കേരളത്തിന്റെ ഐ.എസ്.എല്‍ ഫുട്‌ബോള്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് വരാനിരിക്കുന്ന സീസണിലെ ഏതാനും മത്സരങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഏതാനും ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്. ഇക്കാര്യം സംബന്ധിച്ച് ക്ലബ്ബും കോഴിക്കോട് കോര്‍പ്പറേഷനും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എങ്കിലും ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഔദ്യോഗികമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
ഗോകുലത്തിന് പറയാനുള്ളത്
നിലവില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം ഐ-ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സിയുടെ ഹോം ഗ്രൗണ്ടാണ്. വാര്‍ഷിക കരാര്‍ അടിസ്ഥാനത്തിലാണ് ഗോകുലത്തിന് മൈതാനം അനുവദിച്ചിരിക്കുന്നത്. ഹോം ഗ്രൗണ്ടില്‍ പങ്കാളികളായി ബ്ലാസ്റ്റേഴ്‌സ് കൂടി എത്തിയാല്‍ അത് ആശയക്കുഴപ്പങ്ങള്‍ക്ക് വഴിയൊരുക്കും.
കഴിഞ്ഞ സീസണിലും ബ്ലാസ്റ്റേഴ്‌സ് ഇത്തരം ഒരു നീക്കം നടത്തിയിരുന്നു. ആ സമയത്ത് ഗോകുലത്തിന് പ്രശ്‌നമൊന്നുമില്ലെന്ന നിലപാടാണ് ക്ലബ്ബ് സ്വീകരിച്ചതെന്ന് ഗോകുലം കേരള പ്രസിഡന്റ് വി.സി പ്രവീണ്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. '' നേരത്തെ സന്തോഷ് ട്രോഫി ഇവിടെ നടന്നപ്പോഴും ഗോകുലം, സ്റ്റേഡിയത്തിലെ പരിശീലനം മാറ്റിവെച്ചിരുന്നു. കാലിക്കറ്റ് ലീഗ് നടക്കുമ്പോഴും ഗ്രൗണ്ട് വിട്ടുകൊടുക്കുന്നുണ്ട്. അതൊന്നും ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. പക്ഷേ പറഞ്ഞ കേട്ടത് ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീം കോഴിക്കോട്ടേക്ക് മാറുന്നു, പ്രീ സീസണ്‍ മത്സരങ്ങള്‍ ഇവിടെ നടക്കാന്‍ പോകുന്നു എന്ന തരത്തിലാണ്. ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ ഇവിടെ നടത്തുന്നില്‍ ഗോകുലത്തിന് പ്രശ്‌നമൊന്നുമില്ല. എന്നാല്‍ അവര്‍ ഹോം ഗ്രൗണ്ട് തന്നെ മാറ്റുന്നു എന്ന് പറയുമ്പോള്‍ ഗോകുലത്തിന്റെ ടീം പരിശീലിക്കുന്നത് പോലും കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ്. അപ്പോള്‍ നമുക്കത് ബുദ്ധിമുട്ടാകും. കോഴിക്കോട്ട് പരിശീലനത്തിന് മറ്റു മൈതാനങ്ങള്‍ ലഭിക്കാന്‍ പ്രയാസമുണ്ട്. അതിനാല്‍ തന്നെ ഏറെ പണിപ്പെട്ടാണ് കോര്‍പ്പറേഷന്‍ മൈതാനം തന്നെ ഗോകുലം നേരെയാക്കിയെടുത്തത്. അണ്ടര്‍ 17 ലോകകപ്പ് നടന്ന സമയത്ത് ബ്ലാസ്‌റ്റേഴ്‌സും പനമ്പള്ളിനഗറിലെ മൈതാനം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് വാടകയ്‌ക്കെടുത്ത് അവിടം ശരിയാക്കി പരിശീലനം നടത്തിയിട്ടുണ്ട്'', പ്രവീണ്‍ ചൂണ്ടിക്കാട്ടി.

