രാത്രിയിലാകും പ്രഥമാധ്യാപകരുടെ ഇ-മെയിലിലേക്ക് ആ സന്ദേശം എത്തുക. പിറ്റേന്ന് രാവിലെ കുട്ടികൾ മത്സരവേദിയിൽ എത്തണമെന്നാകും മെയിലിന്റെ ഉള്ളടക്കം. വൈകുന്നേരം സ്കൂൾ വിട്ടുപോയാൽ, മിക്ക അധ്യാപകരും രാത്രി ഔദ്യോഗിക മെയിൽ നോക്കണമെന്നില്ല. പിറ്റേന്ന് രാവിലെ സ്കൂളിലെത്തി മെയിൽ പരിശോധിക്കുമ്പോഴാകും എ.ഇ.ഒ. ഓഫീസിൽ നിന്നയച്ച സന്ദേശം ശ്രദ്ധയിൽപ്പെടുക.

പിന്നെ ചുരുങ്ങിയ സമയത്തിനകം കുട്ടികളെ വിളിപ്പിച്ച് ടീമുണ്ടാക്കി മത്സരവേദിയിലെത്താനുള്ള നെട്ടോട്ടം. സ്കൂൾഗെയിംസ് മത്സരങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പല ഉപജില്ലകളിലും ഇത്തവണ അരങ്ങേറിയ പരിപാടിയായിരുന്നു രാത്രിയിലെ ഇ-മെയിലും പിറ്റേന്നത്തെ നെട്ടോട്ടവും.

Read More: ട്രാക്ക് തെറ്റുന്ന കായികകേരളം

വട്ടംകൂടി വസ്ത്രംമാറൽ

ഇത്തവണ റവന്യൂ ജില്ലാതല ഫുട്‌ബോൾ മത്സരത്തിനെത്തിയ പെൺകുട്ടികൾക്കുണ്ടായ അനുഭവത്തെപ്പറ്റി ഒരു രക്ഷകർത്താവ് പറഞ്ഞതിങ്ങനെ: രാവിലെ ആറു മണിക്ക് മത്സരവേദിയിലെത്താൻ കുട്ടികൾക്ക് നിർദേശം കിട്ടി. ആറുമണിക്കുതന്നെ എത്തിയെങ്കിലും സംഘാടകർ ആരും ഉണ്ടായിരുന്നില്ല. കന്നുകാലികൾ മേഞ്ഞു നടന്ന മൈതാനത്ത് നാലു മണിക്കൂറോളം കാത്തുനിന്ന ശേഷം സംഘാടകരെത്തി. കുട്ടികളെ സമീപത്തെ സ്കൂളിലേക്ക് വസ്ത്രം മാറാനായി കൊണ്ടുപോയപ്പോൾ രക്ഷിതാക്കൾ ഞെട്ടി. മുറികൾക്കൊന്നും വാതിലുകളില്ല. തുറന്നുകിടക്കുന്ന മുറിയിൽനിന്ന് പെൺകുട്ടികൾ എങ്ങനെ വസ്ത്രം മാറുമെന്ന് ചോദിച്ചപ്പോൾ ‘‘ഒരാൾ വാതിൽക്കൽ കാവൽനിൽക്കുക. മറ്റുള്ളവർ അകത്ത് വട്ടംകൂടിനിന്ന് അതിനുള്ളിലായി ഓരോരുത്തർ വസ്ത്രം മാറുക...’’ എന്നായിരുന്നു സംഘാടകരിലൊരാളുടെ മറുപടി. നമ്മുടെ കായികമേളകൾ തട്ടിക്കൂട്ട് മേളയാകുന്നതിന്റെ ഉദാഹരണമാണിത്.

അധ്യാപകർ ഹാജരുണ്ടോ

കായികാധ്യാപകർ നടത്തിവന്നിരുന്ന ചട്ടപ്പടി സിസ്സഹകരണ സമരം പൊളിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരു മാർഗം കണ്ടെത്തി, നിർബന്ധപൂർവം ജോലിക്ക് ഹാജരാക്കൽ. നിർബന്ധപൂർവം ജോലിക്ക് ഹാജരാകുന്നതിന് അധ്യാപകർ തടസ്സം നിന്നാൽ അവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവിട്ടു. കായികാധ്യാപകർ അതിന് മറുമരുന്ന് കണ്ടുപിടിച്ചു. പലരും മെഡിക്കൽ ലീവിലും കമ്യൂട്ടഡ് ലീവിലും പ്രവേശിച്ചു. ഒരുവശത്ത് ഹാജരാക്കലും മറുവശത്ത് ലീവെടുക്കലും തകൃതിയായപ്പോൾ ഇതിനിടയിൽ പാവം കായികതാരങ്ങൾ കഷ്ടത്തിലായി.

