ദേശീയ സീനിയര്‍ വനിതാ ഹോക്കിക്ക് ആതിഥേയത്വം വഹിക്കുക വഴി കൊല്ലം സ്റ്റേഡിയം ഒരിക്കല്‍ കൂടി കായിക പ്രേമികളുടെ മനസില്‍ ഇടം തേടുന്നു. രാജ്യാന്തര നിലവാരമുള്ള ഒരു സ്റ്റേഡിയത്തിന്റെ അഭിമാന നിമിഷങ്ങളിലേക്കാണ് ഈ ദേശീയ മത്സരം കൊടിയിറങ്ങാന്‍ പോവുന്നത്. ഇരുപത്തിയെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ഗെംയിസ് കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ 2015 ഫെബ്രുവരിയില്‍ കൊല്ലത്ത് സാക്ഷാത്കരിച്ചതാണ് ഈ സ്റ്റേഡിയം. അതിന്റെ ചരിത്രം ഹോക്കിയുടെ ചരിത്രം പോലെ തന്നെ കയറ്റിറക്കങ്ങളുടേതും കൗതുകങ്ങളുടേതുമാണ്. പരിമിതികളും പരാധീനതകളും ഇനിയുമുണ്ട്. അവ പരിഹരിക്കാനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടി ഈ ദേശീയ മത്സരം മുന്നോട്ട് വെക്കുന്നുണ്ട്.
കേരള ഹോക്കി
കണ്ണൂര്‍ ആണ് കേരളത്തിലെ ഹോക്കിയുടെ ഈറ്റില്ലം. ബ്രിട്ടീഷ് ആര്‍മിയുടെ കണ്ണുര്‍ യൂണിറ്റില്‍ നാട്ടുകാരും കളിക്കാന്‍ തുടങ്ങിയതോടെ അത് തുടങ്ങുന്നു. നാട്ടുകാര്‍ക്ക് അന്ന് ബ്രിട്ടീഷ് ഉദ്യേഗസ്ഥര്‍ക്കൊപ്പം മെസ്സില്‍ പോവാനും അവരോട് ഇടപഴകാനും ഉള്ള ഒരു ചാന്‍സ് ആയിരുന്നു ഹോക്കി തുറന്നുകൊടുത്തത്. കണ്ണൂര്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ ഹോക്കി ചരിത്രം കൊല്ലത്തോടൊപ്പമാണ്. തങ്കശ്ശേരിയിലെ ആംഗ്ളോ ഇന്ത്യന്‍ കമ്മ്യുണിറ്റിയൊടൊപ്പം അത് തുടങ്ങുന്നു. അന്ന തങ്കശ്ശേരി ഒരു പ്രത്യേക ലോകം ആയിരുന്നു. കാവലിനപ്പുറം ഇംഗ്ളീഷ് ലോകം. അവിടെ ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ പോലുള്ളിടങ്ങള്‍ ഹോക്കി താരങ്ങളുടെ വളര്‍ച്ചയ്ക്ക് വിത്തുപാകി. രണ്ട് ഹോക്കി മൈതാനങ്ങള്‍ അവിടെ വേറെയും ഉണ്ടായിരുന്നു. അവിടെ നിന്നും പഠിച്ച് വന്ന കുട്ടികള്‍ ഫാത്തിമ മാതാ കോളേജിനെ സര്‍വ്വകലാശാലാ തലത്തിലും പിന്നെ സംസ്ഥാനതലത്തിലുമെല്ലാം ഹോക്കിയുടെ വിജയഗാഥയ്ക്ക് കൂട്ടായി.