ഗോകുലം മാനേജ്‌മെന്റും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നു പറഞ്ഞ പ്രവീണ്‍ ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നതിനു മുമ്പ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുമായി ചര്‍ച്ചചെയ്യണമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ''രണ്ടും പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകളാണ്. അതിനാല്‍ തന്നെ ഇത്തരമൊരു നീക്കം നടത്തുന്നതിന് മുമ്പ് അവര്‍ക്ക് നമ്മളുമായി ഒന്ന് ചര്‍ച്ച ചെയ്യാമായിരുന്നു. അതുണ്ടായിട്ടില്ല. സത്യത്തില്‍ ഇത് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ അറിവോടു കൂടി തന്നെയാണോ അതോ അഭ്യൂഹമാണോ എന്ന കാര്യത്തിലും സംശയമുണ്ട്. കൊച്ചി കോര്‍പ്പറേഷനുമായി ബ്ലാസ്റ്റേഴ്‌സിന് പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ തന്നെ തങ്ങള്‍ കോഴിക്കോട്ടേക്ക് മാറും എന്ന തരത്തില്‍ ഒരു പുകമറ സൃഷ്ടിക്കുന്നതാണോ എന്ന കാര്യവും സംശയിക്കുന്നു'', പ്രവീണ്‍ വ്യക്തമാക്കി.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഗോകുലം കോഴിക്കോട് കോര്‍പ്പറേഷന്‍ മൈതാനം ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ നാലാം വര്‍ഷവും കോര്‍പ്പറേഷന്‍ മൈതാനത്തിനായി ഗോകുലം അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റേഡിയം ഗോകുലത്തിന് വിട്ടുതരികയാണ് പതിവ്. നവീകരണവും മറ്റും ക്ലബ്ബ് തൃപ്തികരമായി ചെയ്യണമെന്നതാണ് വ്യവസ്ഥയെന്നും പ്രവീണ്‍ പറഞ്ഞു.
അതേസമയം നിലവില്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലുള്ള ഫ്‌ളഡ്‌ലൈറ്റ് സംവിധാനം വെച്ച് ഒരു ഐ.എസ്.എല്‍ മത്സരം നടത്താനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.എസ്.എല്ലിന് ആവശ്യമുള്ള വെളിച്ച സംവിധാനങ്ങള്‍ കുറച്ചുകൂടി വലുതാണ്. ഓരോ സീസണിലും ഫ്‌ളഡ്‌ലൈറ്റ് നന്നാക്കാന്‍ മാത്രം അഞ്ചു ലക്ഷം രൂപയിലധികമാണ് ഗോകുലത്തിന് വരുന്ന ചിലവ്. ഫ്‌ളഡ്‌ലൈറ്റിന്റെ തകരാറു കാരണം പലപ്പോഴും ജനറേറ്ററിലാണ് ഇത് പ്രവര്‍ത്തിപ്പിക്കാറ്. ഓരോ മത്സരത്തിലും ജനറേറ്ററിന് മാത്രം രണ്ടു ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്. നാലു ജനറേറ്ററുകളും രണ്ട് സ്റ്റാന്‍ഡ്‌ബൈ ബൈ ജനറേറ്ററുകളും വേണം. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായാണ് ബ്ലാസ്റ്റേഴ്‌സ് ഇങ്ങോട്ടു വരുന്നതെങ്കില്‍ ഇവിടെയും ചെലവിന് കുറവൊന്നുമില്ലെന്നും പ്രവീണ്‍ പറയുന്നു. ഒരു വര്‍ഷം കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി ഗോകുലത്തിന് 30-40 ലക്ഷം വരെ ചെലവാകുന്നുണ്ട്. ടര്‍ഫിന് മാത്രം 15 മുതല്‍ 20 ലക്ഷം വരെ ചെലവ് വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്ലാസ്റ്റേഴ്സിന്റെ നീക്കം
