കൗമാര കായികതാരങ്ങളില്‍ പുതിയ പ്രതീക്ഷകള്‍ ഉയരുകയാണ്. പ്രഥമ ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ ഗെയിംസ് 31 മുതല്‍ ഫെബ്രുവരി എട്ടു വരെ ന്യൂഡല്‍ഹിയില്‍ നടക്കും. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഉള്ള കായികപ്രതിഭകളെ കണ്ടെത്തണമെന്ന ലക്ഷ്യത്തോടെ ദേശീയ സ്‌ക്കൂള്‍, കോളജ് കായികമേളകള്‍ നടത്തുന്നത്. ''രാജ്യത്തെ യുവത്വത്തിന് കഴിവു തെളിയിക്കാന്‍ വേദിയൊരുങ്ങണം''. ഒളിംപിക് വെള്ളി മെഡല്‍ ജേതാവുകൂടിയായ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് രാത്തോഡ് പറഞ്ഞു. ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍, കോളേജ് കായികമേളകളില്‍ നിന്ന് ഓരോ വര്‍ഷവും 1000 താരങ്ങളെ തിരഞ്ഞെടുക്കും.

ആയിരം കായികതാരങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുവാനാണ് പരിപാടി. അഞ്ചുവര്‍ഷംകൊണ്ട് 5000പേര്‍ക്കു സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഓരോ വര്‍ഷവും പ്രകടനം നിരീക്ഷിച്ചായിരിക്കും തുടര്‍സഹായം.

1756 കോടിരൂപ ചെലവിടുന്ന മത്സരങ്ങള്‍ രാജ്യാന്തര നിലവാരത്തിലാണു നടത്തുന്നത്. ഇതൊരു വാര്‍ഷിക പരിപടിയായിരിക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും. ഏഷ്യന്‍ ഗെയിംസോ പാന്‍ അമേരിക്കന്‍ ഗെയിംസോ പോലെ വലിയ ഒരുക്കങ്ങളോടെയായിരിക്കും മേളകള്‍. 

ഖേലോ ഇന്ത്യ ദേശീയ സ്‌ക്കൂള്‍ ഗെയിംസില്‍ 16 ഇനങ്ങളിലാണ് മത്സരം. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍,ഖോ-ഖോ, ഭാരാദ്വഹനം, ആര്‍ച്ചറി, ബാഡ്മിന്റന്‍, ബാസ്‌ക്കറ്റ്‌ബോള്‍, ബോക്‌സിങ്, ജിംനാസ്‌ററിക്‌സ്, ജൂഡോ, കബഡി, വോളിബോള്‍, ഗുസ്തി, നീന്തല്‍, ഷൂട്ടിങ്, ഹോക്കി എന്നീ ഇനങ്ങളിലാണ് മത്സരം. പതിനേഴു വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് മത്സരിക്കുവാന്‍ കഴിയുക. ആകെ 209 സ്വര്‍ണ്ണമെഡലുകള്‍ . അതിലറ്റിക്‌സ് (36), നീന്തല്‍ (35) ഗുസ്തി (30), ബോക്‌സിങ് (26) ജിംനാസ്റ്റിക്‌സ്(20)ജൂഡോയും ഭാരാദ്വഹനവും (16വീതം) എന്നീ ഇനങ്ങളിലാണ് കൂടുതല്‍ മെഡലുകള്‍.

16 ഇനങ്ങളില്‍ 12-ലും കേരളം യോഗ്യത നേടിയിട്ടുണ്ട്. 177 കായിക താരങ്ങളാണു കേരള ടീമില്‍. ട്രാക്ക് ആന്‍ഡ് ഫീന്‍ഡ് ഇനങ്ങളില്‍ ആണു കൂടുതല്‍ കേരളതാരങ്ങള്‍. 45 പേര്‍ വോളിബോളിലും ഖോ-ഖോയിലും കേരളം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമിനെ ഇറക്കുന്നു. ഫുട്‌ബോള്‍, നീന്തല്‍, ബാസ്‌ക്കറ്റ് ബോള്‍, കബഡി, ഗുസ്തി, ഫെന്‍സിങ്, ബാഡ് മിന്റന്‍, ഭാരോദ്വഹനം, ജൂഡോ എന്നിവയില്ല കേരളം മത്സരിക്കുന്നു.

