ജീവിക്കാന്‍ വേണ്ടി സെക്കന്തരാബാദിലെ തിരക്കേറിയ കന്റോണ്‍മെന്റ് ഏരിയയിലൂടെ ഉന്തുവണ്ടിയില്‍ പാനിപൂരി വിറ്റു നടന്ന ബീര്‍ ബഹാദൂറിനെ കുറിച്ചെഴുതിയത് ഒരു വ്യാഴവട്ടം മുന്‍പാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരിലൊരാളുടെ ദുരിത ജീവിതത്തിന് ശനിയാഴ്ച അവസാന വിസിലായി; ആഴ്ചകളോളം അബോധാവസ്ഥയില്‍ ആശുപത്രിക്കിടക്കയില്‍ ചെലവഴിച്ച ശേഷമായിരുന്നു മരണം.

ഇ.എം.ഇ സെന്ററിന്റെ മുന്നേറ്റ നിരയിലെ പഴയ പടക്കുതിരയ്ക്ക് കൊച്ചു കേരളത്തിലുള്‍പ്പെടെ ഇന്ത്യയുടെ മുക്കിലും മൂലയിലുമുണ്ടായിരുന്നു ആരാധകര്‍. പന്തുമായി വിംഗിലൂടെ വെടിയേറ്റ പുലിയെ പോലെ കുതികുതിക്കുന്ന ബീറിന്റെ ചിത്രം പട്ടാള ടീമില്‍ ദീര്‍ഘകാലം അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരമായിരുന്ന മുന്‍ കേരള പോലീസ് കോച്ച് ശ്രീധരന്‍ പങ്കുവെച്ചതോര്‍ക്കുന്നു. ''തൊട്ടാല്‍ പൊള്ളുന്ന ആ ഷോട്ടുകള്‍ ഏത് ഗോള്‍കീപ്പറുടെയും പേടിസ്വപ്നമായിരുന്നു. ഈസ്റ്റ് ബംഗാളുമായുള്ള ഒരു മത്സരം ഓര്‍മ്മയുണ്ട്. അന്ന് സതേണ്‍ കമാന്‍ഡിന് കളിക്കുകയാണ് ബീര്‍ ബഹാദൂര്‍. പ്രശസ്തനായ പീറ്റര്‍ തങ്കരാജ് കാവല്‍ നിന്ന കൊല്‍ക്കത്ത ടീമിന്റെ വലയില്‍ തുടരെത്തുടരെ മൂന്നു വട്ടം പന്തടിച്ചു കയറ്റി ബീര്‍. അതും ബോക്‌സിനു പുറത്ത് മിക്കവാറും ഒരേ ആംഗിളില്‍ നിന്നുള്ള ബുള്ളറ്റ് ഷോട്ടുകളിലൂടെ. ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷാ ഉള്‍പ്പെടെയുള്ള കാണികള്‍ ഒന്നടങ്കം അന്തം വിട്ടു നോക്കിയിരുന്നു ആ പ്രകടനം.'' അധികം വൈകാതെ 1966-ലെ ബാങ്കോക്ക് ഏഷ്യാഡിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാമ്പിലേക്ക് ക്ഷണിക്കപ്പെട്ടെങ്കിലും ഭാഗ്യം ബീറിനെ അവിടെയും തുണച്ചില്ല. ഇന്ത്യന്‍ ഫുട്ബാളില്‍ കൊല്‍ക്കത്തയുടെ അധീശത്വം പൂര്‍ണ്ണമായിരുന്ന നാളുകളായിരുന്നല്ലോ അവ.

ഗൂര്‍ഖ ബ്രിഗേഡിന്റെ ചരിത്ര പ്രസിദ്ധമായ ഡ്യൂറന്‍ഡ് കപ്പ് വിജയത്തില്‍ (1966) നിന്ന് തുടങ്ങുന്നു ഇന്ത്യന്‍ ഫുട്ബാളില്‍ ബീര്‍ ബഹാദൂറിന്റെ വീരഗാഥ. മീശ മുളക്കാത്ത പയ്യന്മാരുടെ ആ പടയെ നയിച്ചത് ഡെറാഡൂണ്‍കാരനായ ബീര്‍. ഭൂപീന്ദര്‍ റാവത്ത്, അമര്‍ ബഹാദൂര്‍, രണ്‍ജിത് ഥാപ്പ, ടിക്കാറാം ഗുരുങ്, ഭോജ് ബഹാദൂര്‍ മല്ല തുടങ്ങി പില്‍ക്കാലത്ത് കൊലകൊമ്പന്മാരായി വളര്‍ന്ന പലരുമുണ്ടായിരുന്നു ആ ടീമില്‍. 

ഇന്ദര്‍ സിംഗിന്റെ ജലന്ധര്‍ ലീഡേഴ്സിനെ 4 - 1 നും, മഗന്‍ സിംഗിന്റെ ആര്‍.എ.സി ബിക്കാനീറിനെ 9 - 1 നും കശാപ്പു ചെയ്ത ഗൂര്‍ഖകള്‍ പ്രബലരായ മോഹന്‍ ബഗാനെയും വെറുതെ വിട്ടില്ല. ജര്‍ണയില്‍ സിംഗും ചന്ദേശ്വര്‍ പ്രസാദും കണ്ണനും അരുമ നായകവും കളിച്ച ബഗാനെ അട്ടിമറിച്ചത് എതിരില്ലാത്ത രണ്ടു ഗോളിന്. ഫൈനലില്‍ സിഖ് റജിമെന്റല്‍ സെന്ററിനെയും അതേ മാര്‍ജിന് കീഴടക്കി ബീറിന്റെ ടീം. ഡ്യൂറാന്‍ഡിലെ ആ ചരിത്രവിജയത്തിന് പിന്നാലെ ഭൂരിഭാഗം കളിക്കാരും മുംബൈ മഫത്‌ലാലില്‍ ചേക്കേറിയപ്പോള്‍ ബീര്‍ മാത്രം പട്ടാളത്തില്‍ തുടര്‍ന്നു. 1974 വരെ തുടര്‍ച്ചയായി ഇ.എം.ഇക്കും സര്‍വീസസിനും കളിച്ചു. ആ നാളുകളിലാണ് സേട്ട് നാഗ്ജി, ചാക്കോള, ജി.വി രാജ, ശ്രീനാരായണ ടൂര്‍ണ്ണമെന്റുകളിലൂടെ ബീര്‍ മലയാളികളുടെയും മനം കവര്‍ന്നത്.

