-
ഒരിടത്ത് ഒരു അമ്മൂമ്മയുണ്ടായിരുന്നു (ഇപ്പോഴുമുണ്ട്). പേര് ലത ഭഗവാന്‍ കരെ. 68 വയസ്സ്. സ്ഥലം മഹാരാഷ്ട്രയിലെ ബാരാമതി. ഭര്‍ത്താവിന്റെ ഹൃദയത്തിന് തകരാറാണ്. ഭക്ഷണത്തിനുപോലും വകയില്ലാത്ത അവസ്ഥയില്‍ ഭര്‍ത്താവിനെ എങ്ങനെ ചികിത്സിക്കാന്‍? മകന് സ്ഥിരവരുമാനമില്ല. ഭര്‍ത്താവിന് എം.ആര്‍.ഐ. സ്‌കാന്‍ വേണമെന്ന് ഡോക്ടര്‍ പലവട്ടം പറഞ്ഞിട്ടും ലത നിസ്സഹായയായി. ലതയ്‌ക്കൊരു കൂട്ടുകാരിയുണ്ട്, 66 വയസ്സുള്ള ഗൗരി. ലതയുടെ അവസ്ഥകണ്ട് ഒരുദിവസം ഗൗരി പറഞ്ഞു: ''ബാരാമതിയില്‍ ഒരു മാരത്തണ്‍ നടക്കുന്നുണ്ട്. ജയിച്ചാല്‍ അയ്യായിരം രൂപ കിട്ടും''. കാശുകിട്ടുമെന്ന് കേട്ടതോടെ ലത ഉഷാറായി. സ്‌കാനിങ്ങിന് തികയും.
ഓടിപ്പരിചയമൊന്നുമില്ല. ചെരുപ്പുപോലുമില്ലാതെ ഒരുപാട് വഴികള്‍ താണ്ടിയിട്ടുണ്ട്. ഓടേണ്ടിവന്നാല്‍ ഓടുകതന്നെ. കാര്യങ്ങള്‍ അന്വേഷിച്ചു. മുതിര്‍ന്ന പൗരന്‍മാരുടെ വിഭാഗത്തിലാണ് ഓടേണ്ടത്. അങ്ങനെ 2014-ല്‍ ആദ്യ മാരത്തണ്‍. മൂന്നു കിലോമീറ്ററായിരുന്നു ദൂരം.
റണ്ണിങ് ഷൂ ഇല്ല. റണ്ണിങ് ഷോര്‍ട്സോ ട്രാക്ക് പാന്റോ ഇല്ല. വിയര്‍പ്പ് വലിച്ചെടുക്കുന്ന ഉള്‍വസ്ത്രങ്ങളില്ല. നഗ്‌നപാദയായി ഓടി. കോട്ടണ്‍ സാരിയുടുത്ത് ഓടി.

അന്നത്തെ ഓട്ടം അമ്മൂമ്മ ഓര്‍മിക്കുന്നു. ''എനിക്ക് ഓടാനറിയില്ല. ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ല. ഭര്‍ത്താവിന്റെ മുഖം മനസ്സില്‍ ധ്യാനിച്ച് ഓടി. ഓടിയോടിവരവെ ആളുകള്‍ എന്നെ പ്രോത്സാഹിപ്പിച്ചു. അത് ധൈര്യം തന്നു. ഒന്നാമതെത്തി വലിയ ആളാവണമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. ആ അയ്യായിരം രൂപ കിട്ടണം. അതു മാത്രമായിരുന്നു ലക്ഷ്യം. ഈശ്വരാധീനംകൊണ്ട് അതു നേടി''.
അമ്മൂമ്മ ഓട്ടം നിര്‍ത്തിയില്ല. ശരദ് മാരത്തണില്‍ മൂന്നാമത്തെ ട്രോഫിയാണ് അവര്‍ ഇത്തവണ സ്വന്തമാക്കിയത്.
ഓടിയോടി അമ്മൂമ്മ എവിടെവരെയെത്തി? സ്‌പോര്‍ട്സ് വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന്റെ ഭാഗമായി, ലതയുടെ കഥ ബി.ബി.സി. ലോകമാകെ അറിയിച്ചു. അമ്മൂമ്മയുടെ കഥ സിനിമയായി. ലത തന്നെയാണ് നായികാവേഷം ചെയ്തത്. യഥാര്‍ഥ ജീവിതവും അതേ വ്യക്തികളും അണിനിരന്ന സിനിമകണ്ട് ആളുകള്‍ കരഞ്ഞു, സന്തോഷിച്ചു.
ലത മനുഷ്യസ്‌നേഹിയാണ്. സ്വന്തം കാര്യം നോക്കുന്ന സ്വഭാവമില്ല. അവളുടെ ജീവിതം എനിക്കായി മാറ്റിവെച്ചിരിക്കുന്നു. എനിക്കുവേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നതില്‍ വിഷമമുണ്ട്. പക്ഷേ, ലതയെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു.
Content Highlights: Latha Bhagavan Khare Runs Marathon Barefoot For Treatment Of Husband
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..