എം.എസ് ധോനിയെന്ന അതിമാനുഷന്‍ ക്രീസിലുള്ളപ്പോള്‍ അസാധ്യമെന്ന് കരുതുന്ന ഏതു വിജയലക്ഷ്യവും സാധ്യമാണെന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. എന്നാല്‍ ഒരു വര്‍ഷം മുമ്പുള്ള ഇതേ ജൂലായ് 10-ന് മാര്‍ട്ടിന്‍ ഗുപ്റ്റിലെന്ന കിവീസ് ഫീല്‍ഡറുടെ ത്രോ ബാറ്റിങ് ക്രീസിലെ വിക്കറ്റ് തെറിപ്പിച്ചപ്പോള്‍ കോടിക്കണക്കിന് വരുന്ന ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ജനതയുടെ ഹൃദയം ഒരുപക്ഷേ നിലച്ചുപോയിരുന്നിരിക്കണം. മൂന്നിഞ്ച് ദൂരത്തില്‍ ടീം ഇന്ത്യയുടെയും കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെയും ലോകകപ്പ് സ്വപ്‌നം കിവീസ് അവസാനിപ്പിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്.

നിരവധി അവസരങ്ങളില്‍ എതിര്‍ ടീമിനെയും സ്വന്തം ടീമിനെ പോലും ഞെട്ടിച്ച് ധോനി വിജയ റണ്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ 2019 ജൂലായ് 10-ന് മാഞ്ചെസ്റ്ററില്‍ അത്തരമൊരു മാജിക്ക് ധോനിയില്‍ നിന്നുണ്ടായില്ല. ജൂലായ് ഒമ്പതിന് ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുക്കുകയായിരുന്നു. മഴ കാരണം ജൂലായ് ഒമ്പതിന് നിര്‍ത്തിവെച്ച മത്സരം റിസര്‍വ് ദിനമായ ജൂലായ് 10-ന് പുനഃരാരംഭിച്ചു. റണ്‍സ് നേടാന്‍ ബുദ്ധിമുട്ടുള്ള പിച്ചില്‍ ക്ഷമയോടെ ബാറ്റു വീശിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്‌ലറുമാണ് കിവീസിനെ 239-ല്‍ എത്തിച്ചത്. 95 പന്തുകള്‍ നേരിട്ട വില്യംസണ്‍ 67 റണ്‍സെടുത്തപ്പോള്‍ 90 പന്തുകള്‍ നേരിട്ട ടെയ്‌ലര്‍ 74 റണ്‍സെടുത്തു.

ക്ഷമയ്ക്ക് ഈ മത്സരത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് കിവി ബാറ്റ്‌സ്മാന്‍മാര്‍ കാണിച്ചുതന്നെങ്കിലും അത് കണ്ടൊന്നും ഇന്ത്യന്‍ ബാറ്റിങ് നിര പഠിച്ചില്ല. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം തന്നെ വന്‍ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സുള്ളപ്പോള്‍ രോഹിത് ശര്‍മ (1), കെ.എല്‍. രാഹുല്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (1) തുടങ്ങിയ വമ്പന്‍ പേരുകാര്‍ ഡ്രസ്സിങ് റൂമില്‍ മടങ്ങിയെത്തി.

റണ്‍സ് കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടിയ ദിനേഷ് കാര്‍ത്തിക്കിനെ മാറ്റ് ഹെന്റി മടക്കി. 25 പന്തുകള്‍ നേരിട്ട് കാര്‍ത്തിക്കിന് നേടാനായത് വെറും ആറു റണ്‍സ് മാത്രം. പിന്നീട് ക്രീസില്‍ ഒന്നിച്ച ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ മെല്ലെ മുന്നോട്ടുനയിച്ചു. അഞ്ചാം വിക്കറ്റില്‍ ഇരുവരും 47 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 56 പന്തുകള്‍ നേരിട്ട് 32 റണ്‍സെടുത്ത ഋഷഭ് പന്തിനെ പുറത്താക്കി മിച്ചല്‍ സാന്റ്‌നര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. വൈകാതെ 62 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും സാന്റ്‌നര്‍ക്കു മുന്നില്‍ കീഴടങ്ങി.

