photo: AFP
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ രണ്ടാം ദിനവും ഒരു ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തിന്റെ ആവേശം മുഴുവന്‍ തല്ലിക്കെടുത്താന്‍ പോന്ന കാര്‍മേഘങ്ങള്‍ ആകാശത്ത് ഉരുണ്ടുകൂടിയിരുന്നു. ആ ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്നതായിരുന്നു കൊളംബോയിലെ കാഴ്ചകള്‍. രാവിലെ ശാന്തമായ കാലാവസ്ഥയായിരുന്നു. എന്നിരുന്നാലും കളി തുടങ്ങുമ്പോള്‍ രൂപവും ഭാവവും മാറി. പിന്നേയും മണിക്കൂറുകള്‍ വൈകി. എന്നിരുന്നാലും മഴ മാറി മാനം തെളിഞ്ഞതോടെ ആശങ്കകള്‍ക്കൊക്കെ താത്കാലിക വിരാമം. അതുവരെ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ മാറിയെങ്കിലും സ്റ്റേഡിയത്തില്‍ മഴ പെയ്തു. തകര്‍പ്പനൊരു റണ്‍മഴ. സാക്ഷാല്‍ കോലിയും രാഹുലും ഒരുമിച്ചു നിന്ന് തീര്‍ത്ത വെടിക്കെട്ടില്‍ നിറഞ്ഞൊഴുകിയ മഴ. ആ മഴയില്‍ അടുത്തിടെ ഉയര്‍ന്നുവന്ന മറ്റൊരു ചോദ്യത്തിനും ആശങ്കകള്‍ക്കും കൂടിയാണ് ഉത്തരമായത്. പരിക്കില്‍ നിന്ന് തിരിച്ചുവന്ന ലോകേഷ് രാഹുലിന് എത്രത്തോളം മികച്ചുനില്‍ക്കാനാവുമെന്ന ചോദ്യവും അതിനേക്കാള്‍ രൂക്ഷമായി ഉയര്‍ന്ന വിമര്‍ശനങ്ങളും. പ്രേമദാസസ്റ്റേഡിയത്തിന് ഒത്തനടുവില്‍ ഒന്നാം നമ്പര്‍ കുപ്പായവുമണിഞ്ഞ് കൈകളുയര്‍ത്തി അയാള്‍ എല്ലാത്തിനും മറുപടി നല്‍കി.
പാകിസ്താനെതിരേ റിസര്‍വ് ദിനമായ രണ്ടാം ദിനത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 എന്ന നിലയിലായിരുന്നു ഇന്ത്യ. ആദ്യ ദിനത്തില്‍ രോഹിത്തിന്റേയും ഗില്ലിന്റേയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 24.1 ഓവറിലാണ് കോലിയും രാഹുലും ഇന്നിങ്‌സ് ആരംഭിച്ചത്. ആദ്യ ദിനം ഓപ്പണര്‍മാര്‍ നല്‍കിയ കരുത്തുറ്റ തുടക്കം തുടരാനാവുമോ എന്ന ആശങ്ക ഇന്ത്യയ്ക്കുണ്ടായിരുന്നു. കാരണം കെഎല്‍ രാഹുലിന്റെ തിരിച്ചുവരവായിരുന്നു. പരിക്കേറ്റ് പുറത്തായ രാഹുല്‍ തിരിച്ചുവരവില്‍ എത്രത്തോളം ശോഭിക്കുമെന്ന കാത്തിരിപ്പിലായിരുന്നു എല്ലാവരും. ആദ്യ ദിനം 17 റണ്‍സാണ് രാഹുല്‍ കണ്ടെത്തിയത്. എന്നാല്‍ രണ്ടാം ദിനം അയാള്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റേന്തി തുടങ്ങി. യാതൊരു സംശയങ്ങള്‍ക്കും ഇടംനല്‍കാതെ ലോകേഷ് രാഹുല്‍ തകര്‍പ്പന്‍ ബാറ്റിങ്ങ് പുറത്തെടുത്തു. മഴമാറാന്‍ കാത്തിരുന്നവര്‍ക്കെല്ലാം അയാള്‍ വിരുന്നൊരുക്കി. എന്തുകൊണ്ട് തന്നെ ടീമിലെടുത്തുവെന്നതിന് അയാള്‍ തന്നെ വിശദീകരണം നല്‍കി. പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് കെഎല്‍ രാഹുല്‍ സെഞ്ചുറിയോടെ തലയുയര്‍ത്തി നിന്നു.