C.B.S.E വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സില്‍ കൂടുതല്‍ അവസരം 

കപില്‍ സിബല്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രിയായിരുന്നപ്പോള്‍ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് വിജയിച്ച കുട്ടികള്‍ക്കെല്ലാം കത്തെഴുതി. 'ഭാവിയില്‍ ഉപരിപഠനത്തിനു ബുദ്ധിമുട്ട് ഉണ്ടായാല്‍ മന്ത്രാലയത്തെ സമീപിക്കാന്‍ മറക്കരുത്'. മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിച്ച് അധികം താമസിയാതെ മന്ത്രിയുടെ കത്തും കുട്ടികള്‍ക്ക് കിട്ടി. പക്ഷേ സി.ബി.എസ്.ഇ സ്‌ക്കൂളുകളിലെ കായികതാരങ്ങളുടെ കാര്യത്തില്‍ പ്രത്യേക അറിയിപ്പുകളൊന്നും കണ്ടിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ സി.ബി.എസ്.ഇ സ്‌ക്കൂളുകളിലെ കായികതാരങ്ങള്‍ക്ക് പ്രതിഭ തെളിയിക്കാനും വളരാനും വലിയ അവസരം ഒരുങ്ങുകയാണ്. സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കും അവസരം ഒരുങ്ങുന്നു എന്നതാണു മേളയുടെ പ്രത്യേകത.

ഏതാനും വര്‍ഷമായി ദേശീയ സ്‌ക്കൂള്‍ അത്‌ലറ്റിക്‌സില്‍ സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളുടെ ഒരു ടീമിനെ പങ്കെടുപ്പിക്കാറുണ്ട്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും ഇങ്ങനെ സി.ബി.എസ്.ഇ സ്‌ക്കൂളുകളിലെ താരങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ടെങ്കിലും കേരളം ഇനിയും ഇതിനു പൂര്‍ണമായി തയാറായിട്ടില്ല. ചില സ്‌ക്കൂളുകള്‍ കോടതിയുടെ അനുമതിയോടെ തങ്ങളുടെ സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ സംസ്ഥാനസ്‌ക്കൂള്‍ കായികമേളയില്‍ പങ്കാളിത്തം സാധ്യമാക്കിയിട്ടുണ്ടെങ്കിലും തുറന്ന സമീപനം സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഇനിയും ഉണ്ടായിട്ടില്ല. 

വ്യക്തിഗത ഇനങ്ങള്‍

സ്‌ക്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നടത്തിയ ദേശീയ സ്‌ക്കൂള്‍ഗെയിംസിലെ (അണ്ടര്‍ 17 ആകുമ്പോള്‍ ദേശീയ ജൂനിയര്‍) ആദ്യ എട്ടു സ്ഥാനകാര്‍ക്ക് അവസരം ലഭിക്കും. അതത് കായിക സംഘനകള്‍ക്ക് നാലുപേരെ വീതം നാമനിര്‍ദ്ദേശം ചെയ്യാം. സി.ബി.എ.സി.യില്‍ നിന്ന് ഒരു എന്‍ട്രി വീതം. കൂടാതെ ആതിഥേയര്‍ക്ക് അധികമായി ഒരു എന്‍ട്രി, പിന്നെ രണ്ടു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി.
ടീം ഇനങ്ങളില്‍ ദേശീയ സ്‌ക്കൂള്‍ ഗെയിംസിലെ ആദ്യ നാലു സ്ഥാനക്കാര്‍. ഫെഡറേഷനുകള്‍ക്ക് രണ്ട് എന്‍ട്രി വീതം. പിന്നെ ആതിഥേയ സംസ്ഥാനത്തിനും സംഘാടക സമിതിക്കും ഓരോ എന്‍ട്രി വീതം.
ഇന്ത്യയില്‍ സി.ബി.എ.സ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സില്‍ ഇങ്ങനെ തുറന്ന അവസരം ആദ്യമായാണ് കൈവരുന്നത്. 