last year on this day india lost to new zealan in icc world cup semi final

ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ആരാധകര്‍ ഞെട്ടി. പലരും ഇനിയുള്ള കാഴ്ച കാണാനാകാതെ ടിവി ഓഫ് ചെയ്തു. സ്റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകര്‍ നിശബ്ദരായി. എല്ലാം തീര്‍ന്നെന്ന് ഇന്ത്യന്‍ ആരാധകരും ന്യൂസീലന്‍ഡും കരുതി. പക്ഷേ ധോനിയിലെയും രവീന്ദ്ര ജഡേജയിലെയും പോരാളികള്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല.

30.3 ഓവറില്‍ ആറിന് 92 റണ്‍സെന്ന നിലയില്‍ ഇന്ത്യ തകര്‍ന്നുനില്‍ക്കുമ്പോള്‍ ഒന്നിച്ച ഈ സഖ്യം ഏവരെയും ഞെട്ടിച്ചുകൊണ്ട് പൊരുതാന്‍ തുടങ്ങി. ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഗുണം ചെയ്യുമെന്ന തരത്തില്‍ ധോനി ക്രീസില്‍ ക്ഷമയുടെ പര്യായമായി നിലകൊണ്ടപ്പോള്‍ ജഡേജയിലെ വീരന്‍ കിവീസ് ബൗളിങ്ങിനെ കടന്നാക്രമിക്കാന്‍ തുടങ്ങി. ജഡേജയ്ക്ക് സിംഗിള്‍ നല്‍കി കളിപ്പിക്കുക എന്നതായിരുന്നു ധോനിയുടെ തന്ത്രം. ഇരുവരും ഒന്നിച്ചതോടെ അത്രയും നേരം ആഹ്ലാദഭരിതമായിരുന്ന ന്യൂസീലന്‍ഡ് ക്യാമ്പില്‍ സമ്മര്‍ദം നിറഞ്ഞു. ഇന്ത്യന്‍ ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ കൈവന്നു. പക്ഷേ 48-ാം ഓവറില്‍ ബോള്‍ട്ടിന്റെ പന്തില്‍ രവീന്ദ്ര ജഡേജയുടെ ഷോട്ട് വില്യംസന്റെ കൈകളിലെത്തിയതോടെ സ്‌റ്റേഡിയം നിശബ്ദമായി. 59 പന്തില്‍ നിന്ന് നാലു വീതം സിക്‌സും ഫോറും സഹിതം 77 റണ്‍സോടെ ജഡേജയെന്ന പോരാളി തല ഉയര്‍ത്തി തന്നെ മടങ്ങി. ഏഴാം വിക്കറ്റില്‍ 116 റണ്‍സ് ചേര്‍ത്താണ് ഈ സഖ്യം പിരിഞ്ഞത്.

last year on this day india lost to new zealan in icc world cup semi final

ഇന്ത്യന്‍ ആരാധകര്‍ അപ്പോഴും വിജയ പ്രതീക്ഷ കൈവിട്ടിരുന്നില്ല. ന്യൂസീലന്‍ഡ് ആകട്ടെ വിജയവും ഉറപ്പിച്ചിരുന്നില്ല. കാരണം ഏത് ചക്രവ്യൂഹവും ഭേദിക്കാന്‍ പോന്ന പോരാളിയെ പോലെ എം.എസ് ധോനിയെന്ന മഹാമേരു ക്രീസിലുണ്ടായിരുന്നു എന്നതു തന്നെ. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ധോനിയോളം പോന്ന മറ്റേത് താരമുണ്ട് ലോകക്രിക്കറ്റില്‍? പക്ഷേ 49-ാം ഓവറില്‍ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പ്രിന്റര്‍ക്ക് പിഴച്ചു. ഫെര്‍ഗൂസന്‍ എറിഞ്ഞ 49-ാം ഓവറിലെ ആദ്യ പന്ത് സിക്‌സറടിച്ച ധോനി മൂന്നാം പന്തില്‍ രണ്ടാം റണ്ണിന് ശ്രമിക്കവെ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയില്‍ പുറത്തായി. ലോക ക്രിക്കറ്റിലെ ഏറ്റവും വേഗതയുള്ള കാലുകള്‍ ഒരു നിമിഷം നിസ്സഹായരായ നിമിഷം.