തിരിച്ചുവരവിന് താന്‍ ആവേശത്താേടെ കാത്തിരിക്കുന്നുവെന്നതായിരുന്നു രാഹുല്‍ മത്സരത്തിന് മുമ്പ് നല്‍കിയ മറുപടി. ബിസിസിഐ പുറത്തുവിട്ട അഭിമുഖത്തിലാണ് താരം നീലക്കുപ്പായത്തില്‍ മൈതാനത്തിറങ്ങുന്നതിലുള്ള സന്തോഷം പ്രകടമാക്കിയത്.
' ഞാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. ടീമിനൊപ്പം തിരിച്ചുവരാന്‍ സാധിച്ചതില്‍ സന്തോഷവാനാണ്. കുറച്ചുകാലമായി കളിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തിരിച്ചുവന്നതില്‍ ആഹ്ലാദമുണ്ട്. ഷെഡ്യൂള്‍ പ്രകാരം കാര്യങ്ങള്‍ ചെയ്തതോടെ ഞാന്‍ ഏറെ സന്തോഷവാനാണ്.- രാഹുല്‍ ഇങ്ങനെയാണ് തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞത്.
യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ ആവേശവും ആഹ്ലാദവുമെല്ലാം പ്രതിഫലിച്ച ഇന്നിങ്‌സ് കൂടിയായിരുന്നു പാകിസ്താനെതിരായത്. രണ്ടാം ദിനം തുടക്കത്തില്‍ പതിയെ പതിയെ സ്‌കോറുയര്‍ത്താനാണ് താരം ശ്രമിച്ചത്. കോലിയുമൊത്ത് റണ്‍സ് ഉയര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ പിന്നാലെ രാഹുല്‍ ബാറ്റിങ് ശൈലിയില്‍ മാറ്റം കൊണ്ടുവന്നു. ആക്രമോത്സുകത മുഖമുദ്രയാക്കിയാണ് പിന്നീട് 35-ാം ഓവറിന് ശേഷം അയാള്‍ ബാറ്റേന്തിയത്. പേസ് ബൗളര്‍മാരേയും സ്പിന്‍ ബൗളര്‍മാരേയും കൃത്യമായി മനസ്സിലാക്കിയാണ് രാഹുല്‍ റണ്‍സ് കണ്ടെത്തിയത്. ഷഹിന്‍ അഫ്രീദി, നസീം ഷാ, ഫഹീം അഷ്‌റഫ് എന്നിവരുടെ പേസും സ്വിങ്ങും മനസ്സിലാക്കി കൃത്യമായ ടൈമിങ്ങോടെയായിരുന്നു ബാറ്റിങ്. സ്പിന്‍ ബൗളര്‍മാരെ സ്വീപ് ഷോട്ടിലൂടെയാണ് താരം പ്രപഹരിച്ചത്. അമ്പത് റണ്‍സ് കടന്നതോടെ പിന്നേയും വേഗം കൂട്ടി. മറുവശത്ത് കോലിയും വെടിക്കെട്ട് തുടങ്ങിയതോടെ അതിനനുസരിച്ച് സ്‌ട്രൈക്ക് കൈമാറിയാണ് രാഹുല്‍ കളിച്ചത്. അത്തരത്തില്‍ ഒരു പെര്‍ഫക്ട് നാലാം നമ്പറുടെ റോളില്‍ അതിഗംഭീരമായിരുന്നു കെഎല്‍ രാഹുല്‍. ഒടുക്കം 106 പന്തില്‍ നിന്ന് 111 റണ്‍സെടുത്ത് രാഹുല്‍ പുറത്താവാതെ നിന്നു.

