“പെർഫ്യൂം മണക്കുന്നവരല്ല, വിയർപ്പുനാറുന്നവരാണ് കായികാധ്യാപകർ. എന്നാണ് ഇനി നമ്മുടെ കായികസംഘാടകർ, കായികവകുപ്പ് ഇതൊക്കെ കാണുന്നത്. നമ്മുടെ ദേശീയ-രാജ്യാന്തര താരങ്ങളായി വളർന്നവർക്കെല്ലാം പറയാനുണ്ടാകും, അവരുടെ വിയർപ്പിനേക്കാൾ അവർക്കായി വിയർപ്പൊഴുക്കിയ ഒരു കായികാധ്യാപകന്റെ കഥ. അവരുടെ ജീവിതം വഴിതിരിച്ചുവിട്ടതുതന്നെ സ്കൂൾ കാലത്തെ ആ കായികാധ്യാപകരാണ്. രണേന്ദ്രൻ എന്ന സ്കൂൾ കായികാധ്യാപകനില്ലായിരുന്നെങ്കിൽ പ്രീജാ ശ്രീധരൻ എന്ന ഒളിമ്പ്യൻ ഉണ്ടാകുമായിരുന്നോ? തോമസ് മാഷിനെ ആർക്കാണ് മറക്കാനാവുക? പറളിയിലെ മനോജ് മാഷ് ഒഴുക്കുന്ന വിയർപ്പിന്റെ വിലയറിയാത്തവരാണോ നമ്മുടെ കായികവകുപ്പിന്റെ തലപ്പത്തുള്ളത്? മാർ ബേസിൽ സ്കൂളിലെ ഷിബി ടീച്ചറെ അറിയില്ലേ നിങ്ങൾക്ക്? ഇത്ര സങ്കീർണമായ പ്രശ്നം സ്കൂൾ കായികാധ്യാപകർ ഉയർത്തുമ്പോഴും തുടരുന്ന നിങ്ങളുടെ മൗനത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ലജ്ജാകരമാണിത്. ക്രൂരമാണ് സ്കൂൾ കായികാധ്യാപകരോടും നാളെയുടെ പ്രതിഭകളോടും ചെയ്യുന്നതെന്ന് ഓർമിപ്പിക്കട്ടെ...”

കായികകേരളത്തിന്റെ എക്കാലത്തെയും വലിയ അഭിമാന മേൽവിലാസങ്ങളിലൊന്നായ, അന്താരാഷ്ട്ര വോളിബോൾ താരം ടോം ജോസഫ് ഫെയ്‌സ്ബുക്കിൽ കുറിച്ച വരികളാണിത്.

കായികകേരളം കടന്നുപോകുന്ന ചില യാഥാർഥ്യങ്ങൾക്കുനേരെ പിടിച്ച കണ്ണാടിയാണ് ഈ വാക്കുകൾ. സംസ്ഥാനത്ത് സ്കൂൾ കായികാധ്യാപകർ നടത്തുന്ന സമരവും ഇതേത്തുടർന്ന് ഉപജില്ലാതലം മുതലുള്ള കായികമേളകൾ അവതാളത്തിലായതുമെല്ലാം നാം കാണുന്നുണ്ട്. തങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്ന് കായികാധ്യാപകരും നിയമപരമായി ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ടെന്ന് അധികൃതരും പറയുമ്പോൾ ആരുടെ ഭാഗത്താണ് ശരിയെന്ന് മൂന്നാമതൊരാൾക്ക് പെട്ടെന്ന് പറയാനാകില്ല. എന്നാൽ, ഒരുകാര്യം ഉറപ്പാണ്, ശരിയും തെറ്റും ആരുടെ ഭാഗത്തായാലും ഇവിടെ ട്രാക്കുതെറ്റുന്നത് കായികകേരളത്തിനാണ്. അതോടെ തകർന്നുതുടങ്ങുന്നത് ആയിരക്കണക്കിന് കുട്ടികളുടെ കായികസ്വപ്നങ്ങളാണ്.

എന്തിനാണ് ഈ സമരം

ഈ അധ്യയനവർഷത്തിന്റെ തുടക്കംമുതൽ കേരളത്തിലെ സ്കൂൾ കായികാധ്യാപകർ ചട്ടപ്പടി സമരത്തിലാണ്. സമരത്തിലേക്ക് നയിച്ച കാരണങ്ങൾക്ക്‌ 60 വർഷത്തോളം പഴക്കമുണ്ടെന്നാണ് അധ്യാപകർ പറയുന്നത്. 1959-ൽ കേരള എജ്യുക്കേഷൻ റൂൾ രൂപംകൊണ്ട കാലംമുതൽ കേരളത്തിലെ കായികാധ്യാപകർ നേരിടുന്ന അവഗണനയ്ക്കും രണ്ടാംതരം പരിഗണനയ്ക്കും എതിരേയാണ് ഈ സമരമെന്ന് അവർ പറയുന്നു.

