ഗാന്ധിജിക്ക് കായികവിനോദങ്ങള്‍ ഇഷ്ടമായതുകൊണ്ടാണോ എന്നറിയില്ല, സംസ്ഥാനത്തെ ചിലയിടങ്ങളില്‍ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ സ്‌കൂള്‍ ഗെയിംസ് മത്സരങ്ങളുടെ ബഹളമായിരുന്നു. കബഡിയും വോളിബോളും ഹാന്‍ഡ്‌ബോളും ബാസ്‌കറ്റ്‌ബോളും ഗാന്ധിജയന്തി ദിനത്തില്‍ ഒരുമിച്ച് നടത്തുന്നെന്ന് പറഞ്ഞപ്പോള്‍ അന്തംവിട്ടുനിന്നത് കുട്ടികളും കായികാധ്യാപകരുമായിരുന്നു. തലേന്ന് വൈകുന്നേരമാണ് പിറ്റേന്ന് ഇത്രയും മത്സരങ്ങള്‍ ഒരുമിച്ച് നടത്തുകയാണെന്ന അറിയിപ്പ് വന്നത്.
അവധിദിനമായതിനാല്‍ കുട്ടികളെ എങ്ങനെ സംഘടിപ്പിക്കുമെന്ന ആശങ്കയിലായിരുന്നു സ്‌കൂളധികൃതര്‍. എല്ലാവരേയും ഫോണില്‍ വിളിച്ച് ഒരു വിധം ടീമൊക്കെ ശരിയാക്കിയാണ് സ്‌കൂളുകാര്‍ മത്സരത്തിനെത്തിയത്. ഒഴിവുദിനത്തില്‍ അപ്രതീക്ഷിതമായി മത്സരങ്ങള്‍ നടത്തിയതിനെപ്പറ്റിയോ ഒരേദിവസം എല്ലാ ഗെയിമുകളും നടത്തുമ്പോള്‍ രണ്ടിനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടിക്ക് അവസരം നഷ്ടമാകുന്നതിനെക്കുറിച്ചോ അധികൃതരോട് ചോദിക്കരുത്. ഇനി നിങ്ങള്‍ ചോദിച്ചാലും കുഴപ്പമില്ല... എന്തെങ്കിലും ഉത്തരം കിട്ടിയാലല്ലേ!
'ഫുള്‍ ഡേ' ബാസ്‌കറ്റ്‌ബോള്‍
കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ഒരു ജില്ലയില്‍ റവന്യൂ ജില്ലാ ബാസ്‌കറ്റ്‌ബോള്‍ മത്സരം നടത്തുമെന്ന് അറിയിപ്പ് വന്നു. രാവിലെ എട്ടിന് മത്സരവേദിയിലെത്താനായിരുന്നു അറിയിപ്പ്. അതനുസരിച്ച് കുട്ടികളെല്ലാം എത്തിയെങ്കിലും ഒഫീഷ്യല്‍സും സെലക്ടര്‍മാരും എത്തിയില്ല. വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ബലം പ്രയോഗിച്ചെന്ന പോലെ കൊണ്ടുവന്ന രണ്ടു കായികാധ്യാപകര്‍ മാത്രം വേദിയിലുണ്ട്. 11 മണിയോടെ എ.ഇ.ഒ. ഓഫീസില്‍നിന്ന് രണ്ട് ക്ലര്‍ക്കുമാരുമെത്തി.
എന്നാല്‍ മത്സരം നടത്താന്‍കഴിയാതെ അവരും നിസ്സഹായരായിരുന്നു. നാലര മണിയായപ്പോള്‍ ഡി.ഡി.യുടെ അറിയിപ്പെത്തി... മത്സരം നാളെ മറ്റൊരു വേദിയില്‍ നടത്തും.
14 ഉപജില്ലകളില്‍ നിന്നെത്തിയ നൂറിലേറെ കുട്ടികള്‍ ഒരു പകല്‍ മുഴുവന്‍ കാത്തിരുന്ന ശേഷം കിട്ടിയ മറുപടിയായിരുന്നു അത്. രക്ഷിതാക്കളും കുട്ടികളും ഇതേച്ചൊല്ലി കുറേ ബഹളംവെച്ചെങ്കിലും എന്തു ഫലം?
Read More: ട്രാക്ക് തെറ്റുന്ന കായികകേരളം
കുട്ടികള്‍ അധികം കളിക്കണ്ട
മിക്ക മത്സരങ്ങളും തട്ടിക്കൂട്ട് മേളകളാക്കി നടത്തുമ്പോള്‍ അണ്ടര്‍14 വിഭാഗത്തിലെ ചില ഇനങ്ങള്‍ ഒഴിവാക്കിയും അധികൃതര്‍ കുട്ടികളുടെ കായിക ഭാവി 'സമ്മോഹന'മാക്കുന്നുണ്ട്.
അണ്ടര്‍14 വിഭാഗത്തിലെ ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, ഹോക്കി, കബഡി, ഖോഖോ, ബോള്‍ ബാഡ്മിന്റണ്‍ എന്നിവയാണ് ഇത്തവണ എടുത്തുകളഞ്ഞിരിക്കുന്നത്. ഇത്രയും ഇനങ്ങള്‍ ഒഴിവാക്കിയതിന്റെകാരണം ഒന്നും അധികൃതര്‍ പറഞ്ഞിട്ടില്ല. കുട്ടികള്‍ അധികം കളിക്കണ്ട എന്നതാണോ അധികൃതരുടെ നയമെന്നാണ് കായികാധ്യാപകരും രക്ഷിതാക്കളും ചോദിക്കുന്നത്.
നഷ്ടമാകുന്ന കായികഭാവി
അണ്ടര്‍14 ഇനങ്ങളിലെ മത്സരങ്ങള്‍ ഒഴിവാക്കിയത് കായികകേരളത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് ഒളിമ്പ്യന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. അണ്ടര്‍14 വിഭാഗത്തില്‍ വരുന്ന കുട്ടികള്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലാകും ഉള്‍പ്പെടുന്നത്. കായികാധ്യാപകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന വിഭാഗമാണിത്. ചെറുപ്പത്തിലേ പിടികൂടുക എന്ന നയം ലോകം മുഴുവന്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ നമ്മള്‍ തലതിരിഞ്ഞാണ് ചിന്തിക്കുന്നതെന്നതിന്റെ ഉദാഹരണമാണ് അണ്ടര്‍14 വിഭാഗത്തിലെ ഒഴിവാക്കലുകളെന്നാണ് കായികാധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്.
അഞ്ചു മിനിറ്റിലെ ഫുട്‌ബോള്‍
സംസ്ഥാനത്തെ ചില ഉപജില്ലകളില്‍ ഈയിടെ നടന്ന സ്‌കൂള്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണേണ്ട കാഴ്ചയായിരുന്നു. അഞ്ചു മിനിറ്റ് വീതമായിരുന്നു ഓരോ ടീമിനും കളിക്കാന്‍ അവസരം നല്‍കിയത്. ഏകദിന ക്രിക്കറ്റ് ടി20 ആയി ചുരുക്കിയതുപോലെ ഫുട്‌ബോളില്‍ വന്ന മാറ്റമാണോ ഇതെന്നാണ് ഒരു കായികാധ്യാപകന്‍ ചോദിച്ചത്. കുട്ടികളില്‍ ആര്‍ക്കും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കാതെ അതിവേഗം ഓടിച്ചുതീര്‍ത്തു.
(തുടരും)
Content Highlights: Kerala State School Games