ഇന്ത്യയെ നാളുകളായി അലട്ടിക്കൊണ്ടേയിരിക്കുന്നത് ബാറ്റിങ് ഓര്‍ഡറാണ്. കൃത്യമായ മധ്യനിര ബാറ്റര്‍മാരുടെ അഭാവമാണ് പല മത്സരങ്ങളിലും കൂറ്റന്‍ റണ്‍സ് ഉയര്‍ത്തുന്നതില്‍ നിന്ന് ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചത്. മികച്ചൊരു നാലാം നമ്പര്‍ ബാറ്റര്‍ ഇല്ലെന്ന വസ്തുതയാണ് ബിസിസിഐ യേയും കുഴക്കിയത്. എന്നാല്‍ ശ്രേയസ്സ് അയ്യര്‍ തിരിച്ചുവന്നത് ആ വിടവ് നികത്തുമെന്ന വിശ്വാസത്തിലായിരുന്നു ഏവരും. ശ്രേയസ് അയ്യര്‍ പരിക്കില്‍ നിന്ന് മുക്തമാവാത്തതും ഏഷ്യാ കപ്പില്‍ കളിച്ച മത്സരങ്ങളില്‍ പരാജയമായതും വീണ്ടും കുഴക്കിയിരുന്നു. എന്നാല്‍ അയ്യരുടെ അഭാവത്തില്‍ നാലാം നമ്പര്‍ റോളില്‍ തിരിച്ചു വന്ന അതേ മത്സരത്തില്‍ തന്നെ ഗംഭീരമാക്കിയത് ഇന്ത്യയ്ക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. ഓപ്പണര്‍ റോളടക്കം ഏത് പൊസിഷനിലും മുതല്‍ കൂട്ടായി താനുണ്ടെന്ന പ്രഖ്യാപനം കൂടിയായിരുന്നു കൊളംബോയിലേത്.
രാഹുലിന്റെ അഭാവത്തിലാണ് ബിസിസിഐ ടീം സെലക്ഷനില്‍ കുഴങ്ങിയത്. മധ്യ നിരയില്‍ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരണുള്ളത്. എന്നാല്‍ മധ്യനിരയില്‍ ഇഷാന് എത്രത്തോളം മികവുറ്റ പ്രകടനത്തിന് സാധിക്കുമെന്നതായിരുന്നു പ്രശ്‌നം. അതോ സമയം ഇഷാന്‍ ഓപ്പണര്‍ റോളില്‍ ഗംഭീരമായിരുന്നു. നാലാം നമ്പറില്‍ ശ്രേയസ് ശോഭിക്കുമെന്ന് കരുതിയാണ് ടീമിനെ ഇറക്കിയത്. ഏഷ്യാകപ്പിലെ ആദ്യ രണ്ട് മത്സരത്തിലും രാഹുല്‍ കളിക്കില്ലെന്ന് ടീം നേരത്തേ അറിയിച്ചിരുന്നു. രാഹുല്‍ തിരിച്ചുവന്നതോടെ റിസര്‍വ് താരമായ സഞ്ജുവും മടങ്ങി. ഇപ്പോള്‍ ബിസിസിഐ വീണ്ടും കുഴങ്ങുമെന്നുറപ്പ്. അത് പക്ഷേ കെഎല്‍ രാഹുലിന്റെ പ്രകടനം കണ്ടിട്ടാകും. കാരണം ശ്രേയസ് അയ്യറെ ഇനി ഏത് പൊസിഷനില്‍ ഇറക്കുമെന്നാലോചിച്ചിട്ടാകും. വിക്കറ്റ് കീപ്പറായി ഇഷാനെ ടീമിലെടുക്കേണ്ടതില്ല. പക്ഷേ ബാറ്റിങ്ങില്‍ അയ്യരോ ഇഷാനോ എന്നതാകും അലട്ടുന്ന പ്രശ്‌നം. നാലാം നമ്പറില്‍ രാഹുല്‍ ഇത്രയും മികച്ച രീതിയില്‍ രാഹുല്‍ ബാറ്റേന്തുമെന്ന് ആരും പ്രതീക്ഷിച്ചിട്ടില്ലല്ലോ.
