ഫിഫ ക്ലാസിക്കല്‍ പട്ടികയില്‍പ്പെടുത്തിയ പോരാട്ടം, 99 വര്‍ഷം കൊണ്ടും കൊടുത്തുമുണ്ടാക്കിയ ചരിത്രം. ഒരു ലക്ഷത്തിലധികം കാണികളുടെ സമ്പന്നത. അങ്ങനെ പലതുകൊണ്ടും ലോക ക്ലബ്ബ് ഫുട്‌ബോളില്‍ തന്നെ ചരിത്രമായ ഫുട്‌ബോള്‍ വൈരം ആളും ആഘോഷവും വീറുമില്ലാതെ മെല്ലെ മാഞ്ഞുപോകുന്നു. കോവിഡ്-19 വ്യാപനത്തോടെ ഐ ലീഗ് ഫുട്‌ബോളിലെ ബാക്കി മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടതോടെ ഫുട്‌ബോളില്‍ അടയാളപ്പെടുത്തേണ്ട അവസാനത്തെ കൊല്‍ക്കത്ത നാട്ടങ്കവും (ഡര്‍ബി) ഇല്ലാതായി. ബാക്കിയാകുന്നത് മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും പരസ്പ്പരം കളിച്ചുണ്ടാക്കിയ കളിയോര്‍മകള്‍ മാത്രം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ എ.ടി.കെയുമായി മോഹന്‍ ബഗാന്‍ ലയിച്ചതോടെയാണ് നാട്ടങ്കം ഇല്ലാതാകുന്നത്. ബഗാന്‍ പുതിയ ക്ലബ്ബായി സൂപ്പര്‍ ലീഗില്‍ കളിക്കുമ്പോള്‍ എതിരാളികളായ ഈസ്റ്റ് ബംഗാള്‍ ഐ ലീഗില്‍ തുടരും. ഇനി പഴയ പോലെ ബഗാനും ഈസ്റ്റ് ബംഗാളുമായി അവര്‍ക്ക് കൊല്‍ക്കത്തയില്‍ കളിക്കാന്‍ കഴിയില്ല.

കഴിഞ്ഞ മാര്‍ച്ച് 15-നാണ് ഐ ലീഗില്‍ ബഗാന്‍- ഈസ്റ്റ് ബംഗാള്‍ പോരാട്ടം നിശ്ചയിച്ചിരുന്നത്. അപ്പോഴേക്കും കോവിഡ് വ്യാപനം വന്നതോടെ  കളി മാറ്റിവെച്ചു. കഴിഞ്ഞ ദിവസം ലീഗിലെ ബാക്കിയുള്ള 28 കളികളും ഉപേക്ഷിക്കുന്ന കൂട്ടത്തില്‍ കൊല്‍ക്കത്ത നാട്ടങ്കവും ഉള്‍പ്പെട്ടു. ഐ ലീഗിന് ശേഷം ഇരുടീമുകളും പരസ്പ്പരം കളിക്കാനില്ലാത്തതുകൊണ്ട് ഈ മത്സരമാണ്  ചരിത്രത്തില്‍ അവസാന കൊല്‍ക്കത്ത നാട്ടങ്കമായി ഇടം പിടിക്കേണ്ടിയിരുന്നത്.  ഇനി ആ സ്ഥാനം കഴിഞ്ഞ ജനുവരി 20-ന് നടന്ന  ഐ ലീഗിലെ മത്സരത്തിനായി.

Kolkata Derby in memory East Bengal and Mohun Bagan

ആദ്യവും അവസാനവും ബഗാന്‍

ഫിഫയുടെ ക്ലാസിക്കല്‍ നാട്ടങ്കങ്ങളുടെ പട്ടികയില്‍പ്പെടുത്തിയതാണ് കൊല്‍ക്കത്ത ടീമുകളുടെ പോരാട്ടവും. വൈകാരികമായ അന്തരീക്ഷത്തിലല്ലാതെ ഇരുടീമുകളുടേയും ഒരുമത്സരവും നടന്നിട്ടില്ല. ആരാധകരുടെ ഏറ്റുമുട്ടലും ഗ്രൗണ്ട് കയ്യേറലും മത്സരം മാറ്റിവെക്കലുമൊക്കെ ഒരുപാട് തവണ കൊല്‍ക്കത്ത നഗരം കണ്ടു.