അത്രയും നേരം തൊണ്ടപൊട്ടുമാറ് 'ധോനി, ധോനി' എന്ന് ആര്‍ത്തച്ചലച്ച സ്റ്റേഡിയം ഒരു നിമിഷം നിശബ്ദമായി. അവര്‍ക്കറിയാമായിരുന്നു ലോകകപ്പിലെ ഇന്ത്യയുടെ ജാതകം അവിടെ കുറിക്കപ്പെട്ടിരിക്കുന്നുവെന്ന്. ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ഗുപ്റ്റില്‍ എറിഞ്ഞ ആ ത്രോ ബാറ്റിങ് ക്രീസിലെ വിക്കറ്റ് തെറിപ്പിക്കുമ്പോള്‍ ധോനിയുടെ ബാറ്റും ക്രീസും തമ്മില്‍ മൂന്നിഞ്ച് ദൂരം മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ പ്രതീക്ഷയുടെ അവസാന വെട്ടം അണഞ്ഞുപോയത് ആ മൂന്നിഞ്ച് ദൂരത്തിലായിരുന്നു. ആ മത്സരത്തില്‍ ന്യൂസീലന്‍ഡ് താരങ്ങള്‍ നേടിയ റണ്‍സിനേക്കാള്‍ മൂല്യമുണ്ടായിരുന്നു ഗുപ്റ്റിലിന്റെ പിഴയ്ക്കാത്ത ആ ഉന്നത്തിന്. കാരണം പുറത്തായത് ധോനിയായിരുന്നു. ബാറ്റിങ് ക്രീസില്‍ നിന്നാല്‍ അപ്രാപ്യമായത് എന്തും സ്വന്തമാക്കാന്‍ പോന്ന പോരാളിയായിരുന്നു.

last year on this day india lost to new zealan in icc world cup semi final

പ്രതീക്ഷയുടെ അവസാന വെട്ടവും അവസാനിച്ച് തിരികെ ഡ്രസ്സിങ് റൂമിലേക്ക് നടക്കുമ്പോള്‍ അയാളുടെ തല താഴ്ന്നിരുന്നു. കണ്ണുകള്‍ കലങ്ങിയിരുന്നു. തിരികെ നടക്കുമ്പോള്‍ അയാള്‍ക്കറിയാമായിരുന്നു ആരാധകര്‍ തന്നിലര്‍പ്പിച്ച വിശ്വാസം എത്രത്തോളമായിരുന്നുവെന്ന്. അല്ലെങ്കില്‍ ഇത്തരമൊരു വേദിയില്‍ ഇനി തനിക്ക് ബാല്യമില്ലെന്ന്.

ഇന്ത്യയ്ക്കായി ലോകകപ്പില്‍ അഞ്ചു സെഞ്ചുറികള്‍ നേടി റെക്കോഡിട്ട രോഹിത് ശര്‍മയുടെ പ്രകടനത്തേക്കാളും ഇന്ന് ആരാധകര്‍ ഓര്‍ക്കുന്നത് ആ റണ്ണൗട്ടാണ്. ഗുപ്റ്റിലിന്റെ പിഴയ്ക്കാത്ത ആ ഉന്നമാണ്. ആ പന്ത് വിക്കറ്റില്‍ തട്ടാതിരുന്നെങ്കില്‍, ധോനി അവസാന പന്തുവരെ ക്രീസില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്നും ഇന്ത്യന്‍ ആരാധകര്‍ അങ്ങനെ ആഗ്രഹിച്ചുകൊണ്ടേയിരിക്കുന്നു.

Content Highlights: last year on this day india lost to new zealan in icc world cup semi final