് ബാഡ്മിന്റണിലേയ്ക്ക് തിരിച്ചുവിട്ടത്. ശേഷം ചരിത്രം. തളരാത്ത സ്റ്റാമിനയുടെ ആള്‍രൂപമായിരുന്നു ലീ. ഇക്കാലമത്രയും ആക്രമിച്ചു കളിച്ചിട്ടും ഒരേ ഫോം നിലനിര്‍ത്തുക അനായാസമല്ല. 2009-ല്‍ ഭക്ഷ്യവിഷബാധ ഏല്‍ക്കുകയും 2012-ല്‍ കൈക്കുഴയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ഒഴിച്ചുനിര്‍ത്തിയാല്‍ ഏറെക്കാലമൊന്നും കളിക്കാതെ കോര്‍ട്ടിന് പുറത്തിരുന്നിട്ടില്ല ലീ. കൈക്കുഴയ്ക്കേറ്റ പരിക്കില്‍ നിന്ന് മുക്തനായാണ് ലീ ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളി നേടിയത്. ലിന്‍ ഡാനെതിരായ ലീയുടെ ഈ പോരാട്ടത്തെ സില്‍വര്‍ ലൈനിങ് ഇന്‍ വിന്നിങ് സില്‍വര്‍ എന്ന പേരില്‍ ക്ലാസിക്ക് പോരാട്ടമായാണ് ബി.ബി.സി. രേഖപ്പെടുത്തിയത്.

ഓള്‍ ഔട്ട് അറ്റാക്കായിരുന്നു തുടക്കകാലം മുതല്‍ ലീയുടെ ശൈലി. എന്നാല്‍, ലിന്‍ ഡാനുമായുള്ള കോര്‍ട്ടിലെ ഐതിഹാസികമായ വൈരം തുടങ്ങിയതുമുതല്‍ തന്റെ ശൈലിയില്‍ ലീ വലിയ മാറ്റം വരുത്തി. ഏതാണ്ട് ഇതേ ശൈലിയില്‍ കളിക്കുന്ന ലിന്‍ ഡാനെ നേരിടാന്‍ ക്രമേണ പ്രതിരോധശൈലി കൂടി കളിയില്‍ വിളക്കിച്ചേര്‍ത്തു. ലിന്നിന്റെ അപകടകരമായ സൈഡ് ലൈന്‍ സ്മാഷുകളെ നേരിടാന്‍ ഡീപ് ഡിവന്‍സീസ് ഡൈവുകളെയാണ് ലീ ആശ്രയിച്ചത്. ഈ പ്രതിരോധശൈലിക്കുവേണ്ടി മണിക്കൂറുകളോളം പരിശീലനം നടത്തുമായിരുന്നു ലീ. ഇതിന്റെയൊക്കെ അനന്തരഫലമാണ് 2011-ലെ ഓള്‍ ഇംഗ്ലണ്ട് ഫൈനലില്‍ കണ്ടത്. അന്ന് നേരിട്ടുള്ള സെറ്റുകള്‍ക്ക് ലിന്നിനെ തകര്‍ത്തുകളയുകയായിരുന്നു ലീ.

ലിന്‍ ഒഴികെയുള്ള താരങ്ങള്‍ക്കെതിരേ തന്റെ വേഗതയാര്‍ന്ന ആക്രമണ ശൈലി തന്നെയായിരുന്നു ലീയ്ക്ക് ആശ്രയം. ക്രോസ് കോര്‍ട്ട് സ്മാഷുകളും ഇരു പാര്‍ശ്വങ്ങളില്‍ നിന്നുമുള്ള കരുത്തുറ്റ സ്മാഷുകളുമായിരുന്നു ലീയുടെ ആക്രമണത്തിന്റെ മുഖമുദ്ര. കോര്‍ട്ടിലെ തന്റെ വേഗതയെ മറ്റാരേക്കാളും നന്നായി സ്മാഷിലെ കരുത്തായി പരിവര്‍ത്തിപ്പിക്കാന്‍ ലീയ്ക്ക് കഴിഞ്ഞു.