ആസ്ഥാനം കൊച്ചിയില്‍ നിലനിര്‍ത്തി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെക്കൂടി ഹോം ഗ്രൗണ്ടായി പരിഗണിക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം. നിലവില്‍ കൊച്ചിയിലാണ് മത്സരം നടക്കുന്നതെങ്കിലും കാണികളില്‍ സിംഹഭാഗവും മലബാറില്‍ നിന്നുള്ളവരാണ്. മലബാറിന്റെ ഫുട്‌ബോള്‍ ഭ്രാന്തും ബ്ലാസ്റ്റേഴ്‌സിന്റെ മനസിളക്കിയിരിക്കാം. കൊച്ചി കലൂര്‍ സ്റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എയുടേയും കോര്‍പ്പറേഷന്റേയും കെ.എഫ്.എയുടേയും നിസ്സഹകരണം ബ്ലാസ്‌റ്റേഴ്‌സിനെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളും നികുതി വിഷയത്തിലെ പ്രശ്‌നങ്ങളും കാരണം ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന ഐ.എസ്.എല്‍ മത്സരം കൊച്ചിക്ക് നഷ്ടപ്പെടുമെന്ന പുകമറയുണ്ടാക്കി ജി.സി.ഡി.എയേയും കോര്‍പ്പറേഷനേയും ഒന്ന് വിരട്ടാമെന്ന ചിന്തയും ചിലപ്പോള്‍ ഇപ്പോഴത്തെ ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാനാകില്ല. നാഗ്ജി കാലത്തിനു ശേഷം നഷ്ടമായ കോഴിക്കോടിന്റെ ഫുട്‌ബോള്‍ പാരമ്പര്യം തിരിച്ചുപിടിക്കാനുള്ള അവസരമായിട്ടാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ നീക്കത്തെ കാണുന്നത്. ലക്ഷങ്ങളുടെ വരുമാനം ലഭിക്കുമെന്നതിനാല്‍ കോഴിക്കോട് കോര്‍പ്പറേഷനും ഈ നീക്കം പ്രോത്സാഹിപ്പിക്കാനാണ് സാധ്യത.
പ്രതിസന്ധികള്‍
ഐ.എസ്.എല്‍ നിലവാരത്തിനനുസരിച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെ മാറ്റിയെടുക്കുക എന്നതാണ് ശ്രമകരമായ ദൗത്യം. ഫ്‌ളഡ്‌ലൈറ്റ്, ഡ്രെയിനേജ് നവീകരണമാണ് ഇതില്‍ പ്രധാനം. ടര്‍ഫിനും മാറ്റങ്ങള്‍ വേണ്ടിവരും. സ്‌റ്റേഡിയത്തിലെ പാര്‍ക്കിങ് സൗകര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. നിലവില്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ്ങില്‍ വെള്ളം കയറുന്നത് പതിവാണ്. ഗാലറിയും മറ്റും മാറ്റിയെടുക്കേണ്ടതും ആവശ്യമാണ്. ഐ.എസ്.എല്‍ മത്സരങ്ങളിലെ തിരക്ക് കോഴിക്കോട് നഗരത്തിലെ ഗതാഗതത്തെയും ബാധിക്കാന്‍ സാധ്യതയേറെയാണ്. ഇക്കാര്യത്തിലും ശ്രദ്ധ വേണ്ടി വരും.
രണ്ടു ടീമുകള്‍ക്ക് ഒരു ഹോം ഗ്രൗണ്ട്
നിലവിലെ സാഹചര്യത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഐ.എസ്.എല്‍ മത്സരങ്ങള്‍ കോഴിക്കോട്ട് നടക്കാന്‍ സാധ്യത വളരെ കുറവാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇനി അങ്ങനെ വന്നാല്‍ തന്നെ രണ്ടു വ്യത്യസ്ത ലീഗുകളിലെ രണ്ടു വ്യത്യസ്ത ടീമുകള്‍ക്ക് ഒരു ഹോം ഗ്രൗണ്ട് എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറും. ബോര്‍ഡുകളിലും ഹോള്‍ഡിങ്ങുകളിലുമെല്ലാം ഇതിനനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതായി വരും.