അഞ്ചുകാര്യങ്ങൾ അവർ അക്കമിട്ട് നിരത്തുന്നുണ്ട്. ഒന്ന്, ഹൈസ്കൂളിലെ ശമ്പളവിവേചനം. രണ്ട്, യു.പി.എസ്.എ., എച്ച്.എസ്.എ. പദവി നിഷേധിക്കൽ, മൂന്ന്, ഹൈസ്കൂളിൽ ടൈം ടേബിൾ പ്രകാരം ജോലിചെയ്യുന്ന പീരിയഡുകൾ തസ്തികനിർണയത്തിന് പരിഗണിക്കാത്ത പ്രശ്നം. നാല്, യു.പി. വിഭാഗത്തിൽ ഇപ്പോഴും തസ്തികയ്ക്ക്‌ 500 കുട്ടികൾ വേണം എന്ന നിയമം. അഞ്ച്, ഹയർ സെക്കൻഡറിയിൽ തസ്തികയോ പ്രതിഫലമോ നൽകാതെ ഹൈസ്കൂൾ കായികാധ്യാപകരെക്കൊണ്ട് സൗജന്യസേവനം ചെയ്യിച്ച് ചൂഷണംചെയ്യുന്ന പ്രശ്നം.

ഇത്തരത്തിലുള്ള നിലപാടുകൾ വഴി കേരളത്തിലെ അയ്യായിരത്തിലധികം സ്കൂളുകളിൽ ആകെ 2000 കായികാധ്യാപകർ മാത്രമാണ് ഇപ്പോഴുള്ളത്. 1700-ഓളം വരുന്ന ഹയർ സെക്കൻഡറിയിൽ കായികാധ്യാപകർ തന്നെയില്ല. എന്നാൽ, മാടിനെപ്പോലെ ഇവരെ പണിയെടുപ്പിക്കുന്നതിൽ ഏതു സർക്കാരും ഒരുപോലെയാണെന്നും അധ്യാപകർ സങ്കടപ്പെടുന്നു.

സർക്കാർ പറയുന്നത്

കായികാധ്യാപകരുടെ ആവശ്യം ന്യായമല്ലെന്ന് സർക്കാർ പറയുന്നില്ല. എന്നാൽ, സമരത്തിന് തിരഞ്ഞെടുത്ത സമയമാണ് പ്രശ്നമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കായികാധ്യാപകർ ഉൾപ്പെടെ എല്ലാ സ്പെഷ്യലിസ്റ്റ് അധ്യാപകർക്കും പ്രൈമറി സ്കൂൾ അധ്യാപകരുടെ ശമ്പളസ്കെയിലാണ്. ശമ്പളം ഉയർത്താൻ ശമ്പളപരിഷ്കരണ കമ്മിഷനാണ് തീരുമാനിക്കേണ്ടത്. 58 വർഷമായി നിലനിൽക്കുന്ന പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം കാണാൻ പറഞ്ഞാൽ ശരിയാകുമോയെന്നാണ് അധികൃതർ ചോദിക്കുന്നത്. മുഴുവൻ സ്കൂളിലും കായികാധ്യാപകരെ നിയമിക്കണമെന്നത് വിദ്യാഭ്യാസവകുപ്പിന്റെ നിലപാടാണ്. ഇതുസംബന്ധിച്ച് ധനവകുപ്പിന് ശുപാർശയും സമർപ്പിച്ചിട്ടുണ്ട്. ആവശ്യം നടപ്പാക്കാൻ അഞ്ഞൂറോളം തസ്തികകൾ സൃഷ്ടിക്കണം. ഹയർ സെക്കൻഡറിയിൽ കായികാധ്യാപകരെ നിയമിക്കാൻ 1500 തസ്തികയാണ് സൃഷ്ടിക്കേണ്ടത്. ഇതിന് കാലതാമസമുണ്ടാകുമെന്ന് ആർക്കാണ് മനസ്സിലാകാത്തത്. കായികാധ്യാപകരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതാണ്. അതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. എന്നിട്ടും സമരവുമായി മുന്നോട്ടുപോകുന്നതിൽ ദുരുദ്ദേശ്യമുണ്ടെന്നാണ് അധികൃതരുടെ വാദം.

ഇപ്പോൾ സംഭവിക്കുന്നത്

അധ്യാപകരും സർക്കാരും അവരവരുടെ വാദങ്ങളിൽ ഉറച്ചുനിൽക്കുമ്പോൾ ഒരിക്കലും നടക്കാൻപാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ നമ്മുടെ കായികകേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അധ്യാപകർ മാറിനിന്നാലും കായികമേളകൾ നടത്തുമെന്ന വാശിയിലാണ് അധികൃതർ. മത്സരനടത്തിപ്പിന് ആവശ്യമായ ഗ്രൗണ്ട് സംവിധാനങ്ങൾ ഒരുക്കാതെയും യോഗ്യരായ ഒഫീഷ്യൽസിനെയും ടീം സെലക്ടേഴ്‌സിനെയും ഉൾപ്പെടുത്താതെയും തട്ടിക്കൂട്ടു മേളകളാണ് ഇപ്പോൾ നടത്തുന്നതെന്നാണ് താരങ്ങളുടെയും രക്ഷിതാക്കളുടെയും പരാതി.

(അതേപ്പറ്റി നാളെ)

Content Highlights: Kerala State School Athletics