നഗരവൈരികളുടെ പോരാട്ടങ്ങളെല്ലാം കളിമുദ്രകള്‍ ചാര്‍ത്തിയാണ് കടന്നുപോയത്. ആരാധകര്‍ക്ക് ഓരോ കളിയും ഓരോ യുദ്ധങ്ങളായിരുന്നു. കളിക്കളത്തില്‍ ചോരയൊലിപ്പച്ചവര്‍ അവര്‍ക്ക് യോദ്ധാളായി. ഗോള്‍ നേടിയവരില്‍ അവര്‍ വീരകഥകള്‍ മെനഞ്ഞു. എതിര്‍ ടീമിന്റെ വലയില്‍ വീണ ഓരോ ഗോളും ഓര്‍മയിലെ മാഞ്ഞുപോകാത്ത ചിത്രങ്ങളായി. ബംഗാളി ഭാഷയില്‍ ബോറോ മാച്ച് (വലിയ മത്സരം) എന്നവര്‍ അതിനെ വിശേഷിപ്പിച്ചു.

1921-ല്‍ നടന്ന ആദ്യ നാട്ടങ്കത്തില്‍ ഇരുടീമുകളും ഗോളടിക്കാതെ സമനിലയില്‍ പിരിഞ്ഞു. കൂച്ച് ബീഹാര്‍ ട്രോഫിയിലായിരുന്നു ആദ്യ കളി. എന്നാല്‍ സെമിഫൈനലില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം ബഗാനൊപ്പമായി. 3-0 ത്തിനാണ് ടീം ജയം സ്വന്തം പേരിലാക്കിയത്. റബി ഗാംഗുലി, പാല്‍ത്തു ദാസ്ഗുപ്ത, അഭിലാഷ് ഘോഷ് എന്നിവര്‍ ബഗാനായി ഗോള്‍ നേടി. എന്നാല്‍ കൊല്‍ക്കത്ത ലീഗിലെ ആദ്യ ജയം ഈസ്റ്റ് ബംഗാളിനായിരുന്നു. നേപാള്‍ ചക്രവര്‍ത്തിയുടെ ഏക ഗോളിനായിരുന്നു ജയം. 1925 മേയ് 28-നാണ് കളി നടന്നത്. ചരിത്രത്തിലെ ആദ്യ ജയം സ്വന്തമാക്കിയ ബഗാന്‍ മറ്റൊരു വിജയത്തോടെ നാട്ടങ്കത്തിന് തിരശ്ശീലയിട്ടു.  നടപ്പുസീസണിലെ ഐ ലീഗ് മത്സരത്തില്‍ 2-1 ത്തിനാണ് ബഗാന്‍ ജയിച്ചുകയറിയത്. ജോസഫെ ബെയ്റ്റിയ, ബാബ ദിയാവാര എന്നിവര്‍ ബഗാനായും എഡ്മുണ്ട് ലാല്‍റിന്‍ഡിക ഈസ്റ്റ് ബംഗാളിനായും സ്‌കോര്‍ ചെയ്തു.

ജയത്തിലും കിരീടത്തിലും ഈസ്റ്റ് ബംഗാള്‍

അനൗദ്യോഗിക കണക്ക് പ്രകാരം 353 മത്സരങ്ങളിലാണ് ഇരുടീമുകളും നേര്‍ക്കുനേര്‍വന്നത്. ഇതില്‍ 127 കളിയില്‍ ഈസ്റ്റ് ബംഗാള്‍ ജയിച്ചപ്പോള്‍ ബഗാന്‍ 111 എണ്ണത്തില്‍ വിജയം കണ്ടു. 115 കളി സമനിലയിലായി. പ്രദര്‍ശനമത്സരങ്ങളില്‍ ബഗാന് ഒമ്പത് ജയവും ഈസ്റ്റ് ബംഗാളിന് രണ്ട് ജയവുമുണ്ട്. ഏഴ് കളി സമനിലയിലായി.

ദേശീയ ലീഗിലും ഐ ലീഗിലുമായി ഇരുടീമുകളും 45 മത്സരം കളിച്ചപ്പോള്‍ 17-ല്‍ ഈസ്റ്റ് ബംഗാളും 15 എണ്ണത്തില്‍ ബഗാനും ജയിച്ചു. ബാക്കി സമനിലയായി. കൊല്‍ക്കത്ത ലീഗില്‍ 160 തവണയാണ് ബഗാനും ഈസ്റ്റ് ബംഗാളും നേര്‍ക്കുനേര്‍ വന്നത്. 53 ജയം ഈസ്റ്റ് ബംഗാളിനും 47-ല്‍ ബഗാനും ജയം നേടി.