രേഖയിലില്ലാത്ത കാത്തിരിപ്പ്‌

സമരം പൊളിച്ച് എങ്ങനേയും മേള നടത്തണമെന്ന വാശിയിൽ അധികൃതർ മുന്നോട്ടുപോയപ്പോൾ കായികാധ്യാപകർക്ക് ഒട്ടേറെ ദുരനുഭവങ്ങൾ നേരിടേണ്ടിവന്നു. ഒരു ദിവസം രാവിലെ സ്കൂളിൽ ചെന്നപ്പോൾ അവിടെനിന്ന് വിടുതൽ ചെയ്യാൻ പ്രഥമാധ്യാപകന്റെ ഉത്തരവ് കിട്ടി. സ്കൂളിൽനിന്ന് വിടുതൽചെയ്ത് രാവിലെ പത്തുമണിക്ക് എ.ഇ.ഒ. ഓഫീസിലെത്താനായിരുന്നു നിർദേശം. അവിടെയെത്തി കാത്തിരുന്നിട്ടും ആരും ഒന്നും പറഞ്ഞില്ല. വൈകീട്ട് നാലു മണി വരെ അവിടെ വെറുതെ പിടിച്ചിരുത്തി. പിറ്റേന്ന് രാവിലെ ഡി.ഡി. ഓഫീസിലെത്താൻ നിർദേശം കിട്ടി. അവിടെയെത്തിയപ്പോൾ പേരും ഫോൺനമ്പറും എഴുതിയെടുത്ത് ‘‘ആവശ്യമുണ്ടെങ്കിൽ വിളിപ്പിക്കാം, ഇപ്പോൾ തിരിച്ചുപൊയ്ക്കോളൂ’’ എന്നു പറഞ്ഞു. ‘‘ഞാൻ ഇവിടെ വന്നതിന് ഒപ്പിടണോയെന്ന് ചോദിച്ചപ്പോൾ വേണമെങ്കിൽ ഇട്ടോളൂ എന്നായിരുന്നു മറുപടി. സ്കൂളിലേക്കാണോ തിരിച്ചുപോകേണ്ടതെന്ന് ചോദിച്ചപ്പോൾ വേണമെങ്കിൽ പോകാമെന്ന് മറുപടി. ഒന്നിനും ഒരു രേഖയുമില്ല, കൃത്യമായ ഉത്തരവുമില്ല. ഞാൻ പരിശീലിപ്പിക്കുന്ന കുട്ടികൾ വിവിധ സ്ഥലങ്ങളിൽ മത്സരത്തിൽ പങ്കെടുക്കുമ്പോഴാണ് എന്നെ ഓടിച്ചത്. കുട്ടികളുടെ മത്സരം കാണാനോ അവർക്ക് മാർഗനിർദേശം നൽകാനോ കഴിഞ്ഞില്ല. ആരെ തോൽപ്പിക്കാനാണിത്...’’ നിറകണ്ണുകളോടെ ഒരു കായികാധ്യാപിക ചോദിച്ചു.

Read More: ഗാന്ധിജയന്തിയിലെ കബഡി, അഞ്ചു മിനിറ്റിലെ ഫുട്‌ബോള്‍

ഇങ്ങനെ മതിയോ

കായികാധ്യാപകരുടെ സമരവും അധികൃതരുടെ വാശിയും ഒരുമിച്ച് മുന്നേറുമ്പോൾ കായികമേളകൾ താളം തെറ്റുന്നു. പകരം ആളുകളെവെച്ച് മേള നടത്താനുള്ള അധികൃതരുടെ ശ്രമവും പ്രശ്നങ്ങളുണ്ടാക്കുന്നു. കായികാധ്യാപകരുടെ സസ്പെൻഷനിൽ എത്തിനിൽക്കുന്ന അവസ്ഥ തുടർന്നാൽ കായികകേരളത്തിന്റെ ഭാവി എന്താകും?

അതേപ്പറ്റി നാളെ...

Content Highlights: Kerala State School Games Athletics Derailing Kerala School Sports