ഗള്‍ഫിലെ സ്‌ക്കൂളുകള്‍ക്ക് സുവര്‍ണ്ണാവസരം

അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോളിനു തിരഞ്ഞെടുത്ത 21 അംഗ ഇന്ത്യന്‍ ടീമില്‍ രണ്ടു വിദേശ ഇന്ത്യന്‍ താരങ്ങള്‍ ഉണ്ടായിരുന്നു. അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ നിന്നുള്ള പ്രതിരോധതാരം നമിത് ദേശ്പാണ്‌ഡെയും കാനഡയിലെ ടൊറന്റോയില്‍ നിന്നുള്ള ഗോള്‍ കീപ്പര്‍ സണ്ണി ധലിവാലും. ഗള്‍ഫിലെ സ്‌ക്കൂളുകളില്‍ പഠിക്കുന്ന ഇന്ത്യന്‍ കായികാതാരങ്ങള്‍ക്ക് ഇതുപോലെ അവസരം ഒരുങ്ങുമെന്നാണ് പ്രതീക്ഷ. ഗള്‍ഫ് സ്‌ക്കൂളുകളില്‍ പഠിക്കുന്നവരില്‍ കായികവാസനയുള്ള ഒട്ടേറെ മലയാളി വിദ്യാര്‍ത്ഥികളുണ്ട്. 

ക്ലസ്റ്റര്‍ അടിസ്ഥാനത്തിലാണ് സി.ബി.എസ്.ഇ സ്‌ക്കൂള്‍ മത്സരങ്ങളുടെ ആദ്യഘട്ടം. ഇതില്‍ ആറു ക്ലസ്റ്ററുകള്‍ ഗള്‍ഫ് രാജ്യങ്ങളിലാണ്. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ. എന്നിവിടങ്ങളില്‍. ഇന്ത്യയില്‍ 20 ക്ലസ്റ്ററുകള്‍ ഉണ്ട്. ഗള്‍ഫില്‍ ആറു രാജ്യങ്ങള്‍ 'ജി' ഒന്നു മുതല്‍ ആറ് വരെ ക്ലസ്റ്റര്‍ ആണ്. ഇവര്‍ ഇന്ത്യയില്‍ ദേശീയമത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. ഇനി ഇവര്‍ക്ക് ഖേലോ ഇന്ത്യ സ്‌ക്കൂള്‍ മീറ്റിലും പങ്കെടുക്കാന്‍ അവസരം ഒരുങ്ങും. അവിടെ മികവു കാട്ടിയാല്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ അവസരം കൈവരും.

ചില ഇന്ത്യന്‍ താരങ്ങള്‍

സി.ബി.എസ്.ഇ സ്‌ക്കൂളുകള്‍ പഠനത്തിനുവേണ്ടി മാത്രമുള്ളതാണ്; ഇവിടങ്ങളില്‍ കായികതാരങ്ങള്‍ വളരില്ല എന്നൊരു ധാരണ പൊതുവേയുണ്ട്. സിനിമോള്‍ പൗലോസ്, ലിക്‌സി ജോസഫ്, നിക്‌സി ജോസഫ് ഇരട്ട സഹോദരിമാര്‍ എന്നിവരൊക്കെ സി.ബി.എസ്.ഇ സ്‌ക്കൂളില്‍ പഠച്ചു വളര്‍ന്ന് ഇന്ത്യന്‍ ടീമില്‍ എത്തി രാജ്യാന്തര മെഡല്‍ നേടിയവരാണ്.

സിനിമോള്‍ 2006ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ വെങ്കലം നേടിയിരുന്നു. 2007-ല്‍ മക്കാവുവില്‍ ഏഷ്യന്‍ ഇന്‍ഡോര്‍ മീറ്റിലും ഗ്രാന്‍ പ്രീകളിലും 1500 മീറ്ററില്‍ സ്വര്‍ണ്ണം നേടി. 2008-ല്‍ ദോഹയില്‍ ഏഷ്യന്‍ ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററിലും 1500 മീറ്ററിലും സ്വര്‍ണ്ണം നേടി.   

