കോഴിക്കോട്: ഏഴ് വര്‍ഷം മുമ്പ് ബെല്‍ജിയം പ്രൊ ലീഗില്‍ പതിനൊന്ന് കളിയില്‍ തോല്‍വിയറിയാതെ മുന്നേറിയ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ആന്‍ഡര്‍ലെക്ട് വീണുപോയ ഒരു മത്സരമുണ്ട്. തോല്‍വികളില്‍നിന്ന് തോല്‍വികളിലേക്ക് വീണുപോയി, പരിശീലകനെ പുറത്താക്കിയ സ്റ്റാന്‍ഡേര്‍ഡ് ലിഗയ്ക്ക് മുന്നില്‍. അന്ന് ലിഗയുടെ താത്കാലിക പരിശീലകനെ ഫുട്ബോള്‍ ലോകം ശ്രദ്ധിച്ചു. 37 വയസ്സ് മാത്രം പിന്നിട്ട ഇവാന്‍ വുകോമനോവിച്ച്.

ഗയ് ലുസോണില്‍നിന്ന് സ്റ്റാന്‍ഡേര്‍ഡ് ലിഗയുടെ താത്കാലിക ചുമതലയേറ്റെടുത്ത ആദ്യകളിയില്‍ സ്പാനിഷ് ക്ലബ്ബ് സെവിയയെ തളച്ചാണ് ഇവാന്‍ തുടങ്ങിയത്. 18 കളിയില്‍ ഒമ്പത് ജയവും രണ്ട് സമനിലയും ഏഴ് തോല്‍വിയുമാണ് സീസണ്‍ അവസാനിക്കുമ്പോള്‍ അക്കൗണ്ടിലുണ്ടായിരുന്നത്.

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ഇന്ത്യന്‍ ഫുട്ബോള്‍ ചര്‍ച്ച ചെയ്യുന്ന പേരാണ് ഇവാന്റേത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പരിശീലകനായെത്തുമെന്ന വാര്‍ത്തയെത്തുടര്‍ന്നാണിത്. പല വമ്പന്‍പേരുകളും പറഞ്ഞുകേട്ടിടത്താണ് സെര്‍ബിയന്‍ പരിശീലകനിലേക്ക് ടീമെത്തുന്നത്. അതിനൊരു കാരണവുമുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ സമീപകാല ചരിത്രത്തില്‍ പ്രതിരോധാത്മക ഗെയിംപ്ലാനുള്ള ടീമുകളുടെ വിജയമാണ്. എ.ടി.കെ. മോഹന്‍ ബഗാനില്‍ അന്റോണിയെ ഹെബാസും ബെംഗളൂരു എഫ്.സിയില്‍ കാള്‍ഡ് ക്വഡ്രാറ്റും നടപ്പാക്കിയ അതേ രീതി. എഫ്.സി. ഗോവ വിട്ട് മുംബെ സിറ്റിയിലെത്തിയപ്പോള്‍ സെര്‍ജി ലൊബേറ പോലും പ്രതിരോധഗെയിമിന്റെ കരുതല്‍ സ്വീകരിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന ഇവാന്‍ വുകോമനോവിച്ച് പ്രതിരോധാത്മക ഗെയിംപ്ലാനിന്റെ ആശാനാണ്.

സ്റ്റാന്‍ഡേര്‍ഡ് ലിഗ, സ്ലോവാന്‍ ബ്രാറ്റിസ്ലാവ, അപോളോന്‍ ലിമസോള്‍ ക്ലബ്ബുകളിലെല്ലാം സെര്‍ബ് പരിശീലകന്‍ പ്രതിരോധം ഉറപ്പിച്ചാണ് വിജയങ്ങള്‍ നേടിയത്. 4-3-3 ഫോര്‍മേഷനിലെ ഡിഫന്‍സീവ് ശൈലിയും 4-2-3-1 ഫോര്‍മേഷനുമാണ് കൂടുതലായി കളിക്കളത്തില്‍ നടപ്പാക്കിയത്. ചിലഘട്ടങ്ങളില്‍ 4-4-2 ഡബിള്‍ സിക്‌സും നടപ്പാക്കിയിട്ടുണ്ട്. പരിശീലക കരിയറിലെ ഡേറ്റ വിശകലനം ചെയ്യുമ്പോള്‍ പ്രതിരോധതന്ത്രങ്ങളിലെ മികവ് വ്യക്തമാകും. ടാക്റ്റിക്‌സിലും യുവതാരങ്ങളെ കൈകാര്യം ചെയ്യുന്നതിലും മാന്‍ മാനേജ്മെന്റിലും മികവുണ്ട്. അതേസമയം ആക്രമണ ഫുട്ബോളില്‍ പിന്നാക്കമാണ്.

കഴിഞ്ഞ സീസണിലടക്കം പ്രതിരോധത്തിലെ പാളിച്ചകളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിട്ടുള്ളത്. സ്റ്റീവ് കോപ്പലിന്റെ കാലത്താണ് പ്രതിരോധത്തിലൂന്നിയുള്ള ഗെയിംപ്ലാന്‍ ടീമിനുണ്ടായിരുന്നത്.

Content Highlights: Kerala Blasters are all set to sign Serbian Ivan Vukomanovic as head coach