ഇന്ത്യയിലെ തന്നെ കൊല്‍ത്തക്കയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയം ഇതിന് ഒരു ഉദാഹരണമാണ്. ഐ ലീഗില്‍ മോഹന്‍ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും ഹോം ഗ്രൗണ്ടായ സാള്‍ട്ട്‌ലേക്കാണ് ഐ.എസ്.എല്‍.ക്ലബ്ബ് എ.ടി.കെയുടെയും ഹോം ഗ്രൗണ്ട്. മത്സരങ്ങള്‍ക്കനുസരിച്ച് സംഘാടകര്‍ ഇവിടെ മാറ്റങ്ങള്‍ വരുത്താറാണ് പതിവ്. ഇടയ്ക്ക് സ്റ്റേഡിയത്തില്‍ അറ്റകുറ്റപ്പണികള്‍ നടന്നപ്പോള്‍ എടികെയുടെ മത്സരങ്ങള്‍ രവീന്ദ്ര സരോവര്‍ സ്റ്റേഡിയത്തിലേക്കു മാറ്റിയിരുന്നു.

അന്താരാഷ്ട്ര ഫുട്‌ബോളിലും ഈ രീതിക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. 1926-ല്‍ ഉദ്ഘാടനം നടന്ന ഇറ്റലിയിലെ സാന്‍ സിറോ സ്‌റ്റേഡിയത്തിന്റെ ആദ്യ അവകാശികള്‍ എസി മിലാനായിരുന്നു. അക്കാലത്ത് ഇന്റര്‍ മിലാന്‍ സിവിക്ക അരീനയിലായിരുന്നു തങ്ങളുടെ ഹോം മത്സരങ്ങള്‍ കളിച്ചിരുന്നത്. 1947-ല്‍ ഇന്ററും സാന്‍ സിറോയുടെ സംയുക്ത അവകാശികളായി.
1937-ല്‍ തുറന്ന ഇറ്റലിയിലെ ഒളിമ്പിക്കോ സ്‌റ്റേഡിയവും രണ്ട് ടീമുകളുടെ ഹോം ഗ്രൗണ്ടാണ്. എ.എസ് റോമയുടെയും ലാസിയോയുടെയും. 72,698 പേര്‍ക്കിരുന്ന് കളി കാണാന്‍ സാധിക്കുന്ന സ്റ്റേഡിയമാണിത്. നെതര്‍ലന്‍ഡ്‌സിലെ യൊഹാന്‍ ക്രൈഫ് അരീനയാണ് (മുന്‍പ് ആംസ്റ്റര്‍ഡാം അരീന) ഡച്ച് ക്ലബ്ബ് അയാക്‌സിന്റെ ഹോം ഗ്രൗണ്ട്. 1996 മുതല്‍ ഇത് അയാക്‌സിന്റെ മൈതാനമാണ്. കൂടാതെ നെതര്‍ലന്‍ഡ്‌സ് ദേശീയ ടീമിന്റെ ഭൂരിഭാഗം മത്സരങ്ങളും നടക്കുന്നതും ഈ സ്‌റ്റേഡിയത്തില്‍ തന്നെ. ഇംഗ്ലീഷ് ക്ലബ്ബുകളായ ബര്‍മിങ്ങാം സിറ്റിയുടെയും കവെന്‍ഡ്രി സിറ്റിയുടെയും ഹോം ഗ്രൗണ്ട് ബോര്‍ഡെസ്ലിയിലെ സെന്റ്. ആന്‍ഡ്രൂസ് സ്‌റ്റേഡിയമാണ്. 1906 മുതല്‍ ഇവിടം ബര്‍മിങ്ങാമിന്റെ ഹോം ഗ്രൗണ്ടാണ്. തങ്ങളുടെ മുന്‍ സ്‌റ്റേഡിയം അധികൃതരുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹോം ഗ്രൗണ്ടായിരുന്ന റിക്കോ അരീന വിട്ടാണ് കവെന്‍ഡ്രി സിറ്റി ആന്‍ഡ്രൂസ് സ്‌റ്റേഡിയത്തിലേക്ക് വന്നത്.
ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ വീണ്ടുമുണ്ട്. എന്നിരുന്നാലും കേഴിക്കോട്ട് ഐ.എല്‍.എല്‍ മത്സരം നടന്നാല്‍ അതുണ്ടാക്കാന്‍ പോകുന്ന സ്വാധീനം വളരെ വലുതായിരിക്കും.
Content Highlights: kerala blasters coming to calicut top stadiums that are shared by football clubs in Europe