സന്തോഷ് ട്രോഫിയുടെ എഴുപത്തിമൂന്നാം പതിപ്പ് തുടങ്ങുകയാണ്. നിലവിലെ ചാമ്പ്യന്‍മാരായ കേരളം നെയ്‌വേലിയില്‍ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ ഫെബ്രുവരി നാലിന് ആദ്യ മത്സരത്തില്‍ തെലങ്കാനയെ നേരിടുന്നു. ക്യാപ്റ്റന്‍ എസ്. സീസണും കോച്ച് വി.പി ഷാജിക്കും വിജയം ആശംസിക്കാം. ഒപ്പം സന്തോഷ് ട്രോഫിയില്‍ മലയാളികളുടെ ആദ്യ കാലം ഓര്‍ത്തെടുക്കാം.

1952-ല്‍ ബെംഗളൂരുവില്‍ തിരുവിതാംകൂര്‍ ടീം സന്തോഷ് ട്രോഫിയില്‍ അരങ്ങേറി. നഗ്‌നപാദരായി കളിച്ച ടീമിന്റെ നായകന്‍ യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥി കെ.പി വിജയകുമാര്‍ ആയിരുന്നു. തിരുവനന്തപുരത്ത് ട്രയല്‍സ് നടത്തി 15 പേരെ തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ മത്സരം ആതിഥേയരായ മൈസൂറിനെതിരേ. അതില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് മൈസൂര്‍ ജയിച്ചു. ഒരുതവണ അവരുടെ വല കുലുക്കിയത് കേരള താരങ്ങളില്‍ ആരുമല്ലായിരുന്നു. അതൊരു സെല്‍ഫ് ഗോള്‍ ആയിരുന്നു.

kerala santhosh trophy memories sanil p thomas

അടുത്ത വര്‍ഷം സന്തോഷ് ട്രോഫിയില്‍ ബൂട്ടിട്ടു കളിക്കണമെന്ന നിയമം കര്‍ശനമാക്കി. ബൂട്ട് ഇല്ലായിരുന്നതുകൊണ്ടോ ബൂട്ടിട്ടു കളിച്ചു പരിചയമില്ലായിരുന്നതുകൊണ്ടോ ആകാം തിരുവിതാംകൂര്‍ ടീം മത്സരിച്ചില്ല. എന്നാല്‍ അടുത്ത വര്‍ഷം  എറാള്‍ ഡിക്ലാസിന്റെ നേതൃത്വത്തില്‍ മലയാളി സംഘം ബൂട്ടിട്ട് അരങ്ങേറ്റം കുറിച്ചു. പരിചയക്കുറവുകൊണ്ടാകാം നേട്ടമില്ലാതെ മടങ്ങി. എങ്കിലും അതൊരു മാറ്റത്തിന്റെ സൂചനയായി.

മുംബൈയില്‍ നിന്ന് വര്‍ഗീസ് നൈനാന്‍ തോമസ് എന്ന പരിശീലകനെ വരുത്തി കേണല്‍ ഗോദവര്‍മ രാജ മലയാളി ഫുട്‌ബോള്‍ ടീമിന് മികവു നല്‍കി. ഫലവും കണ്ടു. ഒറീസയെയും ബിഹാറിനെയും തോല്‍പ്പിച്ച തിരു-കൊച്ചി ടീമിലെ കളിക്കാര്‍ക്കെല്ലാം ജി.വി രാജ ബ്ലേസര്‍ സമ്മാനിച്ചു. ഇതോടെ പുതിയൊരു ഉണര്‍വ് മലയാളി ഫുട്‌ബോള്‍ താരങ്ങളില്‍ പ്രകടമായി.

1957-ല്‍ കേരള ടീം സന്തോഷ് ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. പേട്ട രവിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ടീം ആദ്യ മത്സരത്തില്‍ മൈസൂറിനെ അട്ടിമറിച്ചു. ഹൈദരാബാദ് ആയിരുന്നു വേദി. രാധാ രമണനാണ് അന്ന് കേരളത്തിന്റെ വിജയമൊരുക്കിയ ഗോള്‍ നേടിയത്. 

kerala santhosh trophy memories sanil p thomas

ക്വാര്‍ട്ടറില്‍ കടന്ന കേരളം സര്‍വീസസിനോട് പരാജയപ്പെട്ടു. മൈസൂര്‍ പ്രതിരോധ നിരയിലെ ഇന്ത്യന്‍ താരം യേശുദാസിനെ മറികടന്നാണ് രാധാ രമണന്‍ അന്നു നിര്‍ണായക ഗോള്‍ നേടിയത്. റഷ്യന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടന വേളയില്‍ ഇന്ത്യന്‍ പ്രതിരോധ നിരയില്‍ ഏറെ തിളങ്ങിയ യേശുദാസിന് ഈ പിഴവ് നാണക്കേടായി. ഏതാനും മാസങ്ങള്‍ കഴിഞ്ഞ് തൃശൂരില്‍ ചാക്കോളാ ട്രോഫിയില്‍ എച്ച്.എ.എലിനു കളിച്ച യേശുദാസ് ട്രാന്‍സ്‌പോര്‍ട് താരമായിരുന്ന രാധാ രമണനെ ചവിട്ടി വീഴ്ത്തി പ്രതികാരം ചെയ്തു. കാല്‍മുട്ടിന്  സാരമായി പരുക്കേറ്റ രമണന് സജീവ ഫുട്‌ബോളിനോട് വിട പറയേണ്ടിയും വന്നു.

യേശുദാസുമാര്‍ ഇപ്പോഴും എതിര്‍ ടീമുകളില്‍ കാണും, സൂക്ഷിക്കുക. മറിച്ച്, സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുള്ളവരും കാണും. അവരാണ് ഫെയര്‍പ്ലേയുടെ വക്താക്കള്‍.

Content Highlights: kerala santhosh trophy memories