കൊല്ലത്തൊരു സ്റ്റേഡിയം
കേരളത്തിന് സ്വന്തമായൊരു ഹോക്കി സ്റ്റേഡിയം എന്നതൊരു സ്വപ്നമായി കൊണ്ടു നടക്കവെ 87 ല്‍ ദേശീയ ഗെയിംസ് ഇവിടെ വന്നു. അന്ന് മഹാരാജാസ് കോളേജ് മൈതാനത്തിലെ സാധാരണ കളിക്കളത്തില്‍ കളിച്ചാണ് ഹോക്കി ഇവിടെ നടത്തിയത്. വീണ്ടും ഈ ഹോക്കി താരങ്ങളുടെയും പ്രേമികളുടെയും സ്വപ്നം ഉണര്‍ന്നപ്പോള്‍ അവര്‍ സ്ഥലം കണ്ടെത്താന്‍ തീവ്ര പ്രയത്നം തന്നെ നടത്തി. കൊല്ലം ഹോക്കിയുടെ ഇല്ലം എന്ന നിലയില്‍ ഇവിടെ തന്നെ സ്റ്റേഡിയം പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യം അതിനു പിന്നിലുണ്ടായിരുന്നു. ബൈപ്പാസിനരികില്‍ ചാത്തന്നൂര്‍ കെ.എസ്.ആര്‍,ടി. ബസ്സ്റ്റ്ാന്‍ഡിനരികിലും എല്ലാം സ്ഥലം നോക്കിയെങ്കിലും ഒന്നും ശരിയായില്ല. അങ്ങിനെയിരിക്കുമ്പോഴാണ് അഷ്ടമുടിക്കായലോരത്ത് ആശ്രാമത്തെ സ്ഥലം ശ്രദ്ധയില്‍ പെടുന്നത്. തുറമുഖ വകുപ്പിന്റെ സ്ഥലം വനംവകുപ്പ് പാട്ടത്തിനെടുത്ത് അവിടെ തടി ഡിപ്പോയുടെ ഗോഡൗണ്‍ ആക്കിയിരിക്കുകയായിരുന്നു. തുറമുഖ വരുപ്പിനെ പലതവണ ബന്ധപ്പെട്ടപ്പോഴും അവര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അങ്ങിനെയിരിക്കെ ഇടതുമുന്നണി ഭരണത്തിന്‍ കീഴില്‍ കായിക വകുപ്പും തുറമുഖ വകുപ്പും മന്ത്രി വിജയകുമാറിന്റെ കീഴിലായപ്പോഴാണ് കാര്യങ്ങള്‍ സുഗമമായത്. അങ്ങിനെ 30 വര്‍ഷത്തെ പാട്ടത്തിന് സ്ഥലം ഏറ്റെടുത്തു. അങ്ങിനെ 2011 ല്‍ തറക്കല്ലിട്ട് പണി തുടങ്ങി. രാമനാഥന്‍ കമ്പനിയായിരുന്നു കരാറെടുത്തിരുന്നത്. അവരുടെ സാമ്പത്തിക പ്രശ്നം കാരണം ഇടയ്ക്ക് പണി മുടങ്ങി. റീടെണ്ടര്‍ ചെയ്താണ് 2015 ജനവരി 29 ന് രാവിലെയാണ് പണി തീരുന്നത്. 30ന് ദേശീയ ഗെയിംസ് ആരംഭിക്കുകയും ചെയ്തു. നാലര ഏക്കര്‍ സ്ഥലത്ത് ഹോക്കി സ്നേഹികളുെട സ്വപ്നം പൂവണിയുമ്പോള്‍ ചെലവായത്. 17.75കോടി രൂപയായിരുന്നു.
വെള്ളമാണ് പ്രശ്നം
അന്താരാഷ്ട്ര നിലവാരമുള്ള ടര്‍ഫ് ആണ് ഹോക്കി സ്റ്റേഡിയത്തിലേത്. ഇതിന്റെ ഗുണനിലവാരം നിലനിര്‍ത്താന്‍ എന്നും നനയ്ക്കണം അതിന് ശുദ്ധജലവും ആയിരിക്കണം. കായല്‍ അടുത്തായതിനാല്‍ ഇവിടെ കിണര്‍ കുഴിച്ചാല്‍ ഓരുവെള്ളമായിരിക്കും. അത് കൊണ്ട് നനച്ചാല്‍ കളര്‍ മങ്ങും. ഗുണനിലവാരം കുറയും. ചില്‍ഡ്രന്‍സ് പാര്‍ക്കിലെ കിണറ്റില്‍ നിന്നാണ് ഇപ്പോള്‍ വെള്ളം എടുക്കുന്നത്. കറന്റ് ബില്ല് സ്റ്റേഡിയമാണ് അടയ്ക്കുന്നതെങ്കിലും മോട്ടോര്‍ കേടായാല്‍ പണി