രാഹുല്‍ അവസാനമായി മൈതാനത്തിറങ്ങിയത് ഐപിഎല്ലിലാണ്. ലഖ്‌നൗവിനു വേണ്ടിയിറങ്ങിയ രാഹുല്‍ പരിക്കേറ്റിട്ടും അവസാനമായി ഇറങ്ങിയാണ് മൈതാനം വിട്ടത്. ആര്‍സിബി ഉയര്‍ത്തിയ 127 റണ്‍സെന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം ലഖ്‌നൗവിന് വിലങ്ങുതടിയായി. തുടക്കത്തില്‍ തന്നെ പതറിയ ലഖ്‌നൗ 108 റണ്‍സിന് ഓള്‍ഓട്ടായി. എന്നാല്‍ പരിക്കേറ്റിട്ടും അവസാനബാറ്ററായി കളത്തിലിറങ്ങാന്‍ രാഹുല്‍ കാണിച്ച മനസ് ഏവരുടേയും കയ്യടിനേടി. ആ പോരാട്ട വീര്യത്തില്‍ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. ഏത് പൊസിഷനിലും അനായാസം ബാറ്റിങ്ങിനിറങ്ങാന്‍ കെല്‍പ്പുള്ള താരം. ഓപ്പണറുടെ റോളില്‍ രാഹുല്‍ പണ്ടേ ശോഭിച്ചതാണ്. മധ്യനിരയിലും ടീമിന്റെ ഭാരങ്ങളത്രയും ചുമലിലേറ്റി കളിക്കാന്‍ രാഹുലുണ്ടെന്നുറപ്പ്. അത് നാലാം നമ്പറായാലും അഞ്ചായാലും അയാള്‍ക്ക് അവ്യക്തതകളുണ്ടാകില്ല. എങ്ങനെ ബാറ്റേന്തേണമെന്നതിനെ സംബന്ധിച്ച് ആശങ്കകളുമില്ല.
ഏഷ്യാകപ്പില്‍ മാത്രമല്ല ലോകകപ്പിലും ആ പ്രതീക്ഷയുടെ ഓരം ചേര്‍ന്നുതന്നെയായിരിക്കും ഇന്ത്യയിറങ്ങുക. ടീമില്‍ സഞ്ജുവിനെ പുറത്താക്കി വിക്കറ്റ് കീപ്പര്‍ ബാറ്ററായി രാഹുലിനെ ടീമിലെടുത്തതെന്തെിനെന്ന് ചോദ്യമൊരുപാട് ഉയര്‍ന്നിരുന്നു. പരിക്കേറ്റ രാഹുലിനെ എങ്ങനെയാണ് ഇത്രയും ആത്മവിശ്വാസത്തോടെ പരിഗണിക്കുക. അയാള്‍ ഇനിയും തെളിയിക്കേണ്ടില്ലേ. തിരിച്ചുവരവിനൊരുങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ അയാള്‍ അവരോടെല്ലാം പറഞ്ഞുവെച്ചു. മൂന്നക്കം കടന്ന് ബാറ്റ് ആകാശത്തേക്കുയര്‍ത്തിക്കൊണ്ട്. വിശ്വപോരാട്ടത്തില്‍ ടീമിന്റെ നെടുംതൂണായി താനുണ്ടെന്ന്. അതേ കാനനൂര്‍ ലോകേഷ് രാഹുല്‍.
Content Highlights: KL Rahul brings up his century on India return vs Pakistan
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..