ലിക്‌സി ജോസഫ്, നിക്‌സി ജോസഫ് സഹോദരിമാര്‍ ഇപ്പോള്‍ ഇന്ത്യന്‍ ക്യാംപില്‍ ഉണ്ട്. ഹെപ്റ്റാത്‌ലനില്‍ ഇന്ത്യക്കു മെഡല്‍ നേടിയിട്ടുണ്ട്. 2015-ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഹെപ്റ്റാത്‌ലനില്‍  ലിക്‌സി മെഡല്‍ നേടിയിരുന്നു. മൗറീഷ്യസ് രാജ്യാന്തര മീറ്റില്‍ ലിക്‌സി വെള്ളിയും നിക്‌സി വെങ്കലവും നേടി ദേശീയ സീനിയര്‍ ചാംപ്യനും പാലായില്‍ സംസ്ഥാന സ്‌ക്കൂള്‍ കായികമേളയില്‍ ജൂനിയര്‍ വിഭാഗം ഹൈജംപ് സ്വര്‍ണ്ണമെഡല്‍ ജേതാവുമായ ഗായത്രി ശിവകുമാര്‍ സി.ബി.എസ്.ഇ സ്‌ക്കൂളിലൂടെയാണ് വളര്‍ന്നത് .

ആരോഗ്യമാണ് സമ്പത്ത്

കേന്ദ്രമാനവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ വരുന്ന സി.ബി.എസ്.ഇ ബോര്‍ഡ് രൂപവത്കരിച്ചത് 1962 നവംബര്‍ മൂന്നിനാണ്. ഇന്ന് ഇന്ത്യക്ക് അകത്തുംപുറത്തുമായി അയ്യായിരത്തിലേറെ സ്‌ക്കൂളുകള്‍ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി സ്‌പോര്‍ട്‌സിനു വലിയ പ്രാധാന്യം നല്‍കിയാണ് സി.ബി.എസ്.ഇ സ്‌ക്കൂളുകളുടെ പ്രവര്‍ത്തനം. 'ആരോഗ്യമാണ് സമ്പത്ത്' എന്നാണ് സി.ബി.എസ്.ഇ സ്‌പോര്‍ട്‌സ് സെല്ലിന്റെ മുദ്രാവാക്യം. 

ആറു മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികളാണ് കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതെങ്കിലും ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ ദിവസവും ഒരു പീരിയഡ് (45 മിനിറ്റ്) സ്‌പോര്‍ട്‌സിനു മാറ്റി വയ്ക്കുന്നു. അത്‌ലറ്റിക്‌സിനു പുറമെ 23 ഗെയിംസ് ഇനങ്ങളും ഉണ്ട്. റോപ് സ്‌കിപ്പിങ്, തൈക്ക്വാന്‍ഡു, ഷൂട്ടിങ്, ആര്‍ച്ചറി, ജിംനാസ്റ്റിക്‌സ്,സ്‌കേറ്റിങ് തുടങ്ങിയ ഇനങ്ങളും ഇവയില്‍ ഉള്‍പ്പെടും. കളിക്കളമില്ലാത്ത സ്‌ക്കൂളുകളില്‍ ചെസ്, യോഗ, കാരം എയ്‌റോബിക്‌സ് തുടങ്ങിയ ഇന്‍ഡോര്‍ ഇനങ്ങള്‍ നിര്‍ബന്ധമാണ്. കബഡിയും ബോക്‌സിങ്ങും 2017 അധ്യയന വര്‍ഷത്തിലാണ് ആദ്യമായി ഉള്‍പ്പെടുത്തിയത്.
22-ാമത് സംസ്ഥാനസി.ബി.എസ്.ഇ അത്‌ലറ്റിക് മീറ്റ് ആണ് നവംബറില്‍ പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നത്.  113 സ്‌ക്കുളുകളില്‍ നിന്ന് 2200 അത്‌ലിറ്റുകള്‍ 66 ഇനങ്ങളിലായി മത്സരിച്ചു. സംസ്ഥാനത്ത് ഏതാണ്ട് 1200 സി.ബി.എസ്.ഇ. സ്‌കൂളുകള്‍ ഉണ്ട്.