കളിക്കളത്തില്‍ നിന്ന് വിടവാങ്ങിയശേഷം പട്ടാളത്തില്‍ നിന്ന് കിട്ടുന്ന പെന്‍ഷന്‍ കൊണ്ടായിരുന്നു ജീവിതം. പ്രാരബ്ദങ്ങള്‍ വിടാതെ പിന്തുടര്‍ന്നു തുടങ്ങിയപ്പോള്‍ ജീവിക്കാന്‍ വേണ്ടി പല വേഷങ്ങളും കെട്ടേണ്ടിവന്നു ബീറിന്. അവയിലൊന്നായിരുന്നു പാനിപൂരി വില്‍പ്പനക്കാരന്റെ റോള്‍. ''1974-ല്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം ജോലിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല. പത്തിരുപതു കൊല്ലം പന്തു കളിച്ചു നടന്നത് വെറുതെയായോ എന്ന് തോന്നിപ്പോയ ഘട്ടം. ഒടുവില്‍ തുച്ഛമായ ശമ്പളമുള്ള ഒരു സെക്യൂരിറ്റി ഗാര്‍ഡിനെ ജോലി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു എനിക്ക്'' - ബീറിന്റെ വാക്കുകള്‍.

ഒരു റോഡപകടം വരുത്തിവെച്ച ശാരീരിക അവശതകള്‍, മകളുടെ വിവാഹം ബാക്കിയാക്കിയ ബാധ്യതകള്‍, തലചായ്ക്കാന്‍ ഒരു തുണ്ട് മണ്ണിനു വേണ്ടിയുള്ള അടങ്ങാത്ത മോഹം. എല്ലാം ചേര്‍ന്ന് വേട്ടയാടിത്തുടങ്ങിയപ്പോഴാണ് പാനിപൂരി കച്ചവടത്തെ കുറിച്ച് ആലോചിക്കുന്നത്. അവിടെയും ബീറിനെ വിധി പരീക്ഷിച്ചുകൊണ്ടിരുന്നു. കൈക്കൂലിക്കാരായ പോലീസുകാരുടെയും കോര്‍പ്പറേഷന്‍ അധികൃതരുടെയും രൂപത്തില്‍. ഇടയ്ക്ക് റോഡരികില്‍ ഒരു കടയിട്ടെങ്കിലും, നഗര വികസനത്തിന്റെ പേരു പറഞ്ഞ് കോര്‍പ്പറേഷന്‍കാര്‍ അതും ഭഭതുടച്ചുനീക്കി.'' ശരിക്കും പെരുവഴിയിലായി അതോടെ ബീറും ഭാര്യയും തൊഴില്‍രഹിതരായ മക്കളും.

''എല്ലാം എന്റെ പിഴ. പ്രശസ്തിയുടെ പാരമ്യത്തില്‍ നിന്നപ്പോള്‍ ഞാന്‍ ഭാവിയെ കുറിച്ചോര്‍ത്തില്ല. ഫുട്‌ബോള്‍ ഒരിക്കലും എന്നെ കൈവെടിയില്ല എന്നായിരുന്നു പ്രതീക്ഷ. എല്ലാം തകര്‍ന്നു. ഇന്ന് ഞാന്‍ ഫുട്‌ബോളിനെ വെറുക്കുന്നു'' - ഒരു പരാജിതന്റെ വാക്കുകള്‍. അവസാന നാളുകളില്‍ ബീറിന്റെ രക്ഷക്കെത്തിയത് ഇ.എം.ഇ സെന്റര്‍ തന്നെ. പഴയ ഫുട്‌ബോള്‍ മാന്ത്രികന് ജീവിക്കാന്‍ വേണ്ടി ഒരു കാന്റീന്‍ ഇട്ടുകൊടുക്കാന്‍ സന്മനസ്സ് കാണിച്ചു ഇ.എം.ഇയിലെ പുതിയ തലമുറ. അത്യാവശ്യം ജീവിതം നടത്തിക്കൊണ്ട് പോന്നിരുന്നത് ആ കാന്റീനില്‍ നിന്നുള്ള ചുരുങ്ങിയ വരുമാനത്തില്‍ നിന്നാണ്.

ബീര്‍ ബഹാദൂറിന്റെ കഥ ഇന്ത്യന്‍ ഫുട്ബാളിന്റെ സുവര്‍ണ്ണകാലത്തിന്റെ കൂടി കഥയാണെന്നോര്‍ക്കുക; പന്തുകളിക്ക് വേണ്ടി ജീവിച്ച് ഒടുവില്‍ ജീവിക്കാന്‍ തന്നെ മറന്നുപോയ ഒരു തലമുറയുടെ കഥ...

Content Highlights: Last Whistle for life's play Bir Bahadur paased away, one of the finest footballers of india