എന്നാല്‍, ലീയുടെ നിലവിലെ ആരോഗ്യസ്ഥിതി പിന്നീട് അത്ര ആശാവഹമായിരുന്നില്ല. ലോകചാമ്പ്യന്‍ഷിപ്പും ഏഷ്യന്‍ ഗെയിംസും ഉള്‍പ്പടെയുള്ള 2018-ലെ പ്രധാനപ്പെട്ട എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നും ലീ പിന്‍വാങ്ങിയിരുന്നു. ശ്വാസസംബന്ധമായ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ലീയ്ക്ക് പരിപൂര്‍ണ വിശ്രമമായിരുന്നു ഡോക്ടര്‍മാര്‍ വിധിച്ചത്.

Lee Chong Wei and Lin Dan arch-rivals who made classic battles

അത്ര എളുപ്പം എഴുതിത്തള്ളാവുന്ന ഒരു താരമല്ല, ലീ. 2015-ലെ മരുന്നടി വിവാദത്തിന്റെ തിരിച്ചടിയില്‍ നിന്ന് തിരിച്ചുവന്നതുപോലെ രോഗാവസ്ഥയെയും ലീ മറികടക്കുമെന്ന് വലിയൊരു വിഭാഗം ആളുകള്‍ വിശ്വസിച്ചിരുന്നു. അടുത്ത ഒളിമ്പിക്സില്‍ ലീ മാറ്റുരയ്ക്കുന്നതും മെഡല്‍ നേടുന്നതും തള്ളിക്കളയാനാവില്ലെന്ന മലേഷ്യന്‍ സിംഗിള്‍സ് ടീം പരിശീലകന്‍ ഡാറ്റുക് മിസ്ബുന്നിന്റെ വാക്കുകളില്‍ തന്നെയുണ്ടായിരുന്നു ഈ പ്രതീക്ഷ. 

2008-ല്‍ മിസ്ബുന്നിന്റെ ശിക്ഷണത്തിലാണ് ലീ ആദ്യമായി ഒളിമ്പിക് വെള്ളി നേടിയത്. ആശങ്കപ്പെടേണ്ട കോച്ച്, ഞാന്‍ ആരോഗ്യവാനാണ്. തിരിച്ചുവരും എന്നാണ് ലീ തനിക്ക് ടെക്സ്റ്റ് ചെയ്തതെന്ന് മിസ്ബുന്‍ പറഞ്ഞു. 2020 അപ്രാപ്യമായ ഒരു ദൂരമല്ല, ലീക്ക് തിരിച്ചുവരവിന് തയ്യാറെടുക്കാനുള്ള അവസരമാണെന്നാണ് മിസ്ബുന്‍ പറയുന്നത്. താന്‍ ഉള്‍പ്പടെയുള്ള  പല പുതിയ കളിക്കാരും ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ലീയെയും ലിന്നിനെയും അത്ര എളുപ്പം എഴുതിത്തള്ളാനാവില്ലെന്ന് ഇന്ത്യയുടെ കെ. ശ്രീകാന്തും പറഞ്ഞിട്ടുണ്ട്.

ബാഡ്മിന്റണിലായാലും ഫുട്ബോളിലായാലും ചരിത്രത്തിന്റെ ചില കാവ്യനീതികളുണ്ട്. ലീ-ലിന്‍ ഐതിഹാസിക ക്ലാസിക് പോരാട്ടം പോലെ മറ്റൊന്ന് ഇതുവരെയുണ്ടായിട്ടില്ല ബാഡ്മിന്റണിന്റെ ചരിത്രത്തില്‍. ബാഡ്മിന്റണില്‍ മാത്രമല്ല, മറ്റൊരു കളിയിലുമില്ല ഇതുപോലെ ഇത്രയും ദൈര്‍ഘ്യമേറിയ കാലം രണ്ട് താരങ്ങള്‍ പരസ്പരം  പോരടിച്ച് ആധിപത്യം പുലര്‍ത്തിയ ചരിത്രം. അതുകൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള മറ്റൊരു ക്ലാസിക് പോരാട്ടത്തോടെയല്ലാതെ ഈ യുഗത്തിന് തിരശ്ശീല വീഴാനാവുമായിരുന്നില്ല. ഇതാണ് ഈ കാലത്തിന്റെ നഷ്ടം. ചില ചരിത്രങ്ങള്‍ അങ്ങിനെയാണ്. അപൂര്‍ണതകളിലാവും അവയുടെ സൗന്ദര്യം.

Content Highlights: Lee Chong Wei and Lin Dan arch-rivals who made classic battles