Kolkata Derby in memory East Bengal and Mohun Bagan

പ്രധാന കിരീടങ്ങളുടെ കാര്യത്തിലും ഈസ്റ്റ് ബംഗാളിന് മുന്‍തൂക്കമുണ്ട്. ഈസ്റ്റ് ബംഗാള്‍ 133 കിരീടങ്ങളും ബഗാന്‍ 132 എണ്ണവും നേടി. എന്നാല്‍ ദേശീയ/ ഐ ലീഗില്‍ ബഗാനാണ് നേട്ടം. അഞ്ച് തവണ ബഗാന്‍ ചാമ്പ്യന്‍മാരായപ്പോള്‍ ബംഗാളിന് മൂന്ന് തവണയാണ് കപ്പില്‍ മുത്തമിടാന്‍ കഴിഞ്ഞത്. ഇതില്‍ തന്നെ ഐ ലീഗില്‍ ബഗാന്‍ രണ്ട് തവണ കിരീടം നേടിയപ്പോള്‍ ഈസ്റ്റ് ബംഗാളിനത് സാധിച്ചിട്ടില്ല. ഇത്തവണ ബഗാന് കിരീടം നേടിയത്. ബഗാന്‍ ഫെഡറേഷന്‍ കപ്പ് 14 തവണയും കൊല്‍ക്കത്ത ലീഗ് 30 തവണയും നേടി. ഈസ്റ്റ് ബംഗാള്‍ എട്ട് തവണ ഫെഡറേഷന്‍ കപ്പില്‍ മുത്തമിട്ടു. 39 തവണ കൊല്‍ക്കത്ത ലീഗും നേടി.

ഇല്ലാതാകുന്ന വൈരം

ഈഡന്‍ ഗാര്‍ഡന്‍സിനും സാള്‍ട്ട്‌ലേക്കിലുമൊക്കെയായി നിറഞ്ഞുപൊന്തിയ ഫുട്‌ബോള്‍ വൈരമാണ് ലയിച്ചില്ലാതാകുന്നത്. 1889-ല്‍ സ്ഥാപിതമായ ബഗാനും 1920-ല്‍ പിറന്നു വീണ ഈസ്റ്റ് ബംഗാളും 99 വര്‍ഷമായി പന്തില്‍ നിറച്ച ആവേശമാണ് പൊടുന്നനെ ഇല്ലാതാകുന്നത്.

ഒരു ലക്ഷം കാണികളുടെ സമ്പന്നതയില്‍ നടന്ന മത്സരങ്ങള്‍ക്ക് ഒരു പക്ഷേ തുടര്‍ച്ചയുണ്ടായേക്കാം. എന്നാല്‍ നാട്ടങ്കം സിരകളിലൊഴുക്കുന്ന ലഹരിയും അതിലെ വിജയോന്മാദവും മറ്റൊരു കളിക്കും കിട്ടില്ലെന്ന്് ഇരുടീമുകളുടേയും ആരാധകര്‍ക്കറിയാം. സൂപ്പര്‍ ലീഗിലേക്ക് ഈസ്റ്റ് ബംഗാള്‍ കയറിവന്നാല്‍ മറ്റൊരു നാട്ടങ്കം കൊല്‍ക്കത്തയില്‍ രൂപപ്പെട്ടേക്കാം. ശൈലന്‍ മന്ന, ചുനി ഗോസാമി മനാസ് ഭട്ടാചാര്യ, അശോക് ചാറ്റര്‍ജി, സുഭാഷ് ഭൗമിക്, ശ്യാം ഥാപ്പ, സമീര്‍ ബാനര്‍ജി, വി.പി സത്യന്‍,ഐ.എം വിജയന്‍. ബൈച്ചുങ് ബൂട്ടിയ, സുനില്‍ ഛേത്രി... നാട്ടങ്കങ്ങളെ കൊഴുപ്പിച്ച സൂപ്പര്‍താരങ്ങളുടെ വലിയൊരുപട്ടികയുണ്ട്. അതും ഇനി ചരിത്രത്തിന്റെ ഭാഗമാകും.

കൊല്‍ക്കത്ത നാട്ടങ്കത്തിന് അതിന്റേതായ പാരമ്പര്യവും രാഷ്ട്രീയവും സംസ്‌ക്കാരവുമുണ്ട്. അതുകൂടിയാണ് ഇല്ലാതാകുന്നത്. എ.ടി.കെ - മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും തമ്മില്‍ കൊല്‍ക്കത്തയില്‍ കളിക്കുമ്പോള്‍ പഴയ ചൂടും ചൂരുമൊന്നും ഉണ്ടാകാനിടയില്ല. കോര്‍പ്പറേറ്റ് പോരാട്ടങ്ങളുടെ പുത്തന്‍പ്രതലത്തിലാകും അവരുടെ കളി.

Content Highlights: Kolkata Derby in memory East Bengal and Mohun Bagan