പൊതു വിദ്യാഭ്യാസവകുപ്പിന്റെ സ്‌ക്കൂള്‍ മീറ്റില്‍, പഠിക്കുന്ന ക്ലാസ് എന്നതു മാറ്റി പ്രായം അടിസ്ഥാനമാക്കി  മത്സര വിഭാഗങ്ങള്‍ തിരിച്ചത് ഈ വര്‍ഷമാണ്. പൊതുവേ സ്വാഗതം ചെയ്യപ്പെട്ട തീരുമാനമാണിത.് എന്നാല്‍ സി.ബി.എസ്.ഇ യില്‍ നേരത്തെ മുതല്‌ക്കേ അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 പ്രായ വിഭാഗങ്ങളിലാണ് മത്സരം. കേരളത്തിലെ സ്‌ക്കൂളുകള്‍ 10,11 ക്ലസ്റ്ററുകളിലാണ് വരുന്നതെങ്കിലും ഇത്തവണ സംയുക്തമായാണ് മത്സരം നടത്തിയത്. 

കാലത്തിനൊത്ത് മാറണം

C.B.S.E, ICSE കുട്ടികള്‍ക്കായി കായിക മേളകള്‍ നടത്താന്‍ കേരളസ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനമെടുത്തിട്ടുണ്ട്. പക്ഷേ, ഇതെന്തിനു വേര്‍തിരിക്കണം? കായിക പ്രതിഭകള്‍ ഏതു സ്‌ക്കൂളിലായാലും കണ്ടെത്തി പ്രോത്സാഹിപ്പിക്കണം എന്ന പുതിയ നയത്തിനൊപ്പം നമ്മുടെ സമീപനവും മാറണം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന സ്‌ക്കൂള്‍ മീറ്റില്‍ 14 റവന്യു ജില്ലകള്‍ക്കൊപ്പം സി.ബി.എസ്.ഇ സ്‌ക്കൂളുകളെയും ഒരു വിഭാഗമായി പങ്കെടുപ്പിച്ച് തുടങ്ങണം. ദേശീയ മീറ്റില്‍ ഇത് അനുവദിക്കുന്നെങ്കില്‍, മറ്റു സംസ്ഥാനങ്ങളില്‍ ഇതു സാധ്യമാണെങ്കില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് എന്തിനു മുഖം തിരിക്കുന്നു? പ്രത്യേകിച്ച്, ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ കായികമേള വാര്‍ഷിക പരിപാടിയാകുമ്പോള്‍.

ആന്റി ക്ലൈമാക്‌സ് ആകരുത്

ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ ഗെയിംസും കോളജ് ഗെയിംസും വാര്‍ഷിക പരിപാടിയാകുമ്പോള്‍ സമയം കൃത്യമായി ക്രമീകരിക്കണം. അല്ലെങ്കില്‍ ദേശീയ ഗെയിംസും നമ്മള്‍ തന്നെ നടത്തിയ കോളേജ് ഗെയിംസും ഒക്കെപ്പോലെ ആന്റി ക്ലൈമാക്‌സ് ആകും. ഓഫ് സീസണില്‍, പരീക്ഷ അടുത്ത സമയങ്ങളില്‍ അല്ല ഇതൊക്കെ നടത്തേണ്ടത്. ഭാവിയില്‍ മാറ്റം പ്രതീക്ഷിക്കാം.

വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന ഒരു കാര്യം മാത്രമാണത്. 2016 ജനുവരിയില്‍ 323 പന്തില്‍ നിന്ന് 1009 റണ്‍സ് അടിച്ച് മുംബൈയുടെ പ്രണവ് ധന്‍വാഡെ ചരിത്രമെഴുതിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു താരം കൂടി ആയിരത്തിലധികം റണ്‍സടിച്ച അദ്ഭുതമായിരിക്കുകയാണ്. 

Content Highlights: Khelo India Ready For Kick Off In Capital