കിട്ടും. അത് നന്നാക്കാന്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് വിചാരിക്കണം. തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ട്. കഴിഞ്ഞ ദേശീയ ഗെയിംസ് സമയത്ത് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ടര്‍ഫ് നനയ്ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു കുഴല്‍കിണര്‍ കുഴിച്ചെങ്കിലും 400 അടി താഴ്ചയിലെത്തിയപ്പോള്‍ പൈപ്പ് പൊട്ടി കുടുങ്ങി കിടക്കുകയാണ്. ഉപയോഗിക്കാന്‍ പറ്റാത്ത സാഗചര്യത്തില്‍ മൂടിയിരിക്കുകയാണ്. പുതിയ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ഈ വെള്ള പ്രശ്നം പരിഹരിച്ചാലേ സ്്റ്റേഡിയത്തിന്റെ സുഗമമായ പ്രവര്‍ത്തനം സാധ്യമാവൂ
കേരളത്തിലെ ഹോക്കി ഗ്രാമം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന മലയാലപ്പുഴ നേരത്തെ കൊല്ലം ജില്ലയിലായിരുന്നു. ഇപ്പോള്‍ പത്തനംതിട്ടയിലാണ്. അവിടെ രവീന്ദ്രന്‍ മാഷ്് എന്ന കോച്ച് ഒരുപാട് പേരെ ഹോക്കിരംഗത്ത് എത്തിച്ചിട്ടുണ്ട്. ഇവിടെ ഈ ദേശീയ സീനിയര്‍ വനിതാഹോക്കിയില്‍ എസ്.എസ്.ബിയുടെ കമാന്‍ഡര്‍ ഇന്ദു സിദ്ധിഖ് മലയാലപ്പുഴക്കാരിയാണ്്. ടീ ബി ഡിവിഷന്‍ ചാമ്പ്യന്‍ ആയരുന്നു. നിലവില്‍ കോയിക്കല്‍ ഗവ ഹൈസ്‌ക്കൂളിലും ചാത്തന്നൂര്‍ ഗവ ഹയര്‍സെക്കന്ററി സക്കൂളിലും ഇപ്പോള്‍ നല്ല ടീം ആണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ മക്കള്‍ പഠിക്കുന്ന ഈ സ്‌ക്കൂളിലെ കുട്ടികള്‍ക്ക് കൊല്ലം സ്റ്റേഡിയത്തില്‍ പരിശീലനം നല്‍കുന്നുണ്ട്. രവിവര്‍മ്മയാണ് പരിശീലകന്‍.
രാജ്യാന്തര മത്സരങ്ങളെത്താന്‍ ഒരു മൈതാനം കൂടി വേണം
ഇന്ത്യന്‍ ഹോക്കി അസോസിയേഷന്‍ പ്രസിഡണ്ടിന് കഴിഞ്ഞ ദിവസം ഇവിടെ സ്വീകരണം നല്‍കിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാവണമെങ്കില്‍ ഒരു മൈതാനം കൂടി വേണമെന്ന് അദ്ദേഹം പറഞ്ഞു. കളി നടക്കുമ്പോള്‍ മറ്റ് ടീമിനിറങ്ങാനും പരിശീലനത്തിനും അത് അത്യാവശ്യമാണ്. അങ്ങിനെ വന്നാലേ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള ഭൗതികസാഹചര്യം പൂര്‍ണമാവൂ. അതുപോല ഗ്യാലറി പൂര്‍ത്തിയാക്കുക, ഫ്ളഡ്ലിറ്റ് ലൈറ്റ് സ്ഥാപിക്കുക ഫെന്‍സിങ് പൊട്ടിയത് ശരിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ നിലവിലുള്ള സ്റ്റേഡിയത്തിന് ചെയ്യാനുള്ള കാര്യങ്ങളാണ്. തമിഴ്നാട്ടിലും കര്‍ണാടകയിലും സമീപ സംസ്ഥാനങ്ങളിലെല്ലാം മൂന്നും നാലുമിടത്ത് ഇത്തരം സ്റ്റേഡിയം ഉണ്ട്. കേരളത്തില്‍ മാത്രമാണ് ഒരെണ്ണം ഉള്ളത്.
സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണം
അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയവും അടിസ്ഥാനസൗകര്യങ്ങളും ഉണ്ടായാല്‍ പോര അത് ഉപയോഗപ്പെടുത്താനുള്ള സംവിധാനവും സ്പോര്‍ട്സ അതോറിറ്റികളുടെ ഭാഗത്തു നിന്നും ഉണ്ടാവണം. ആതിഥേയരായ കേരളാ ടീമിന്റെ പ്രകടനം അതിന് അടിവരയിടുന്നുണ്ട്. കളിക്കാരുടെ തിരഞ്ഞെടുപ്പിലോ അവര്‍ക്ക നല്‍കുന്ന പരിശീലനത്തിനോ എവിടെയൊ പാളിച്ച സംഭവിക്കുന്നുണ്ട്. തോല്‍മാട്ടിയുടെ കീഴില്‍ ഇവര്‍ക്ക് ബെംഗളൂരുവിലാണ് ഇത്തവണ പരിശീലനം നല്‍കിയത്. പത്തോ ഇരുപതോ ദിവസം ഇങ്ങിനെയൊരു പരിശീലനം നല്‍കുന്നതിനു പകരം ഈ മൈതാനത്ത് തന്നെ പരിശീലനം നല്‍കിയിരുന്നെങ്കില്‍ അത് ഗുണകരമാവുമെന്ന് ഹോക്കി താരങ്ങള്‍ തന്നെ ചൂണ്ടികാണിക്കുന്നുണ്ട്. മസിലുകളുടെ ബലവും കളിക്കളത്തിലെ വേഗവും എല്ലാം സ്ഥിര പരിശീലനവേദിയില്‍ നിന്നു കിട്ടുന്നതാണ് കളിക്കളത്തിലെ പ്രകടനത്തിന് ഗുണകരമാവുക.
ധ്യാന്‍ചന്ദിന്റെ ഓര്‍മ്മകള്‍
ആട്ടിടയന്‍മാര്‍ വിശ്രമസമയത്തെ അവരുടെ കയ്യിലെ വളഞ്ഞ വടികൊണ്ട് തലയോട്ടി തട്ടികളിച്ചു തുടങ്ങിയ ഹോക്കി വളരെ കാലത്തെ പഴക്കവും ചരിത്രവും ഉള്ള കായിക വിനോദമാണ്. ബ്രിട്ടീഷുകാരിലൂടെയാണ് ഇന്ത്യയില്‍ എത്തിയത്. ഗുസ്തിക്കാരനായിരുന്ന ധ്യാന്‍ചന്ദ് ഈ കളിക്കളത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ഇതിഹാസമായി മാറുകയും ചെയ്ത ചരിത്ര പാരമ്പര്യം നമുക്കുണ്ട്. 1924ലെ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ഇവിടെ നിന്നും കപ്പല്‍ മാര്‍ഗമായിരുന്നു അന്നത്തെ ടീം പോയത്. 300 ബോളുകളും കൊണ്ട് കപ്പലില്‍ പോയ ടീം വഴിക്ക് തുറമുഖങ്ങളില്‍ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്ത് കാശ് ഉണ്ടാക്കിയാണ് വട്ടചെലവിന് ഒപ്പിച്ചത്. അന്ന് സ്വര്‍ണം കൊയ്ത തിരിച്ചെത്തിയത് ഇന്ത്യന്‍ കായികരംഗത്തിന്റെ ചരിത്രത്തിലെ തങ്കലിപികളില്‍ എഴുതിയതാണ്. അതിനു ശേഷം 32 ലെ ഒളിമ്പിക്സില്‍ ജെര്‍മ്മനിയെ ഒന്നിനെതിരെ എട്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതും തിളങ്ങുന്ന അധ്യായമാണ്. അന്ന കളികണ്ട ഹിറ്റ്ലര്‍ ധ്്യാന്‍ചന്ദിനെ ജെന്‍മ്മനിയിലെ സ്പോര്‍ട് ബ്രാന്‍ഡ് അംബാസിഡര് ആവാന്‍ ക്ഷണിച്ചതും, അദ്ദേഹം അത് വേണ്ടെന്നു വെച്ചതും ചരിത്രം. ഗെയിംസ് നടക്കുമ്പോള്‍ ധ്യാന്‍ചന്ദ് പ്ളാസ എന്നായിരുന്നു ഈ സ്റ്റേഡിയത്തിന് പേരിട്ടിരുന്നത്. അദ്ദേഹത്തിന്റെ ഒരു ഛായചിത്രം സ്റ്റേഡിയത്തില്‍ ഓര്‍മ്മകള്‍ ഉണര്‍ത്തി നില്‍പ്പുണ്ട്. കൊല്ലം ന്യൂഹോക്കി സ്റ്റേഡിയം എന്നാണ് പേര്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലാണ് സ്റ്റേഡിയം. മുന്‍ ഹോക്കിതാരം ബിമല്‍ജിത്തിനാണ് ഇപ്പോള്‍ സ്റ്റേഡിയത്തിന്റെ ചാര്‍ജ്.
Content Highlights: Kollam Stadium, National Senior Women's Hockey Championship